Saturday, May 4, 2024
HomeSTORIESഗൃഹാതുരത്വം (കഥ) - ആദ്യഭാഗം.

ഗൃഹാതുരത്വം (കഥ) – ആദ്യഭാഗം.

ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
ആലത്തൂർ നിന്നും പുറപ്പെട്ട് കിനിശ്ശേരി വഴി കിളിയല്ലൂർ കടന്ന് എന്റെ വാഹനം വല്ലങ്ങി ശിവക്ഷേത്രത്തിന്നടുത്തെത്തിയപ്പോൾ ഒന്ന് സ്ലോ ചെയ്യാൻ ഡ്രൈവറോട് പറഞ്ഞു. അവൻ അപ്രകാരം ചെയ്തു. കുറച്ച് നേരം ഞാൻ ക്ഷേത്രത്തിലേക്ക് നോക്കി നിന്നു. ചെറുപ്പത്തിൽ എത്രയോ പ്രാവശ്യം ഈ ക്ഷേത്രത്തിലെ വേലയ്ക്കു വന്നിട്ടുണ്ട്. അന്നൊക്കെ ഓണവും വിഷുവും കഴിഞ്ഞാൽ ഏറ്റവും സന്തോഷിക്കുന്ന ഒന്നാണ് വല്ലങ്ങി വേല.
വഴിയാത്രക്കാർ എന്നെ ശ്രദ്ധിക്കുന്നുണ്ട്. ഒരുപാട് വർഷത്തിന്ന് ശേഷമാണല്ലോ നാട്ടിലേക്ക് വരുന്നത്. മിക്കവർക്കും എന്നെ മനസ്സിലാവാൻ വഴിയില്ല.
വീണ്ടും ഞാൻ വണ്ടിയിൽ കയറി. ഞാൻ പഠിച്ച സ്കൂളിലേക്ക് വണ്ടി വിടാൻ പറഞ്ഞു. നെമ്മാറ ആകെ മാറിയിരിക്കുന്നു. ഞാൻ താമസിച്ചിരുന്ന തോട്ടംകുളം ഭാഗം എത്ര മാറ്റമാണ്. നെല്ലിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ ചെന്ന് തൊഴുതു. കാണിക്കയിട്ടു.
ഞാൻ പഠിച്ച സ്കൂളിന്നു വലിയ മാറ്റമൊന്നുമില്ല. ആരേയും പരിചയമില്ല. ഹെഡ് മാസ്റ്ററുടെ റൂമിൽ ചെന്നു.
‘സാർ ഞാനീ വിദ്യാലയത്തിലെ ഒരു പൂർവവിദ്യാര്തിനിയാണ്. പേര് രേണുക. ഞാനീ സ്കൂളിലെ ഗേറ്റ് കടക്കുന്നത് വരെ എന്റെ വയസ്സ് 52. സ്കൂളിൽ എത്തിയപ്പോൾ എന്റെ വയസ്സ് 16’
‘രേണുക പറഞ്ഞത് ശെരിയാണ്. വിദ്യാലയങ്ങൾ അത് ജീവിതത്തിൽ എല്ലാവര്ക്കും മറക്കാൻ പറ്റാത്ത അനുഭവമാണ്’
അദ്ധേഹത്തിന്നു എന്റെ വാക്ക് ഇഷ്ടപ്പെട്ടെന്നു തോന്നുന്നു. അല്ലെങ്കിലും അദ്ധേഹവും പണ്ടൊരു വിദ്യാർഥിയായിരുന്നല്ലോ.
‘സാർ, ഞാനിവിടെ വന്നത് ഞാൻ പഠിച്ച എന്റെ ക്ലാസ് മുറികൾ കണ്ടു പഴയ കാലം അയവിറക്കാനായിരുന്നു. പക്ഷെ, കേരളം മുഴുവനും എത്രയോ മണിമന്ദിരങ്ങളും നല്ല നല്ല റോഡുകളും ഷോപ്പിംഗ്‌ മാളുകളും പണിയുന്നു. നമ്മൾ പഠിച്ച നമ്മെ വിദ്യ അഭ്യസിപ്പിച്ച സ്കൂളുകൾ മാത്രം ഇന്ന് ശ്രദ്ധിക്കപ്പെടാതെ പോകുന്നു. അത് കൊണ്ട് ഈ സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ എത്ര ചിലവ് വേണമെങ്കിലും നമുക്ക് ഉണ്ടാക്കാം. എന്റെ വകയായി നാല്പത് ലക്ഷം രൂപ ഇപ്പോൾ തന്നെ ഞാൻ തരുന്നു.’
ഹെഡ്മാസ്റ്റെർ ഒന്ന് ഞെട്ടിയെന്ന് തോന്നുന്നു. അദ്ധേഹം എന്നെ പറ്റി എന്തോ ചിന്തിക്കുന്നതായി തോന്നി. ഒരു പക്ഷെ ഞാനൊരു മാനസീകരോഗിയാണെന്ന് തോന്നുന്നുണ്ടാവാം. അല്ലെങ്കിൽ ഞാനൊരു ഫ്രോട് ആണെന്നോ കരുതാം. മാസ്റ്റർ മറ്റു മാസ്റ്റർമാരെയും സ്റ്റാഫിനെയും വിളിച്ചു വരുത്തി ഈ സന്തോഷവർത്തമാനം അറിയീച്ചു.
അവർക്കും ഇതൊരു അൽബുദമായി തോന്നിയെന്ന് അവർ സൂചിപ്പിക്കുകയും ചെയ്തു. ഒരു പൂർവവിദ്യാർഥി പെട്ടെന്ന് സ്കൂളിലേക്ക് വരിക. ചോദിക്കാതെ തന്നെ ലക്ഷങ്ങൾ സംഭാവന കൊടുക്കുക. തീർച്ചയായും അൽബുദപ്പെട്ടില്ലെങ്കിലെ അതിശയമുള്ളൂ.
‘മേഡത്തിനെ ഒന്ന് സ്വയം പരിചയപ്പെടുത്താമോ?’ അടുത്തുണ്ടായിരുന്ന ഏതോ ഒരു ടീച്ചറാണത് ചോദിച്ചത്.
‘എന്നെ മാഡം എന്നൊന്നും വിളിക്കണ്ട. എന്റെ പേര് രേണുക. ഇപ്പോൾ രേണുക ചൗധരി. അച്ഛന് നാട്ടിൽ ഒരു പാട് നിലങ്ങളും പറമ്പുകളും ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ സ്ഥലങ്ങൾ മുതലമടയിൽ ആയിരുന്നു.’
അങ്ങിനെ ഞാൻ കോയമ്പത്തൂർ കോളേജിൽ പഠിക്കുമ്പോൾ എന്നെ വളരെയധികം പ്രായമുള്ള കോടീശ്വരനായ ബംഗാളിയായ ഒരു വൃദ്ധന് വിവാഹം കഴിച്ചു കൊടുത്തു. എല്ലാവരും ആ വിവാഹം എതിർത്തു. പക്ഷെ, അച്ഛന്റെ മുമ്പിൽ ആർക്കും എതിർപ്പ് പറയാനുള്ള ത്രാണിയുണ്ടായിരുന്നില്ല. അങ്ങിനെ വിവാഹം കഴിഞ്ഞു ഞാൻ ബംഗാളിലേക്ക് പോയി. പിന്നെ വല്ലപ്പോഴുമേ നാട്ടിലേക്ക് വരാറുള്ളൂ’.
‘രേണുകേച്ചി, ഈ സംഭാവന ഒരു ഗംഭീര സദസ്സിൽ വെച്ച് കൊടുക്കുകയാണെങ്കിൽ ചേച്ചിക്ക് ഒരു പ്രശസ്തി കിട്ടില്ലേ?’ ഏതോ ഒരു ടീച്ചറാണത് ചോദിച്ചത്.
‘ഞാനീവക പൊങ്ങച്ചങ്ങൾ, പുകഴ്ത്തലുകൾ ഇഷ്ടപ്പെടുന്നില്ല. സദസ്സിൽ വെച്ച് പുകഴ്ത്തുക അപ്പോൾ ഭീമമായ തുക തരാമെന്ന് പ്രഖ്യാപിക്കുക. അത്തരം കാര്യങ്ങൾ എനിക്കിഷ്ടമല്ല’ ഞാനെന്റെ നയം വ്യക്തമാക്കി.
‘രേണുക, എന്നാണിനി ബംഗാളിലേക്ക് തിരിച്ചു പോകുന്നത്?’. ഹെഡ്മാസ്റ്റർ ചോദിച്ചു.
‘ഇല്ല ഇനി അടുത്തൊന്നും ബംഗാളിലേക്ക് പോകുന്നില്ല. ചിലപ്പോൾ തീരെ പോയില്ലെന്നും വരാം’.
എന്റെ മറുപടി കേട്ടപ്പോൾ അവർക്കെല്ലാം എന്നെ പറ്റി സംശയം കൂടിയെന്ന് അവരുടെ മുഖഭാവം വിളിച്ചോതുന്നുണ്ടായിരുന്നു.
‘എനിക്ക് ഞാൻ പഠിച്ച ക്ലാസ് മുറി ഒന്ന് കാണണമെന്നുണ്ട്. ബുദ്ധിമുട്ടാവില്ലെങ്കിൽ….’ ഞാൻ ആഗ്രഹം പ്രകടിപ്പിച്ചു.
എന്റെ കൂടെ രണ്ടു ടീച്ചർമാർ വന്നു.
ക്ലാസ് റൂമിൽ ചെന്ന് ഞാൻ ഇരിക്കാറുള്ള ഭാഗത്തെ ബെഞ്ചിൽ ഇരുന്നു. ഒരു നിമിഷം കണ്ണടച്ചു.
പഴയകാലത്തെ ഓർമകൾ ഓടിയെത്തി. കുറച്ച് നേരം കഴിഞ്ഞപ്പോൾ വീണ്ടും ഹെഡ്മാസ്റ്ററുടെ റൂമിലേക്ക്‌ പോയി.
‘രേണുകക്ക് ചായ ആവാം അല്ലെ?’ ഹെഡ് മാസ്റ്റർ ചോദിച്ചു.
ആവാം എന്ന് ഒറ്റ വാക്കിലായിരുന്നു മറുപടി.
‘മധുരത്തിന്റെ പ്രശ്നം വല്ലതും?’
‘ദൈവാധീനം ഒരു അസുഖവുമില്ല’
ചായ കൊണ്ട് വരാൻ മാസ്റ്റർ ആർക്കോ നിർദേശം കൊടുത്തു.
ചായ കൊണ്ട് വന്ന ആളെ ഞാൻ ഒന്നേ നോക്കിയുള്ളൂ. അദ്ധേഹത്തിന്റെ കയ്യിൽ നിന്നും ചായ ഗ്ലാസ് താഴെ വീണുടഞ്ഞു. ‘ന്റെ ഭഗവതീ’ എന്ന് ആക്രോശിച്ച് കൊണ്ട് ഞാൻ മേശപ്പുറത്തേക്ക് തല ചായ്ച്ചു.3
അടുത്ത ഭാഗത്തിൽ അവസാനിക്കും
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments