Friday, December 5, 2025
HomeSTORIESബലത്തിനാളെന്ന് കണ്ടാൽ.

ബലത്തിനാളെന്ന് കണ്ടാൽ.

ശ്രീകുമാർ ഭാസ്കരൻ.

അന്ന് ഞാനെൻറെ ലാവണത്തിൽ സന്തോഷത്തോടെ പ്രവർത്തിച്ചുവരിയായിരുന്നു. എൻറെ ലാവണം ഒരു ദൃശ്യ മാധ്യമമാണ്. പ്രാദേശിക വാർത്തകൾ കൊടുക്കുന്ന ഒരു ദൃശ്യ മാധ്യമം. കമ്യൂണൽ ജേർണലിസം എന്നു വിളിപ്പേര്.
പ്രാദേശിക വാർത്തകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു രീതിയാണത്. എൻറെ പ്രവർത്തന മേഖല എന്ന് പറയുന്നത് രണ്ട് ജില്ലകൾ ഉൾപ്പെടുന്നതായിരുന്നു. ആ ജില്ലകളിൽ നടക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുക എന്നുള്ളതായിരുന്നു ഞങ്ങളുടെ ധർമ്മം. ഞാൻ അവിടെ ന്യൂസ് കോഓർഡിനേറ്ററും ചീഫ് എഡിറ്ററുമായിരുന്നു.
ചാനലിന്റെ പ്രാരംഭത്തിൽ ന്യൂസ് വോയിസ് ഓവർ ചെയ്യുക എന്ന രീതിയായിരുന്നു. ദൃശ്യത്തെ കാണിച്ചുകൊണ്ട് വോയിസ് ഓവർ ചെയ്യുക. ഒരു ഡോക്യുമെൻററി പ്രസൻറ്റേഷൻ പോലെ.
താമസിക്കാതെ ഞങ്ങൾ ന്യൂസ് റീഡിങ് എന്ന നിലയിലേക്ക് പുരോഗമിച്ചു. മാധ്യമ പ്രവർത്തനത്തിന്റെ രീതിയിൽ അതിനെ പ്രൊഫഷണൽ ആയി കൊണ്ടുവരാൻ ഞങ്ങൾ താല്പര്യപ്പെട്ടു. അതിനായി പിന്നീടുള്ള ശ്രമം. ഞങ്ങൾ ആദ്യമേതന്നെ ഒരു തീരുമാനമെടുത്തിരുന്നു. എന്തു വന്നാലും ഭീഷണിക്കും പ്രലോഭനത്തിനും വഴങ്ങരുത്. അത് ഞാൻ എന്റെ ടീം ആംഗങ്ങളോട് പറഞ്ഞിരുന്നു. ന്യൂസ് റിപ്പോർട്ട് ചെയ്യാൻ നാല് ടീമുകളാണ് അന്നുണ്ടായിരുന്നത്.
ശംബളം തുച്ഛമായിരുന്നെങ്കിലും പുതിയ ചാനൽ എന്ന താല്പര്യത്തിൽ കുറെ യുവാക്കളും യുവതികളും എന്നോടൊപ്പം ചേർന്നു. അവരെയൊക്കെ ഞങ്ങൾ ടെസ്റ്റ് നടത്തി എടുത്തതാണ്. അവർ സജീവമായിട്ട് രംഗത്തിറങ്ങി.
അങ്ങനെ നാല് ക്യാമറ ടീമുകൾ ഞങ്ങൾക്കുണ്ടായി. നാലു ഭാഗത്തേക്ക് അവർ പ്രവർത്തിച്ചു. ന്യൂസ് എന്ന് പറയുന്ന പോലെ. നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്ന നിലയിൽ. ഒരു ടീമിൽ ഒരു ക്യാമറാമാനും ഒരു റിപ്പോർട്ടറും. അവർ ബൈക്കിൽ സഞ്ചരിച്ച് അവരുടെ ഏരിയയിലെ വിഭവങ്ങൾ ഞങ്ങൾക്ക് എത്തിച്ചു തരും.
ന്യൂസ് എഡിറ്റിങ് മിക്കവാറും വൈകിട്ട് നാലുമണിക്ക് ശേഷമാണ് നടക്കുക. എട്ടുമണിക്ക് ന്യൂസ് ടെലികാസ്റ്റ് ചെയ്യും. ശരിക്കും പറഞ്ഞാൽ അതൊരു കേബിൾ കാസ്റ്റ് പ്രോഗ്രാമാണ്. രണ്ടു ജില്ലയിൽ മാത്രം വരുന്ന വാർത്ത. എങ്കിലും അതിൽ പരമാവധി പ്രൊഫഷണലിസം നിലനിർത്താൻ ഞാൻ ശ്രമിച്ചു.
മിക്കവാറും ദിവസങ്ങളിൽ, എട്ടു മണിക്ക് ന്യൂസ് കേബിൾകാസ്റ്റ് ചെയ്യാൻ പറ്റാറില്ല. ആ സമയത്ത് ന്യൂസ് എഡിറ്റിങ് പൂർണമാവുകയില്ല. മൂന്നുമണിക്കൂർ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കണം. റിപ്പോർട്ടേർസ് കൊണ്ടു വരുന്ന വിഷ്വൽസ് എല്ലാം കസ്സറ്റിൽ നിന്നും കമ്പ്യൂട്ടറിലേക്ക് ക്യാപ്ചർ ചെയ്യണം. പിന്നെ അതെല്ലാം കണ്ട് എഡിറ്റ് ചെയ്യണം. വാർത്തയുടെ ഇൻട്രോ എഴുതിയുണ്ടാക്കണം. ചിലപ്പോൾ വാർത്തയുടെ ടെക്സ്റ്റ് മാറ്റി എഴുതണം. അത് സ്റ്റുഡിയോയിൽ വെച്ച് റിപ്പോർട്ടറെക്കൊണ്ട് തന്നെ വായിപ്പിക്കണം. ഇതെല്ലാം കഴിഞ്ഞ് ന്യൂസ് റീഡറെക്കൊണ്ട് ന്യൂസ് വായിപ്പിച്ചതിന് ശേഷം ഇൻട്രോയും ടെക്സ്റ്റും ശരിക്ക് പിടിച്ചിട്ടു ഫൈനൽ എഡിറ്റിങ് നടത്തണം. ഇതെല്ലാംകൂടി പലപ്പോഴും മൂന്നു മണിക്കൂർ കൊണ്ട് സാധിക്കാതെ വരും. എങ്കിലും പലപ്പോഴും വൈകിയാണെങ്കിലും വാർത്ത കേബിൾ കാസ്റ്റ് ചെയ്യുമ്പോൾ അത് കാത്തിരുന്നു കാണുന്ന ആളുകൾ ഉണ്ടായിരുന്നു. കാരണം ഞങ്ങൾ അത്ര സത്യസന്ധമായിട്ടാണ് വാർത്തകൾ ചെയ്തിരുന്നത്. അതുകൊണ്ടു വാർത്തകൾക്ക് അതിന്റേതായ വിലയുണ്ടായിരുന്നു. ആധികാരികതയുണ്ടായിരുന്നു. അത് ഞങ്ങൾക്ക് പലപ്പോഴും അനുഭവിക്കാനും സാധിച്ചിട്ടുണ്ട്.
വാർത്തകളുടെ സ്വാധീനം എന്താണെന്ന് ഞങ്ങൾക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്. ചില വാർത്തകൾ സത്യസന്ധമായി റിപ്പോർട്ട് ചെയ്യുമ്പോൾ അതിൻറെ കാരണക്കാരെ കണ്ടെത്തി ജനം കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്. അത്തരം സംഭവങ്ങൾ ഞങ്ങളുടെ മാധ്യമത്തിന്റെ പ്രസക്തിയും ജനസ്വാധീനവും ഞങ്ങൾക്ക് മനസ്സിലാക്കി തന്നിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളുടെ ന്യൂസ് എത്രമാത്രം ഫലവത്താണ് എത്രമാത്രം ശക്തമാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായിരുന്നു.
ജനത്തിന് ഉപകാരപ്പെടുന്ന പല കാര്യങ്ങളും ആ രീതിയിൽ റിപ്പോർട്ട് ചെയ്യാൻ ഞങ്ങൾക്ക് സാധിച്ചു. പലപ്പോഴും സർക്കാർ അധികാരികളെ കുത്താനും നയിക്കാനും ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. അഭിമാനത്തോടെ പറയാവുന്ന കാര്യം ഞങ്ങളെ ശത്രുവായി കാണുന്ന ആരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ്. ഞങ്ങളുടെ സത്യസന്ധതയിൽ എല്ലാവർക്കും ഞങ്ങളോട് ബഹുമാനവും മമതയും തോന്നിയിരുന്നു. ഞങ്ങൾ ഞങ്ങളുടെ ആധികാരികത ദുർവിനിയോഗം ചെയ്യാനും ശ്രമിച്ചില്ല.
ഞങ്ങൾ വാർത്ത കേബിൾ കാസ്റ്റ് ചെയ്തിരുന്നത് രാത്രി എട്ടു മണിക്കാണ്. അവിടെ ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഇതൊരു ദൃശ്യ മാധ്യമമാണ്. അതുകൊണ്ടുതന്നെ ഭീബത്സം ആയതും അറപ്പളവാക്കുന്നതുമായ ദൃശ്യങ്ങൾ കാണിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നു. അഥവാ കാണിക്കേണ്ടി വന്നാൽ വിദൂര ദൃശ്യം എന്ന നിലയിലാണ് കാണിച്ചിരുന്നത്. ക്ലോസപ്പ് ദൃശ്യങ്ങൾ കാണിക്കാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുമായിരുന്നു. കാരണം ഞങ്ങളുടെ കാഴ്ചക്കാർ പലപ്പോഴും ന്യൂസ് കണ്ടതിനു ശേഷമോ ന്യൂസ് കണ്ടുകൊണ്ടിരിക്കുമ്പോഴോ ആണ് ആഹാരം കഴിക്കുക. അവരുടെ ഭക്ഷണത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന ദൃശ്യങ്ങൾ അതുകൊണ്ടു തന്നെ കാണിക്കാതിരിക്കാൻ ഞങ്ങൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. അത്തരം ദൃശ്യങ്ങൾ കാണിക്കേണ്ട സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ടെങ്കിലും ഞങ്ങളത് ഒഴിവാക്കിയിരുന്നു.
ഉദാഹരണത്തിന് പത്തനംതിട്ടയിൽ ഒരു ആന അതിന്റെ രണ്ടാം പാപ്പാനെ ഭിത്തിയോട് ചേർത്ത് തലയിൽ ഇടിച്ചപ്പോൾ ആ മനുഷ്യൻറെ കഴുത്തിന്റെ മുകൾഭാഗം ഉണ്ടായിരുന്നില്ല. അത് ചിതറിത്തെറിച്ചു പോയിരുന്നു. അയാളുടെ മസ്തിഷ്കത്തിന്റെ ഭാഗങ്ങൾ അവിടെ ചിതറിക്കിടക്കുന്നത് എൻറെ ക്യാമറമാൻ ഒപ്പിയെടുത്തു കൊണ്ടുവന്നു. പക്ഷേ ഞാൻ അത് അതേ പോലെ കാണിക്കാൻ താല്പര്യപ്പെട്ടില്ല. കാരണം അത് അത്ര ഭീകരമായിരുന്നു. മാദ്ധ്യമ പ്രവർത്തകർ കാഴ്ചക്കാരന്റെ മനോനിലയും പരിഗണിക്കണം.
അങ്ങനെ കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പൊയ്കൊണ്ടിരിക്കുമ്പോഴാണ് സന്ധ്യയുടെ വരവ്. സന്ധ്യ ന്യൂസ് റീഡർ ആയിട്ടാണ് വരുന്നത്. ഇരുനിറമുള്ള ഒരു സാധാരണ പെൺകൂട്ടി. വലിയ സൌന്ദര്യത്തിന്റെ ഉടമയല്ല. പക്ഷേ നല്ല ശബ്ദമാണ്. സന്ധ്യയുടെ ഹൈലൈറ്റ് കണ്ണുകളായിരുന്നു.
‘ഇന്ദ്രിയാണാം നയനം പ്രധാനം’ എന്ന ആപ്തവാക്യത്തെ ഓർമ്മപ്പെടുത്തുന്ന കണ്ണുകൾ. അതാണ് സന്ധ്യക്ക് പാരയായതും. സന്ധ്യ വന്നതിനു ശേഷം അവൾക്ക് പിന്നാലെയായി തൈക്കിളവനായ ന്യൂസ് പ്രൊഡ്യൂസർ മോഹനൻ. പ്രായപൂർത്തിയെത്തിയ രണ്ടു പെൺപിള്ളാരുടെ തന്ത. പേരു പോലെ അത്ര മോഹന മായിരുന്നില്ല മോഹനന്റെ സ്വഭാവം. ലക്ഷണമൊത്ത ഒരു കോഴി. നല്ല ഒന്നാത്തരം ഒരു കാട്ടുകോഴി.
മോഹനൻ സന്ധ്യയുടെ പുറകെയായി. പിന്നെ അതുവരെ കാണിക്കാതിരുന്ന കുഴപ്പങ്ങൾ അയാൾ കാണിച്ചുതുടങ്ങി. ന്യൂസ് പ്രൊഡ്യൂസർ മോഹനന് വേണ്ടത്ര വിവരമോ വിദ്യാഭ്യാസമോ ഉണ്ടായിരുന്നില്ല. അയാളുടെ കൈമുതൽ പണമായിരുന്നു. അയാളാണ് ഈ ചാനലിന് വേണ്ടി പണം ഇറക്കിയിട്ടുള്ളത്.
ന്യൂസ് പ്രൊഡ്യൂസർ വാർത്തയിൽ ഇടപെടരുത് എന്നാണ് വെപ്പ്. പക്ഷേ സന്ധ്യ വന്നതിനു ശേഷം മോഹനൻ നിരന്തരമായി വാർത്തയിൽ ഇടപെടാൻ തുടങ്ങി. അധികാര ദുർവിനിയോഗം തുടങ്ങി.
ഒരിക്കൽ ന്യൂസ് കേന്ദ്രത്തിന് സമീപമുള്ള ഒരു സ്കൂളിൻറെ മതിൽ മഴയത്ത് ഇടിഞ്ഞു വീണു. വൈകിട്ട് സ്കൂൾ വിട്ട സമയം. മതിലിനു സമീപം ബസ് കാത്തു നിന്ന സ്കൂൾ കുട്ടികളുടെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. അതിൽ പെട്ട് ഒരു കുട്ടിയുടെ കാലൊടിയുകയും കുറച്ചു കുട്ടികൾക്ക് മുറിവുണ്ടാകുകയും ചെയ്തു. പ്രാദേശികമായി പ്രാധാന്യമുള്ള ഒരു വാർത്തയായിരുന്നു അത്. എന്നാൽ ആ വാർത്ത മുക്കാൻ മോഹനൻ എന്നോട് പറഞ്ഞു. കാരണം ആ സ്കൂളിൻറെ പ്രിൻസിപ്പൽ അദ്ദേഹത്തിന്റെ ഒരകന്ന ബന്ധുവായിരുന്നു. ആ പ്രിൻസിപ്പലിന്റെ താല്പര്യപ്രകാരം മതിൽ നിർമ്മാണം ഒരു വ്യക്തിക്ക് കോൺട്രാക്ട് കൊടുത്തിട്ട് ഉണ്ടാക്കിയ മതിലാണ് ഇടിഞ്ഞു വീണത്. മതിൽ കെട്ടിയിട്ട് എട്ടുവർഷം തികച്ച് ആയിട്ടില്ല. അതിനുമുമ്പ് അത് മഴയത്ത് ഇടിഞ്ഞു വീണു.
ഈ വാർത്ത പുറത്തു വന്നാൽ, ആ മതിലിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകുമെന്നും അത് അദ്ദേഹത്തിൻറെ ബന്ധുവായ പ്രിൻസിപ്പലിനെ ബാധിക്കുമെന്നും തോന്നിയതു കൊണ്ടാണ് അദ്ദേഹം ആ വാർത്ത മുക്കാൻ എന്നെ നിർബന്ധിച്ചത്. പക്ഷേ ഞാൻ ആ വാർത്ത മുക്കാൻ താല്പര്യപ്പെട്ടില്ല. നമുക്ക് സമൂഹത്തോട് ഒരു ധാർമികത ഉണ്ടല്ലോ. അതാണല്ലോ മാദ്ധ്യമധർമ്മം. അതുകൊണ്ട് ആ വാർത്ത ജനമറിഞ്ഞു. അവിടെത്തുടങ്ങി എന്റെ കണ്ടകശ്ശനി.
പിന്നെങ്ങനെ എന്നെ പുകച്ചു പുറത്താക്കാം എന്നതായി ന്യൂസ് പ്രൊഡ്യൂസറിന്റെ ഗവേഷണം. അതിന് അദ്ദേഹം പല നമ്പറുകൾ കളിച്ചു. പ്രാരംഭത്തിൽ എന്നെ പദവിയിൽ നിന്നും തരംതാഴ്ത്തി റിപ്പോർട്ടർ ആക്കി. എനിക്കതിൽ ബുദ്ധിമുട്ടുണ്ടായില്ല. ഞാൻ റിപ്പോർട്ടിങ്ങിൽ സന്തോഷം കണ്ടെത്തി. അതുകൊണ്ടുള്ള മെച്ചം എന്താണെന്ന് ചോദിച്ചാൽ എന്നും വൈകിട്ട് നേരത്തെ വീട്ടിലെത്താൻ എനിക്ക് പറ്റുമായിരുന്നു. എഡിറ്റിംഗ് സമയത്ത് എനിക്ക് അങ്ങനെ വീട്ടിലെത്താൻ പറ്റുമായിരുന്നില്ല. അപ്പോൾ റിപ്പോർട്ടിങ്ങിൽ ഞാൻ ആഘോഷം കണ്ടെത്തി. എൻറെ ശമ്പളത്തിന് കുറവ് വന്നിരുന്നില്ല. എന്നാൽ അധികം താമസിയാതെ എന്നെ വീണ്ടും പഴയ പദവിയിലേക്ക് തിരിച്ചുകൊണ്ടുവരേണ്ട സാഹചര്യം അദ്ദേഹത്തിന് ഉണ്ടായി.
ന്യൂസ് തുടങ്ങിയതിനു ശേഷം എല്ലാ ദിവസവും ഞങ്ങൾ രാവിലെ സ്റ്റാഫ് മീറ്റിങ് കൂടാറുണ്ട്. ഒരു ദിവസം ആ മീറ്റിങ്ങിൽ സന്ധ്യ തന്നെ ഒരാൾ നിരന്തരമായി ശല്യം ചെയ്യുന്നതായി എന്നോടു പരാതിപ്പെട്ടു. മോഹനൻ ഇരിക്കെ. ഞാനാണല്ലോ ചീഫ് എഡിറ്റർ. അതുകൊണ്ടു കാര്യങ്ങൾ മെച്ചമായില്ല. മോഹനൻ ആയാളുടെ തനത് കോഴി സംസ്കാരവുമായി മുന്നേറി. സഹികെട്ട സന്ധ്യ ജോലി രാജി വെച്ചു പോയി.
കാമാന്ധനായ മനുഷ്യൻ വലിയ അപകടകാരിയാണെന്നുള്ള സത്യം താമസിയാതെ ഞാൻ മനസ്സിലാക്കി. മോഹനൻ അനാവശ്യമായി ന്യൂസിൽ ഇടപെടുന്നത് സ്ഥിരമാക്കി. അയാൾ അയാളുടെ അധികാരം എന്നെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരുന്നു.
ഇതിനിടയ്ക്ക് മറ്റൊന്നുകൂടി സംഭവിച്ചു. സന്ധ്യ വിവാഹിതയായിരുന്നു. മോഹനന്റെ പെരുമാറ്റം സന്ധ്യ ഭർത്താവിനോട് പറയുകയും ഭർത്താവ് ഒരു സാഹചര്യത്തിൽ പരസ്യ മായി ജനം നോക്കി നിൽക്കെ മോഹനനെ തെറിവിളിക്കുകയും ചെയ്തു. അത് ആയാൾക്ക് വലിയ മാനക്കേടുണ്ടാക്കി. അതിന്റെ പ്രതികാരവും അയാൾ ന്യൂസിൽ തീർത്തു.
ചീഫ് എഡിറ്റർ എന്ന നിലയിലുള്ള എന്റെ നില പിന്നെ കൂടുതൽ മോശമായി. പുറത്തു ചാടാൻ ഒരവസരത്തിനായി ഞാൻ കാത്തിരുന്നു. മാന്യമായ ഒരു വിടവാങ്ങൽ സാധ്യമല്ല എന്ന് എനിക്കറിയാമായിരുന്നു.
മോഹനന് ചില കോടതി നടപടികൾ മുൻപ് നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു. അയൽക്കാരനുമായി. അതിർത്തിപ്രശ്നം തന്നെ. ആ നടപടിയിൽ ആയാൾക്ക് വേണ്ടത്ര വിജയം കൈവരിക്കാൻ സാധിച്ചില്ല. കാരണം ന്യായം എതിരാളിയുടെ ഭാഗത്തായിരുന്നു. മാത്രമല്ല എതിരാളി നല്ല വാശിക്കാരനും ധനികനുമായിരുന്നു. അയാൾ നല്ല വക്കീലിനെ വെച്ചു കേസ് വാദിച്ചു ജയിച്ചു. അതിനു പക പോക്കാൻ മോഹനൻ ഉപയോഗിച്ചത് ന്യൂസാ ണ്. അയൽക്കാരനെതിരെ വ്യക്തിഹത്യ ആയുധമാക്കാനാണ് മോഹനൻ ശ്രമിച്ചത്. പക്ഷേ എന്റെ നിലപാട് അതിനെതിരായിരുന്നു. അതുകൊണ്ടു മോഹനന്റെ ശ്രമം ചീറ്റിപ്പോയി. പക്ഷേ അതിന്റെ പ്രതികാരം മറ്റൊരു രീതിയിൽ എനിക്കു തൊട്ട് പിന്നാലെയുണ്ടായിരുന്നു.
പത്തനംതിട്ടയിൽ ഒരിടത്തുണ്ടായ പള്ളിവികാരിയും വിശ്വാസികളും തമ്മിലുള്ള അഭിപ്രായഭിന്നത ന്യൂസ് റൂമിലെത്തി. എത്തിച്ചത് വികാരിയുടെ കൈയ്യാളുതന്നെ. ആവശ്യം ഒന്നുമാത്രം. വിശ്വാസികളെ നാറ്റിക്കുക. അവരുടെ നിലപാട് തെറ്റാണെന്ന് സ്ഥാപിക്കുക. പ്രശ്നം പള്ളിയിലെ ചില നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. സാധാരണ ഗതിയിൽ പള്ളിയുടെ കാര്യകർത്താക്കളുമായി കൂടി ആലോചിച്ചാണ് വികാരി തീരുമാനം എടുക്കുന്നത്. അങ്ങനെയാണ് വേണ്ടതും. കാരണം വികാരി സ്ഥിരം ഒരു പള്ളിയിൽ നിലക്കുന്ന വ്യക്തിയല്ല. സാധാരണ മൂന്നുവർഷം കഴിയുമ്പോൾ വികാരി പള്ളി മാറും. എന്നാൽ വിശ്വാസികൾ അങ്ങനെയല്ല. അവർ സ്ഥിരം ആ പ്രദേശത്ത് ഉള്ളതാണ്. അപ്പോൾ നിർമ്മാണ പ്രവർത്തനങ്ങളിൽ അവരുടെ ഭാഗഭാഗത്വം ഉറപ്പാക്കേണ്ടത് ആവശ്യമാണ്. പണം വിശ്വാസികളിൽ നിന്നുമാണല്ലോ ശേഖരിക്കുന്നത്.
ഇവിടെ പള്ളിയുടെ കാര്യകർത്താക്കൾ അറിയാതെ വികാരി സ്വന്തം ഇഷ്ടത്തിന് നിർമ്മാണജോലി ഒരു കരാറുകാരനെ ഏൽപ്പിച്ചു. അയാളാണെങ്കിൽ ധനദുർ വിനിയോഗത്തിന് പേര് കേട്ട ആളുമാണ്. വികാരിയുടെ ഈ നടപടി വിശ്വാസികൾ എതിർത്തു. ഇതാണ് പ്രശ്നം. അത് ന്യൂസാക്കണ്ട കാര്യമല്ല. ന്യൂസാക്കിയാൽ അത് പള്ളിക്ക് മോശമാണ്. പക്ഷേ കരാറുകാരനും വികാരിക്കും അത് ന്യൂസാക്കിയേ മതിയാകൂ. അങ്ങനെ അത് ന്യൂസ് റൂമിലെത്തി.
ഞാൻ വികാരിയുടെ വിശദീകരണം മാത്രമല്ല എന്റെ ടീമിനെ വിട്ടു വിശ്വാസികളുടെ അഭിപ്രായവും തേടി. അത് രണ്ടും കൂടി ചേർത്തു ന്യൂസ് ചെയ്തു. ഫലത്തിൽ അത് പള്ളി വികാ രിക്ക് എതിരായിത്തീർന്നു. കരാറുകാരൻ നേരത്തെ മോഹനനെ സ്വാധീനിച്ച് ഒരു ധാരണയിൽ എത്തിയിരുന്നതാണ്. ആ ധാരണയ്ക്ക് വിപരീതമായാണ് ന്യൂസ് വന്നത്. ആരും അറിയാതെ പരിഹരിക്കാമായിരുന്ന ഒരു പ്രശ്നം എല്ലാവരും അറിഞ്ഞു. പിന്നീട് പല ഇടപെടലുകളും സഭാതലത്തിൽ ഉണ്ടായി. അത് വികാരിയുടെ നില കൂടുതൽ വഷളാക്കി. വെളുക്കാൻ തേച്ചത് പാണ്ടായി എന്നു സാരം.
മോഹനന് അത് ഒരു അടിയായി. അതുകൊണ്ട് മോഹനന് എന്നോടുള്ള എതിര് ശതഗുണീഭവിച്ചു.
ഇതോടെ ന്യൂസ് പ്രൊഡ്യൂസറിന്റെ സമനില തെറ്റിയ പോലെയായി. അയാൾ ന്യൂസിൽ കൂടുതൽ ഇടപെടാൻ തുടങ്ങി. ഒരു രാജി അനിവാര്യമായിരിക്കുകയാണെന്ന് എനിക്കു താമസിയാതെ മനസ്സിലായി.
ഒരു ദിവസം മോഹനൻ എന്നെ വിളിച്ചിട്ട് ‘വൈശാഖ് നിങ്ങൾക്ക് ശംബളം തരുന്നത് ഞാനല്ലേ. അപ്പോൾ ഞാൻ പറയുന്നത് കേൾക്കണം’ എന്ന് എന്നോടു പറഞ്ഞു.
ഞാൻ മറുപടി പറഞ്ഞില്ല.
മോഹനൻ പറയുന്നത് മാത്രം കേട്ടു ചെയ്യാനാണെങ്കിൽ ഒരു ജേർണലിസ്റ്റിന്റെ ആവശ്യമില്ല. ആർക്കും ചെയ്യാം. മാദ്ധ്യമധർമ്മവും നോക്കേണ്ട. അനുസരണാശീലം മാത്രം മതി. എനിക്കാ ക്വാളിഫിക്കേഷൻ ഉണ്ടായിരുന്നില്ല. പിന്നെ എന്റെ പ്രസക്തി അവിടെ എന്താണ്. ന്യൂസ് തയ്യാറാക്കാൻ രണ്ട് എഡിറ്റർമാരുടെ ആവശ്യം ഇല്ലല്ലോ.
എന്റെ ഉള്ള് പുകയുകയായിരുന്നു. എന്തായാലും അയാളുടെ തേർവാഴ്ച അനുവദിക്കാൻ പറ്റില്ല. പ്രൊഫഷണൽ എത്തിക്സ് വിട്ട് എനിക്കു പ്രവർത്തിക്കാൻ കഴിയില്ല. ചുക്കും ചുണ്ണാമ്പും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത ഒരാളോടൊപ്പമുള്ള തൊഴിലിന് ദീർഘായുസ്സില്ല. അത് കാറ്റത്തെ ചൂട്ടുകറ്റ പോലെയാണ്. എപ്പോൾ വേണമെങ്കിലും കെട്ടുപോകാം. അതെനിക്ക് പെട്ടെന്ന് മനസ്സിലായി. ഞാൻ ഒരു തീരുമാനത്തിലെത്തി.
അടുത്ത ദിനം ഒരു ബുധയാഴ്ചയായിരുന്നു. അന്നത്തെ ന്യൂസ് തയ്യാറാക്കിയതിന് ശേഷം ഞാൻ ഒരു വെള്ള പേപ്പറിൽ എന്റെ രാജിക്കത്ത് തയ്യാറാക്കി. രണ്ടു വരി മാത്രം.
അത് ഒന്നുകൂടി വായിച്ചു നോക്കി. പിന്നെ അത് മടക്കി ഒരു കവറിലിട്ട് ഞാൻ ന്യൂസ് പ്രൊഡ്യൂസറിന്റെ ചേംബറിലേക്ക് നടന്നു.
*********

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments