ശ്രീകുമാർ ഭാസ്കരൻ.
“അർദ്ധസത്യങ്ങളും അസത്യങ്ങളും പറയരുത്. അത് മാദ്ധ്യമധർമ്മത്തിന് എതിരാണ്. മാധ്യമപ്രവർത്തനത്തിൽ സദാചാരമൂല്യത്തിന് വലിയ പ്രസക്തിയുണ്ട്. എന്തെന്നാൽ നമ്മുടെ ജനാധിപത്യവ്യവസ്ഥിതിയിൽ പ്രധാനപ്പെട്ട ഒരു റോളാണ് മാധ്യമത്തിനുള്ളത്. ജനാധിപത്യത്തിൻറെ നാലാംകാലാണ് മാധ്യമം. അത് മറക്കരുത്.”
മാധ്യമകുലപതി ഹിരണ്യൻ കത്തിക്കയറുകയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ള പുതുമാധ്യമപ്രവർത്തകർക്ക് ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. മാധ്യമപ്രവർത്തനത്തിന്റെ രീതിശാസ്ത്രം ആയിരുന്നു വിഷയം. ഞങ്ങൾ ക്ഷണിക്കപ്പെട്ട അൻപത് പേർ. ഇരുപത്തഞ്ചു മുതൽ അൻപത് വരെ പ്രായത്തിലുള്ളവർ. എങ്കിലും ഞങ്ങളെല്ലാം മാധ്യമപ്രവർത്തനത്തിന്റെ ബാല്യത്തിൽക്കൂടി കടന്നു പോകൂന്നവരാ യിരുന്നു. അതിന്റെ ബാലാരിഷ്ടത നന്നായി അനുഭവിക്കുന്നവരും ആയിരുന്നു.
ഗുരു ഹിരണ്യൻ രാജ്യത്തെ എണ്ണപ്പട്ട ഒരു ആംഗലേയപത്രത്തിന്റെ സംസ്ഥാന കറസ്പോണ്ടന്റ് ആയിരുന്നു. സുന്ദരൻ, സുമുഖൻ, സൌമ്യൻ, പ്രശസ്തൻ. കൂടാതെ പ്രശസ്തനായ ഒരു സാഹിത്യകാരന്റെ മകനും. പ്രശസ്തനായ അച്ഛന്റെ പ്രശസ്തനായ മകൻ. പ്രൌഢപ്രായത്തിൽ എത്തിയ വ്യക്തി. മുടിയുടെ മുൻവശം നര കയറിയിരിക്കുന്നു.
“മാധ്യമം ഫോർത്ത് എസ്റ്റേറ്റ് ആണ്. ബാക്കിയുള്ളത് ലെജിസ്ലേച്ചർ, ജുഡീഷ്യറി, ബ്യൂറോക്രസി. ഇതിൽ ജനത്തിന്റെ ശബ്ദം മീഡിയയാണ്. ബാക്കി മൂന്നും ജനത്തെ ഭരിക്കാൻ ഉള്ളതാണ്. ഭരിക്കുന്നവരെ അല്ലെങ്കിൽ ഭരണകർത്താക്കളെ വിമർശിക്കുക നേർവഴിക്കു നടത്തുക എന്ന വലിയ ഉത്തരവാദിത്വമാണ് മാധ്യമപ്രവർത്തകർക്കുള്ളത്. പണ്ട് രാജാവിനെ നയിക്കുന്ന രാജഗുരുവിനെപ്പോലെ.
മാധ്യമം ദുർവിനിയോഗം ചെയ്യാനുള്ള സാഹചര്യം ഒഴിവാക്കണം. എന്നാൽ ആ സാഹചര്യം വളരെക്കൂടുതൽ ഉണ്ടു താനും. പല പ്രകാരത്തിൽ മാധ്യമത്തെ ദുർവിനിയോഗം ചെയ്തു പല പ്രയോജനവും പലരും കൈപ്പറ്റുന്നുണ്ട്. അത് പലപ്പോഴും ജനത്തിന്റെ മുന്നിൽ എത്തിപ്പെടാതെ പോകുന്നു. പക്ഷേ എപ്പോഴും ഒന്ന് ഓർക്കണം. പ്രകൃതിക്ക് അതിന്റേതായ ഒരു താളം ഉണ്ട്. അത് തിരിച്ചടിയായി നിങ്ങളുടെ നേരെ വരാം. നിങ്ങൾ ഉപേക്ഷിക്കുന്ന കോടിയ നാണയത്തുട്ടുകൾ നിങ്ങളെത്തേടി വരും. മറക്കരുത്.
നമ്മളെ ചോദ്യം ചെയ്യാൻ ആരുമില്ല എന്ന ധാരണ ശരിയല്ല. നമുക്ക് ഒരുപാട് പേരെ ചോദ്യം ചെയ്യാൻ പറ്റുന്ന സാഹചര്യത്തിൽ അധികാരത്തിമിരം അല്ലെങ്കിൽ മെഗാലോമാനിയ പിടിപെടാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മാധ്യമപ്രവർത്തനത്തിൽ എപ്പോഴും സദാചാരം അല്ലെങ്കിൽ ധാർമികത നിലനിർത്തണം. അസത്യം പറഞ്ഞ് നിങ്ങൾ ഒരാളെ തേജോവധം ചെയ്യാനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കരുത്.
പ്രിയകരമായ സത്യങ്ങൾ അല്ല നമ്മൾ പറയുക. മിക്കവാറും അപ്രിയ സത്യങ്ങളാണ്. ശരിക്കും പറഞ്ഞാൽ വാർത്ത എന്ന് പറയുന്നത് നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളാണ്. പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ വാർത്തയായി വരാറില്ല. ഉദാഹരണം, പട്ടി മനുഷ്യനെ കടിക്കുന്നു എന്നു പറയുന്നത് ഒരു വാർത്തയല്ല. അത് സ്വാഭാവികമാണ്. എന്നാൽ മനുഷ്യൻ പട്ടിയെ കടിച്ചു എന്ന് പറയുന്നത് ഒരു വാർത്തയാണ്.”
ഗുരു ഹിരണ്യൻ മാധ്യമധർമ്മത്തിന്റെ നിമ്നോന്നതങ്ങൾ കയറിയിറങ്ങുകയായിരുന്നു. ഹിരണ്യൻ മാധ്യമപ്രവർത്തനം ഔപചാരികമായി പഠിച്ച വ്യക്തിയല്ല. എന്നാൽ മധ്യമരംഗത്തെ കുലപതിയാണു താനും.
ജേർണലിസം ഒരു സർവ്വകലാശാലയിൽ നിന്നും പഠിച്ച എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. നല്ല മാധ്യമപ്രവർത്തകർ ആരുംതന്നെ മാധ്യമപ്രവർത്തനം ഔപചാരികമായി പഠിച്ച് ബിരുദം എടുത്തവരല്ല. നമ്മൾ ബി. എഡ് ട്രെയിനിങ് കൊടുത്ത് അധ്യാപകരെ ഉണ്ടാക്കുന്ന പോലെയാണ്. ബി. എഡ് പാസാവുന്ന എല്ലാവരും നല്ല അദ്ധ്യാപകരാകണമെന്നില്ല. ബി. എഡ് പഠിക്കാത്തവർ മോശമദ്ധ്യാപക രുമാകണമെന്നില്ല. അദ്ധ്യാപനം ഒരു കലയാണ്. അതൊരു ജന്മസിദ്ധമായ കഴിവാണ്. അതുപോലെയാണ് മാദ്ധ്യമപ്രവർത്തനവും. സഹജഗുണമില്ലാത്ത ഒരാളെ ട്രെയിനിങ് കൊടുത്ത് ഒരു നല്ല ജേർണലിസ്റ്റ് ആക്കാൻ കഴിയില്ല.
“ജേർണലിസ്റ്റിന് കാര്യങ്ങളെ കണ്ടെത്താനും വ്യത്യസ്തമായ രീതിയിൽ ചിന്തിക്കാനും ഉള്ള ഒരു കഴിവ് ഉണ്ടാകണം. സാധാരണക്കാരൻ ചിന്തിക്കുന്ന നിലയ്ക്കല്ല ചിന്തിക്കേണ്ടത് എന്നർഥം. അടിസ്ഥാനപരമായി സത്യസന്ധത, വിശ്വസ്തത, ആത്മാർത്ഥത, കഠിനാധ്വാനം തുടങ്ങിയവ മാദ്ധ്യമപ്രവർത്തകന്റെ കൈമുതൽ ആയിരിക്കണം.”
ക്ലാസിൽ ഇരിക്കുമ്പോൾ ഞാൻ പണ്ട് പത്താം ക്ലാസിൽ ഉണ്ടായിരുന്ന ഒരു പാഠഭാഗം ഓർത്തുപോയി. എ. ആർ. രാജരാജവർമ്മയുടെ പത്രപ്രവർത്തനം എന്ന പാഠം. അത് 85 കാലഘട്ടം. അന്ന് പത്രവും റേഡിയോയും കൊടികൂത്തിവാഴുന്ന കാലം. അന്ന് ടി. വി.ക്ക് വേണ്ടത്ര പ്രചാരം കിട്ടിയിരുന്നില്ല. കാരണം കേബിൾ ടി. വി. ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഭാരത സർക്കാരിൻറെ ദൂരദർശൻ മാത്രം. അന്ന് വീടിന് മുകളിൽ അമ്പതു മീറ്ററോളം ഉയരത്തിൽ കോടിമരം പോലെ ഉയർത്തിയ ആന്റിന ഒരു അഭിമാനചിഹ്നമായിരുന്നു. ടി.വി ഒരു അപൂർവ്വ വസ്തുവായിരുന്നു. നല്ല പണക്കാർ മാത്രം വാങ്ങിയിരുന്ന ഒരു അപൂർവ്വസാധനം.
ടി.വി എന്നു പറഞ്ഞാൽ ബ്ലാക്ക് ആൻഡ് വൈറ്റ്. ഓൺ ചെയ്താൽ നിമിഷങ്ങൾ മാത്രം കഴിഞ്ഞ് പതുക്കെ പ്രകാശം പരത്തുന്ന പെട്ടി. അതുകഴിഞ്ഞാലോ ചരൽവാരി എറിയുന്നത് പോലെ കറുത്ത ബിന്ദുക്കളുടെ നൃത്തം. അടുത്തിരുന്നാൽ ഒന്നും കാണില്ല. പത്തടി അകന്നിരുന്നാൽ അവ്യക്തമായി ചില കറുപ്പ് രൂപങ്ങൾ ചലിക്കുന്നത് കാണാം. അതും ഹിന്ദി പരിപാടികൾ മാത്രം. ഇതിൻറെ ഇടയ്ക്ക് ചിത്രം വ്യക്തമാവാൻ, ഒരാൾ ആൻറിനെ തിരിച്ചുകൊണ്ടിരിക്കണം. ഒരു കപ്പിത്താൻ അലകളിൽ കുടുങ്ങിയ കപ്പൽ ഓടിക്കുന്ന വൈഭവത്തോടെ. ഇന്നതൊക്കെപ്പറഞ്ഞാൽ ആര് വിശ്വസിക്കാൻ. അതൊക്കെ ഒരു കാലം.
അന്ന് മാധ്യമപ്രവർത്തനം എന്നു പറഞ്ഞാൽ പത്രപ്രവർത്തനം എന്നായിരുന്നു വിവക്ഷ. എന്നാൽ ഇന്ന് അത് മാറി. ഇന്ന് മാധ്യമപ്രവർത്തനം എന്നു പറഞ്ഞാൽ അതിൽ പത്രം വരാം, ദൃശ്യം വരാം, സോഷ്യൽ മീഡിയ വരാം എഫ്. എം. റേഡിയോ വരാം അങ്ങനെ പലതും കടന്നു വരും. അപ്പോൾ ഇന്ന് ജേർണലിസത്തിന് നമുക്ക് ഒറ്റപദമായി പറയാവുന്നത് മാധ്യമപ്രവർത്തനം എന്നാണ്.
“പണ്ട് പത്രപ്രവർത്തകന് ഉണ്ടായിരുന്ന വില ഇന്നത്തെ മാധ്യമപ്രവർത്തകന് ഇല്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. കയ്യിലിരിപ്പ്. അതു തന്നെ കാരണം. ധാർമ്മികത വിട്ടുള്ള പ്രവർത്തനത്തിലേക്ക് പലരും മുതലക്കൂപ്പ് കുത്തുന്നു. പെട്ടെന്ന് ശ്ര ദ്ധിക്കപ്പെടാനുള്ള ധൃതി. ഏറിവരുന്ന മൽസരം. അങ്ങനെ പലതും അതിനു കാരണങ്ങൾ ആണ്.” ഗുരു ഹിരണ്യൻ മാധ്യമപ്രവർത്തനത്തിന്റെ രാജനൈതികതയിലേക്ക് സാവകാശം കടന്നു.
“മാധ്യമപ്രവർത്തനം എന്തായിരിക്കണം എന്ന് ചോദിച്ചാൽ അതിന് വ്യക്തമായ ഉത്തരമുണ്ട്. മാധ്യമപ്രവർത്തകൻ എപ്പോഴും ഗാലറിയിലിരുന്ന് കളി കാണുന്ന ഒരു കാഴ്ചക്കാരൻ ആയിരിക്കണം. ഒരിക്കലും കളിക്കളത്തിൽ ഇറങ്ങി കളി നിയന്ത്രിക്കുന്ന റഫറി ആവരുത്. അല്ലെങ്കിൽ കളിക്കളത്തിൽ ഇറങ്ങി കളിക്കാരനെ മാറ്റി നിർത്തി ഗോളടിക്കുന്ന കളിക്കാരനാവരുത്. മാധ്യമപ്രവർത്തകൻ റിപ്പോർട്ട് ചെയ്യുകയാണ്. നടന്ന സംഭവത്തെ സത്യസന്ധമായി ജനത്തിൽ എത്തിക്കുക. അല്ലാതെ അവന്റെ ഭാവനയിൽക്കൂടി സംഭവത്തെ വളച്ചൊടിച്ച് ‘ഇന്ന രീതിയിൽ നടന്നു’ എന്ന് ജനത്തെ തെറ്റിദ്ധരിപ്പിച്ച് മുതലാക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. ഗ്യാലറിയിൽ നിന്നും നിങ്ങൾ ഒരിക്കലും കളിക്കളത്തിലേക്ക് ഇറങ്ങരുത്. അത് മാധ്യമപ്രവർത്തകൻ എപ്പോഴും ഓർത്തിരിക്കണം”.
ഗുരു ഹിരണ്യൻ ഞങ്ങളുടെ മുന്നിൽ പെയ്തിറങ്ങുമ്പോൾ ഞാനാലോചിച്ചത് മറ്റൊന്നാണ്. പത്രപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ എല്ലാം അതേപോലെ നമുക്ക് പാലിക്കാൻ സാധിക്കുമോ. അങ്ങനെ പോയാൽ റിപ്പോർട്ടിങ് നടന്നു എന്നു വരുമോ.
ഒരു റിപ്പോർട്ടർ അടിസ്ഥാനപരമായ റിപ്പോർട്ടിങ് തത്ത്വം മുറുകപ്പിടിക്കണം. റിപ്പോർട്ടു ചെയ്യുമ്പോൾ ആര്, എന്ത്, എങ്ങനെ, എപ്പോൾ, എവിടെ, എന്തുകൊണ്ട്, തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ ഉണ്ടാകണമെന്നാണ് നിയമം.
അത് എപ്പോഴും പ്രായോഗികമാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല. മാധ്യമപ്രവർത്തന മേഖലയിൽ നിൽക്കുന്ന ആർക്കും അത് തോന്നാനും സാധ്യതയില്ല. ഉദാഹരണത്തിന് ഒരു ആക്സിഡൻറ് നടന്നു എന്നു കരുതുക. സംഭവസ്ഥലത്ത് എത്രപേർ മരിച്ചു എന്ന ഒരു ഏകദേശ കണക്ക് നമുക്ക് കൊടുക്കാൻ സാധിക്കും. അതേ സാധിക്കൂ. വിശദവിവരങ്ങൾ പിന്നെ നമ്മൾ അറിയുള്ളൂ. കൃത്യമായി എത്രപേർ മരിച്ചു, മരിച്ചവർ ആരൊക്കെ, ഗുരുതരാവസ്ഥയിൽ ഉള്ളവർ ആരൊക്കെ, നിസാര പരിക്കുകൾ ഉള്ള എത്ര പേർ, വാഹനത്തിൽ എത്ര പേരുണ്ടായിരുന്നു, എപ്പോഴാണ് ആക്സിഡൻറ് നടന്നത്, എന്തുകൊണ്ടാണ് ആക്സിഡൻറ് നടന്നത്, ഇതൊക്കെ പിന്നീടേ നമ്മൾ അറിയുകയുള്ളൂ. എല്ലാം അറിഞ്ഞിട്ട് റിപ്പോർട്ട് ചെയ്യാൻ ശ്രമിച്ചാൽ, നമുക്ക് ഒരിക്കലും റിപ്പോർട്ട് ചെയ്യാൻ സാധിക്കില്ല. അപ്പോൾ മാധ്യമപ്രവർത്തനത്തിൽ പറയുന്ന എല്ലാ കാര്യങ്ങളും പൂർണ്ണമായി മനസ്സിലാക്കിക്കൊണ്ട് റിപ്പോർട്ട് ചെയ്യുക എന്നുള്ളതല്ല മറിച്ച് നമുക്ക് കിട്ടുന്ന അറിവ് പരമാവധി ഉപയോഗപ്പെടുത്തി ആ സംഭവത്തെ ജനത്തിൽ എത്തിക്കുക എന്നുള്ളതാണ് പ്രധാനം.
എങ്കിലും പ്രാരംഭത്തിൽ നമ്മൾ നിയമങ്ങൾ പിന്തുടരുന്നത് നല്ലതാണ്. ഏത് കാര്യത്തിനും പ്രസക്തതമായ ഒരു വസ്തുതയുണ്ട്. ഒരു തത്വമുണ്ട്. അത്, നിയമത്തെ പഠിക്കുക, നിയമത്തെ പിന്തുടരുക, പിന്നെ നിയമത്തെ തച്ചുടയ്ക്കുക. പുതിയൊരു നിയമം ഉണ്ടാക്കുക. അത് പ്രതിഭകൾക്ക് മാത്രം കഴിയുന്നതാണ്. അങ്ങനെ ചെയ്യാൻ കഴിയുന്നവരാണ് പ്രതിഭകൾ.
“മാധ്യമപ്രവർത്തനത്തിലും പ്രതിഭകളുണ്ടായിട്ടുണ്ട്. എന്നാൽ അവർ തുലോം തുച്ഛമാണ്. എണ്ണപ്പെട്ടവരാണ്. കുൽദീപ് നയ്യാരെപ്പോലെ.” ഗുരു ഹിരണ്യൻ പറഞ്ഞു തുടങ്ങി.
“1998-ല്‍ ഇന്ത്യ അഞ്ച് ആണവായുധ പരീക്ഷണ സ്‌ഫോടനങ്ങള്‍ നടത്തി.
അതീവ രഹസ്യമായിരുന്നു നീക്കങ്ങളെല്ലാം. അമേരിക്കയുടെയും ശത്രുരാജ്യങ്ങളുടെയും കണ്ണുവെട്ടിച്ചുള്ള നീക്കങ്ങള്‍. 1974-ൽ ഇന്ത്യയുടെ ആദ്യ ആണവ പരീക്ഷണം, ‘സ്‌മൈലിങ് ബുദ്ധ’, 1998-ല്‍ രണ്ടാം ആണവപരീക്ഷണം, ‘ഓപ്പറേഷന്‍ ശക്തി’. രണ്ടും പൊക്രാനിൽ വെച്ചു നടത്തി.
ഇന്ത്യയുടെ പൊക്രാൻ ആണവ വിസ്ഫോടത്തിനു ശേഷം, പാകിസ്താന്റെ ആണവ പരീക്ഷണങ്ങളുടെ പിതാവ് എന്നറിയപ്പെട്ടിരുന്ന അബ്ദുൾ കബീർ ഖാനെ കാണാൻ പ്രശസ്ത പത്രപ്രവർത്തകൻ കുൽദീപ് നയ്യാർ പാകിസ്താനിലേക്ക് പോയി. അതിനുള്ള അനുവാദവും അദ്ദേഹത്തിൻറെ കിട്ടി. പാകിസ്താൻ കാണിച്ച വലിയൊരു മണ്ടത്തരം ആയിരുന്നു അതെന്ന് പിന്നീട് കാലം തെളിയിച്ചു. അക്ഷന്തവ്യമായ തെറ്റ്.
നയ്യാർ എന്ന കൗടില്യനെപ്പറ്റി അവർക്ക് വേണ്ടത്ര ധാരണയില്ലാതെ പോയി. അല്ലെങ്കിൽ സൂത്രശാലിയായ ഒരു കുറുക്കനെ തിരിച്ചറിയാൻ അന്ന് അവർക്ക് കഴിയാതെ പോയി. അതിനവർ കൊടുക്കേണ്ടി വന്നത് വലിയ വിലയായിരുന്നു.
കേവലം 15 മിനിറ്റ് ആണ് നയ്യാർക്ക് ഖാനുമായിയുള്ള കുട്ടിക്കാഴ്ചയ്ക്കു പാക്കിസ്ഥാൻ അനുവദിച്ചത്. 15 മിനിറ്റിന്റെ, നാലാമത്തെ മിനിറ്റിൽ നയ്യാർക്ക് ആവശ്യമായ ഉത്തരം കിട്ടി. ലോകത്തെ ഞെട്ടിച്ച ആ വലിയ ഉത്തരം. ഖാൻന്റെ വായിൽ നിന്നു തന്നെ.
അഭിമുഖത്തിന്റെ നാലാമത്തെ മിനിറ്റിൽ നയ്യാർ പ്രസക്തമായ ആ ചോദ്യം ചോദിച്ചു. പരിഹാസ രൂപേണയുള്ള ഒരു പ്രസ്താവന എന്ന നിലയിൽ.
‘മിസ്റ്റർ ഖാൻ ഞാൻ ഇങ്ങോട്ട് വരുന്നതിനു മുമ്പ്, ഇന്ത്യയുടെ അണുശക്തി ഗവേഷണ വകുപ്പിന്റെ സെക്രട്ടറി മിസ്റ്റർ അശോക് മേത്ത (പേര് സാങ്കൽപ്പികം) എന്നോട് പറഞ്ഞത്, ‘പാകിസ്ഥാൻ വെറുതെ വീമ്പു പറയുകയാണ്. അവരുടെ കയ്യിൽ ഒരു ചുക്കും ഇല്ല എന്നാണ്. ഇതു വാസ്തവമോ?’
ശത്രുവുവിനെ പ്രകോപിപ്പിച്ചു സത്യം പുറത്തുകൊണ്ടുവരുക എന്ന നയമാണ് നയ്യാർ നടപ്പാക്കിയത്. പാവം ഖാൻ അതിൽ വീണുപോയി. പത്രപ്രവർത്തനത്തെപ്പറ്റിയും പത്രപ്രവർത്തകരെപ്പറ്റിയും വേണ്ടത്ര കാര്യവിവരം ഖാന് ഇല്ലാതെ പോയി.
നയ്യാർ പറഞ്ഞു തീരുന്നതിന് മുമ്പ് പ്രകോപിതനായ അബ്ദുൾ ഖാൻ ചാടി എണീറ്റ് കൈ ചുരുട്ടി മുന്നിലുള്ള ടീപോയിൽ ആഞ്ഞടിച്ചുകൊണ്ട് അലറി,
‘വി വിൽ എക്സ്പ്ലോഡ് , വി വിൽ എക്സ്പ്ലോഡ്’
(‘ഞങ്ങളും പൊട്ടിക്കും, ഞങ്ങളും പൊട്ടിക്കും’.)
അതുവരെ ലോകത്തെയും അമേരിക്കയേയും കബളിപ്പിച്ചുകൊണ്ട് ആണവ ഗവേഷണം നടക്കുന്നില്ല എന്ന് പറഞ്ഞു പരത്തിയിരുന്ന പാകിസ്താന്റെ ആ വലിയ രഹസ്യം, പ്രകോപിതമായ ആ ദുർബല നിമിഷത്തിൽ ഖാൻ സ്വയം അറിയാതെ വിളിച്ചുപറഞ്ഞു.
അത് മതിയായിരുന്നു നയ്യാർക്ക്. അദ്ദേഹം ഖാനോട് യാത്ര പറഞ്ഞ് അടുത്ത ഫ്ലൈറ്റിന് ഇന്ത്യയിലെത്തി, ആദ്യമേ ചെയ്തത് ബി. ബി. സി. ഉൾപ്പെടെ അദ്ദേഹത്തെ ആശ്രയിക്കുന്ന എൺപത് മാധ്യമങ്ങൾക്ക് ഈ വലിയ രഹസ്യം കൈമാറുക എന്നതായിരുന്നു.
അതാണ് പത്രപ്രവർത്തനം. ഉത്തരം കിട്ടാൻ ആവശ്യമായ ഏതു മേഖലയും നിങ്ങൾക്ക് ഉപയോഗിക്കാം. ഉത്തരം നേടാം. ഉത്തരം കിട്ടുക എന്നുള്ളതാണ് പ്രധാനം. അതിന്റെ അപ്പുറം അതിനെപ്പറ്റി നിങ്ങൾ ചിന്തിക്കേണ്ടതില്ല. ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും.” ഗുരു ഹിരണ്യൻ ആവേശത്തോടെ പറഞ്ഞു നിർത്തി.
രാവിലത്തെ സെഷൻ കഴിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം ഞങ്ങൾ വീണ്ടും ഒത്തുകൂടി.
ഉച്ചയ്ക്ക് ടി. വി. ജേർണലിസത്തെപ്പറ്റി അദ്ദേഹം വാചാലനായി.
“ദൃശ്യമേഖലയിൽ പ്രവർത്തിക്കുന്നവർ ഇന്ന് വളരെക്കൂടുതൽ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.” അദ്ദേഹം ഓർമിപ്പിച്ചു.
“ഇന്ന് ടി. വി. ജേർണലിസത്തിന് ഒരുപാട് പ്രസക്തിയുണ്ട്. ദൃശ്യമേഖലയ്ക്കും എഴുത്തുമേഖലയ്ക്കും അതിൻറെതായ മെച്ചവും കോട്ടവും ഉണ്ട്. ഉദാഹരണം പറഞ്ഞാൽ, ഒരു ആക്സിഡൻറ് നടന്നു അല്ലെങ്കിൽ ഒരു വെള്ളപ്പൊക്കം ഉണ്ടായി എങ്കിൽ അതിൻറെ ഭീകരത ഒട്ടും ചോരാതെ ആളുകളിൽ എത്തിക്കാൻ ദൃശ്യമേഖലയ്ക്കു കഴിയുന്നത് പോലെ പത്രത്തിന് കഴിയില്ല. എന്നാൽ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാൽ ആ ബജറ്റിന്റെ വിശദവിവരം ജനത്തിന് അറിയാൻ സാധിക്കുന്നത് പത്രത്തിൽക്കൂടിയാണ്. മാത്രമല്ല പത്രത്തിലെ വാർത്ത സ്ഥിരമായി നിൽക്കുന്നതാണ്.
രാജ്യത്ത് നടക്കുന്ന പൊതു തിരഞ്ഞെടുപ്പ്, രാജ്യത്തെ ബജറ്റ് ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എഴുത്ത് മാധ്യമത്തിന് വലിയ പ്രസക്തിയാണുള്ളത്. ചില അവസരത്തിൽ ഒരു സ്റ്റിൽ ഫോട്ടോയ്ക്ക് പറയാൻ പറ്റുന്ന കഥ ഒരു വലിയ ക്യാൻവാസിൽ വരച്ചെടുക്കാൻ സാധിക്കുന്നതല്ല. അങ്ങനെയുള്ള സ്റ്റിൽ ഫോട്ടോയും ധാരാളമായിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത അവരോധിത ആയതുതന്നെ, അവരെ ഒരു വാഹനത്തിൽ നിന്നും പുറത്തേക്ക് തള്ളിയിടുന്ന ഒരു സ്റ്റിൽ ഫോട്ടോയുടെ പശ്ചാത്തലത്തിലാണ്. അങ്ങനെ എത്രയെത്ര സംഭവവികാസങ്ങൾക്ക് സ്റ്റിൽ ഫോട്ടോ സാക്ഷ്യം വഹിച്ചിരിക്കുന്നു. ചരിത്രം തിരുത്തിക്കുറിച്ചിരിക്കുന്നു.
മാധ്യമപ്രവർത്തനത്തിൽ ഭാഷ എപ്പോഴും സംസാരഭാഷയായിരിക്കണം. പൊതുവേ നാം അംഗീകരിക്കുന്ന അച്ചടിഭാഷ എല്ലാവർക്കും പെട്ടെന്ന് മനസ്സിലാവും. എപ്പോഴും ഏറ്റവും ലളിതമായ പദങ്ങൾ ഉപയോഗിക്കണം. സാഹിത്യപദങ്ങൾ കഴിയുമെങ്കിൽ മാധ്യമപ്രവർത്തനത്തിൽ ഉപയോഗിക്കരുത്. ഒറ്റ വായനയ്ക്ക് അല്ലെങ്കിൽ ഒറ്റ കേഴ്വിക്ക് മനസ്സിലാകുന്ന വാക്കുകൾ ആയിരിക്കണം ഉപയോഗിക്കേണ്ടത്. അയത്ന ലളിത സുന്ദര സുരഭിലമായിരിക്കണം നിങ്ങൾ ഉപയോഗിക്കുന്ന പദാവലികൾ.
വർത്തയുടെ മർമ്മം, അല്ലെങ്കിൽ പ്രധാന കാര്യം, പ്രാരംഭത്തിൽ തന്നെ പറയണം. അല്ലെങ്കിൽ ടൈറ്റിൽ ആയിട്ട് കൊടുക്കണം. അതിൽ നിന്ന് തന്നെ സംഭവത്തിന്റെ ഏകദേശം രൂപം വായനക്കാരന് മനസ്സിലാക്കണം. സംഭവങ്ങൾ സസ്പെൻസിൽ പൊതിഞ്ഞു പറയാൻ ശ്രമിക്കരുത്. നമ്മുടെ പുരാണത്തിൽ അത്തരം സന്ദർഭങ്ങൾ ഉണ്ട്. സീതയെത്തേടി രാമേശ്വരത്ത് എത്തിയ രാമനും വാനരപ്പടയും അവിടെ തമ്പടിച്ചിട്ട് ശ്രീലങ്കയിൽ സീതാദേവി ഉണ്ടോ എന്ന് എങ്ങനെ അറിയും, ആര് പോയിട്ട് വരും എന്നു ചിന്തിക്കുന്നു. ഈ സാഹചര്യത്തിൽ ജാംബവാൻറെ ഉത്തേജനം കൊണ്ട് ശ്രീലങ്കയിലേക്ക് ചാടിയ ഹനുമാൻ, അവിടെ ചെന്നു സീതാദേവിയെ കാണുന്നു. പിന്നെ അടയാളമായി ചൂഡാരത്നം വാങ്ങി തിരിച്ചു വരുന്നു. തിരിച്ചു വരുന്ന ഹനുമാൻ, താഴെ കാലു കുത്തുന്നതിനു മുമ്പ് തന്നെ വിളിച്ചു പറയുന്നു, ‘കണ്ടു ഞാൻ സീതയെ’. ഞാൻ സീതയെ കണ്ടു എന്നല്ല ഹനുമാൻ പറയുന്നത്. പിന്നെയോ കണ്ടു ഞാൻ സീതയെ. ആദ്യ വാക്കിൽ തന്നെ ഉത്തരം കിട്ടി. അത് ഒരു ഉദാത്ത മാധ്യമപ്രവർത്തനത്തിന്റെ മാതൃകയാണ്.
ജേർണലിസ്റ്റ് എപ്പോഴും സംശയാലു ആയിരിക്കണം. കർത്താവ് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റപ്പോൾ അദ്ദേഹത്തിൻറെ മുറിവിൽ കുത്തി അത് ഉറപ്പുവരുത്തിയ സെന്റ് തോമസ് ആയിരിക്കണം മാദ്ധ്യമ പ്രവർത്തകന്റെ മാതൃക.
കാര്യങ്ങളെ എപ്പോഴും സംശയത്തോടു കൂടി മാത്രം നോക്കിക്കാണുക. കേട്ടകാര്യങ്ങൾ അന്ധമായി പിന്തുടരുകയോ വിശ്വസിക്കുകയോ ചെയ്യരുത്. കൃത്യമായ തെളിവോടുകൂടി മാത്രം റിപ്പോർട്ട് ചെയ്യുക”. അദ്ദേഹം പറഞ്ഞു.
“പക്ഷേ പലപ്പോഴും നമ്മുടെ പത്രപ്രവർത്തനത്തിന് മാതൃകയായിട്ട് നമ്മൾ പറയുന്നത് നാരദനെയാണ്. നാരദൻ ആണ് പൗരാണിക കാലഘട്ടത്തിലെ പത്രപ്രവർത്തകൻ. വിവരങ്ങൾ കൈമാറുക എന്നത് മാത്രമായിരുന്നില്ല, സംഭവവികാസങ്ങളെ തന്ത്രം ഉപയോഗിച്ച് ഉണ്ടാക്കി അറിയിക്കേണ്ട വ്യക്തികളെ അറിയിക്കുക എന്ന രീതിയായിരുന്നു നാരദന്റേത്. ഇത് മാതൃകയാക്കരുത്.
പലപ്പോഴും പത്രപ്രവർത്തകൻ മത്സരബുദ്ധിയിൽ ഈ രീതി പിന്തുടരുന്നുണ്ട്. മത്സരം നല്ലതുതന്നെയാണ്. അത് ആരോഗ്യകരമായിരിക്കണം. പക്ഷേ മത്സരം അതിരുവിട്ട് അനാരോഗ്യപ്രവണതയിലേക്ക് പോകരുത്. അത് വ്യക്തിഹത്യയ്ക്കും മറ്റു ദുരന്തങ്ങൾക്കും കാരണമാകും. ഈവക കാര്യങ്ങൾ മാദ്ധ്യമപ്രവർത്തകൻ പ്രത്യേകം ശ്രദ്ധിക്കണം.” അദ്ദേഹം ഊന്നിപ്പറഞ്ഞു.
“ഇതൊക്കെയാണെങ്കിലും നമ്മുടെ മാദ്ധ്യമപ്രവർത്തനം തുടങ്ങുന്നത് മഞ്ഞപ്പത്ര സംസ്കാരത്തിൽ നിന്നുമാണ്. ജയിംസ് അഗസ്റ്റസ് ഹിക്കി ആണ് നമ്മുടെ മാദ്ധ്യമ പിതാമഹൻ. ആയിരത്തി എഴുന്നൂറ്റി എണ്പതിൽ അദ്ദേഹം ഇൻഡ്യയിൽ ആദ്യത്തെ പത്രം തുടങ്ങി. കൽകട്ടയിൽ നിന്നും ബംഗാൾ ഗസറ്റും കൽകട്ട ജനറൽ അഡ്വർടൈസറും. രണ്ടു വർഷം കഴിഞ്ഞപ്പോൾ അത് പൂട്ടിക്കെട്ടി. ഹിക്കി ജയിലിലുമായി. കാരണം ഇഷ്ടന്റെ വിനോദം വൈസ്രോയിയുടെ കിടപ്പറ രഹസ്യങ്ങളും മറ്റ് മഞ്ഞമസാലകളുമായിരുന്നു. സഹികെട്ട് ബ്രിട്ടീഷുകാരൻ തന്നെ ബ്രിട്ടീഷുകാരനായ പത്രാധിപരെ ജയിലിലടച്ചു. അവിടെത്തുടങ്ങുന്നു നമ്മുടെ മാദ്ധ്യമസംസ്കാരം.
ഹിക്കിയുടെ പ്രവർത്തനം നമ്മൾ മാതൃകയാക്കരുത്. നമ്മുടെ മാതൃക സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയായിരിക്കണം. ‘ദൈവം തെറ്റ് ചെയ്താലും ഞാനത് റിപ്പോർട്ട് ചെയ്യുമെന്ന്’ പറഞ്ഞ രാമകൃഷ്ണപിള്ള.
മാദ്ധ്യമപ്രവർത്തകന് അത്യാവശ്യം വേണ്ട ഗുണമതാണ്. നിർഭയത്വം. സമർപ്പണബുദ്ധി, പ്രീണനത്തിനും ഭീഷണിക്കും വിധേയമാവാതിരിക്കൽ. ഇത്രയും ഒരു നല്ല മാദ്ധ്യമപ്രവർത്തകന് അനിവാര്യമാണ്.”
ഹിരണ്യൻ വിശദീകരിച്ചു. മാദ്ധ്യമധർമ്മം പല ആവർത്തി അദ്ദേഹം ഉദ്ബോധിപ്പിച്ചുകൊണ്ടേയിരുന്നു.
“ചോദ്യങ്ങൾ ചോദിക്കുമ്പോൾ ശ്രദ്ധിക്കണം. അത് ഒരു മാധ്യമവിചാരണ ആവരുത്. മാന്യത കാണിക്കണം. ചോദ്യം ചോദിക്കപ്പെടുന്ന വ്യക്തി ഇരയാവരുത്. അവർക്കുമുണ്ട് ചില അവകാശങ്ങൾ. ഓർക്കുക ചില ചോദ്യങ്ങൾ ശിക്ഷകളാവും. അത് എപ്പോഴും ഓർമ്മിക്കണം.
മാദ്ധ്യമപ്രവർത്തകന് സാധാരണക്കാരനിൽ നിന്നും വ്യത്യസ്തമായി അവകാശങ്ങളോ നിയമപരിരക്ഷയോ ഇല്ല എന്ന വസ്തുതയും ഓർക്കണം. ആരുടേയും സ്വകാര്യതയിൽ ഇടിച്ചുകയാറാനുള്ള ലൈസൻസ് മാദ്ധ്യമപ്രവർത്തകനില്ല. കൂടാതെ ഏതു മാധ്യമസ്ഥാപനത്തിനും ഒരു മാദ്ധ്യമപ്രവർത്തകനെ എപ്പോൾ വേണമെങ്കിലും പിരിച്ചുവിടാം. മൂന്നുമാസത്തെ ശമ്പളം മുൻക്കൂട്ടി കൊടുക്കണമെന്ന് മാത്രം. അതും എപ്പോഴും ഓർമ്മയിലുണ്ടാവണം.
ജേർണലിസ്റ്റിനെ നിയന്ത്രിക്കാൻ ആരുമില്ല എന്ന ധാരണ തെറ്റാണ്. നിലവിൽ ആരും നിയന്ത്രിക്കുന്നില്ല. കാരണം അവന് സ്വാധീനശക്തിയുണ്ട്. അതുകൊണ്ടുതന്നെ ഭരണകൂടത്തിനും പത്രപ്രവർത്തകനെ ഭയമാണ്. ആ ഭയത്തെ മുതലാക്കാൻ ശ്രമിക്കരുത്. അവിടെയാണ് നാം ധാർമ്മികത ഉയർത്തിപ്പിടിക്കേണ്ടത്. ഏത് പോലീസുകാരനേയും ചീത്ത വിളിക്കാനുള്ള അധികാരമല്ല മാധ്യമപ്രവർത്തനം. അതെപ്പോഴും ചിന്തിക്കണം.”
ഗുരു ഹിരണ്യൻ ഒരു ഫുൾസ്റ്റോപ്പിട്ടു. എല്ലാവരെയും ഒന്ന് ഉഴിഞ്ഞു നോക്കി. എന്നിട്ട് ചോദിച്ചു.
“നിങ്ങൾക്ക് എന്തെങ്കിലും എന്നോടു ചോദിക്കാനുണ്ടോ?”
തികഞ്ഞ നിശ്ശബ്ദത. ആരും ഒന്നും മിണ്ടിയില്ല. ഒരു നിമിഷം കഴിഞ്ഞപ്പോൾ ആ അവസരം ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. ഞാൻ ഗുരുവിനോട് ചോദിച്ചു.
“എന്തുകൊണ്ട് ഒരു ബഹിരാകാശ ശാസ്ത്രകാരനെ കാമഭ്രാന്തനായ ഒരു പോലീസുകാരന്റെ ജല്പനം കേട്ട് ചില മാദ്ധ്യമങ്ങൾ കല്ലെറിയുകയും ക്രൂശിക്കുകയും ചെയ്തപ്പോൾ അങ്ങും അങ്ങയുടെ പത്രവും പ്രതികരിച്ചില്ല. രാജ്യത്തിൻറെ ബഹിരാകാശ ഗവേഷണത്തെ ഒന്നര പതിറ്റാണ്ട് പിന്നോട്ട് വലിച്ചപ്പോൾ എന്തുകൊണ്ട് അവരെ തിരുത്തിയില്ല?”
ഗുരു ഹിരണ്യൻ പഠിപ്പിച്ച മാദ്ധ്യമധർമ്മം എന്നിൽ തിളച്ചു മറിയുകയായിരുന്നു അപ്പോൾ.
ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം അദ്ദേഹം സാവകാശം പതിയെപ്പറഞ്ഞു.
“ഇപ്പോൾ തന്നെ എനിക്ക് ആവശ്യത്തിലധികം ശത്രുക്കൾ ഉണ്ട്. പിന്നെ ഞാനും എൻറെ മാധ്യമവും ആ വാർത്തയ്ക്കു പിന്നാലെ പോയില്ല. അതാഘോഷിച്ചില്ല”.
നിഷ്ക്രിയത്വം ഞങ്ങളുടെ നയമായിരുന്നു. ഞങ്ങളുടെ സന്ദേശം അതായിരുന്നു എന്നു സാരം.
പക്ഷേ അതിൽ ഞാൻ തൃപ്തനായില്ല. ഗുരു പറയാതെ പറഞ്ഞുവെച്ച കുറെ കാര്യങ്ങൾ എനിക്ക് ബോധ്യം വന്നു. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന വസ്തുത. പിന്നെ ദൈനംദിനാടിസ്ഥാനത്തിൽ കാര്യങ്ങൾ പറഞ്ഞുവെച്ച് ജനത്തെ ബ്രെയിൻവാഷ് ചെയ്യാൻ കഴിഞ്ഞ വലിയൊരു പത്രത്തിൻറെ സ്വാധീനത്തിൽ തങ്ങളുടെ ചെറിയ ശബ്ദം ആരും ശ്രദ്ധിക്കുകയില്ല എന്നുള്ള തിരിച്ചറിവ്. സഹജീവി ചെയ്യുന്നത് തെറ്റാണെന്നു ബോധ്യപ്പെട്ടാലും സഹജീവിയെ ഒറ്റപ്പെടുത്തരുത് എന്ന സാഹോദര്യമനോഭാവം. അതുകൊണ്ടൊക്കെയാവാം മാധ്യമധർമ്മം മറന്നുള്ള അദ്ദേഹത്തിൻറെ നിസ്സംഗതയും നിശബ്ദതയും.
പണ്ട് യുദ്ധാനന്തരം കുരുക്ഷേത്രത്തിൽ ശരശയ്യയിൽ കിടന്ന ഭീഷ്മപിതാമഹനോട് രാജധർമ്മം ഉപദേശിക്കണമെന്ന് അപേക്ഷിച്ച യുധിഷ്ഠിരന് ഭീഷ്മർ തൻറെ എല്ലാ ശക്തിയും ഉപയോഗിച്ച് രാജധർമ്മം ഉപദേശിച്ചു കൊടുക്കുന്നു. ഉപദേശത്തിന്റെ അന്ത്യത്തിൽ എല്ലാം കേട്ടുനിന്ന ദ്രൗപദി ഭീഷ്മരെ പരിഹസിച്ച് ചിരിച്ചു. എന്നിട്ട് അദ്ദേഹത്തോട് ചോദിച്ചു,
‘ഇതൊക്കെ അറിയാവുന്ന അങ്ങ് എന്തുകൊണ്ട് അന്ന് രജസ്വലയും ഏകവസ്ത്രധാരിണിയുമായ എന്നെ രാജസഭയിൽ വെച്ച് അധിക്ഷേപിച്ചപ്പോൾ അതിനെ എതിർത്തില്ല.’
അപ്പോൾ കുറ്റബോധത്തോടെ പതിഞ്ഞ ശബ്ദത്തിൽ ഭീഷ്മർ പറഞ്ഞു,
‘അന്ന് എനിക്കതിന് കഴിഞ്ഞില്ല മകളെ. സംസർഗ്ഗഗുണം കൊണ്ട് എനിക്കു ധാർമ്മികത കൈമോശം വന്നു പോയി.’
ഇപ്പോൾ അതുതന്നെ ഹിരണ്യനും കുറ്റബോധത്തോടുകൂടി പറയുന്നു.
‘സഹജീവി ചെയ്യുന്നത് തെറ്റാണെന്നറിഞ്ഞിട്ടും അത് തിരുത്താനുള്ള ശക്തി ഞങ്ങൾക്ക് ഇല്ലാതെപോയി എന്ന്.’
പിന്നെ കൂടുതൽ അതിലിട്ട് ചുരണ്ടാൻ ഞാനും തയ്യാറായില്ല. ഒരു നിമിഷത്തെ മൌനത്തിനു ശേഷം ഗുരു തുടർന്നു.
“പലപ്പോഴും മാധ്യമപ്രവർത്തനത്തിന്റെ മേഖലയിലേക്ക് കടന്നുവരുന്ന യുവാക്കൾ അതിരുവിട്ടു പെരുമാറുന്നു എന്നുള്ള ഒരു പരാതിയുണ്ട്. അത് സ്വയം നിയന്ത്രിച്ചില്ലെങ്കിൽ അവർ അധികകാലം മാധ്യമപ്രവർത്തനത്തിൽ നിലനിന്നു എന്ന് വരികയില്ല. ജനം അവരെ വെറുക്കുകയും ആ മാധ്യമത്തെ കയ്യൊഴുകയും ചെയ്യും”.
മാധ്യമപ്രവർത്തനത്തിൽ ധാർമികതയുടേയും സദാചാരനിഷ്ഠയുടേയും പ്രധാന്യത്തെപ്പറ്റി അദ്ദേഹം എടുത്തു പറഞ്ഞുകൊണ്ടിരുന്നു. ക്ലാസ്സിന്റെ അവസാനം വരെ.
എന്തുതന്നെയായാലും വളരെ വിലപിടിച്ച ഒന്നായിരുന്നു അദ്ദേഹത്തിൻറെ ക്ലാസ്. അത് ഭംഗിയായി പര്യവസാനിച്ചു.
ഏതാനും നാളുകൾക്ക് ശേഷം, ഞാൻ ഒരു ദൃശ്യമാധ്യമത്തിന്റെ പ്രവർത്തകനായി ജോലിയെടുത്തു വരവേ ആ ദുരന്തം സംഭവിച്ചു. എൻറെ ഗുരു, മാധ്യമ ഉപദേഷ്ടാവ് ഹിരണ്യൻ ഒരു സ്ത്രീപീഢനക്കേസുമായി ബന്ധപ്പെട്ട്, അദ്ദേഹം പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിൽ നിന്നും പുറത്താക്കപ്പെട്ടു.
കുറ്റാരോപണത്തിൽ നിന്നും ഊരിപ്പോരാൻ അദ്ദേഹം പരമാവധി ശ്രമിച്ചു. തന്റെ സ്വാധീനം ഉപയോഗിച്ച് പരമാവധി സ്ഥാപനത്തിൽ പിടിച്ചു നിൽക്കാനും പെൺകുട്ടിയെ അപമാനിച്ചു ഒതുക്കാനും ശ്രമിച്ചു. പക്ഷേ വിജയിച്ചില്ല. അവിടെ അദ്ദേഹം പത്രധർമ്മം മറന്നുപോയി. നിലനിൽപ്പായിരുന്നു പ്രധാനം.
അദ്ദേഹത്തിൻറെ സ്ഥാനം, പരിവേഷം, സ്വാധീനം ഇതൊക്കെ അദ്ദേഹത്തെ സംരക്ഷിക്കും എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവാം. പക്ഷേ അതൊന്നും അദ്ദേഹത്തിന് സഹായകരമായില്ല. നിവൃത്തിയില്ലാതെ അദ്ദേഹത്തിൻറെ സ്ഥാപനം അദ്ദേഹത്തെ പുറത്താക്കി. ലജ്ജാകരമായ വിടവാങ്ങൽ. അതായിരുന്നു ഗുരു ഹിരണ്യന്റെ വിധി.
ന്യൂജൻ മാധ്യമപ്രവർത്തകരെ വാർത്തെടുക്കേണ്ട ആ മഹത് വ്യക്തിത്വം ഇത്രയ്ക്ക് അധ:പതിച്ചു പോയി എന്നുള്ള വസ്തുത ഉൾക്കൊള്ളാൻ ആർക്കും സാധിച്ചില്ല. എനിക്കും.
ദുർബ്ബലയായ പെൺകുട്ടിയെ പിന്താങ്ങാൻ സമൂഹം ഒന്നടങ്കം മുന്നോട്ടു വന്നപ്പോൾ പ്രബല മാധ്യമപ്രവർത്തകനായ എൻറെ ഗുരു കീഴടങ്ങി. അദ്ദേഹത്തെ പുറത്താക്കി അദ്ദേഹം പ്രവർത്തിച്ചിരുന്ന സ്ഥാപനം അവരുടെ മാധ്യമധർമ്മം നിർവ്വഹിച്ചു. അങ്ങനെ എൻറെ ഗുരു ഹിരണ്യൻ, പത്രപ്രവർത്തനരംഗത്ത് നിന്നും പിൻവാങ്ങി.
എൻറെ മനസ്സിലെ വിഗ്രഹം വീണുടഞ്ഞു. പിന്നെ നിറഞ്ഞു നിന്നത് പുച്ഛമാണ്. വെറുപ്പും. ഒരവസരത്തിനായി ഞാൻ കാത്തിരുന്നു. അത്ഭുതകരമായി ആ അവസരം എന്നെത്തേടിയെത്തി. താമസിക്കാതെ.
അപ്പോൾ ഒരു ശിഷ്യന് ആദർശവാനായ ഗുരുവിൽ ഉണ്ടായ വിശ്വാസം നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ഇച്ഛാഭംഗം അതിൻറെ പൂർണ്ണരൂപത്തിൽ ഞാൻ അദ്ദേഹത്തിന്റെ മുഖത്തേക്ക് ഛർദ്ദിച്ചു.
അത് അനന്തപുരിയിലെ ഒരു മാളിൽ വച്ച് ഒരു സന്ധ്യയിൽ യാദൃശ്ചികമായി അദ്ദേഹത്തെ കണ്ടപ്പോഴാണ്. ഞാൻ എന്റെ ഗുരുവിന്റെ സമീപം എത്തി ഉപചാരപൂർവ്വം വണങ്ങി.
അപ്പോഴും അദ്ദേഹത്തിൻറെ പടിയിറക്കം അദ്ദേഹത്തിൻറെ എതിരാളികൾ എന്നു കരുതപ്പെടുന്ന പത്രം ആഘോഷിക്കുകയായിരുന്നു. അദ്ദേഹത്തെപ്പറ്റി എന്തെങ്കിലും ഒരു ചെറിയ വാർത്തയെങ്കിലും എന്നും അവരുടെ പത്രത്തിൽ അവർ കൊടുക്കുമായിരുന്നു. അങ്ങനെ അവർ അദ്ദേഹത്തോടുള്ള പ്രതികാരം നിറവേറ്റി.
ഒരുപാട് പേർക്ക് അദ്ദേഹത്തോട് അസൂയ ഉണ്ടായിരുന്നു. കാരണം രാജ്യത്തെ അറിയപ്പെടുന്ന ഒരു ഇംഗ്ലീഷ് മാധ്യമത്തിന്റെ പ്രബലസ്ഥാനത്ത് എത്തിയ വ്യക്തിയാണല്ലോ ഹിരണ്യൻ. അദ്ദേഹത്തോട് ആളുകൾക്ക് ആദരവുള്ളപോലെതന്നെ അസൂയയും ഉണ്ടായിരുന്നു. ഒരു അവസരത്തിൽ അദ്ദേഹം ദുർബ്ബലനായി പുറത്താക്കപ്പെട്ടപ്പോൾ, അത് അവർ നന്നായി ആഘോഷിച്ചു.
മാളിന്റെ ലോഞ്ചില്‍ അന്നും, അദ്ദേഹത്തെ പരിഹസിച്ചുകൊണ്ട് സ്ഥിരമായി വാർത്ത എഴുതുന്ന പത്രം കിടക്കുന്നുണ്ടായിരുന്നു. പല പത്രങ്ങളുടെ കൂട്ടത്തിൽ ഒന്ന്. അന്നും ആ പത്രത്തിൽ അദ്ദേഹത്തിനെതിരെ വാർത്തയുണ്ടായിരുന്നു. അത് അദ്ദേഹവും കണ്ടിട്ടുണ്ടാവണം.
ആ സമയത്ത് യാജ്ഞവൽക്യനെ പരസ്യമായി രാജ്യസഭയിൽ വെച്ചു ചോദ്യം ചെയ്ത ഗാർഗ്ഗിയുടെ ആത്മാവ് എന്നിലേക്ക് ആവേശിച്ചു. പാടില്ലാത്തതാണ്. പക്ഷേ എന്നിൽ ഗുരുവിനോട് ഉണ്ടായിരുന്ന വെറുപ്പ് അത്രമാത്രമായിരുന്നു. എന്നെ നേർവഴിക്കു നയിച്ച എന്റെ ഗുരു, ധാർമ്മികതയുടേയും സദാചാരത്തിന്റെയും അപ്പൊസ്തലൻ, എന്റെ മുന്നിൽ വിവസ്ത്രനായി നിൽക്കുകയായിരുന്നു അപ്പോൾ.
ഞാൻ അദ്ദേഹത്തോട് വിനയപൂർവ്വം ചോദിച്ചു.
“സർ ഒരു സംശയം ചോദിച്ചോട്ടെ?”
ഗുരു ഹിരണ്യൻ ഉദ്വേഗത്തോടെ മുന്നോട്ടാഞ്ഞ് നിന്നു. ചോദിച്ചോളൂ എന്ന ഭാവം. ഗാർഗ്ഗിയുടെ ആത്മാവ് അപ്പോൾ പൂർണമായി എന്നിൽ ആവേശിച്ചു കഴിഞ്ഞിരുന്നു.
ആ ദുർബ്ബല നിമിഷത്തിൽ ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
“സർ മാധ്യമ പ്രവർത്തനത്തിൽ സ്ത്രീപീഢനം ഉൾപ്പെടുമോ?”.
ഒരു നിമിഷം അദ്ദേഹത്തിൻറെ മുഖം വിവർണമാകുന്നതും കണ്ണുകൾ അറിയാതെ ടീപ്പോയിൽ കിടക്കുന്ന പത്രത്തിലേക്ക് പാളിപ്പോകുന്നതും ഞാൻ കണ്ടു.
അതേനിമിഷം ഞാൻ അവിടെ നിന്നും തിരിഞ്ഞു നടന്നു.
എനിക്കറിയാം ആ കണ്ണുകൾ പിന്നീട് എന്നെ നോക്കുമ്പോൾ അതിൽ നിറഞ്ഞുനിൽക്കുന്ന ദയനീയത എത്രമാത്രമായിരിക്കുമെന്ന്.
“ചില ചോദ്യങ്ങൾ ശിക്ഷകളാകാറുണ്ട്.”
ഗുരു ഞങ്ങളെ പറഞ്ഞ് പഠിപ്പിച്ചതാണത്. ഒരിക്കൽ.
‘അതേ. ചില ചോദ്യങ്ങൾ ശിക്ഷകളാകാറുണ്ട്’.
ഞാൻ എന്നോടുതന്നെ പറഞ്ഞു.
പിന്നെ പലവുരുപറഞ്ഞ് സ്വയം ബോദ്ധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. പുറത്തേക്ക് നടക്കുമ്പോൾ.
dr.sreekumarbhaskaran@gmail.com
