ശ്രീകുമാർ ഭാസ്കരൻ.
വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി നിർത്തി അഖിൽ പുറത്തിറങ്ങി. പിന്നാലെ ഞാനും. പിന്നെ വീതിയില്ലാത്ത വരമ്പിൽ കൂടി ഞങ്ങൾ നടന്നു. ഹേമന്തിന്റെ വീട്ടിലേക്ക്. ഞങ്ങൾക്ക് എതിരെ നാട്ടുകാരിൽ പലരും വരുന്നുണ്ടായിരുന്നു. എല്ലാവരും വരുന്നത് ഹേമന്തിന്റെ വീട്ടിൽ നിന്നാണ്.
തെങ്ങുവിള ഒരു ഗ്രാമപ്രദേശമാണ്. വയലാണ് ഏറെയും. കുറച്ചു വീടുകൾ മാത്രം. അതുതന്നെ വളരെ ദൂരത്തിലാണ്. ഒരു വീടിന്റെ ഏറ്റവും അടുത്ത അയൽക്കാരൻ കുറഞ്ഞത് അരകിലോമീറ്റർ അകലത്തിലാണ്. ഞങ്ങൾ നടക്കുന്ന വരമ്പ് അവസാനിക്കുന്നത് അരക്കിലോമീറ്റർ അകലെ ഹേമന്തിന്റെ വീട്ടിലേക്കാണ്. ആ അരക്കിലോമീറ്റർ വയൽ അവന്റെ കുടുംബത്തിന്റേതാണ്. അവന്റെ അച്ഛൻ വിലയ്ക്ക് വാങ്ങിയ ഭൂമി.
“മൂപ്പിലാൻ നല്ല അധ്വാനിയാണ്. മൂപ്പിലാന്റെ അധ്വാനഫലമാണ് ഈ കാണുന്ന തെല്ലാം.”
ഒരിക്കൽ ഞങ്ങൾ ഹേമന്തിന്റെ വീട്ടിലേക്കുള്ള വയൽ വരമ്പിലൂടെ നടക്കുമ്പോൾ വലതുവശത്ത് കാണുന്ന അരകിലോമീറ്ററോളം വരുന്ന വയൽ ചൂണ്ടിക്കാണിച്ചവൻ പറഞ്ഞു.
“പിന്നെ മൂപ്പിലാന്റെ കാര്യം പറഞ്ഞാൽ പിശുക്കൻ, പിടിവാശിക്കാരൻ, സത്യസന്ധൻ. പോരേ ഒരു വീട് നരകമാവാൻ”. മൂപ്പിലാൻ എന്ന് അവൻ ഉദ്ദേശ്യച്ചത് അവന്റെ അച്ഛൻ വിശ്വനാഥൻ നായരെയാണ്.
“അമ്മയെ കെട്ടുമ്പോൾ മൂപ്പിൽ കാണിച്ചത് ഒരു ത്യാഗമാണ്. അമ്മയ്ക്ക് കൈമുതൽ സൌന്ദര്യവും ഒരു അധ്യാപിക ജോലിയുമാണ്. അത് വിശ്വനാഥൻ നായരെപ്പോലെ ചെവിയിൽ പൂടയുള്ള ഒരു മാടമ്പി നായർക്ക് പ്രലോഭനമാവേണ്ടതല്ല. ഒട്ടും. മാത്രമോ ഒരു ഫോറെസ്റ്റ് റേഞ്ചർക്ക് ഒരു അധ്യാപിക എന്ത്. കൊമ്പനാനയും കുഴിയാനയും പോലുള്ള വ്യത്യാസമുണ്ടായിരുന്നു അവർ തമ്മിൽ. സാമ്പത്തികമായി.
അപ്പൂപ്പൻ അതായത് അമ്മയുടെ അച്ഛൻ ഒരു ഇടത്തരം പാചകക്കാരനായിരുന്നു. ദാരിദ്രമില്ലാതെ കഴിയാം. കല്യാണ സീസണിൽ. അത്ര തന്നെ. അതായിരുന്നു എന്റെ അമ്മ രാധാമണി അദ്ധ്യാപികയുടെ കുടുംബപശ്ചാത്തലം. എന്നിട്ടും എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ടു മൂപ്പിലാൻ അമ്മയ്ക്ക് കൈകൊടുത്തു. അത് മൂപ്പിലാന്റെ ആദ്യത്തേതും അവസാനത്തേതുമായ പെണ്ണുകാണലായിരുന്നു. ആ ഒറ്റക്കാര്യത്തിലാണ് എനിക്കു മൂപ്പിലിനോട് ഒരു ബഹുമാനം തോന്നിയിട്ടുള്ളത്. ബാലാമണിയമ്മയെ വി. എം. നായർ കെട്ടിയപ്പോലുള്ള ഒരു വിവാഹം.
പെണ്ണുകാണലിന് അമ്മയെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ മൂപ്പിലാൻ ഒരു മാസ്സ് ഡയലോഗ് അടിച്ചു. ‘ഭാര്യയുടെ അധികാരം കാണിച്ച് എന്നെ നിയന്ത്രിക്കാൻ വരരുത്.’ അത്രമാത്രം. പുവർ ലേഡീ, മൈ മദർ അത് സമ്മതിച്ചു. അവർക്ക് കിട്ടിയ ലോട്ടറിയായിരുന്നു വിശ്വനാഥൻ നായരെന്ന റേഞ്ചർ.
മൂപ്പിലാൻ ഇരവികുളത്തായിരുന്നു. ഏറിയ കാലവും. മാസത്തിൽ ഒരിക്കൽ വീട്ടിൽ വരും. മൂന്നു ദിവസം നിൽക്കും. അന്ന് എനിക്കു പൂരമാണ്. അടിയുടെ പൂരം. മൂപ്പിലാൻ എന്നെ നന്നാക്കാനുള്ള തിരക്കിലായിരുന്നു. എന്റെ സ്വഭാവത്തിന്റെ ജസ്റ്റ് ഓപ്പോസിറ്റാണ് മൂപ്പിലാന്റെ സ്വഭാവം.” ഹേമന്ത് പറഞ്ഞു കൊണ്ടേയിരുന്നു.
“ഹോ. എങ്കിൽ എന്ത് തങ്കപ്പെട്ട മനുഷ്യൻ”
കിട്ടിയ ഗ്യാപ്പിൽ ഞാൻ പറഞ്ഞു.
അവൻ പൊട്ടിച്ചിരിച്ചു.
“സഹോദരാ ആ നല്ല മനുഷ്യന്റെ മകനായ നീ എന്താടാ ഇങ്ങനെയായി പ്പോയത്.” ഞാനവനോട് ചോദിച്ചു.
“എങ്ങനെ”
“ഒമർ ഖയ്യാം. നല്ല ഒന്നാംതരം കാട്ടുകോഴി”
“നിങ്ങൾ ഹെഗലിന്റെ ഡയലക്ട്ടിസിസം എന്ന് കേട്ടിട്ടുണ്ടോ. അത് എപ്പോഴും എവിടേയും കാണാം. അദ്ധ്യാപകരുടെ മക്കൾ മിക്കവാറും തലതിരിഞ്ഞു പോകുന്നത് കണ്ടിട്ടില്ലേ. എന്താ കാര്യം?. ഡയലക്ട്ടിസിസം. എന്റെ കുഴപ്പമല്ല.” ഹേമന്ത് പറഞ്ഞു.
ഹേമന്ത് അതിസുന്ദരനായിരുന്നു. പൌരുഷ സൌന്ദര്യമായിരുന്നില്ല അവനുള്ളത്. സ്ത്രൈണസൌന്ദര്യമായിരുന്നു. അവന്റെ അമ്മയുടെ തനി പകർപ്പ്. പക്ഷേ കൈയ്യിലിരിപ്പ് മാത്രം അവന്റെ മാത്രമായി. ഖലീൽ ജിബ്രാൻ പറഞ്ഞ പോലെ.
‘നിങ്ങളുടെ സന്തതി നിങ്ങളുടെ മജ്ജയുടേയും മാംസത്തിന്റെയും ബാക്കിപത്രമാവാം. പക്ഷേ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ബാക്കിയല്ല. അത് ഒരു വേറിട്ട ജീവനാണ്. അതിനെ അങ്ങനെ തന്നെ കാണണം’.
ഹേമന്തിന്റെ സ്വഭാവം കാണുമ്പോൾ ഞാൻ ഖലീൽ ജിബ്രാനെ ഓർക്കാറുണ്ട്.
“മൂപ്പിലാൻ ഒരു പ്രത്യേക കാറ്റഗറി കുടിയനാണ്. അങ്ങനെയൊന്നും കുടിക്കില്ല. എന്നാൽ കുടിക്കുമ്പോൾ നന്നായി കുറെ ദിവസത്തേക്ക് കുടിക്കും. അങ്ങനെ സ്ട്രോക്ക് വന്നു. ഞാൻ മൂപ്പിലാന്റെ കൂടെ നിന്നു. അതുകൊണ്ട് പി. ജി. ചെയ്യാൻ കുറച്ചു താമസിച്ചു.”
ഗവേഷകനായ എന്നെക്കാട്ടിലും മൂത്തതായിരുന്നു പി. ജി. ക്കാരനായ ഹേമന്ത്. അതിന്റെ കാരണമാണ് അവൻ പറഞ്ഞത്.
വർഷങ്ങളുടെ ഇടവേള ഉണ്ടായിരുന്നിട്ടും പി. ജി. പ്രവേശന പരീക്ഷയിൽ അവൻ ഒന്നാം റാങ്ക് കരസ്ഥമാക്കി. ബുദ്ധിമാൻ.
പണം ചിലവാക്കുന്നതിൽ അവന് ഒട്ടും പിശുക്കുണ്ടായിരുന്നില്ല. ധാരാളി. എന്നാൽ പട്ടിണിക്കിരിക്കാനും മടിയില്ല. ദരിദ്രമായി ജീവിക്കുന്നത് എങ്ങനെയെന്ന് അവൻ ഞങ്ങളിൽ നിന്നും പഠിച്ചു. ഞങ്ങൾ അവനെ പഠിപ്പിച്ചു. അവന് അതിൽ അല്പം പോലും പരിഭവമില്ലായിരുന്നു. ‘ഉള്ളതുകൊണ്ട് ഓണംപോലെ’ എന്ന തത്വം അവൻ വൈമനസ്യ മില്ലാതെ അംഗീകരിച്ചു.
“മൂപ്പിലാൻ എന്നെ പുള്ളിയുടെ രീതിയിൽ കൊണ്ടു വരാൻ എന്നും ശ്രമിച്ചിട്ടുണ്ട്. പക്ഷേ പുള്ളി അമ്പേ പരാജയപ്പെടുകയായിരുന്നു”. ഹേമന്ത് പറഞ്ഞു.
“മൂപ്പിൽ എന്നെ പൂശുമെന്ന് ഞാൻ കരുതിയ സമയത്തൊക്കെ എന്നെ അത്ഭുതപ്പെ ടുത്തിക്കൊണ്ട് പുള്ളി നിസംഗത പാലിച്ചിട്ടുണ്ട്. നമുക്കൊരു അംബാസിഡർ കാറുണ്ടായിരുന്നു. വൈറ്റ്. ടാക്സി ഓടിക്കുകയായിരുന്നു. വിനോദ് എന്ന ഒരു പാർട്ടി. വിനോദിന് എന്നേക്കാട്ടിലും രണ്ടു വയസ്സിന്റെ മൂപ്പേയുണ്ടായിരുന്നുള്ളൂ. നമ്മുടെ വീട്ടിൽ നിന്ന് മൂന്നു കിലോമീറ്റർ ഉണ്ട് ടൌണിലേക്ക്. ചില ദിവസം ഞാൻ ടൌണിൽ ചെല്ലുമ്പോൾ വിനോദ് അവിടെ ഉണ്ടങ്കിൽ ഞാൻ വണ്ടിയെടുത്തുകൊണ്ടുപോകും. കോളേജിന്റെ മുന്നിലൂടൊക്കെ ഒന്ന് കറങ്ങും.
ഒരിക്കൽ അങ്ങനെ കറങ്ങാൻ വണ്ടിയുമായി ഞാൻ പോയി. വിനോദിന്റെ കാര്യം ഞാൻ മറന്നു പോയി. കോളേജ് ഡേ ആയിരുന്നു. ഒരുപാട് കളർ ഉള്ള ദിവസം. പരിപാടിയെല്ലാം കഴിഞ്ഞ് വൈകിട്ട് ഞാൻ വീട്ടിൽ ചെല്ലുമ്പോൾ മൂപ്പിലാൻ മൂന്നിലി രിക്കുന്നു.
‘എന്താ താമസിച്ചത്’. മൂപ്പിലാന്റെ ചോദ്യം.
പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ ഞാൻ പറഞ്ഞു. ‘നമ്മുടെ വിനോദിന്റെ അമ്മയ്ക്ക് പെട്ടെന്നൊരു നെഞ്ചിന് വേദന. ഞങ്ങൾ രണ്ടുംകൂടി അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടുപോയി. വിനോദ് ഹോസ്പിറ്റലിൽ നിൽക്കുന്നു. അതുകൊണ്ടാണ് താമസിച്ചത്’. തികച്ചും വിശ്വസനീയമായ ഒരു കള്ളം.
‘ഉം. ശരി.’ മൂപ്പിലാന് അത് ബോധിച്ചു. ‘നിന്നെക്കാണാൻ ഒരാൾ അകത്തിരിപ്പുണ്ട്. കുറച്ചു നേരമായി.’
ആരായിരിക്കും എന്നു കരുതി ഞാൻ അകത്തുകയറി നോക്കുമ്പോൾ വിനോദവിടെയിരിക്കുന്നു.
ഞാൻ ദഹിച്ചുപോയി.
പക്ഷേ മൂപ്പിലാൻ ഒന്നും പറഞ്ഞില്ല.
അതിനു ശേഷം ഞാൻ വണ്ടിക്കറക്കം നിർത്തി. ഒരാളുടെ കഞ്ഞിപ്രശ്നമല്ലേ.” ഹേമന്ത് പറഞ്ഞു.
ഒമർ ഖയ്യാമിന്റെ സ്വഭാവം മാറ്റിയാൽ മനസ്സിൽ ഒരുപിടി നന്മയവനുണ്ടായിരുന്നു.
“ഡെയ്സിയുമായി അവൻ ഒട്ടും ചേർന്നു പോയില്ല.” അഖിൽ തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു. “ഞാനും അത് അറിഞ്ഞത് വളരെ വൈകിയാണ്. അവൻ അത് എല്ലാവരിൽ നിന്നും മറച്ചു വെച്ചു.”
തകർന്നുപോയ ഹേമന്തിന്റെ ദാമ്പത്യത്തെപ്പറ്റിയാണ് അഖിൽ സൂചിപ്പിച്ചത്.
സൌന്ദര്യം പടവാളാക്കിയ അവന് പലതും നേടാനായി. ദാമ്പത്യ വിജയമൊഴികെ.
ഡെയ്സി ഒരു സ്ട്രക്ച്ചര്‍ ആയിരുന്നു. ചാരസുന്ദരി മാതാഹാരിയുടെ ഒരു ആധുനിക പതിപ്പ്. അതുകൊണ്ടാണ് അവന്‍ മിനക്കെട്ട് അവളെ വളച്ചത്. രണ്ടു വര്‍ഷത്തെ അദ്ധ്വാനം.
വിവാഹം അവളുടെ താല്പര്യമായിരുന്നില്ല. പക്ഷെ വിവാഹമോചനം അവളുടെ താല്പര്യമായിരുന്നു.
ഹേമന്തിന്റെ അടിസ്ഥാന വിഷയം ബയോടെക് ആയിരുന്നു. ഡെയ്സിയുടേയും. ഒരു സീനിയര്‍ ജുനിയറിനെ പ്രണയിക്കുന്നു. ആവര്‍ത്തന സ്വഭാവമുള്ള സംഭവം. അതിനു പുതുമയില്ല. കാലാകാലങ്ങളായി നടന്നു വരുന്ന സംഭവം. അതായിരുന്നു അവര്‍ തമ്മിലുള്ള ബന്ധം.
പി. ജി. കഴിഞ്ഞ് അവര്‍ അധികം കാത്തിരുന്നില്ല. ഉടന്‍ വിവാഹത്തിന് കരു നീക്കി. വിവാഹം ഹേമന്തിന്റെ താല്പര്യമായിരുന്നു. അവന്റെ മാത്രം താല്പര്യം. അവള്‍ കുറച്ചുകൂടി പ്രാ യോഗികമതിയായിരുന്നു. അവള്‍ക്ക് പ്രണയവും വിവാഹവും രണ്ടായിരുന്നു.
പ്രേമം പ്രേമത്തിനു വേണ്ടി. വിവാഹം ജീവിതത്തിനു വേണ്ടി. അതുകൊണ്ട് പ്രണയ വിവാഹത്തിന് അവള്‍ക്കു താല്പര്യം ഇല്ലായിരുന്നു. പക്ഷെ എന്നിട്ടും ഹേമന്ത് അവളെ വിട്ടില്ല. രണ്ടുപേരുടേയും വീട്ടുകാരറിയാതെ സിനിമയെ വെല്ലുന്ന രീതിയിലൊരു വിവാഹം. വീട്ടുകാരില്ലാതെ ഞങ്ങൾ കൂട്ടുകാരെല്ലാവരും കൂടിച്ചേർന്ന് അത് നടത്തി.
വിവാഹം കഴിഞ്ഞ്, രണ്ടു വീട്ടുകാരാലും ഉപേക്ഷിക്കപ്പെട്ട അവരെ ഞാന്‍ ഇടയ്ക്ക് പോയി കാണുമായിരുന്നു. ഒരിക്കല്‍ ഞാന്‍ അവനോടു ചോദിച്ചു
“മെയ്ഡ് ഫോര്‍ ഈച്ച് അതര്‍ എന്ന് പറയാമോ” അവരുടെ ബന്ധത്തെപ്പറ്റി യാണ് ഞാന്‍ ഉദ്ദേശ്യച്ചത്.
“പറയാറായിട്ടില്ല” അവന്‍ പറഞ്ഞു.
അപ്പോഴും അസ്വാഭാവികമായി എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ല. അവന്‍ ഒന്നും പറഞ്ഞില്ല. എന്നോടെന്നല്ല. ആരോടും.
പക്ഷെ അവര്‍ അതിനകം മനസ്സുകൊണ്ട് ഒരുപാട് അകന്നിരുന്നു. അതാരും അറിഞ്ഞില്ല എന്ന് മാത്രം.
താമസിയാതെ അവർ വേര്‍പിരിഞ്ഞു. പിന്നെ ഡെയ്സി വിദേശത്തേക്ക് ചേക്കേറി.
“ഹേമന്ത്, നിത്യഹരിത പ്രണയ ജോഡികളായി നാം ആരാധിക്കുന്ന ജോഡികള്‍ ഉണ്ടല്ലോ, രാധ-കൃഷ്ണന്‍, നളിനി-ദിവാകരന്‍, ലൈല-മജ്നു, പരീക്കുട്ടി-കറുത്തമ്മ ജോഡികള്‍, അവര്‍ എന്തുകൊണ്ടാണ് പ്രണയത്തിന്റെ പ്രതീകമായി നിലനില്‍ക്കുന്നത് എന്നറിയാമോ.” ഒരിക്കൽ ഞാനവനോട് ചോദിച്ചു.
“എന്തുകൊണ്ടാണ്” ഹേമന്ത് അതേ ചോദ്യം എന്നോട് ചോദിച്ചു.
“അവര്‍ വിവാഹം കഴിക്കാത്തത് കൊണ്ട്. വിവാഹം കഴിച്ചിരുന്നുവെങ്കില്‍ ഡെസ്ടിമോണ ഒഥല്ലോയെ കെട്ടിയപോലെ ആകുമായിരുന്നു.”അവൻ നിശ്ശബ്ദം അത് കേട്ടു നിന്നു.
അല്പം കഴിഞ്ഞ് അവൻ പറഞ്ഞു.
“അവൾക്ക് അല്പം അനുനയമാകാമായിരുന്നു. എങ്കിൽ…
ഞാന്‍ ഒരു കഥ ഓര്‍ത്തു. രണ്ടു ബുദ്ധഭിക്ഷുക്കള്‍ കാല്‍നടയായി സഞ്ചരിക്കുകയായിരുന്നു. പരിവ്രാജക കാലം. അവര്‍ നടന്നു ഒരു നദിക്കരയില്‍ എത്തി. നദിയില്‍ വെള്ളമുണ്ട്. പക്ഷെ ഇറങ്ങിക്കയറാം. ആ സമയത്ത് നദിക്കരയില്‍ സുന്ദരിയായ ഒരു യുവതി നില്‍ക്കുന്നുണ്ടായിരുന്നു. അവള്‍ക്കു നദിയില്‍ ഇറങ്ങാന്‍ പേടിയായിരുന്നു. ഉടന്‍ മുതിര്‍ന്ന സന്യാസി അവളെ എടുത്തു തോളില്‍ വെച്ച് നദി മുറിച്ചു കടന്നു. അക്കരെ എത്തിയപ്പോള്‍ ഇറക്കിവിട്ടു. കൂടെ യുവഭിക്ഷുവും ഉണ്ട്. അവര്‍ നടപ്പ് തുടര്‍ന്നു. അല്പം കഴിഞ്ഞപ്പോള്‍ യുവഭിക്ഷു പറഞ്ഞു.
‘എങ്കിലും നിങ്ങള്‍ ചെയ്തത് ശരിയായില്ല. നമ്മള്‍ സന്യാസിമാരല്ലേ.’
മുതിന്ന സന്യാസി ചോദിച്ചു ‘എന്താണ് നീ ഉദ്ദേശ്യക്കുന്നത്’
യുവസന്യാസി പറഞ്ഞു. ‘അല്ല നിങ്ങള്‍ ആ സുന്ദരിയെ എടുത്തു തോളിലേറ്റി അക്കരെ എത്തിച്ചില്ലേ. അത് ശരിയായില്ല. നമ്മള്‍ സന്യാസിമാരല്ലേ. ഒരു സുന്ദരിയെ തോളിലേറ്റുന്നത് ശരിയാണോ’.
മുതിര്‍ന്ന സന്യാസി ചിരിച്ചു. എന്നിട്ട് പറഞ്ഞു. “നീ ഇപ്പോഴും ആ സുന്ദരിയെ ചുമന്നോണ്ടു നടക്കുകയാണോ. ഞാന്‍ അവളെ അപ്പോഴേ നദിക്കരയില്‍ ഇറക്കി വിട്ടതാണല്ലോ.”
ഹേമന്ത്, കഥയിലെ യുവഭിക്ഷുവിനെപ്പോലെയായിരുന്നു. വേർപിരിഞ്ഞിട്ടും അവന് ഡെയ്സിയെ മറക്കാനോ ഒഴിവാക്കാനോ കഴിഞ്ഞില്ല.
ഹേമന്തിന്റെ വിഷയം ബയോടെക് ആയിരുന്നെങ്കിലും പിന്നീട് അവന്‍ ഐ. ടി. മേഖലയിലേക്ക് തിരിഞ്ഞു. രണ്ടു കാര്യമാണ്. ഒന്ന് പുതിയ സാങ്കേതികത അവനെന്നും ഹരമായിരുന്നു. രണ്ട് തൊഴില്‍ സാധ്യത ഉറപ്പായിരുന്നു.
മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷനില്‍ക്കൂടി അവന്‍ ഐ. ടി. മേഖലയുടെ മെയിന്‍ സ്ട്രീമിലെത്തി.
വിദേശ കമ്പനികളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു തുടങ്ങി. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തുടങ്ങി. അവന് വിദേശത്ത് ധാരാളം തൊഴില്‍സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും അവന്‍ വിദേശത്തേക്ക് കുടിയേറിയില്ല.
“ഒരു മാറ്റത്തിന് വേണ്ടി നിനക്ക് വിദേശത്ത് പോയ്കൂടെ.ഐ. ടി. സെക്ടറില്‍ അവിടെ ഒരുപാട് അവസരങ്ങള്‍ ഉണ്ടല്ലോ.”ഒരിക്കല്‍ ഞാന്‍ ഹേമന്തിനോട് ചോദിച്ചു.
“ഇല്ല. വിദേശത്ത് കിടന്നു മരിക്കണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. മരണം ഈ മണ്ണില്‍. ‘ഉയിര്‍ വിണ്ണുക്ക് ഉടൽ മണ്ണുക്ക്’. അതാണ് നയം.” അവന്‍ പറഞ്ഞു.
“മനസ്സിലായില്ല.” ഞാന്‍
“ഞാന്‍ ഒരു ജ്യോത്സ്യനെ കണ്ടിരുന്നു. അയാള്‍ പറഞ്ഞത് വിദേശത്ത് കിടന്നു മരിക്കാനാണ് വിധി എന്നാണ്.”അവന്‍ പറഞ്ഞു.
“ നീ ജ്യോത്സ്യത്തില്‍ വിശ്വസിക്കുന്നുണ്ടോ”. ഞാന്‍ ചോദിച്ചു.
എനിക്ക് അങ്ങനെ ചോദിക്കാൻ പറ്റുമായിരുന്നു. കാരണം അവനൊരു സ്വയം പ്രഖ്യാപിത യുക്തിവാദി ആയിരുന്നു.
“ഹേയ് ഇല്ല. ഒരു പരീക്ഷണാടിസ്ഥാനത്തില്‍ ജ്യോത്സ്യനെ കണ്ടു എന്ന് മാത്രം.” അവന്‍ പറഞ്ഞു.
ഒരിക്കല്‍ ഞാന്‍ അവനോടു പറഞ്ഞു.
“വിവാഹം ലൈംഗികദാഹം തീര്‍ക്കാനുള്ള ഉപാധിയല്ല. അതൊരു ഉടമ്പടിയാണ്. ലൈഫ് ലോങ്ങ് ഗ്യാരണ്ടി. അതങ്ങനെയാവണം. എന്തെല്ലാം സമത്വം പറഞ്ഞാലും ഒരു പുരുഷന്‍ ഒരു സ്ത്രീയെ ജീവിതകാലം മൊത്തം സംരക്ഷിച്ചുകൊള്ളാം എന്ന ഉടമ്പടി. വിവാഹം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ അതാണ്. വിശേഷാല്‍ വഹിക്കുന്നത്. ആര് ആരെ വഹിക്കുന്നു എന്നറിയാമോ.”
“ആണ് പെണ്ണിനെ” അവന്‍ പൂരിപ്പിച്ചു.
“അതെ. അതൊരു ഉടമ്പടിയാണ്. ആ ഉടമ്പടിയുടെ മാന്യതയാണു നീ ലംഘിച്ചത്.” ഞാന്‍ അവനെ കുറ്റപ്പെടുത്തും പോലെ പറഞ്ഞു.
പിന്നെ ദീർഘകാലം അവനുമായി എനിക്കു ബന്ധങ്ങൾ ഇല്ലാതെ പോയി.
പിന്നീടൊരിക്കൽ അവന്‍ എന്നെ വിളിച്ചു. ഞാന്‍ ആ കോള്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. കാരണം എന്‍റെ ഗവേഷണ ഗുരുവിന്റെ കൈയ്യില്‍ നിന്നും എന്‍റെ അപ്പോഴത്തെ നമ്പര്‍ അവന്‍ വാങ്ങി എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതിനോടകം പല പ്രാവശ്യം ഞാന്‍ നമ്പര്‍ മാറിയിരുന്നു.
അവന്റെ കോള്‍ അടുത്ത ദിവസം തന്നെ വന്നു. പക്ഷെ ഞാന്‍ എടുത്തില്ല. ജീവിതത്തില്‍ ആദ്യമായി ഒരു കോള്‍ ഞാന്‍ ഒഴിവാക്കി. കാരണം ഹേമന്ത് ഞങ്ങളുടെ ഒരു സുഹൃത്തിനെ സഹായിക്കാം എന്ന് ഏല്ക്കുകയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. അക്കാര്യം അവന്‍ തന്നെയാണ് എന്നോട് പറഞ്ഞത്.
അതില്‍ എനിക്ക് അവനോട് പ്രതിഷേധം തോന്നി. സഹായിക്കാന്‍ പറ്റില്ലെങ്കില്‍ അത് അപ്പോള്‍ പറയണം. അല്ലാതെ സഹായിക്കാം എന്ന് ഏല്ക്കുകയും പിന്നീട് സമയമാകുമ്പോള്‍ മുങ്ങുകയും ചെയ്യുന്ന രീതി എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുമായിരുന്നില്ല.
അതുകൊണ്ട് ഞാന്‍ അവൻ വിളിച്ചപ്പോള്‍ കോള്‍ എടുത്തില്ല. പിന്നീട് എപ്പോഴെങ്കിലും നേരില്‍ കാണുമ്പോള്‍ രണ്ടു ചീത്ത വിളിച്ചിട്ട് ആ പ്രശ്നം പരിഹരിക്കാം എന്നും കരുതി. പക്ഷെ പിന്നീട് ആ അവസരം ഒരിക്കലും എനിക്ക് കിട്ടിയില്ല. പിന്നെ മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ കേള്‍ക്കുന്നത്….
“ഹോങ്കോങ്ങിൽ പോകുന്ന വിവരം അവനെന്നെ അറിയിച്ചിരുന്നു”. അഖിൽ പറഞ്ഞു. ഞങ്ങൾ പതുക്കെ ഹേമന്തിന്റെ വീട്ടിലേക്ക് നടക്കുകയായിരുന്നു.
“ആ യാത്രയിൽ അവനൊപ്പം കൂടാൻ എനിക്കു പറ്റിയില്ല. അടുത്ത പോക്ക് ഒന്നിച്ചാകമെന്ന് ഞാൻ അന്നവനോട് പറഞ്ഞു. അതുകൊണ്ട് അവൻ ഒറ്റയ്ക്കാണ് പോയത്. വിധി എന്നല്ലാതെ എന്ത് പറയാൻ. ഞാൻ കൂടെയുണ്ടായിരുന്നുവെങ്കിൽ ഒരുപക്ഷേ അവനെ രക്ഷപ്പെടുത്താൻ കഴിഞ്ഞെനെ.” അഖിൽ ആത്മഗതം എന്നപോലെ പറഞ്ഞു.
വിദേശത്ത് കിടന്നു മരിക്കാനുള്ള ഹേമന്തിന്റെ യോഗത്തെപ്പറ്റി അവൻ എന്നോട് പറഞ്ഞത് ഞാനപ്പോൾ ഓർത്തു.
ഹേമന്തിന്റെ മരണം എന്നെ അറിയിച്ചതും അഖിൽ തന്നെയാണ്. അപ്പോൾ അവന് ഏറക്കുറെ സമനില തെറ്റിയ പോലെയായിരുന്നു. ആ ദിവസം ഞാനിപ്പോഴും നന്നായി ഓർക്കുന്നു.
അന്ന്, മാർച്ച് മൂന്നാം തീയതി. ഏകദേശം രാത്രി എട്ടുമണി ആയിട്ടുണ്ടാകും. അസാധാരണമായി അഖിൽ എന്നെ വിളിച്ചു. സാധാരണ അവൻ പകലാണ് വിളിക്കുക.
സംശയത്തോടെ ഞാൻ ഫോൺ എടുത്തു. മറുതലയ്ക്കൽ ഒരു വലിയ കരച്ചിലാണ് ഞാൻ കേട്ടത്. അഖിലായിരുന്നു അത്. അല്പം കഴിഞ്ഞ് അവൻ പറഞ്ഞു.
“ഹേമന്ത് പോയടാ”.
എനിക്കൊന്നും മനസ്സിലായില്ല.
“എങ്ങോട്ട്”
അവൻ ഒന്നും പറയാതെ കരച്ചിൽ തുടർന്നു. എനിക്കു ദേഷ്യമാണു തോന്നിയത്. ഞാൻ അവനോടു പരുഷമായി ചോദ്യം ആവർത്തിച്ചു.
“എങ്ങോട്ട്”
പിന്നെ അവന്റെ കരച്ചിൽ ഒതുങ്ങുന്നതു വരെ ഞാൻ കാത്തു നിന്നു. അല്പം കഴിഞ്ഞ് അഖിൽ പറഞ്ഞു.
“അവൻ പോയി. ഹാർട്ട് അറ്റാക്ക്. അവൻ പോയി”.
പിന്നെയും കരച്ചിൽ. ഞാൻ സ്തംഭിച്ചു പോയി. ഞാൻ ഫോൺ കട്ട് ചെയ്തു. എനിക്കു വിശ്വസിക്കാൻ തോന്നിയില്ല.
ഞാനപ്പോൾ പാലക്കാട്ടെ കടുത്ത ചൂടിൽ ഉരുകുന്ന സമയം. അല്പം കഴിഞ്ഞ് ഞാൻ വീണ്ടും അഖിലിനെ വിളിച്ചു.
“ഹോങ്കോംഗ് എയർ പോർട്ടിൽ വെച്ച്. നാട്ടിലേക്ക് തിരിച്ചുവരാൻ അവൻ എയർ പോർട്ടിൽ എത്തിയപ്പോഴാണ്… അവന്റെ ലാപ് ടോപ്പിൽ നിന്നും വിവരം ശേഖരിച്ച് അവർ ഇങ്ങോട്ട് വിളിച്ചു. ഫോട്ടോ ഐഡൻറ്റിഫിക്കേഷൻ നടത്തി. ബോഡി എംബാം ചെയ്തു സൂക്ഷിയ്ക്കും. എല്ലാ ഫോർമാലിറ്റീസും കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞേ ബോഡി നാട്ടിൽ എത്തിക്കുകയുള്ളൂ”.
അവൻ ഇത്രയും ഒറ്റശ്വാസത്തിൽ പറഞ്ഞു. പിന്നെ വീണ്ടും കരഞ്ഞു. ഞാൻ നിശ്ശബ്ദം എല്ലാം കേട്ടു നിന്നു. എനിക്കു ശബ്ദം നിലച്ചിരുന്നു.
ഞങ്ങൾ പതുക്കെ ഹേമന്തിന്റെ വീട്ടുമുറ്റത്തേക്കു കയറി. വീട്ടുമുറ്റത്ത് ഒരു ടാർപ്പോളിൻ പന്തൽ. നാലഞ്ചു നാട്ടുകാർ അവിടെ ഇരുന്നു മുറുക്കുന്നു. പലരും വന്നു പോകുന്നു.
ഞങ്ങൾ മുറ്റത്തു ചെരുപ്പൂരിയിട്ടിട്ട് അകത്തേക്ക് കയറി.
ലിവിങ് റൂമിന്റെ നടുക്ക് അവൻ കിടക്കുന്നു. നീണ്ടു നിവർന്ന്.
“എനിക്കു നിങ്ങളെപ്പോലെ നീണ്ടു നിവർന്നു കിടക്കാൻ കഴിയില്ല.” ഒരിക്കൽ അവൻ എന്നോട് പറഞ്ഞു.
ശരിയാണ് അവൻ എന്നും ചൂരുണ്ടുകൂടിയാണ് കിടന്നുറങ്ങിയിരുന്നത്. ഗർഭപാത്രത്തിൽ ഒരു ശിശു കിടക്കുന്നത് പോലെ.
ഞങ്ങൾ ഏഴു പേർ. സർവ്വകലാശാലയിൽ പി. ജി. ചെയ്യുന്നവരും ഗവേഷകരുമടങ്ങുന്ന സംഘം. ഞങ്ങൾ താമസിച്ചിരുന്നത് ഒരു ചെറിയ വീട് വാടകയ് ക്കെടുത്താണ്. അതിലെ ചെറിയ മുറിയിൽ നിലത്തു പത്രവും അതിന്റെ മുകളിൽ പായും വിരിച്ചു ഞങ്ങൾ ഉറങ്ങുമായിരുന്നു. സ്ഥലപരിമിതിക്കിടയിലും അവൻ ചുരുണ്ടുകൂടി കിടന്നേ ഉറങ്ങുമായിരുന്നുള്ളൂ. ചുരുണ്ടു കിടക്കാൻ കുറച്ചു കൂടുതൽ സ്ഥലം വേണമെങ്കിലും.
പക്ഷേ ഇപ്പോൾ അവൻ നീണ്ടു നിവർന്നു കിടന്നുറങ്ങുന്നു. രണ്ടാഴ്ചയായെങ്കിലും അവന്റെ മുഖത്തിന് ഒരു കോട്ടവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ഉറങ്ങാൻ കിടന്നതു പോലെ യുള്ള പ്രസരിപ്പ്. തികച്ചും ശാന്തമായ മുഖം.
മൊബൈൽ ഫ്രീസറിന്റെ കണ്ണാടിയിലൂടെ ഞാൻ അവനെ ഏറെനേരം നോക്കി നിന്നു. നിർന്നിമേഷം.
അവന്റെ തലയ്ക്കൽ ഒരു കസേരയിൽ ആ മനുഷ്യൻ അവനെത്തന്നെ നോക്കിയിരിക്കുന്നു. പ്രൌഢനായ വിശ്വനാഥൻ നായർ. അവന്റെ അച്ഛൻ.
ഒരു മകൻ. ഒരേ ഒരു മകൻ. തനിക്ക് കൊള്ളിവെക്കേണ്ടവൻ. അവന്റെ നിശ്ചലമായ മുഖത്തേക്ക് ആ മനുഷ്യൻ അവിശ്വസനീയതയോടെ നോക്കി ഇരിക്കുകയായിരുന്നു.
ഞങ്ങൾ കൈയ്യിൽ കരുതിയിരുന്ന വെളുത്ത പൂക്കളുടെ പുഷ്പചക്രം അവന്റെ പാദത്തിന്റെ മുകളിലായി വെച്ചു. അപ്പോൾ ആ മനുഷ്യൻ ഞങ്ങളെ തല ഉയർത്തി ഒന്ന് നോക്കി. പിന്നെ പതുക്കെ എഴുന്നേറ്റ് അകത്തെ മുറിയിലേക്ക് നടന്നു. തികച്ചും ദുർബ്ബലമായ നടപ്പ്.
രണ്ടാഴ്ച കൊണ്ട് ആ മനുഷ്യൻ തീർത്തും ക്ഷീണിച്ചു പോയിരുന്നു. അദ്ദേഹം അകത്തെ കട്ടിൽ പുറത്തേക്ക് നോക്കിയിരുന്നു.
അല്പം കഴിഞ്ഞ് ഞങ്ങൾ പതുക്കെ ആ മുറിയിലേക്ക് ചെന്നു. ഞങ്ങളുടെ സാന്നിധ്യം അദ്ദേഹം അറിഞ്ഞു. പക്ഷേ ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല. പകരം കട്ടിലിന്റെ പടിയിൽ മുഖം ചേർത്തുവെച്ച് വിങ്ങിക്കരഞ്ഞു. ഏറെനേരം അതു കണ്ടു നിൽക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. ഞങ്ങൾ സാവധാനം പുറത്തേക്ക് നടന്നു.
ഹേമന്തിന്റെ നിശ്ചലമായ മുഖം ഒരിക്കൽക്കൂടി നോക്കിയിട്ട് ഞങ്ങൾ നിശ്ശബ്ദം പുറത്തേക്ക് ഇറങ്ങി.
വയൽ വരമ്പിൽക്കൂടി ഞങ്ങൾ നടക്കുമ്പോൾ പെട്ടെന്ന് അഖിൽ തിരിഞ്ഞു നിന്ന് എന്നോട് പറഞ്ഞു.
“ഹോങ്കോങ്ങിൽ പോകുന്ന കാര്യം അവൻ എന്നോട് പറഞ്ഞിരുന്നു. നമുക്ക് ഒന്നിച്ചു പോകാം എന്നാണ് അവൻ പറഞ്ഞത്. അപ്പോൾ എനിക്കൽപം അസൌകര്യമുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അവനോടു പറഞ്ഞു. നീ ഇപ്പോൾ പോകു. പിന്നീട് നമുക്ക് ഒന്നിച്ചു പോകാം. നിന്റെ ബിസ്സിനസ്സിന്റെ കാര്യമല്ലേ. അങ്ങനെയാണ് അവൻ ഒറ്റയ്ക്ക് പോയത്.” അഖിൽ പറഞ്ഞു.
ഞങ്ങൾ പതുക്കെ മുന്നോട്ട് നടക്കുകയായിരുന്നു. പെട്ടെന്ന് അഖിൽ തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു.
“ഞാൻ പറഞ്ഞിരുന്നെങ്കിൽ അവൻ പോവില്ലായിരുന്നു അല്ലേ?”
ഞാൻ ഒന്നും മിണ്ടിയില്ല. അല്പസമയം കഴിഞ്ഞപ്പോൾ വീണ്ടും അവൻ എന്നോട് ചോദിച്ചു.
“അവൻ ഇപ്പോഴും വളരെ സുന്ദരൻ ആണല്ലേ. ആ കിടപ്പിലും. പഴയ പോലെ.”
ഞാൻ നിശ്ശബ്ദനായി. എനിക്കു വാക്കുകൾ ഉണ്ടായിരുന്നില്ല.
അല്പം മുന്നോട്ട് പോയിട്ട് അഖിൽ വീണ്ടും തിരിഞ്ഞു നിന്ന് എന്നോട് ചോദിച്ചു.
“അവൻറെ സൗന്ദര്യത്തിന് ഇപ്പോഴും ഒരു കുറവുമില്ല അല്ലേ?”
ഞാൻ അഖിലിന്റെ മുഖത്തേക്ക് നോക്കി. അവന്റെ കണ്ണുകൾ ജലാർദ്രമായിരുന്നു.
“ഇല്ല. ഒരു കുറവുമില്ല”. ഞാൻ പതുക്കെ പറഞ്ഞു.
dr.sreekumarbhaskaran@gmail.com
