ശ്രീകുമാർ ഭാസ്കരൻ.
ഞാൻ അന്നു രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും രഞ്ജിത്ത് എണീറ്റിരുന്നില്ല. അതേ കിടപ്പ് തന്നെ. തലേന്ന് തുടങ്ങിയതാണ്. കമിഴ്ന്നുകിടക്കുന്ന അവൻ ഉറങ്ങുകയാണോ അതോ കരയുകയാണോ എന്ന് എനിക്കു വ്യക്തമായിരുന്നില്ല.
“രഞ്ജിത്ത് എണീറ്റ് ഒന്ന് കുളിക്ക്. പിന്നെ ഇതെടുത്ത് കഴിക്ക്.”
ഞാൻ താഴെപ്പോയി വാങ്ങിക്കൊണ്ടു വന്ന സമൂസയുടെ പൊതി അവനരുകിൽ വെച്ചു. എന്റെ ശബ്ദത്തിലെ ശാസന അവൻ പരിഗണിച്ചില്ല. പിന്നെയും അതേ കിടപ്പ് തുടർന്നു. രഞ്ജിത്ത് എന്‍റെ സഹമുറിയനും മാലെയിൽ തന്നെയുള്ള മറ്റൊരു സ്കൂളിലെ അദ്ധ്യാപകനും ആയിരുന്നു.
“ശനിദശയാ മാഷെ. അനുഭവിക്കേണ്ടി വരും”.
കേവലം രണ്ടാഴ്ച മുമ്പ് മാത്രമാണവൻ എന്നോട് അങ്ങനെ പറഞ്ഞത്. എന്നും ഞങ്ങൾ പരസ്പരം പറയുന്ന തമാശകളുടെ കൂട്ടത്തിൽ ഞാൻ അതിനേയും പെടുത്തി. പക്ഷേ ഏതാനം ദിവസങ്ങൾക്കുള്ളിൽ ശനി തലപൊക്കി. അതിന്റെ തുടക്കം രഞ്ജിത്തിന്റെ കൈകൊണ്ടു തന്നെയായിരുന്നു താനും.
എന്നും വൈകിട്ട് ഞാൻ കടൽഭിത്തിയിൽ പോയിരിക്കും. മാലെയിൽ കാണാൻ കടലല്ലാതെ മറ്റൊന്നുമില്ല എന്നുള്ളതാണ് വാസ്തവം. രണ്ടുദിവസം മാലെയിൽ തങ്ങുന്ന ഒരാൾക്ക് അത് പെട്ടെന്ന് ബോദ്ധ്യമാകും.
മാലെയിലെ എന്റെ വിരസമായ ദിനങ്ങൾ ഞാൻ തള്ളിനീക്കിയിരുന്നത് വൈകുന്നേരങ്ങളിലെ കടൽ സന്ദർശനത്തിൽക്കൂടിയായിരുന്നു. രാത്രി പതിനൊന്നുമണി വരെ മിക്കവാറും ഞാൻ കടൽത്തീരത്ത് ചിലവഴിക്കും. എന്നിട്ടേ റൂമിൽ വരുമായിരുന്നുള്ളൂ.
റൂമിൽ നല്ല ചൂടായിരുന്നു. കോസ്റ്റൽ കാലാവസ്ഥയുടെ പ്രത്യേകത അതാണ്. ചൂടും ഈർപ്പവും സമാസമം അനുഭവിക്കേണ്ടി വരും.
അന്ന് ഞാൻ കടൽ ഭിത്തിയിൽ നിന്നും റൂമിൽ വരുമ്പോൾ രഞ്ജിത്ത് ആകെ വെകിളി പിടിച്ചിരിക്കുന്നു.
കാര്യം അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി അല്പം ആശങ്കാജനകമായിരുന്നു. രഞ്ജിത്ത് അന്ന് അവന്റെ സ്കൂൾ ക്യാമ്പസിൽ വച്ച് ഒരു വിദ്യാർത്ഥിയുടെ കുത്തിന് പിടിച്ചു ശക്തമായി ഉലുത്തി. കയ്യേറ്റം ചെയ്തുവെന്ന് സാരം. അതും മറ്റു വിദ്യാർഥികൾ നോക്കി നിൽക്കെ.
ഒരു അധ്യാപകൻ ഒരു വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുന്നത് വലിയ കുറ്റമാണ് മാലെയിൽ. അതിന് ജയിൽവാസം മുതൽ നാടുകടത്തൽ വരെ പ്രതീക്ഷിക്കാം. ജയിൽവാസം ആണെങ്കിൽ മാസങ്ങളോ വർഷങ്ങളോ കിടക്കേണ്ടി വരാം. എന്തായിരുന്നു പ്രകോപനമെന്നു ഞാൻ അവനോടു അന്വേഷിച്ചു. പ്രകോപനപരമായ പല നടപടികളും മാലെ വിദ്യാർഥികളിൽ നിന്നും ഒരു ഇന്ത്യൻ അദ്ധ്യാപകന്‍ നേരിടേണ്ടി വരാം. പലപ്പോഴും. അതിൽ പ്രധാനം മാതൃരാജ്യത്തെപ്പറ്റിയുള്ള അവഹേളനമാണ്. ദേശീയബോധം വേണ്ടത്ര ഇല്ലാത്ത ചില വിദ്യാർത്ഥികൾ ഇന്ത്യയെപ്പറ്റി അധ്യാപകരോട് മോശമായി കമൻറ് പാസാക്കും. അത് പ്രശ്നമാകും. വ്യക്തിപരമായ ആക്ഷേപങ്ങളും അപൂർവമായി ഉണ്ടാകാറുണ്ട്. ബോഡിഷെയ്മിംഗ് എന്ന കാറ്റഗറിയിൽ പെടുത്താവുന്നത്. അത് അപൂർവമായി മാത്രം സംഭവിക്കുന്നതാണ്. പലപ്പോഴും പല ഇന്ത്യൻ അധ്യാപകരും അത് കണക്കിൽ എടുക്കാറില്ല. എന്നാൽ ചില അധ്യാപകർ അങ്ങനെയല്ല. അവർ വലിയ രീതിയിൽ പ്രതികരിക്കും. ചിലപ്പോൾ സ്ഥാനവും സാഹചര്യവും മറന്ന് പെരുമാറി എന്നും വരും. അത്തരത്തിൽ വല്ലതും സംഭവിച്ചു കാണുമോ എന്ന് ഞാൻ ഭയന്നു. പക്ഷേ അതായിരുന്നില്ല കാര്യം.
സംഭവം മറ്റൊന്നായിരുന്നു. രഞ്ജിത്ത് ക്ലാസ് കഴിഞ്ഞ് റൂമിലേക്ക് നടന്നുവരവേ അവന്റെ സ്കൂളിലെ കുറച്ചു ആൺകുട്ടികൾ കൂടി നിൽക്കുന്നുണ്ടായിരുന്നു വഴിയരികിൽ. അപ്പോൾ റോഡിൻറെ മറുവശത്തു കൂടി പോയ ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി അതിൽ ഒരുത്തൻ മറ്റുള്ളവരോട് പറഞ്ഞു “സേക്രഡ് ഹൊര്‍”. എല്ലാവരും ചിരിച്ചു. ‘വിശുദ്ധ വേശ്യ’ അതാണ് പരാമർശം. രഞ്ജിത്ത് അത് കേട്ടു. ആ സ്ത്രീയെ നോക്കി. ഞെട്ടിപ്പോയി. പറഞ്ഞവന്റെ അമ്മ ആയിരുന്നു അത്. പറഞ്ഞത് അവരുടെ ആദ്യ ഭർത്താവിന്‍റെ മകനും.
സാങ്കേതിക കാരണങ്ങളാൽ അവരുടെ ആദ്യ ബന്ധം നീണ്ടുനിന്നില്ല. രണ്ടാമത് ഒരു പുരുഷന്റെ കൂടെ ജീവിക്കുകയാണ് അവര്‍. അവർക്കൊപ്പം ആണ് ആ മകനും താമസിക്കുന്നത്. രണ്ടാം ഭർത്താവാണ് അവൻറെ പഠനച്ചെലവ് വഹിക്കുന്നത്. അയാൾ ഒരു മത്സ്യത്തൊഴിലാളിയാണ്. കടലിൽ മത്സ്യബന്ധനത്തിനു പോകും. മാർക്കറ്റിൽ ഒരു ചെറുകടയും ഉണ്ട് അയാള്‍ക്ക്. മീൻ വെട്ടിക്കൊടുക്കുന്ന സ്ഥലം. അവര്‍ അത്യാവശ്യം നല്ല നിലയിൽ ജീവിക്കുന്നു. പല പുരുഷന്മാരുടെ കൂടെ കിടക്കുന്ന സ്ത്രീയെന്ന നിലയ്ക്കാണ് അവൻറെ ‘സേക്രഡ്’ പരാമർശം.
ഒരുനിമിഷം, രഞ്ജിത്തിന് പരിസരബോധം നഷ്ടപ്പെട്ടു. അവൻ ചാടി ആ പയ്യൻറെ കോളറിന് പിടിച്ചു ശക്തമായി ഉലുത്തി. കൂടെ നല്ല തെറിയും വിളിച്ചു. സാധാരണ പറയുന്ന അൺപാർലമെൻററി വാക്കുകൾ. ഒരു അദ്ധ്യാപകൻ പറയാൻ പാടില്ലാത്ത വാക്കുകൾ.
കോളറില്‍ പിടിച്ചുള്ള ശക്തമായ ഉലുത്തിൽ അവന്‍ താഴെ വീണു. നിലത്ത് വീണ അവനെ ചവിട്ടാൻ രഞ്ജിത്ത് കാലുപൊക്കി. അവൻറെ സഹപാഠികൾ പെട്ടെന്നു അവനെ വലിച്ചു മാറ്റി. അതുകൊണ്ട് ചവിട്ടു കൊണ്ടില്ല. അടുത്ത നിമിഷം എല്ലാവരും ചിതറിത്തെറിച്ചു. സ്ഥലം ശൂന്യം. നിമിഷങ്ങൾക്കുള്ളില്‍ ഇതെല്ലാം നടന്നു കഴിഞ്ഞു. രഞ്ജിത്ത് തിളച്ചു മറിഞ്ഞു റൂമിലെത്തി.
ഒരു ‘മാതൃരാജ്യത്ത്’ നിന്നും മാലെയില്‍ എത്തിയ ഒരു വ്യക്തിക്ക്, സ്ഥാനത്തും അസ്ഥാനത്തും മാതൃത്വത്തിന്റെ മഹത്വം വായ്തതാരിയായി കേൾക്കുന്ന ഒരു ശരാശരി ഇന്ത്യൻ അധ്യാപകന്, തന്റെ വിദ്യാർത്ഥി സ്വന്തം മാതാവിനെപ്പറ്റി യോഗ്യമല്ലാത്ത പരാമർശം പറയുന്നത് കേട്ടപ്പോൾ രക്തം തിളച്ചത് സ്വാഭാവികം. പക്ഷേ നാട് മാലിയാണ്. അവരുടെ കൾച്ചർ വേറെയാണ്. രഞ്ജിത്ത് അത് മറന്നു പോയി.
“അവൻ അങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ അറിയാതെ എൻറെ രക്തം തിളച്ചു. പിന്നെ എന്ത് സംഭവിച്ചു എന്ന് ചോദിച്ചാല്‍ എനിക്കറിഞ്ഞു കൂടാ.” രഞ്ജിത്ത് പറഞ്ഞു.
“കണ്ടീഷന്‍ഡ് റിഫ്ലക്സ്” ഞാന്‍ പറഞ്ഞു.
“എന്ത്”
“അതൊരു ജൈവീക പ്രതിഭാസമാണ്.” ഞാന്‍ പറഞ്ഞു.
“നമ്മള്‍ ചെറുപ്പത്തില്‍ കേട്ട് പഠിക്കുന്നതോ പഠിപ്പിക്കുന്നതോ ആയ കാര്യം സന്നിഗ്ധ ഘട്ടത്തില്‍ നമ്മളെ നയിക്കും. അവിടെ വിവേചനശക്തിയല്ല പിന്നെ പ്രവര്‍ത്തിക്കുന്നത്. കൂടെയുള്ള കൂട്ടുകാരന്‍ യുദ്ധമുഖത്ത് വെടിയേറ്റു വീണാല്‍ ഒരു സൈനികൻ വീണ അവനെ അല്ല ശ്രദ്ധിക്കുക. മറിച്ച് മുന്നില്‍ ഉള്ള ശത്രുവിനോട് പൊരുതി മുന്നേറുക എന്നതായിരിക്കും. കാരണം എന്താണെന്നു അറിയാമോ. ഭടന്മാരെ എന്നും പറഞ്ഞു പഠിപ്പിക്കുന്നത് ഫൈറ്റ് ആന്‍ഡ് മൂവ് എന്നാണ്. അങ്ങനെ എന്നും കേള്‍ക്കുന്ന ഒരു ഭടന് യുദ്ധമുഖത്ത് അവനെ നയിക്കുന്നത്, അവനില്‍ സന്നിവേശിപ്പിച്ച ആ ആജ്ഞയാണ്. അല്ലാതെ സിനിമയിലെപ്പോലുള്ള സെന്‍റ്റിമെന്റ്സ് അല്ല.
നമ്മൾ നിരന്തരമായിട്ട് മാതൃരാജ്യം, അമ്മ എന്ന് പറഞ്ഞു പഠിച്ചുവരുന്ന ഒരു ജനതയാണ്. നമ്മുടെ മാതൃത്വസങ്കല്പം വളരെ വലുതാണ്. ആ സങ്കല്പത്തിനെതിരായിട്ട് വരുന്ന ഏത് കാര്യത്തിനോടും നമ്മൾ അറിയാതെ പ്രതികരിച്ചു പോകും. പക്ഷേ പ്രശ്നം എന്താണെന്ന് വച്ചാല്‍ സാംസ്കാരിക വൈജാത്യമാണ്. അതും മറക്കുന്നതാണ് പ്രശ്നം. വാത്മീകി രാമായണത്തിലെ കിഷ്കിന്ധാകാണ്ഡത്തില്‍ ഒരു സംഭവം പറയുന്നുണ്ട്.
ബാലി – സുഗ്രീവ യുദ്ധത്തില്‍ രാമൻ ബാലിയെ മറഞ്ഞുനിന്ന് അമ്പെയ്തു വീഴ്ത്തുന്നു. വീണു കിടക്കുന്ന ബാലിയുടെ അരികിലേക്ക് രാമൻ വരുന്നു. അപ്പോള്‍ ബാലി രാമനോട് ചോദിക്കുന്നു. ‘നീ ദശരഥ പുത്രൻ രാമൻ അല്ലേ. നമ്മൾ തമ്മിൽ ശത്രുത ഇല്ലല്ലോ. പിന്നെ എന്തിനാണ് നീ എന്നെ വീഴ്ത്തിയത്.’ രാമൻ പറഞ്ഞു. ‘അധാർമികമായി പെരുമാറി എന്നതാണ് നിന്റെ കുറ്റം. നിൻറെ അനുജനായുള്ള സുഗ്രീവന്റെ ഭാര്യയെ നീ കയ്യടക്കി വെച്ചിരിക്കുകയാണ്. ഇപ്പോൾ നീ ഭാര്യയായി അവരെ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അത് അധാർമികമാണ്. സഹോദരൻറെ ഭാര്യ സഹോദരിക്ക് തുല്യമാണ്. അവരെ ഭാര്യയായി വെച്ചുകൊണ്ടിരിക്കുന്നത് അധാർമികമാണ്’. രാമന്‍ പറഞ്ഞു.
ഇത് കേട്ടപ്പോള്‍ ബാലി പറഞ്ഞു. ‘രാമാ നീ പറയുന്നത് നിന്റെ കുലത്തിന്റെ, മനുഷ്യകുലത്തിന്റെ ധാർമികതയാണ്. അത് കപികുലത്തിനു യോഗ്യമല്ല. ഞങ്ങൾക്ക് ആണും പെണ്ണും മാത്രമേയുള്ളൂ. സഹോദരി, അമ്മ, ഭാര്യ എന്ന തരംതിരിവില്ല. ആണും പെണ്ണും മാത്രം. അതാണ് കപികുല സംസ്കാരം. ഞാൻ എൻറെ സംസ്കാരം അനുസരിച്ചാണ് ജീവിച്ചത്. മനുഷ്യകുല സംസ്കാരത്തിൻറെ അടിസ്ഥാനത്തിൽ നീ എന്നെ തിരുത്താൻ ശ്രമിക്കുന്നത് ശരിയല്ല.’
രാമന് കാര്യം ബോധ്യപ്പെട്ടു. രാമന്‍ ബാലിക്ക് ഒരു വരം കൊടുത്തു. അടുത്ത ജന്മത്തിൽ ഇതുപോലെ ഒളിഞ്ഞിരുന്ന് എന്നെ കൊല്ലാൻ നിനക്ക് സാധിക്കട്ടെ എന്ന്. അങ്ങനെയാണ് കൃഷ്ണനെ വേടന്റെ ജന്മമായി വന്ന ബാലി അടുത്ത ജന്മത്തിൽ കൊല്ലുന്നത് എന്നാണ് കഥ.
രഞ്ജിത്ത് ഓരോ രാജ്യത്തിനും ഓരോ കൾച്ചർ ഉണ്ട്. ഭോഗസംസ്കാരത്തില്‍ നിൽക്കുന്ന ഒരു രാജ്യമാണിത്. മണ്ണും പെണ്ണും എല്ലാം അതിന്റെ ഭാഗമാണ്. ഇവര്‍ക്ക് നമ്മുടെ സാംസ്കാരവുമായിട്ട് ഒരുപാട് വ്യത്യാസമുണ്ട്. റോമൻ സംസ്കാരം പോലെയാണ് ഇവര്‍. പുരുഷന് ശാരീരിക സുഖം കൊടുക്കാനുള്ള ഉപാധി മാത്രമാണ് ഇവിടെ സ്ത്രീകൾ. അവിടെ നീ നമ്മുടെ സംസ്കാരത്തിൻറെ മാതൃത്വം വെച്ച് ഒരുത്തന്റെ മണ്ടയ്ക്ക് കുതിര കയറുമ്പോൾ ഓർക്കുക, നിന്റെയോ എന്റെയോ സദാചാരബോധമല്ല ഈ രാജ്യത്തുള്ളത്. ഇവിടെ ഒരു പയ്യൻ അവന്റെ അമ്മയെ വേശ്യ എന്നു വിശേഷിപ്പിച്ചപ്പോൾ അത് കേട്ടുനിന്നവര്‍ക്കും ഒട്ടും അഭംഗി തോന്നിയില്ല. ആ സത്യം മറന്ന് നിൻറെ സദാചാരബോധം ഇവിടെ പ്രായോഗികമാക്കാൻ ശ്രമിച്ചതാണ് നിൻറെ പരാജയം.”
രഞ്ജിത്ത് ഒന്നും മിണ്ടിയില്ല.
ഒരു അദ്ധ്യാപകന്റെ കയ്യേറ്റം ഒരു സാഹചര്യത്തിലും മാലെയില്‍ നീതികരിക്കപ്പെടുന്നില്ല. വിദ്യാർഥികൾക്ക് സർവ്വസ്വാതന്ത്ര്യം അനുവദിച്ചു കൊടുത്തിട്ടുള്ള ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിൽ, രഞ്ജിത്തിന്‍റെ നടപടി ഒരു പ്രധാന സംഭവമായിത്തീരാനുള്ള സാധ്യത ഞാൻ ഉൾപ്പെടെ എല്ലാവരും പ്രതീക്ഷിച്ചു. അന്ന് ഒരു വ്യാഴാഴ്ചയായിരുന്നു. അടുത്ത രണ്ടു ദിനം അവധിയാണ്. വെള്ളി, ശനി.
ഞായറാഴ്ച ഗുരുതരമായ ഒരു അച്ചടക്ക നടപടി രഞ്ജിത്തിനെതിരെ ഉണ്ടാകും എന്ന് എല്ലാവരും പ്രതീക്ഷിച്ചു. സാക്ഷിയായി ഉള്ളത് വിദ്യാർഥികളാണ്. അവരാരും രഞ്ജിത്തിനു വേണ്ടി സംസാരിക്കില്ല. അതുറപ്പ്. എന്തും സംഭവിക്കാം. ആ ആശങ്കയിലാണ് ഞായറാഴ്ച എല്ലാവരും സ്കൂളിൽ പോയത്.
പക്ഷേ അത്ഭുതം. ഒന്നും സംഭവിച്ചില്ല. ആ സംഭവം എല്ലാവരും മറന്നു പോയപോലെ. ആർക്കും രഞ്ജിത്തിനെതിരെ ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ശനിയുടെ കളി അവിടം കൊണ്ടവസാനിച്ചില്ല. അത് അവനെ പിന്തുടർന്നുകൊണ്ടേയിരുന്നു.
സ്കൂളിലെ പ്രശ്നത്തിൽ നിന്നും രഞ്ജിത്ത് രക്ഷപ്പെട്ടെങ്കിലും, അതിലും വലുത് രഞ്ജിത്തിനെ കാത്തിരിക്കുന്നുണ്ടായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം ഞാൻ പതിവുപോലെ രാത്രി കടൽ ഭിത്തിയിൽ ഇരിക്കുന്ന സമയം, രഞ്ജിത്ത് എന്നെ വിളിച്ചു. അപ്പോൾ സമയം രാത്രി പത്ത് മണി.
സാധാരണ പതിനൊന്നര വരെ ഞാൻ കടല്‍ക്കരയില്‍ കാണും. പതിനൊന്നു മണിക്ക് മാലെ പോലീസിൽ നിന്നും ഒരാൾ, വലിയ ടോർച്ചു ലൈറ്റ് മിന്നിച്ചുകൊണ്ട് കടൽഭിത്തിയിലൂടെ നടന്നു വരുന്നുണ്ടാകും. താഴെ കടല്‍ഭിത്തിയുടെ സംരക്ഷണത്തിനായി ഇട്ടിരിക്കുന്ന വലിയ ട്രൈപ്പോടുകള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ വല്ല മൃതശരീരങ്ങൾ ഉണ്ടോ എന്നോക്കെ നോക്കിയാണ് വരവ്.
മാലെ ഡ്രഗ് അഡിക്ടുകളുടെ കേന്ദ്രമാണ്. ചിലപ്പോൾ കയ്യാങ്കളിയും ഉണ്ടാകാറുണ്ട്. അതിൻറെ അനന്തരഫലമായി ആരെങ്കിലും ആരേയെങ്കിലും കൊന്നു തള്ളിയിട്ടുണ്ടോ എന്നൊക്കെയാണ് പോലീസ് സെക്യൂരിറ്റി പരിശോധിക്കുന്നത്.
ആ സമയം പലപ്പോഴും ഞാൻ കടൽഭിത്തിയിൽ ഇരിക്കുന്നുണ്ടാവും. അവർ എന്നെ ഒന്നും പറഞ്ഞിട്ടില്ല. അധ്യാപകൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടാവാം.
രാത്രി വൈകി ആരെങ്കിലുമൊക്കെ സംരക്ഷണഭിത്തിയിൽ ഇരിക്കുന്നത് കണ്ടാൽ, പോലീസ് അവരുടെ അടുത്ത് വന്ന് വിസിൽ അടിച്ചു പറഞ്ഞുവിടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മാലേ ദ്വീപിന്റെ എട്ടര കിലോമീറ്റർ ചുറ്റളവിലും ഏരിയ തിരിച്ച് പോലീസ് ഉദ്യോഗസ്ഥർ ചെക്കിങ് നടത്തും. എല്ലാ ദിവസവും.
“നിങ്ങൾ ഇപ്പോൾ എവിടെയാണ്?” രഞ്ജിത്ത് ചോദിച്ചു. സാധാരണ അവൻ അങ്ങനെ വിളിക്കാറില്ല.
“ഞാൻ കടൽത്തീരത്താണ്. എന്താ?” ഞാൻ ചോദിച്ചു.
“ഞാൻ അങ്ങോട്ട് വരാം.” രഞ്ജിത്ത് പറഞ്ഞു.
“ശരി”. ഞാൻ കാത്തിരുന്നു.
എന്തെങ്കിലും കാര്യം ഉണ്ടായോ. സുഖകരം അല്ലാത്തത്. സ്കൂളിൽ മുമ്പ് നടന്ന മാതിരി. അതായിരുന്നു എന്റെ സംശയം. പത്ത് മിനിറ്റിനുള്ളിൽ രഞ്ജിത്ത് എത്തി. എൻറെ സമീപത്തിരുന്നു. അല്‍പനേരം ഒന്നും മിണ്ടിയില്ല. പിന്നെപ്പറഞ്ഞു.
“നാട്ടിൽനിന്ന് ചേട്ടൻ വിളിച്ചിരുന്നു. മൂത്ത ചേട്ടൻ.”
രഞ്ജിത്തിന് രണ്ട് ചേട്ടന്മാര്‍ ആണുള്ളത്. മൂത്തയാൾ ഗ്യാസ് ഏജൻസി നടത്തുന്നു. വിവാഹിതൻ. രണ്ടാമത്തെ ചേട്ടൻ ഒരു ഹൈസ്കൂൾ അധ്യാപകനാണ്. അദ്ദേഹവും വിവാഹിതനാണ്. രണ്ടുപേരും തറവാടിനടുത്ത് സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കുന്നു.
തറവാട്ട് വീട്ടിലാണ് രഞ്ജിത്തിന്റെ താമസം. ഭാര്യ ഒരു നേഴ്സ് ആണ്. വീടിനടുത്തുള്ള ഒരു മിഷൻ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നു. രണ്ടു വയസ്സുള്ള ഒരു മോൾ രഞ്ജിത്തിന് ഉണ്ട്. തറവാട് വീട് അല്പം പഴയതായതുകൊണ്ട്, അതിൻറെ അറ്റകുറ്റപ്പണി കഴിഞ്ഞതേയുള്ളൂ അടുത്ത സമയത്ത്. അതിൻറെ സാമ്പത്തിക ബാധ്യത തീർന്നു വരുന്നതേയുള്ളൂ. രഞ്ജിത്തിന്റെ അച്ഛൻ തറവാട്ടിൽ രഞ്ജിത്തിന്റെ കുടുംബത്തിൻറെ കൂടെയാണ്. ഇതാണ് രഞ്ജിത്തിന്റെ പശ്ചാത്തലം.
“എന്താ കാര്യം?” ഞാൻ ചോദിച്ചു.
“അച്ഛന് അടുത്ത സമയത്ത് ചെറിയൊരു വയറുവേദന തോന്നിയിരുന്നു. പ്രത്യേകിച്ച് ആഹാരം കഴിക്കുമ്പോൾ. ഗ്യാസിന്റെ പ്രശ്നമായിരിക്കുമെന്ന് പുള്ളി കരുതി. അടുത്തുള്ള ആയുർവേദ കടയിൽ പോയി വൈദ്യനെ കണ്ട് ചില മരുന്നുകൾ ഒക്കെ കഴിക്കുന്നുണ്ടായിരുന്നു. അതിൽ വലിയ ഫലം ഇല്ലെന്ന് കണ്ടപ്പോഴാണ് അച്ഛൻ ചേട്ടനോട് കാര്യം പറയുന്നത്. അച്ഛനും ചേട്ടനും കൂടി കഴിഞ്ഞ ദിവസം മിഷൻ ഹോസ്പിറ്റലിൽ പോയി ടെസ്റ്റ് ചെയ്തു. ഇന്നതിന്റെ റിസൾട്ട് വന്നു അത് പറയാനാണ് ചേട്ടൻ വിളിച്ചത്.” രഞ്ജിത് പറഞ്ഞു.
“എന്താ റിസൾട്ട്?” ഞാൻ ചോദിച്ചു.
“സി . എ സ്റ്റൊമക്. എന്നാണ് നോട്ട് ചെയ്തിട്ടുള്ളത്” രഞ്ജിത് പറഞ്ഞു.
“കാര്‍സിനോമ സ്റ്റൊമക്”. പെട്ടെന്ന് ഞാൻ പറഞ്ഞു.
“ക്യാൻസർ?” ഉറപ്പിക്കാൻ ഞാൻ ചോദിച്ചു.
“ആഹ്” രഞ്ജിത് മൂളി.
അല്പം കഴിഞ്ഞപ്പോൾ രഞ്ജിത്തിന്റെ ഏങ്ങലടി ഞാൻ കേട്ടു. അരണ്ട വെളിച്ചമേ കടൽ ഭിത്തിയില്‍ ഒള്ളു. ദൂരെയുള്ള ഒരു സോഡിയം ലാമ്പിൽ നിന്നുള്ള പ്രകാശം. എനിക്ക് എന്ത് ചെയ്യണം എന്ന് ഒരു രൂപവും കിട്ടിയില്ല. അല്പം കഴിഞ്ഞ് രഞ്ജിത്ത് പറഞ്ഞു.
“എനിക്ക് ഈ പൊണ്ണത്തടിയേ ഉള്ളൂ മാഷേ. ഒന്നും താങ്ങാൻ പറ്റില്ല. എന്റെ ഒമ്പതാമത്തെ വയസ്സിൽ അമ്മ മരിച്ചതാണ്. പിന്നെ അച്ഛനായിരുന്നു എന്റെ എല്ലാം. അച്ഛന്‍ ഒരു നല്ല കർഷകനാണ്. അത്യാവശ്യം സ്ഥലമുണ്ട്. ഒരു തെങ്ങുംതോപ്പ്. പിന്നെ ഒരു ഏത്തവാഴത്തോട്ടം.
ജീവിതത്തില്‍ ഒരു വാഹനമേ അച്ഛന്‍ എടുത്തിട്ടുള്ളൂ. ഒരു മാരുതി എണ്ണുറു മോഡൽ. അതാണ് ഇപ്പോഴും ഉരുട്ടിക്കൊണ്ടു നടക്കുന്നത്. അത് ഐശ്വര്യമുള്ള വണ്ടി ആണെന്നാണ് അച്ഛൻറെ പക്ഷം. എണ്‍പത്തിയേഴില്‍ എടുത്ത വണ്ടിയാണ്. അതിൽ നിലമ്പൂർ പോയി ഏത്തവാഴ വിത്ത് വാങ്ങിവരും. അങ്ങനെ നന്നായി അധ്വാനിക്കുന്ന കർഷകനാണ് അച്ഛൻ. ഞാൻ അച്ഛൻറെ കൂടെ കുറച്ചേ ജീവിച്ചിട്ടുള്ളൂ. പഠനം ഒക്കെ കോട്ടയത്തായിരുന്നു. ഹോസ്റ്റലിൽ താമസം. പി. ജി വരെ അവിടെ. ബി. എഡിന് ആണ് ഞാൻ നാട്ടിൽ ചേരുന്നത്. പിന്നെ ഖത്തർ ഇന്ത്യന്‍ പബ്ലിക് സ്കൂളിൽ മൂന്നുവർഷം അധ്യാപകൻ. പിന്നെയാണ് ഇങ്ങോട്ട് വന്നത്. അതിൻറെ ഇടയ്ക്ക് വിവാഹം കഴിഞ്ഞു. ചേട്ടത്തിയമ്മയുടെ അനുജത്തിയാണ് എൻറെ ഭാര്യ. അതായത് ചേട്ടൻറെ ഭാര്യയുടെ അനുജത്തി. ഇതിൻറെ ഇടയിൽ അച്ഛനുമൊത്തുള്ള ജീവിതം വളരെ കുറച്ചേ ഉണ്ടായിട്ടുള്ളൂ.” രഞ്ജിത് പറഞ്ഞു.
പിന്നെ അവൻ ഏങ്ങിക്കരഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല. എല്ലാം കേട്ടിരുന്നു.
അല്പം കഴിഞ്ഞ് രഞ്ജിത്ത് ചോദിച്ചു. “മാഷേ, സി. എ. ഒരു സർജറി കൊണ്ട് പരിഹരിക്കാൻ പറ്റുമോ? അതിനെപ്പറ്റി പറയാനാണ് ചേട്ടൻ വിളിച്ചത്. സർജറി ചെയ്യാം എന്ന് മിഷൻ ഹോസ്പിറ്റൽ ഡോക്ടർ പറയുന്നുണ്ട്.”
“ഡോക്ടർ ഓങ്കോളജിസ്റ്റ് ആണോ, ക്യാൻസർ വിദഗ്ധൻ.?” ഞാൻ ചോദിച്ചു.
“അല്ല. ജനറല്‍ സര്‍ജന്‍ ആണ്. മിഷന്‍ ഹോസ്പിറ്റലില്‍ ഓങ്കോളജി ഡിപ്പാർട്ട്മെൻറ് ഇല്ല”
ഞാന്‍ രഞ്ജിത്തിനോട് പറഞ്ഞു. “കാൻസർ ചികിത്സയുടെ ഭാഗമാണ് സർജറി. പിന്നെ കീമോ ഉണ്ട് റേഡിയേഷൻ ഉണ്ട്. ഇത് പലഘട്ടങ്ങളില്‍ പ്രത്യേകമായി അല്ലെങ്കിൽ തുടർച്ചയായി ചെയ്യാറുണ്ട്. ഒരു ജനറല്‍ ഫിസിഷ്യനെ സംബന്ധിച്ച് ശരീരത്തിലെ സർജറി ഒരു സാദാ സർജറി മാത്രമാണ്. എന്നാല്‍ കാന്‍സര്‍ സർജറി അങ്ങനെ ചെയ്യേണ്ടതല്ല. അത് എപ്പോഴും ഒരു ഓങ്കോളജിസ്റ്റ് തന്നെ ചെയ്യണം. കാരണം ക്യാൻസർ വളര്‍ച്ച ഉള്ളിലേക്ക് എത്ര വരെ പോയി എന്ന് ഒരു ജനറൽ സർജന് അറിയണമെന്നില്ല. സർജറി ചെയ്താൽ ഫലം ഉണ്ടാകുമോ എന്നും പറയാൻ കഴിയില്ല. അതുകൊണ്ട് എൻറെ അഭിപ്രായത്തിൽ ഒരു സെക്കൻഡ് ഒപ്പീനിയൻ അത്യാവശ്യമാണ്. ഒരു ക്യാൻസർ വിദഗ്ധനെ കാണണം. ഇരുട്ടുകൊണ്ട് ഓട്ട അടയ്ക്കരുത്. ചെയ്യുമ്പോൾ നന്നായി അറിഞ്ഞു ചെയ്യണം. അച്ഛന് എന്ത് പ്രായം വരും.?” ഞാൻ ചോദിച്ചു.
“എഴുപത്തിയെട്ട്.” രഞ്ജിത്ത് പറഞ്ഞു. “ഞാനും മൂത്ത ചേട്ടനും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്.”
“അച്ഛന്‍ ശാരീരികമായി എങ്ങനെ?” ഞാൻ തിരക്കി.
“ശുഷ്ക്കമാണ്. ഒരു അമ്പത് അമ്പത്തഞ്ചു കിലോ വരും. ഏറിയാൽ. എന്താ കാര്യം.” രഞ്ജിത്ത് ചോദിച്ചു.
ഞാന്‍ പറഞ്ഞു. “ക്യാൻസർ ചികിത്സയ്ക്ക് പ്രായവും ആരോഗ്യവുമൊക്കെ പ്രധാനമാണ്. ക്യാൻസറിൽ പാരമ്പര്യത്തിനും അല്പം സ്വാധീനമുണ്ട്. ക്യാൻസറുകളിൽ ഏകദേശം അഞ്ചു ശതമാനം പാരമ്പര്യവുമായി ബന്ധമുണ്ട്. ഈ ബ്രെസ്റ്റ് കാൻസർ പോലെ.” ഞാൻ പറഞ്ഞു നിർത്തി.
“പാരമ്പര്യത്തെപ്പറ്റിപ്പറയാൻ എനിക്ക് അച്ഛൻറെ അച്ഛൻ അതായത് എൻറെ അപ്പൂപ്പൻ എങ്ങനെ മരിച്ചു എന്ന് അറിഞ്ഞുകൂടാ. അച്ഛന് സഹോദരങ്ങൾ ഇല്ല.” രഞ്ജിത്ത് പറഞ്ഞു.
“എന്തായാലും നിങ്ങൾ ഒരു കാൻസർ വിദഗ്ധനെ നാളെത്തന്നെ കൺസൾട്ട് ചെയ്യണം. ചെയ്ത ടെസ്റ്റുകളുടെ റിസള്‍ട്ടും കാണിക്കണം. അച്ഛനെ കൂടി കൊണ്ടുപോയി ഡോക്ടറെ കാണണം. അതിനു ശേഷം ഒരു സർജറിയെപ്പറ്റി ചിന്തിക്കുന്നതായിരിക്കും ഭംഗി.” ഞാൻ പറഞ്ഞു.
“പണം ഒരു പ്രശ്നമാകില്ല മാഷേ.” രഞ്ജിത്ത് അല്പം ആലോചിച്ചിട്ട് പറഞ്ഞു.
“പ്രശ്നം പണമല്ല. പ്രായവും ആരോഗ്യവും ആണ്. അത് ഒരു ഓങ്കോളജിസ്റ്റിനു മാത്രമേ മനസ്സിലാവുകയുള്ളൂ. ഒരു പരിഹാരം പ്രതീക്ഷിച്ച് സർജറി നടത്തിയാൽ പിന്നെ ഒരുപക്ഷേ അച്ഛൻ എണീറ്റ് നടന്നു എന്നു വരില്ല. ആരോഗ്യവും രോഗാവസ്ഥയും അനസ്തേഷ്യയും ആയിട്ടൊക്കെ ബന്ധമുണ്ട്. ഒരു കാര്യം ആദ്യമേ ഉറപ്പിക്കണം. സർജറി കൊണ്ട് ഭേദപ്പെടുമെന്ന് ഒരു ഓങ്കോളജിസ്റ്റ് പറയുകയാണെങ്കിൽ മാത്രം സർജറിക്ക് തയ്യാറാവുക. നടന്നുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ കിടത്തുന്ന അവസ്ഥ ഉണ്ടാകരുത്.” ഞാന്‍ പറഞ്ഞു.
“ഒരു ഓങ്കോളജിസ്റ്റിനെ കണ്ടിട്ട് തീരുമാനമെടുത്താൽ മതി എന്ന് ചേട്ടനോട് പറയു. മടിക്കേണ്ട.” ഞാൻ കർക്കശമായി പറഞ്ഞു.
രഞ്ജിത്ത് ഉടന്‍ ചേട്ടനേ വിളിച്ചു. അവര്‍ തമ്മില്‍ അല്‍പനേരം സംസാരിച്ചു. അത് കഴിഞ്ഞ് കടൽക്കരയിൽ നിന്നും ഞങ്ങൾ റൂമിലേക്ക് നടന്നു.
അടുത്ത ദിവസം ഞാൻ തയ്യാറായി സ്കൂളിലേക്ക് പോകുമ്പോൾ രഞ്ജിത്ത് എണീറ്റിട്ടില്ല. ഞാൻ വിളിച്ചുണർത്താനും പോയില്ല. ദുഃഖഘട്ടങ്ങളിൽ പൂർണമായും തളർന്ന് നമ്മൾ ഉറങ്ങിപ്പോകും. ആ ഘട്ടം ഞാനും കടന്നു പോയിട്ടുണ്ട്.
ക്ലാസ്സ് കഴിഞ്ഞ് വൈകിട്ട് ഞാന്‍ റൂമിൽ വരുമ്പോഴും രഞ്ജിത് അതേ കിടപ്പ് തന്നെ. ഒന്നും കഴിച്ച ലക്ഷണം കണ്ടില്ല. ഞങ്ങൾ താമസിക്കുന്ന ബിൽഡിങ്ങിന്റെ താഴെ ഒരു ലഘുഭക്ഷണശാലയുണ്ട്. രഞ്ജിത്തിനെയും കൂട്ടി ഞാൻ അവിടേക്ക് പോയി. രണ്ടു സമൂസയും ഒരു കട്ടൻചായയും വാങ്ങി.
രഞ്ജിത്ത് ചായ ഗ്ലാസ് ഏറെനേരം കയ്യിൽ തിരിച്ചുകൊണ്ടിരുന്നു. നോട്ടം വിദൂരതയിലേക്ക് തന്നെ. രഞ്ജിത്ത് രാത്രി ഭക്ഷണം ഒഴിവാക്കി നേരത്തെ കിടന്നുറങ്ങി.
അടുത്ത ദിവസവും രഞ്ജിത്ത് സ്കൂളിൽ പോയില്ല. ഒരേ കിടപ്പ്. ഞാൻ താഴെപ്പോയി മൂന്നു സമൂസ വാങ്ങി റൂമിൽ വെച്ചിട്ട്, രഞ്ജിത്തിനോട് എണീക്കുമ്പോൾ അത് കഴിക്കണം എന്ന് പറഞ്ഞിട്ട് സ്കൂളിലേക്ക് പോയി.
തിരിച്ചു വരുമ്പോൾ രഞ്ജിത്ത് റൂമിൽ ഇല്ല. സമൂസ അതുപോലെ ഇരിപ്പുണ്ട്. സന്ധ്യവരെ രഞ്ജിത്തിനെ കണ്ടില്ല. ഞാൻ കടൽക്കരയിലേക്ക് പോയി. എട്ടുമണി കഴിഞ്ഞപ്പോൾ രഞ്ജിത്ത് അവിടേക്ക് വന്നു. എൻറെ സമീപത്ത് അവന്‍ ഇരുന്നു. ഒന്നും മിണ്ടിയില്ല. അല്പം കഴിഞ്ഞ് അവന്‍ പറഞ്ഞു.
“നിങ്ങൾ പറഞ്ഞ കാര്യം ഞാൻ ചേട്ടനോട് പറഞ്ഞു. അവർ ഒരു വിദഗ്ധ ഓങ്കോളോജിസ്റ്റിനെ കണ്ട് വിവരം പറഞ്ഞു. റിസൾട്ട് പരിശോധിച്ചിട്ട് അദ്ദേഹം പറഞ്ഞത് ‘മനുഷ്യന് ഈ ഭൂമിയിൽ നിന്നും വിടപറയാൻ സമയമാകുമ്പോൾ അതിനുള്ള കാരണം ശരീരം തന്നെ കണ്ടെത്തും. ക്യാൻസറിനുള്ള സാധ്യത എല്ലാവരിലും ഉണ്ട്. എന്നിട്ടും നമ്മൾ അതിനെ എതിര്‍ത്തു നിൽക്കുന്നത് നമ്മുടെ ശരീരത്തിന്റെ കഴിവുകൊണ്ടാണ്. ഈ കഴിവ് പല കാരണങ്ങളാൽ നഷ്ടപ്പെടാം. ഭക്ഷണം, ജീവിതചര്യ, പാരമ്പര്യം, പ്രായം അങ്ങനെ പലതും. അതുവരെ നമ്മൾ വിജയികൾ. ഒരു പ്രായം കഴിയുമ്പോൾ ശരീരത്തിന് ക്യാൻസറിനെ കീഴടക്കി നിർത്താനുള്ള കഴിവ് നഷ്ടപ്പെടും. അവിടെ പ്രായം പ്രസക്തമാണ്. അമക്കിവച്ച സ്പ്രിംഗ് കൈയ്യെടുക്കുമ്പോൾ കുതിച്ചുചാടുന്നത് പോലെ ശരീരം പരാജയപ്പെട്ടിടത്ത് ക്യാൻസർ പടയോട്ടം നടത്തും. ചെറുപ്പത്തിൽ, നല്ല ആരോഗ്യ അവസ്ഥയിൽ അതിനെ വൈദ്യത്തിന്റെ സഹായത്താൽ കീഴടക്കാൻ നമുക്ക് സാധിക്കും. എന്നാൽ ഒരു പ്രായം കഴിഞ്ഞാൽ രോഗിയുടെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോൾ വൈദ്യം നിസ്സഹായമാവും.
ക്യാൻസർ ചികിത്സയ്ക്ക് നേരത്തെയുള്ള കണ്ടെത്തൽ, ആരോഗ്യം, പ്രായം, എന്നിവ പ്രധാനമാണ്. മരുന്നിനെ താങ്ങാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെട്ടാൽ പിന്നെ വൈദ്യത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. നമ്മുടെ ശരീരം തന്നെയാണ് ഏറ്റവും വലിയ വൈദ്യൻ. ആ വൈദ്യനെ സഹായിക്കാനേ ബാഹ്യമായ വൈദ്യസംവിധാനം കൊണ്ട് സാധിക്കുകയുള്ളൂ. ശരീരം എന്ന വൈദ്യൻ സ്വയം പരാജയം സമ്മതിച്ചാൽ പിന്നെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. പിന്നെ ചെയ്യാവുന്നത് ബെസ്റ്റ് ഓഫ് ദ ട്രീറ്റ്മെൻറ്, പാലിയേറ്റീവ് കെയർ അങ്ങനെ ഉള്ളതാണ്. നല്ല ഭക്ഷണം അതായത് പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഉൾപ്പെടുക. യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടുക. ഇതൊക്കെയാണ് വേണ്ടത്.
എൻറെ അഭിപ്രായത്തിൽ കാൻസർ ഒരു ഘട്ടം കടന്നു കഴിഞ്ഞു. ഈ സാഹചര്യത്തിൽ ഒരു സർജറി ഫലപ്രദമായിരിക്കും എന്ന് തോന്നുന്നില്ല. കീമോ പരീക്ഷിക്കാം. പക്ഷെ എത്രമാത്രം എന്ന് കണ്ടറിയണം. കീമോ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിയണമെന്നില്ല. മരുന്നിന്റെ വീര്യം താങ്ങാനുള്ള ശാരീരികശക്തി പ്രധാനമാണ്. തുറന്നു പറഞ്ഞാൽ അദ്ദേഹം വിട പറയാൻ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ മനോസുഖവും സന്തോഷവും നൽകുന്ന ജീവിതസാഹചര്യം ആണ് വേണ്ടത്. പെട്ടെന്ന് എന്തെങ്കിലും ക്യാഷ്വാലിറ്റി ഉണ്ടായാൽ ഏറ്റവും അടുത്ത ഹോസ്പിറ്റലിനെ ആശ്രയിക്കുക. അതാത് സമയത്തെ പ്രശ്നങ്ങൾക്ക് അതാത് സമയത്തുള്ള ഉചിതമായ പരിഹാരം കാണുക. മുൻകൂട്ടി എന്തെങ്കിലും ചെയ്യാവുന്ന സാഹചര്യം കടന്നുപോയിരിക്കുന്നു. അതുകൊണ്ട് മാനസികോല്ലാസത്തിനുള്ള കാര്യങ്ങളെപ്പറ്റി ചിന്തിക്കുക’. ഇത്രയുമാണ് ഡോക്ടർ പറഞ്ഞതെന്ന് ചേട്ടൻ പറഞ്ഞു. അതുകൊണ്ട് സർജറി വേണ്ടെന്നുവച്ചു.” രഞ്ജിത്ത് പറഞ്ഞു. പിന്നെ അവന്‍ മൗനത്തിലായി. ഞാനും ഒന്നും മിണ്ടിയില്ല.
അല്പം കഴിഞ്ഞ് രഞ്ജിത്ത് പറഞ്ഞു. “ഞാൻ മടങ്ങുകയാണ് മാഷേ. ഇന്ന് സ്കൂളിൽ പോയി രാജിക്കത്ത് കൊടുത്തു. രാജി സ്വീകരിക്കാൻ അവർ ആദ്യം വിസമ്മതിച്ചു. ഞാൻ ചേട്ടനോട് പറഞ്ഞ്, അച്ഛൻറെ ചെക്കപ്പ് റിസൾട്ട് ഫാക്സ് ചെയ്യിച്ചു. അപ്പോഴേ അവർ രാജി സ്വീകരിച്ചുള്ളൂ. പാസ്പോർട്ട് റിട്ടേണ്‍ ചെയ്യുന്നതിനുള്ള അപേക്ഷ വിദ്യാഭ്യാസവകുപ്പിൽ കൊടുത്തു. അവിടെ ചില ഫോർമാലിറ്റീസ് ഉണ്ട്. നാളെ രാവിലെ പതിനൊന്നു മണിക്ക് പാസ്പോർട്ട് തരാം എന്ന് അവർ അറിയിച്ചിട്ടുണ്ട്.”
അടുത്ത ദിവസം ഞാൻ ലീവ് എടുത്തു. എനിക്ക് ഒരു പിരീഡ് ആണ് ക്ലാസ്സ് ഉണ്ടായിരുന്നത്. അത് സാബുവിനെ ഏൽപ്പിച്ചു. അങ്ങനെയുള്ള പരസ്പര സഹായസഹകരണങ്ങൾ ഞങ്ങൾക്കിടയിൽ ഉണ്ട്.
രാവിലെ തന്നെ ഞാൻ സലീമിനെ വിളിച്ചു. മാലെയിൽ ട്രാവൽഏജൻസി നടത്തുന്ന കോഴിക്കോട്ടുകാരനാണ് സലീം. ഞങ്ങൾ സുഹൃത്തുക്കളാണ്. അന്ന് ഒരു മണിക്ക് ശേഷമുള്ള ഏതെങ്കിലും ഫ്ലൈറ്റിന് സീറ്റ് തരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. അരമണിക്കൂറിനുള്ളിൽ സലീം തിരിച്ചുവിളിച്ചു.
“സ്പൈസ് ജറ്റുണ്ട്. റേറ്റ് അല്പം കൂടുതലാണ്.” സലിം പറഞ്ഞു.
“എത്രയാണ്”. ഞാൻ ചോദിച്ചു.
“ഇന്ന് പതിനഞ്ചു വരും. ഇന്നലെ പറഞ്ഞിരുന്നെങ്കിൽ പതിനൊന്നിന് കിട്ടിയേനെ.”
“പിന്നെ ഏതാണ് ഉള്ളത്.”ഞാന്‍ ചോദിച്ചു.
“മാലി എയർവെയ്സ് ഉണ്ട്. നമ്മുടെ ആംബുലൻസ്. പാട്ടവണ്ടി.” സലീം പറഞ്ഞു.
സലീം അങ്ങനെ പറയാന്‍ കാരണം, മാലെ എയർവെയ്സ് പൊതുവേ തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് വരുന്നവരുടെ ഫ്ലൈറ്റ് ആണ്. കൈലി ഉടുത്ത് പ്ലാസ്റ്റിക് ബാഗുമായി ട്രെയിനിലെ ജനറൽബോഗിയിൽ ഇടിച്ചു കയറുന്നത് പോലെയാണ് മാലി നിവാസികളുടെ സഞ്ചാരം. അവർക്ക് എപ്പോഴും സീറ്റുണ്ടെങ്കിൽ മാലെ എയർവെയ്‌സിൽ ആയിരം റുഫിയ കൊടുത്താൽ മതി. ഫ്ലെക്സി റേറ്റ് അവർക്ക് ബാധകമല്ല. മാലീസർക്കാർ സ്വദേശികൾക്ക് ചെയ്യുന്ന ഒരു സേവനമാണത്.
യാത്രക്കാരില്‍ തൊണ്ണൂറ് ശതമാനം പേരും തിരുവനന്തപുരം ജനറൽ ഹോസ്പിറ്റലിൽ ചികിത്സയ്ക്ക് പോകുന്നവരോ, രോഗിക്ക് കൂട്ടിരിപ്പിന് പോകുന്നവരോ ആയിരിക്കും. ഒന്നര മണിക്കൂർ യാത്രയ്ക്കുള്ളിൽ ഫ്ലൈറ്റിനകത്ത് എയർഹോസ്റ്റസുമാര്‍ സെൻറ് സ്പ്രേ ചെയ്തുകൊണ്ടിരിക്കും. പലപ്രാവശ്യം. അത് മണ ക്കാനല്ല. ശരിക്കും പറഞ്ഞാൽ അത് ആൻറിമൈക്രോബിയല്‍ സൊലൂഷനാണ്. ഫ്ലൈറ്റിനകം രോഗാണുവിമുക്തമാക്കാനുള്ള നടപടിയുടെ ഭാഗമാണ് ഈ തുടരെയുള്ള സെൻറ് പ്രയോഗം.
സാധാരണ ഫ്ലൈറ്റുകൾ ലാൻഡ് ചെയ്തതിനുശേഷം അകം ക്ലീൻ ചെയ്തിട്ട് ആന്റി മൈക്രോബിയല്‍ സ്പ്രേ അടിക്കും. അതുപോലെ യാത്രക്കാർ കേറുന്നതിന് പത്ത് മിനിറ്റ് മുമ്പും സ്പ്രേ അടിക്കും. യാത്രക്കാർ കയറിയതിനുശേഷം സ്പ്രേ അടിക്കാറില്ല. അത് പലപ്പോഴും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്നതുകൊണ്ട്.
“മാലി എയർവെയ്സില്‍ എത്രയാണ് റേറ്റ്?” ഞാൻ സലീമിനോട് ചോദിച്ചു.
“ഇപ്പോള്‍ എട്ടു വരും. അരമണിക്കൂർ കൂടി കഴിഞ്ഞാൽ മിക്കവാറും ഒമ്പതാവും.” സലീം പറഞ്ഞു.
എനിക്ക് സംശയമില്ലായിരുന്നു. “ടൈം എപ്പോഴാണ്.”
“ഒന്ന് അമ്പത്”. സലിം പറഞ്ഞു.
“ശരി. മാലി എയർവെയ്സില്‍ ആവാം.” ഞാന്‍ സലീമിനോട് പറഞ്ഞു. രഞ്ജിത്തിന് ഇനിയുള്ള ഓരോ രൂപയും പ്രധാനമാണ്.
“നാട്ടിൽ ചെന്നിട്ട് എന്താ പ്ലാൻ”? ഞാൻ രഞ്ജിത്തിനോട് ചോദിച്ചു.
അവന്‍ പറഞ്ഞു. “നിലവിൽ പ്ലാൻ ഒന്നുമില്ല. അച്ഛനൊപ്പം കുറച്ചു കാലം ജീവിക്കണം. മുൻപ് നാട്ടിൽ വർക്ക് ചെയ്തിരുന്ന ഒരു സ്കൂൾ ഉണ്ട്. സഭയുടെ സ്കൂൾ. അവിടെ കിട്ടുമോ എന്ന് നോക്കണം. ഇല്ലെങ്കിൽ കൃഷിചെയ്ത് മുന്നോട്ടുപോകണം.” രഞ്ജിത്ത് പറഞ്ഞു.
അല്പം കഴിഞ്ഞ് രഞ്ജിത്ത് പറഞ്ഞു. “ഇനിയൊരു തിരിച്ചു വരവില്ല മാഷേ.”
ഞാൻ ഒന്നും മിണ്ടിയില്ല.
പത്തുമണിക്ക് ഞങ്ങൾ റൂമിൽ നിന്ന് ഇറങ്ങി. ഒരു ടാക്സി പിടിച്ചു വിദ്യാഭ്യാസ വകുപ്പിൽ എത്തി. പതിനൊന്നു മണിക്ക് പാസ്പോർട്ട് കിട്ടി. പാസ്പോർട്ടുമായി ഞങ്ങൾ നേരെ സലീമിന്‍റെ ടെസ്ലയിലേക്ക് പോയി. പണം കൊടുത്ത് ടിക്കറ്റ് കൈപ്പറ്റി. ഒരു ഷേക്ക് ഹാൻഡിൽ രഞ്ജിത്തിനോട് സലീം യാത്ര പറഞ്ഞു.
ഒരിക്കൽ സലീം എന്നോട് പറഞ്ഞു. “മാഷേ ഇവിടെ വന്ന് എൻറെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി ഓരോരുത്തര്‍ നാട്ടിലേക്ക് പോകുമ്പോള്‍ എനിക്ക് വിഷമവും അസൂയയുമാണ്. മാലെ എയർപോർട്ടിൽ നിന്നും ഓരോ ഫ്ലൈറ്റ് പറന്നു പൊങ്ങുമ്പോഴും എൻറെ മനസ്സ് ഒന്ന് പിടയ്ക്കും. ആ ഫ്ലൈറ്റില്‍ ഒരാൾ ഞാനായിരുന്നുവെങ്കിൽ എന്നാശിക്കും. മാലിയില്‍ പ്രവർത്തിക്കുന്ന മലയാളികളിൽ ഒരാൾ പോലും ഈ പെടപ്പ് അനുഭവിക്കാത്തതായി ഇല്ല മാഷേ.”
ശരിയാണ് എനിക്ക് ആ പെടപ്പ് നന്നായി അറിയാം. അത് ഞാൻ എന്നും അനുഭവിക്കുന്നതാണല്ലോ.
എയർപോർട്ടിലേക്ക് ഞങ്ങൾ ബോട്ടിൽ യാത്രയായി. ഇരുപതു മിനിറ്റ് കൊണ്ട് എയർപോർട്ട് ബോട്ട്ലാൻഡിൽ ബോട്ട് അടുത്തു.
രഞ്ജിത്തിന് വലിയ ലഗേജ് ഉണ്ടായിരുന്നില്ല. അതും എടുത്തുകൊണ്ട് ഞാൻ രഞ്ജിത്തിനൊപ്പം എയർപോർട്ടിലേക്ക് നടന്നു. സമയം പന്ത്രണ്ടുമണി. ഞങ്ങൾ രണ്ട് ജ്യൂസ് കഴിച്ച് ഉച്ചഭക്ഷണം ഒഴിവാക്കി. ചെക്ക് ഇന്‍ ചെയ്യുന്നതിനു മുമ്പ്, ഒരു ആലിംഗനത്തിൽ രഞ്ജിത് എന്നോട് യാത്ര പറഞ്ഞു. എൻറെ കൺകോണുകളില്‍ നനവ് പടരുന്നുണ്ടായിരുന്നു. ഒരേ മുറിയില്‍ ഞങ്ങള്‍ എത്ര നാള്‍ ഒന്നിച്ചു ജീവിച്ചതാണ്.
മുകളിലേക്ക് എക്സ്കലേറ്ററില്‍ പോകുന്ന അവനെ ഞാൻ നോക്കി നിന്നു. അവസാനത്തെ കൈവീശൽ യാത്രപറച്ചിലിൽ അവൻ എൻറെ കൺമുന്നിൽ നിന്നും മറഞ്ഞു.
ഞാൻ ബോട്ട്ലാൻഡിൽ വന്നിരുന്നു. കൃത്യം ഒന്ന് അൻപതിന് മാലി എയർവെയ്സ് രഞ്ജിത്തിനേയും വഹിച്ചുകൊണ്ട് പറന്നുയർന്നു. ഞാൻ ബോട്ട് ലാൻഡിൽ നിന്നും അത് നോക്കിനിന്നു. എൻറെ ഹൃദയത്തിൻറെ ഒരംശം അവനൊപ്പം പറന്നകലുകയാണ്. എനിക്ക് വല്ലാത്ത ഒരു ശൂന്യത തോന്നി.
രണ്ടു മാസത്തിനുള്ളിൽ ഞാനും മാലെയോട് വിട പറഞ്ഞു. പിന്നെ നാട്ടിൽ മുൻപ് പഠിപ്പിച്ചിരുന്ന സ്കൂളിൽ വീണ്ടും ഞാൻ അദ്ധ്യാപകനായി. അങ്ങനെ മൂഷിക സ്ത്രീ പിന്നെയും മൂഷിക സ്ത്രീയായി.
മാസങ്ങൾ കടന്നു പോയി.
ഒരു ദിവസം രഞ്ജിത്ത് എന്നെ വിളിച്ചു.
ഞാൻ നാട്ടിൽ വന്ന ഉടനെ രഞ്ജിത്തിനെ വിളിച്ച് അവന്റെ അച്ഛന്റെ രോഗവിവരം അന്വേഷിച്ചിരുന്നു.
പിന്നെ മസങ്ങൾക്ക് ശേഷം ഇപ്പോഴാണ് രഞ്ജിത്ത് എന്നെ വിളിക്കുന്നത്.
“അച്ഛൻ ക്ഷീണിതനാണ്. എങ്കിലും വണ്ടി ഉരുട്ടി നടക്കുന്നുണ്ട് കൃഷിസ്ഥലത്തേക്ക്. കൂടെ ഞാനും പോകും. വണ്ടി ഓടിക്കുന്നത് അച്ഛൻ തന്നെയാണ്. ഞാൻ സ്കൂളിൽ കയറിയില്ല. കൃഷിയാകുമ്പോൾ അത്രയും സമയം കൂടി അച്ഛനൊപ്പം ആകാമല്ലോ. ഇനി എത്ര നാൾ…” രഞ്ജിത്ത് അർധവിരാമത്തിൽ നിർ ത്തി.
പിന്നെ നാലര മാസം കഴിഞ്ഞ് ഒരു വെളുപ്പിനെ അഞ്ചുമണി സമയം. രഞ്ജിത്തിന്റെ കോളു വന്നു.
“മാഷെ അച്ഛൻ പോയി”. അവൻ പതുക്കെപ്പറഞ്ഞു.
ഞാൻ നിശ്ശബ്ദം കേട്ടു നിന്നു.
രണ്ടാഴ്ചയ്ക്ക് ശേഷം അവൻ വീണ്ടും വിളിച്ചു. എന്നിട്ട് എന്നോടു ചോദിച്ചു.
“അച്ഛന് വേണ്ടി അമ്മയെ കൊന്ന പരശുരാമൻ, അച്ഛന് വേണ്ടി രാജ്യം ഉപേക്ഷിച്ച ശ്രീരാമൻ, അച്ഛനു വേണ്ടി വിവാഹം ഉപേക്ഷിച്ച ഭീഷ്മർ. ഇതിലാരാണ് ശ്രേഷ്ഠൻ”.
“അച്ഛന് സ്വന്തം യൌവ്വനം ദാനം കൊടുത്ത പൂരുവിനെപ്പറ്റി കേട്ടിട്ടില്ലേ. യയാതിയുടെ മകൻ പൂരു. ആ പൂരുവിന്റെ പിൻതലമുറയാണ് നമ്മൾ. ആര്യാവർത്തത്തിലെ ജനത. നീയും ഞാനും എല്ലാം”. ഞാൻ പറഞ്ഞു.
ഒരു നിമിഷം കഴിഞ്ഞ് രഞ്ജിത്ത് പൂർത്തിയാക്കി.
“ജീവിതത്തിലെ വലിയ കാര്യം കുറച്ചൊക്കെ ഞാനും ചെയ്തു. അഛനുമൊത്തുള്ള അല്പകാലം. അതുമതി. പിന്നെ ഇനിയൊരു അദ്ധ്യാപക ജീവിതം എനിക്കില്ല മാഷെ. അതു വേണ്ടെന്ന് വെച്ചു. അച്ഛൻ തുടങ്ങിവെച്ചത് തുടരണം. കൃഷി നോക്കി നടത്തണം. അത്രയേ ഉള്ളു ഒരാഗ്രഹം.
അച്ഛൻ നട്ടുവളർത്തിയ ചെറുനാരകം പൂക്കുന്നത് കാണാൻ അച്ഛനുണ്ടായില്ല. അത് നടുമ്പോഴേ അച്ഛൻ പറഞ്ഞിരുന്നു ‘നാരകം കുടുംബത്തിന് ഐശ്വര്യമാണ്.’ പിന്നെ അല്പം കഴിഞ്ഞ് ഒന്നുകൂടി പറഞ്ഞു. ‘ഇതു പൂക്കുന്നത് കാണാൻ ഞാനുണ്ടാവുമോ എന്തോ’. അത് അറം പറ്റി. ഇനിയും ആ നാരകം പൂത്തിട്ടില്ല. കുടുംബത്തിന് അവസാനത്തെ ഐശ്വര്യവും വിതച്ചിട്ട് അച്ഛൻ പോയി”.
പിന്നെ രഞ്ജിത്ത് ഏങ്ങിക്കരഞ്ഞു.
അല്പം കഴിഞ്ഞ് രഞ്ജിത്ത് എന്നോടു പറഞ്ഞു.
“മാഷെ എപ്പോഴെങ്കിലും വടക്കോട്ട് ഇറങ്ങിയാൽ വരണം. കണ്ണൂരിലേക്ക്. എന്റെ കൃഷിസ്ഥലത്തേക്ക്.”
“വരാം”ഞാൻ സമ്മതിച്ചു.
പിന്നെയും രഞ്ജിത്തിന് അച്ഛനെപ്പറ്റി എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു. പക്ഷേ അതിനുള്ള അവസരം ഞാൻ അവന് കൊടുത്തില്ല.
അച്ഛനെപ്പറ്റി പറഞ്ഞാൽ അവൻ വീണ്ടും കരയും. അത് കേൾക്കാൻ വയ്യ.
ഞാൻ ഫോൺ കട്ട് ചെയ്തു.
dr.sreekumarbhaskaran@gmail.com
