Friday, December 5, 2025
HomeSTORIESഅറിയാത്ത പിള്ള...

അറിയാത്ത പിള്ള…

ശ്രീകുമാർ ഭാസ്കരൻ.

ഞാൻ മാല ദ്വീപിൽ അദ്ധ്യാപകനായി ജോയ്ൻ ചെയ്തിട്ട് ഒരു മാസം ആകുന്നതേ യുണ്ടായിരുന്നുള്ളൂ.
ഒരു വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോകുമ്പോൾ എന്റെ സഹപ്രവർത്തകയായ മലയാളി ലക്ഷ്മി എന്നോടു പറഞ്ഞു
“അടുത്ത ഞായറാഴ്ച സൺഡേ പാർട്ടിയുണ്ട് നേരത്തെ വരണം. എട്ടരയ്ക്ക്.”
പിന്നെ സൺഡേ പാർട്ടി എന്താണെന്നു ലക്ഷ്മി വിവരിച്ചു.
“എല്ലാ മാസവും ആദ്യ ഞായറാഴ്ച അദ്ധ്യാപകർ പ്രിൻസിപ്പലിന്റെ സാന്നിദ്ധ്യത്തിൽ ഒന്നിച്ചു കൂടുന്നു. തദവസരത്തിൽ ലഘുഭക്ഷണം ഉണ്ടാകും. അരമണിക്കൂർ. അത് കഴിഞ്ഞ് എല്ലാവരും പിരിയും.”
നല്ല കാര്യം. ലഘുഭക്ഷണം കിട്ടുന്ന കാര്യമല്ലേ. അതും സൌജന്യമായി. ഞാൻ അങ്ങനെയാണ് കരുതിയത്.
മാലെയിൽ സ്കൂളുകൾക്ക് വെള്ളി, ശനി ദിവസങ്ങളിലാണ് അവധി.
അതുകൊണ്ടാണ് മാസത്തിലെ ആദ്യ ഞായറാഴ്ച കൂടുന്നത്.
സൺഡേ പാർട്ടി പ്രിൻസിപ്പൽ സക്സീന ഗിലാനിയുടെ തലയിൽ ഉദിച്ച ആശയം ആണെന്ന് പിന്നീട് എനിക്കു മനസ്സിലായി. അദ്ധ്യാപകർ പരസ്പരം ഇടപെടാനും സൗഹൃദം നിലനിർത്താനുമുള്ള ഉദാത്തമായ ആശയം.
കാര്യമായ ചിലവൊന്നും ഇല്ലാത്ത പ്രിൻസിപ്പൽ തന്നെയാണ്, ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നതിലും അല്പം ലഘുഭക്ഷണം തന്റെ സഹപ്രവർത്തകർക്ക് കൊടുക്കുന്നതിലും മുന്നില്‍ എന്നു ഞാന്‍ കരുതി. വലിയ നഷ്ടമില്ല. കുറഞ്ഞപക്ഷം അതൊരു പുണ്യപ്രവർത്തിയായെങ്കിലും കാണണം. എനിക്ക് പ്രിൻസിപ്പലിനോട് വലിയ മതിപ്പു തോന്നി.
അടുത്ത ഞായറാഴ്ച എട്ടരയ്ക്ക് തന്നെ സക്സീന എത്തി. അതിനോടകം എല്ലാവരും എത്തിയിരുന്നു. പ്രിൻസിപ്പൽ സക്സീന ചില കാര്യങ്ങൾ പറഞ്ഞു. കുട്ടികളെ ശാസിക്കരുത്, ശിക്ഷിക്കരുത് അങ്ങനെ ചിലതൊക്കെ. സക്സീനയുടെ അഭിപ്രായത്തോട് എനിക്ക് യോജിപ്പിച്ച് ഉണ്ടായിരുന്നില്ല. ഞാൻ അത് പ്രകടമാക്കി.
“സ്കൂൾ എന്ന് പറയുന്നത് വെറും പരീക്ഷയ്ക്ക് മാത്രം പഠിക്കാനുള്ള സ്ഥലമല്ല. മറിച്ച് വ്യക്തിത്വ രൂപീകരണം നടക്കേണ്ട സ്ഥലമാണ്. നമ്മൾ നല്ല പൗരന്മാരെ സൃഷ്ടിക്കുന്നത് കലാലയങ്ങളിൽ നിന്നാണ്. സ്കൂൾ ചന്തപോലെ ആവരുത്. കുറച്ച് ഡിസിപ്ലിൻ ആവശ്യമാണ്. സ്കൂൾ ഒരു കാർണിവൽ സെൻറർ അല്ല.”
എൻറെ ഈ അഭിപ്രായത്തോട് ഒരു യോജിപ്പും സക്സീനയിൽ നിന്നുണ്ടായില്ല. സ്കൂളിൽ കുട്ടികളെ ഉപദേശിക്കാൻ പോലും പാടില്ല എന്നതാണ് സക്സീനയുടെ നിലപാട്. അതില്‍ ഒരു മാറ്റവും വരുത്താന്‍ അവര്‍ തയ്യാറായതുമില്ല.
എന്ത് ചെയ്യാൻ, മാലെയിൽ സ്കൂളുകൾ പൊതുവേ ചന്ത പോലെയാണ്. ഒരു ഡിസിപ്ലിനും ഇല്ല. അദ്ധ്യാപകർ ക്ലാസ് എടുക്കുമ്പോൾ കുട്ടികൾ പുറകിൽ ഇരുന്ന അവരുടെ പണി ചെയ്തുകൊണ്ടിരിക്കും. ജ്യൂസ് കുടിക്കുക, നട്സ് തിന്നുക, നട്സ് ഷെയർ ചെയ്യുക, ചെറിയ തോതിൽ ബോളുകൾ പാസ്സ് ചെയ്തു കളിക്കുക, സംസാരിക്കുക അങ്ങനെ തുടങ്ങി ആൺ-പെൺ ഭേദമന്യേ ചെറിയ പരിലാളനകൾ വരെ ക്ലാസിൽ നടക്കും. അത് കണ്ടില്ല എന്ന് കരുതി ക്ലാസ് എടുക്കുന്നവർ വിജയിക്കും. ഇല്ലാത്തവരെ പുകച്ചു ചാടിക്കാനുള്ള പണികൾ പിള്ളേർ തന്നെ കണ്ടുപിടിച്ചു നടപ്പാക്കും. എനിക്ക് ഈ നിലപാടുകളോട് യോജിപ്പുണ്ടായിരുന്നില്ല.
സാധാരണ ഗതിയിൽ സൺഡേ പാർട്ടി നടക്കുമ്പോൾ പ്രിൻസിപ്പൽ സക്സീന നടത്തുന്ന ഗിരിപ്രഭാഷണം എല്ലാവരും കേൾക്കുകയാണ് പതിവ്. ആരും എതിർത്ത് പറയാറില്ല. ഞാനാ പതിവ് തെറ്റിച്ചു. സക്സീനയുടെ നിലപാട് വിദ്യാഭ്യാസ സ്ഥാപനത്തിന് ഉചിതമല്ല എന്ന് ഞാന്‍ വ്യക്തമാക്കി. പക്ഷേ സക്സീന അത് കാര്യമാക്കിയില്ല.
പാർട്ടി അരമണിക്കൂർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒന്‍പതു മണിക്ക് എല്ലാവരും ക്ലാസിൽ പോയി. എനിക്കന്ന് ആദ്യ ക്ലാസ്സ് ആയിരുന്നു. ക്ലാസ് കഴിഞ്ഞ് ഞാൻ ടീച്ചേഴ്സ് റൂമിൽ വരുമ്പോൾ എന്നെ കാത്ത് ഒരു ബിൽ ഉണ്ടായിരുന്നു. ഞാന്‍ രാവിലെ പാർട്ടിയിൽ കഴിച്ചതിന്റെ ബിൽ. അതുവരെ ഞാൻ കരുതിയത് സക്സീനയുടെ വിശാലമന:സ്ഥിതി ആയിരിക്കും പാർട്ടി എന്നാണ്. പക്ഷേ അതൊരു പ്ലാൻറ് പരിപാടിയായിരുന്നു. കാരണം ബില്ലിലെ തുകയും ഞാൻ കഴിച്ചതും തമ്മിൽ ഒരു ബന്ധവും ഉണ്ടായിരുന്നില്ല. ബില്ലിലെ തുക ഇരുപത്തിയഞ്ച് റുഫിയ. ഞാൻ കഴിച്ചത് കണക്കുകൂട്ടി നോക്കി. പൊതുവേ എല്ലാത്തിനും രണ്ട് റുഫിയ ആണ് കാൻറീനിലെ വില. രണ്ടു സമൂസ, രണ്ട് കട്ട്ലറ്റ്, ഒരു കട്ടൻ ചായ, കഴിഞ്ഞു. മൊത്തം കണക്കുകൂട്ടി നോക്കിയാൽ പത്ത് റുഫിയയുടെ സാധനം. തന്നത് ഇരുപത്തിയഞ്ച് റുഫിയയുടെ ബിൽ. വലിയ പറ്റീരാണ് ഇതെന്ന് എനിക്ക് തോന്നി.
എല്ലാ മാസവും ആദ്യ സൺഡേയിൽ ഈ പറ്റീര് പരിപാടി നടക്കുന്നു. സക്സീനയുടെ സൺഡേ പാർട്ടി.
ഞാൻ ഒന്ന് തീരുമാനിച്ചു. ഇനിയും ഒരു പാർട്ടിക്കും ഞാനില്ല. അത് ഞാൻ നടപ്പിലാക്കുകയും ചെയ്തു. അടുത്ത പാർട്ടി നടക്കുമ്പോൾ ഞാൻ കമ്പ്യൂട്ടർ റൂമിൽ ഇരുന്നു. പാർട്ടിക്ക് പോയില്ല.
ഞാൻ പിന്നീടും പാർട്ടിയിൽ പങ്കെടുത്തില്ല. അതിൻറെ കാരണം ആരോടും ഞാന്‍ പറഞ്ഞതും ഇല്ല.
ഞാൻ സൺഡേ പാർട്ടി അവോയ്ഡ് ചെയ്യുന്നത് ഡിപ്പാർട്ട്മെൻറ് ഹെഡ് ഗ്ലോറിയ ശ്രദ്ധിച്ചിരുന്നു. ഒരു ദിവസം പാർട്ടി സമയത്ത് കമ്പ്യൂട്ടര്‍ റൂമില്‍ ഇരിക്കുകയായിരുന്ന എൻറെ അരികിൽ വന്ന് ഗ്ലോറിയ, പാർട്ടി ഒഴിവാക്കുന്നത് പ്രിൻസിപ്പലിന് ഇഷ്ടപ്പെടുകയില്ല എന്ന് മുന്നറിയിപ്പ് നൽകി. അവരുടെ ഇഷ്ടാനിഷ്ടങ്ങൾ എനിക്ക് ബാധകമല്ല എന്ന് ഞാൻ മറുപടിയും കൊടുത്തു. അതോടെ ഗ്ലോറിയ ആയുധം വെച്ച് കീഴടങ്ങി.
സ്വാഭാവികമായും സക്സീനയുടെ അനിഷ്ടം ഞാൻ പ്രതീക്ഷിച്ചു. പക്ഷേ ഒന്നുമുണ്ടായില്ല. പാർട്ടി തുടർന്നും നടന്നു. ഞാൻ തുടർന്നും ഒഴിവാക്കിക്കൊണ്ടുമിരുന്നു. എനിക്ക് ആരും പിന്നീട് ബില്ല് കൊടുത്ത് വിട്ടിട്ടില്ല. തന്നാലും ആ തുക ഞാൻ കൊടുക്കുകയും ഇല്ലായിരുന്നു.
സൺഡേ പാർട്ടിയിൽക്കൂടി അധ്യാപകരെ പറ്റിച്ച് പണം എടുക്കുക എന്നുള്ളതാണ് ലക്‌ഷ്യം. എങ്കിൽ ആ പരിപാടി എന്‍റെ അടുത്ത് നടക്കില്ല. അതായിരുന്നു എൻറെ നിലപാട്.
എന്തു തന്നെയായാലും പിന്നീടും എന്നെ എതിരെ കാണുമ്പോള്‍ സ്നേഹം കാണിക്കുന്ന നിലപാടില്‍ സക്സീന ഒരു മാറ്റവും വരുത്തിയില്ല.
ഒരു പക്ഷെ ഒരു വില്ലനെ എങ്ങനെ കൈകാര്യം ചെയ്യണം എന്ന ആശയക്കുഴപ്പത്തിലായിരിന്നിരിക്കണം പ്രിന്‍സിപ്പല്‍ സക്സീന ഗിലാനി.
എന്റെ അഭിപ്രായങ്ങൾക്ക് യാതൊരു വിലയും കല്പിക്കപ്പെട്ടില്ല. ക്ലാസ് പഴയപോലെ തന്നെ നടന്നു പോയി.
ക്ലാസ് നടക്കുന്നിടത്ത് നടക്കും. അപ്പോൾ കുറച്ചു പേർ ക്ലാസ്സിൽ കയറും. കുറച്ചു പേർ ഗ്രൌണ്ടിൽ വാറ്റിക്കൊണ്ട് നിൽക്കും. സക്സീന അത് കണ്ടാലും ഒന്നും പറയില്ല. ആരും ഒന്നും പറയില്ല. പറയാൻ അനുവാദമില്ല. കുട്ടികൾക്ക് പരിപൂർണ സ്വാതന്ത്ര്യം കൊടുത്ത് മാലദ്വീപിനെ ഒരു യൂറോപ്യൻ കൺട്രിയാ ക്കാനുള്ള തിരക്കിലായിരുന്നു സക്സീന.
തികച്ചും അതൃപ്തി നിറഞ്ഞ യാന്ത്രിക ദിനങ്ങൾ കടന്നു പോയ്ക്കൊണ്ടിരുന്നു.
ഒരു മാസത്തിന് ശേഷം ഒരു ബുധനാഴ്ച പ്രിൻസിപ്പലിന്റെ സർക്കുലർ അദ്ധ്യാപകർക്ക് കിട്ടി. അന്ന് ഉച്ചയ്ക്ക് ഒരു അടിയന്തിര സ്റ്റാഫ് മീറ്റിംഗ് സക്സീന വിളിച്ചിരിക്കുന്നു.
സാധാരണ അങ്ങനെ സ്റ്റാഫ് മീറ്റിംഗ് കൂടാറില്ല. വളരെ അത്യാവശ്യ ഘട്ടത്തിൽ മാത്രമേ കൂടാറുള്ളൂ. അങ്ങനെ അല്ലാത്ത കാര്യങ്ങൾ എല്ലാം സക്സീന സൺഡേ പാർട്ടിയിൽ ആണ് പറയുക. അതിനു വേണ്ടിയുള്ള കാര്യങ്ങളെ സാധാരണ സ്കൂളിൽ ഉണ്ടാകാറുള്ളൂ. പക്ഷേ അതിനു വിപരീതമായി അന്നുച്ചയ്ക്കുള്ള സ്റ്റാഫ് മീറ്റിംഗ്.
ഞാൻ സർക്കുലർ ഒപ്പിട്ട് സൈനബയെ ഏൽപ്പിച്ചു. സൈനബ സ്കൂൾ അറ്റൻഡർ ആണ്. എന്താണാവോ ഇത്ര അത്യാവശ്യം. ആലോചിച്ചിട്ട് ഒരു ഉത്തരവും കിട്ടിയില്ല. അന്ന് എനിക്ക് ലാസ്റ്റ് പീരീഡ് ആയിരുന്നു ക്ലാസ്. ക്ലാസ്സ്‌ കഴിഞ്ഞ് ഒന്നരയോട് കൂടി ഞാൻ സ്റ്റാഫ്റൂമിൽ എത്തുമ്പോൾ എല്ലാവരും അവിടെ സന്നിഹിതരായിട്ടുണ്ട്. ഞാൻ ലക്ഷ്മിയോട് കണ്ണുകൊണ്ട് എന്താ കാര്യം എന്ന് അന്വേഷിച്ചു. ലക്ഷ്മി അറിയില്ല എന്ന് പറഞ്ഞു.
സാധാരണ ഇന്റെര്‍ണല്‍ മാറ്റർ വളരെ മുൻപേ ലക്ഷ്മി അറിയും. കാരണം സക്സീനക്ക് ലക്ഷ്മിയെ വലിയ ഇഷ്ടമാണ്. പക്ഷേ ഇപ്രാവശ്യം സംഭവം തീർത്തും കോൺഫിഡൻഷ്യൽ ആണ്. ഒരു കാര്യം വ്യക്തം. എന്തോ ഗുരുതരമായത് സ്കൂളിൽ സംഭവിച്ചിരിക്കുന്നു.
കൃത്യം ഒന്നരയ്ക് പ്രിൻസിപ്പൽ സക്സീന എത്തി. എന്നും ഏതു കാര്യത്തിലും കൃത്യനിഷ്ഠ പാലിക്കുന്ന കൂട്ടത്തിലാണ് സക്സീന. അത് സൺഡേ പാർട്ടിക്ക് മാത്രമല്ല ഏതു കാര്യത്തിലും. സക്സീന ഗിലാനി പറഞ്ഞു തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഇൻഷാ അള്ളാ എന്ന് പറഞ്ഞുകൊണ്ടിരിക്കും. എല്ലാം ദൈവത്തിങ്കൽ ബോധ്യപ്പെടുത്തുന്നു എന്ന മട്ടിൽ. ഞാൻ കേവലം നിന്റെയൊരു ടൂൾ മാത്രം എന്ന ആധികാരികമായ ഒരു വിനയം അതിൽ കാണാം.
ഗിലാനി പതിവിന് വിപരീതമായി പ്രഷുബ്ധാസ്ഥയിൽ ആയിരുന്നു. എല്ലായിപ്പോഴും പ്രസന്നവതിയായി കണ്ടിരുന്ന ആ സുന്ദരി ചുവന്ന തുടുത്ത മുഖത്തോടെയാണ് വന്നിരിക്കുന്നത്. വന്നപാടെ അവർ എല്ലാവരെയും വിഷ് ചെയ്തു. നമ്മുടെ നാട്ടിലേതു പോലെ ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾ എത്തിയാൽ എണീറ്റ് ബഹുമാനം കാണിക്കുന്ന രീതി ഒന്നും മാലെയിൽ ഇല്ല. അത് പ്രിൻസിപ്പൽ സ്റ്റാഫ് മീറ്റിങ്ങിന് വന്നാലും അല്ലെങ്കിൽ അധ്യാപകര്‍ ക്ലാസ് എടുക്കാൻ ക്ലാസ് റൂമിൽ ചെന്നാലും. അവർ പറയാനുള്ളത് പറഞ്ഞിട്ട് പോകും. ചിലർ ശ്രദ്ധിക്കും. പലരും അവരവരുടെ ബിസിനസ് നോക്കിക്കൊണ്ടിരിക്കും.
ക്ലാസ്സിലാണെങ്കിൽ ഈ ബിസിനസ് ക്ലാസിലിരുന്ന് ജ്യൂസ് കുടിക്കുന്നത് മുതൽ പന്തെറിഞ്ഞു കളിക്കുന്നത് വരെ ഉൾപ്പെടും.
വിദ്യാർത്ഥികളുടെ ഈ അച്ചടക്കമില്ലായ്മ പലപ്പോഴും ഞാൻ സൺഡേ പാർട്ടിയിൽ ഉന്നയിച്ചിട്ടുണ്ട്. രൂക്ഷമായി തന്നെ. പക്ഷേ ആ സമയത്തൊക്കെ സക്സീന അതിനോട് മയത്തിൽ വിയോജിക്കുകയാണ് പതിവ്.
സക്സീന പറഞ്ഞു തുടങ്ങി. വിഷയം കുട്ടികളുടെ ഡിസിപ്ലിൻ ഇല്ലായ്മ തന്നെ. ഞാൻ അത്ഭുതത്തോടെ അവരെ നോക്കി. അവർ വളരെ വൈകാരികമായി സംസാരിച്ചു തുടങ്ങി. വിഷയം അന്ന് രാവിലെ സംഭവിച്ചതാണ്.
രാവിലെ തന്നോട് സ്കൂളിൽ വച്ച് അപമര്യാദയായി പെരുമാറിയ ഒരു ആൺകുട്ടിയെപ്പറ്റി ഒരു പെൺകുട്ടി സക്സീനയോട് പരാതിപ്പെട്ടു. സക്സീന ആ ആൺകുട്ടിയെ തന്റെ ചേമ്പറിലേക്ക് വിളിപ്പിച്ചു. ചേമ്പര്‍ വിശാലമായ ഒന്നാണ്. ഒരു ഫൈവ്സ്റ്റാർ ഹോട്ടലിന്റെ റിസപ്ഷൻ ഓഫീസിനെ ഓർമിപ്പിക്കുന്ന മാതിരി വലിപ്പവും ഡെക്കറേഷനും ഉണ്ട്.
മുറിയുടെ നടുക്ക് വലിയൊരു ആർച്ച് ഡെസ്ക്. അതിനു പിന്നിൽ സക്സീന. ഒരു ഹിന്ദി സിനിമ സെറ്റിനെ ഓർമ്മിപ്പിക്കുന്ന അലങ്കാരങ്ങൾ. അതാണ് പ്രിൻസിപ്പൽ സക്സീനയുടെ ചേംബർ.
പ്രതി സക്സീനയുടെ മുമ്പില്‍ എത്തി. പന്ത്രണ്ടാം ക്ലാസ്സുകാരനാണ്. പതിനെട്ടു വയസ്സേ ഉള്ളൂ. കണ്ടാൽ മുപ്പതു തോന്നിക്കുന്ന ഒരു പോത്ത്. ഒരു കാട്ടുപോത്ത്. ഏതോ ഐലൻഡിൽ നിന്നും വന്ന പ്രോഡക്റ്റാണ്.
വന്നപാടെ അവൻ സക്സീനയുടെ മുന്നിലെ കസേരയിൽ ഇരുന്നു. ആധികാരിയുമായി തന്നെ. ഇരിക്കാൻ അനുവാദം ചോദിച്ചില്ല. സ്വന്തം മച്ചമ്പിയുടെ വീട്ടിൽ പോയി ഇരിക്കുന്നത് പോലെ. ഈ പ്രകടനം സക്സീനക്ക് ഒട്ടും പിടിച്ചില്ല. സക്സീന അവനോടു എഴുന്നേല്‍ക്കാന്‍ പറഞ്ഞു. പക്ഷെ അവന്‍ എണീറ്റില്ല. പകരം അവൻ സക്സീനയോടു തിരിച്ചു ചോദിച്ചു.
“വെൻ യു ആർ സിറ്റിംഗ്, വൈ ഷുഡ് ഐ സ്റ്റാൻഡ് ബിഫോര്‍ യു.”
അവന്റെ സംബോധന ‘യു’ എന്നാണ് ‘മാഡം’ എന്നല്ല. മുന്നിലിരിക്കുന്നത് പ്രിന്‍സിപ്പല്‍ ആണെന്ന് അവനു തോന്നിയില്ല. പകരം അവൻ കാണുന്നത് ഒരു സുന്ദരിയെയാണ്. ഇറച്ചിക്കൂറുള്ള ഒരു സുന്ദരി. അവരുടെ വിദ്യാഭ്യാസം, പ്രായം, പദവി, ഇതൊന്നും അവന് പ്രശ്നമല്ല.
പിന്നെ നടന്നത് ഒരു വലിയ വാക്പോരാണ്. ഒപ്പത്തിനൊപ്പം നിൽക്കുന്ന രണ്ട് പ്രതിയോഗികള്‍ തമ്മിലുള്ള വാക് പയറ്റ്. അവിടെ പ്രിൻസിപ്പൽ ഇല്ല. വിദ്യാർത്ഥി ഇല്ല. സ്വയംപര്യാപ്തതയുടെ എല്ലാ ഗിരീശൃംഗങ്ങളും അവൻ കയറിയിറങ്ങി. അവന്റെ മുന്നിൽ സക്സീന തളർന്നുപോയി. ഇനി തുടർന്നാൽ അവന്‍ തൻറെ ശരീരത്ത് കൈവെക്കും എന്ന് തോന്നിയപ്പോൾ സക്സീന അവനെ ‘ഗെറ്റ് ഔട്ട്’ അടിച്ചു. അവൻ കൂളായി എണീറ്റ് പുറത്തേക്ക് നടന്നു. പുറത്തിറങ്ങുന്നതിനു മുൻപ് വാതിൽക്കൽ ചെന്ന് അവൻ തിരിഞ്ഞു നിന്നു. പിന്നെ സക്സീനയെ നോക്കി വലതുകൈയ്യുടെ നടുവിരൽ ഉയർത്തി കാണിച്ചു. പിന്നെ കൂളായി നടന്നുപോയി.
സക്സീന ഞെട്ടി. തന്നെ അവൻ എങ്ങനെയാണ് കാണുന്നത് എന്നതിന്റെ വ്യക്തമായ സന്ദേശം. തന്നെ വെറും ഒരു ഭോഗവസ്തുവിന് തുല്യമായിട്ടാണ് അവൻ കാണുന്നതെന്നുള്ള തിരിച്ചറിവ് അക്ഷരാർത്ഥത്തിൽ പ്രിൻസിപ്പൽ സക്സീനയെ ഞെട്ടിച്ചു കളഞ്ഞു.
സുന്ദരിയായ ഫാത്തിമ, എന്റെ സഹഅദ്ധ്യാപിക, ക്ലാസിൽ പഠിപ്പിക്കാൻ ചെല്ലുമ്പോൾ അവിടെയുള്ള കാളക്കൂറ്റന്മാർ ഫാത്തിമയോട് പറയുന്ന കമന്റുകളുടെ വ്യാപ്തി അപ്പോഴാണ് സക്സീനക്ക് മനസ്സിലായത്. മുൻപ് അതിനെപ്പറ്റി ഫാത്തിമ പ്രിൻസിപ്പലിന് പരാതി കൊടുത്തിട്ടും സക്സീന ആ പരാതി മൈൻഡ് ചെയ്തിരുന്നില്ല.
ഇപ്പോഴാണ് സക്സീനയ്ക്ക് ബോധോദയം ഉണ്ടായത്. സംഭവം തികഞ്ഞ വൈകാരിക തീവ്രതയോടെ ടീച്ചേഴ്സിന്റെ മുന്നിൽ അവതരിപ്പിച്ചിട്ട് സക്സീന ഇരുന്നു കിതച്ചു. അവര്‍ പറഞ്ഞു.
“വീ ഹാവ് ടു കീപ്‌ അവർ ഡിസിപ്ലിൻ. വി വില്‍ നോട്ട് അലോവ് സച് ബിഹേവിയർ. ദിസ്‌ ഈസ്‌ ടൂ മച്”. സക്സീന കിതപ്പടക്കാന്‍ പാട് പെടുകയാണ്.
“കണക്കായിപ്പോയി”. അപ്പോള്‍ അറിയാതെ ആ വാക്കുകള്‍ എന്‍റെ വായില്‍ നിന്നും പുറത്ത് ചാടി. അല്പം ഉറക്കെത്തന്നെ.
സക്സീനക്ക് മനസ്സിലായില്ല ഞാന്‍ പറഞ്ഞത് എന്തെന്ന്. ആദ്യം മുതലേ വിദ്യാർത്ഥികളെ കയറൂരി വിടുന്നതിന്റെ അപകടത്തെപ്പറ്റി ഞാൻ രൂക്ഷമായ ഭാഷയിൽ സക്സീനയോടു പറയുന്നതാണ്. അപ്പോഴൊന്നും അവർക്ക് അത് മനസ്സിലായില്ല. എന്നാൽ അതിൽ ഒരുത്തൻ തന്റെ നെഞ്ചത്ത് കയറി ഫുട്ബോൾ കളിച്ചപ്പോഴേ അവര്‍ക്ക് അത് മനസ്സിലായുള്ളൂ.
കന്നിനെ എരുത്തിലില്‍ നിന്ന് വിട്ടിട്ടു പിന്നെ വാലിൽ പിടിച്ചിട്ട് എന്ത് കാര്യം?.’
‘പാതസാം നിജം വാർന്നൊഴിഞ്ഞളവ് സേതു ബന്ധനോദ്യോഗമെന്തടോ’ എന്ന കവി വചനം ഞാനോർത്തു.
“വാട്ട് സര്‍” സക്സീന അപ്പോഴും ഇരുന്ന് കിതക്കുകയാണ്. എനിക്കാ സ്ത്രീയോട് അനുകമ്പ തോന്നി. ഞാന്‍ പറഞ്ഞു.
“ഇറ്റ്‌ ഈസ്‌ ടൂ ബാഡ്”.
ഉടന്‍ സക്സീന ഏറ്റു പറഞ്ഞു.
“യെസ് സര്‍, ഇറ്റ്‌ ഈസ്‌ ടൂ ബാഡ്”.
എന്റെ ആ അഭിപ്രായത്തെ സർവ്വാത്മനാ പിന്താങ്ങി പ്രിൻസിപ്പൽ സക്സീന ഗിലാനി.
ഞാൻ ലക്ഷ്മിയെ ഒന്ന് പാളി നോക്കി.
ലക്ഷ്മി ചിരി അടക്കാൻ പാടുപെടുകയായിരുന്നു അപ്പോൾ.
dr.sreekumarbhaskaran@gmail.com

 

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments