ശ്രീകുമാർ ഭാസ്കരൻ.
ഞാൻ ആ മനുഷ്യനെ എന്നും കാണും. ഞാൻ അവിടെ താമസം തുടങ്ങിയിട്ട് നാലുമാസമേ ആയിട്ടുണ്ടായിരുന്നുള്ളു. നേരത്തെ നഗരമദ്ധ്യത്തിൽ തന്നെയായിരുന്നു താമസം.
പാലക്കാട് അത്ര വികസിച്ച സ്ഥലമല്ല. അവിടെ ഇപ്പോഴും അംബരചുംബികളായ കെട്ടിടങ്ങൾ അങ്ങനെയില്ല. റൂമിന് പുറത്തിറങ്ങി ദൂരേക്ക് നോക്കിയാൽ കോട്ടപ്പോലെ മലനിരകൾ കാണാം. അതൊരു മനോഹരമായ കാഴ്ചയാണ്. ഒരു ഛായാച്ചിത്രം പോലെ. കറുത്ത് കരിവാളിച്ച മലനിരകൾ. അതിൽ നിന്നും ആ മലനിരകളുടെ ദൂരം നമുക്ക് ഊഹിക്കാം. പാലക്കാട് ചൂടുകൊണ്ടു പ്രസിദ്ധമാണ്. പനകളുടെ നാട്. മെയ് മാസത്തിൽ ചൂടുകൊണ്ടു പച്ചപ്പന നിന്നുകത്തുന്ന സ്ഥലം.
ഞാൻ നഗരമദ്ധ്യത്തിൽ നിന്നും ഒലവക്കോട് റെയിൽവേ സ്റ്റേഷനടുത്തേക്ക് താമസം മാറ്റിയത് യാത്രാ സൌകര്യം പ്രമാണിച്ചാണ്. ക്ലാസ്സെടുക്കാൻ എനിക്ക് ആലപ്പുഴയിൽ വരേണ്ടതായിട്ടുണ്ടായിരുന്നു. എല്ലാ ആഴ്ചയും.
ഞാൻ താമസിച്ചിരുന്ന ലോഡ്ജിന്റെ താഴെ ഒരു ചെറിയ തട്ടുകടയുണ്ട്. ഒറ്റമുറിക്കട. അവിടെ ചായയും ചെറുകടികളും കിട്ടും. ചിലപ്പോൾ പൂരിയും കിഴങ്ങുകറിയും കാണും. ചായ പുറത്തിരുന്ന് കഴിക്കണം. സ്ഥലപരിമിതിയാണു കാരണം.
മിക്ക ദിവസങ്ങളിലും ഞാൻ ചായ കുടിക്കുമ്പോൾ അവിടെ ഒരു ഭിക്ഷക്കാരൻ ഇരിക്കുന്നുണ്ടാകും. ഞാൻ അവനും ചായ വാങ്ങിക്കൊടുക്കും. ഒരു മുപ്പതു മൂപ്പത്തഞ്ചിനടുത്ത് പ്രായം വരുന്ന ഭിക്ഷക്കാരൻ. പ്രാകൃത രൂപം. എന്നും കൈലിയും ഷർട്ടുമായിരുന്നു വേഷം. അത് പരമാവധി മുഷിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ അവൻ ദൂരെ മാറിയിരിക്കും. അവന്റെ മുതുകിൽ ഒരു മുഴയുണ്ടായിരുന്നു. എന്നാൽ അവന് കൂന് ഉണ്ടായിരുന്നില്ല.
ഞാൻ ചില ദിവസങ്ങളിൽ ചായ കുടിച്ചിട്ടു പോരുമ്പോൾ അവനു കൂടെ ചായക്കുള്ള പണം കടക്കാരന് കൊടുത്തിട്ടു പോരും. ചായ കടക്കാരൻ അവന് കൊടുക്കും എന്ന വിശ്വാസത്തിൽ.
ഞാൻ ചായ കുടിക്കുമ്പോഴാണ് അയാളും ചായ കുടിക്കാൻ വരിക. അയാൾ എന്റെ സമീപത്തിരിക്കും. പക്ഷേ ഒന്നും മിണ്ടില്ല. എന്നോടു മാത്രമല്ല ആരോടും. എന്നും അലക്കിത്തേച്ച പാറ്റ്സും ഷർട്ടുമിട്ട് ടിപ് ടോപ്പായാണ് കടയിൽ വരുന്നത്. താമസിക്കുന്നതാകട്ടെ കടയിൽ നിന്നും കഷ്ടിച്ച് അൻപത് മീറ്റർ മാത്രം ദൂരമുള്ള ഒരു മുറിയിലും.
ആയാൾക്ക് ഒരു എഴുപത്തഞ്ചു വയസ്സു മതിക്കും. ഏറയും കഷണ്ടി ബാധിച്ച തല. മുടി നന്നായി നരച്ചതാണ്. വണ്ണം അധികമില്ല. എന്നും വൈകിട്ട് ടീ ഷർട്ട് ഇൻ ചെയ്തു ഷൂ ഒക്കെ ധരിച്ച് ആ മനുഷ്യൻ നടന്നുപോകും. റയിൽവേ സ്റ്റേഷന് സമീപത്തേക്ക്. നീണ്ട് നി വർന്ന് കാല് നീട്ടി വലിച്ചു വെച്ചാണ് നടപ്പ്. മഹാത്മാഗാന്ധിയുടെ നടപ്പിനെ അനുസ്മരിപ്പിക്കുന്ന നടപ്പ്.
ഞാൻ താമസിക്കുന്നതിന്റെ അടുത്ത കെട്ടിടത്തിലാണ് ആ മനുഷ്യൻ താമസിക്കുന്നത്. രണ്ടു കെട്ടിടവും ഒരാളുടെ തന്നെയാണ്. ഒരു സെയ്തലവിയുടേത്. സെയ്തലവി പെരിന്തൽമണ്ണക്കാരനാണ്. ലോഡ്ജ് ബിൽഡിങ് നിർമ്മിച്ചത് ഒരു അഡിഗ യായിരുന്നു. കന്നടക്കാരൻ. ദേവേന്ദ്ര അഡിഗ. അഡിഗയ്ക്ക് മുൻപ് പാലക്കാട് കുറച്ച് ബിസിനസും മറ്റു കാര്യവും ഉണ്ടായിരുന്നു. ആ സമയത്താണ് ഈ ബിൽഡിങ് ഉണ്ടാക്കുന്നത്. മുപ്പത്തഞ്ചു വർഷം മുമ്പ്. അടുത്തടുത്ത രണ്ടു ബിൽഡിങുകൾ. ഒരു ബിൽഡിങ്ങിന് രണ്ടു നിലയും മറ്റേ ബിൽഡിങ്ങിന് മൂന്നു നിലയും. രണ്ടും ലോഡ്ജ് എന്ന നിലയിൽ പ്രവർത്തിക്കുന്നു. ഒരു ബിൽഡിങ്ങിന്റെ മുൻഭാഗത്ത് നിരപ്പു കടകൾ ആണുള്ളത്. താഴത്തെ നിലയിൽ. മറ്റേ ബിൽഡിംഗ് പൂർണമായും ലോഡ്ജായിയാണ് പ്രവർത്തിക്കുന്നത്. മൂന്നു നിലയിലും കൂടി എകദേശം ഒരു അൻപത്തഞ്ച് അറുപത് മുറികൾ ഉണ്ടാവും. അഡിഗ പിന്നീട് ലോഡ്ജ് സെയ്തലവിക്ക് വിൽക്കുകയായിരുന്നു.
എന്നും രാവിലെ അയാൾ ഹിന്ദു പത്രം വായിക്കും. ഇളം വെയിൽ കൊണ്ടുകൊണ്ട് കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള അരമതിലിൽ ഇരുന്നാണ് വായന. അങ്ങനെ രാവിലെ ഒരു എട്ടര വരെ ഹിന്ദു പത്രം വായിച്ചതിനുശേഷം ഞാൻ താമസിക്കുന്ന ബിൽഡിങ്ങിന്റെ ഫ്രണ്ടിലുള്ള ചെറിയ ചായക്കടയിലെത്തും. അപ്പോൾ മിക്കവാറും ഞാനവിടെയുണ്ടാകും. അവിടുന്ന് ചായ കുടിച്ചിട്ട് അയാൾ ഒലവക്കോട് റെയിൽവേ സ്റ്റേഷന്റെ ഭാഗത്തേക്ക് നടക്കും. എപ്പോഴും വെയിൽ ആയാലും മഴയായാലും ആ മനുഷ്യൻറെ കയ്യിൽ ഒരു കുട ഉണ്ടായിരിക്കും. അത് മടക്കിച്ചുരുട്ടി കയ്യിൽ വച്ചിരിക്കും.
അങ്ങനെ ടിപ്ടോപ്പ് ആയിട്ട് ആരോടും സംസാരിക്കാതെ നടന്നു പോകുന്ന ആ മനുഷ്യനെ പലപ്പോഴും ഞാൻ വഴിയിൽ വച്ച് കാണാറുണ്ട്. പക്ഷേ ആ മനുഷ്യൻ നമ്മളെ കണ്ടഭാവം പോലും കാണിക്കില്ല. ഞങ്ങൾ രണ്ടും ഒരേ കോമ്പൗണ്ടിൽ താമസിക്കുന്ന വാടകക്കാരാണ് എന്നുള്ള ഒരു തിരിച്ചറിവ് അല്ലെങ്കിൽ ധാരണ ആ മനുഷ്യന് ഇല്ല എന്ന് തോന്നിയിരുന്നു. ഡിമെൻഷ്യ ബാധിച്ച ഒരു വ്യക്തിയാണ് അയാളെന്ന് തോന്നും അയാളുടെ ഭാവം കാണുമ്പോൾ. അതുകൊണ്ടു ഞാനും അയാളെ പരമാവധി അവഗണിക്കുകയായിരുന്നു പതിവ്. അന്നുവരെ.
അന്ന് ഞാൻ ചായകുടിക്കാന് കടയിൽ ചെല്ലുമ്പോൾ അയാൾ അവിടെയുണ്ട്. പതിവുപോലെ ആ ഭിക്ഷക്കാരനും. ഞാൻ ചായകുടി കഴിഞ്ഞു പോരുമ്പോള് ‘അവനൊരു ചായ കൊടുത്തേക്കൂ’ എന്നു പറഞ്ഞ് അതിന്റെ തുക കൂടി കടക്കാരനെ ഏലപ്പിച്ചിട്ടു നടക്കുമ്പോൾ അയാൾ എന്നെ പിന്നിൽ നിന്നും വിളിച്ചു.
“ഹലോ”
ഞാൻ നിന്നു. അയാൾ എന്റെ അടുത്തു വന്നു. എന്നിട്ട് ചോദിച്ചു.
“നിങ്ങൾ ആ ഭിക്ഷാക്കാരന് ചായ കൊടുക്കാനായി പൈസ കടക്കാരനെ ഏൽ പ്പിച്ചുവല്ലോ. മുൻപും നിങ്ങൾ ഇങ്ങനെ ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ കടക്കാരൻ പൈസ വാങ്ങുന്നതല്ലാതെ ആ ഭിക്ഷാക്കാരന് ചായ കൊടുക്കാറില്ല. അതറിയാമോ.”
ഞാൻ ഒന്നും മിണ്ടിയില്ല.
“നിങ്ങളെ അവൻ ഗ്രാന്റായി വഹിപ്പിക്കുകയാണ്. പിന്നെ ആ ഭിക്ഷക്കാരനും ഒട്ടും മോശമല്ല.” അയാൾ പറഞ്ഞു.
അപ്പോഴും ഞാൻ മൌനം പാലിച്ചു.
അയാൾ എന്റെ നേരെ കൈ നീട്ടി.
“ഞാൻ ജോസഫ്.”
അങ്ങനെ നാലുമാസമായി സ്ഥിരമായി കണ്ടുകൊണ്ടിരുന്ന എന്റെ അയ ൽക്കാരനെ ഞാൻ പരിചയപ്പെട്ടു.
“ജോസഫ് ശാമുവൽ അന്തർപുര. അതാണ് പൂർണമായ പേര്.” അയാൾ പറഞ്ഞു.
“ഞാൻ വൈശാഖ്. അദ്ധ്യാപനാണ്” ഞാൻ പറഞ്ഞു.
“ജോസഫ് ശാമുവൽ അന്തർപുര. നല്ല ഗമാൽറ്റിയുള്ള പേരാണല്ലോ.”
“ഗമാൽറ്റി പേരിലേയുള്ളൂ.” അയാൾ പറഞ്ഞു.
അവിടെവെച്ചു ഞങ്ങൾ നല്ല സുഹൃത്തുക്കളായി.
“അന്തർപുര…?” ഞാൻ അർദ്ധോക്തിയിൽ നിർത്തി.
“കുടുംബപ്പേരാ. കുടുംബം എന്നു പറയാൻ ഞാൻ മാത്രമേയുള്ളൂ ഇപ്പോൾ. ഒരു ചേച്ചിയുണ്ടായിരുന്നു. കോയമ്പത്തൂരിൽ കെട്ടിച്ചുവിട്ടത്. അവര് രണ്ടു വർഷം മുൻപ് മരിച്ചു.”
ഒരു നിമിഷത്തെ മൌനത്തിനു ശേഷം അയാൾ തുടർന്നു.
“പണ്ട് കുടുംബത്തിൽ ദാരിദ്ര്യവും പട്ടിണിയുമൊക്കെയാണെങ്കിലും സന്തതികൾക്ക് ഒരു കുറവുമില്ലായിരുന്നു. നല്ല പ്രത്യുൽപാദന ശേഷിയുള്ള ബ്രീഡായിരുന്നു എന്റെ അമ്മ. കൂടുതൽ പ്രസവിക്കുന്നവർക്ക് കൂടുതൽ ബഹുമതിയുള്ള കാലം. പത്തു മക്കളും അമ്മയും കൂടി വന്നാൽ ഭദ്രകാളിയും എണീറ്റ് ബഹുമാനിക്കുമെന്ന് പറഞ്ഞിരുന്ന കാലം. ഇന്ന് നേരെ തിരിച്ചായി. പ്രത്യുല്പാദന ശേഷിയുണ്ടെന്ന് കാണിക്കാൻ ഒന്ന് പെറും. അതില് നിർത്തും. കൂടിയാൽ രണ്ട്. മൂന്നായാല് നാണക്കേടാ. അന്ന് അഭിമാനം. ഇന്ന് അപമാനം. കാലത്തിന്റെ ഒരു പോക്കേ.
ജനസംഖ്യ കുറയുന്നത് ഒരു വലിയ കുഴപ്പമാണ്. രാജ്യത്തിന് തന്നെ. അതില്ലാത്ത ഒരു രാജ്യമേയുള്ളൂ. നമ്മുടെ ഇന്ത്യ. കാരണം നമ്മുടെ പ്രധാന ഉല്പാദനം പ്രത്യുല്പാദനമാണ്. അതുകൊണ്ടു ജനസംഖ്യയ്ക്ക് അഴിവില്ല. കുറഞ്ഞത് ഒരു അൻപത് വർഷത്തേക്ക്. പക്ഷേ മറ്റ് ലോക രാജ്യങ്ങളിൽ അങ്ങനെയല്ല. റഷ്യയിൽ വ്ലാഡിമിർ പുടിൻ പറഞ്ഞത് കേട്ടില്ലേ, ജോലിസമയത്തും ഇടവേളകളിൽ മൈഥുനത്തിൽ ഏർപ്പെട്ട് സുന്ദരിമാർ കൂടുതൽ പ്രസവിക്കാൻ സമയം കണ്ടെത്തണമെന്ന്. അവർക്കായി പ്രത്യേക ആനുകൂല്യങ്ങളും പുടിൻ പ്രഖ്യാപിച്ചിട്ടുണ്ട്.” ജോസഫിന് നല്ല ലോകവിവരമായിരുന്നു.
“ആണും പെണ്ണുമൊക്കെയായി ആറേഴു പേരുണ്ടായിരുന്നു. എനിക്കു താഴെയും മുകളിലുമൊക്കെയായി. പട്ടിണിയും അസുഖവുമൊക്കെയായി കുറെയൊക്കെ ചത്തു. പിന്നെ ഞങ്ങൾ രണ്ടുപേരായി. ഇപ്പോൾ ചേച്ചിയും പോയി.
അപ്പൻ ആദ്യമേ പോയി. സുഖമരണം. പള്ളിപ്പറമ്പിൽ വെച്ച്. ഒരു ഉൽസവ രാത്രിയിൽ. പിന്നെ അമ്മ. അമ്മ ഏതാനും വർഷങ്ങൾ എന്റെ കൂടെയുണ്ടായിരുന്നു. എന്റെ കൌമാരം കഴിയുമ്പോൾ അമ്മയും പോയി. പാമ്പു കടിയേറ്റ് മരിച്ചു.
ഒരു ആടുണ്ടായിരുന്നു ഞങ്ങൾക്ക്. അതിന് പുല്ലരിയാൻ പോയതാണ് അമ്മ. അണലിയായിരുന്നു. വിഷകാരിയെ കൂട്ടിക്കൊണ്ട് വരാനുള്ള സമയംപോലും കിട്ടിയില്ല. പിന്നെ ഞാൻ ഒറ്റയ്ക്കായി. ചേച്ചിയുടെ വിവാഹം അതിനും മുൻപേ കഴിഞ്ഞിരുന്നു.” ജോസഫ് തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു.
“ജീവിതം ലക്ഷ്യശൂന്യമായി പോകുമ്പോഴാണ് അവളെ കണ്ടത്. എൽസി. ഞങ്ങൾ തമ്മിൽ വലിയ അന്തരം ഉണ്ടായിരുന്നു.”
“ഇന്റർകാസ്റ്റ്?” ഞാൻ ചോദിച്ചു.
“ഹെയ്. ഒരേ കാസ്റ്റ് തന്നെ. പണം. പണത്തിന്റെ അന്തരം കാര്യമായി ഉണ്ടായിരുന്നു.” ജോസഫ് പറഞ്ഞു.
“എൽസി. എന്റെ അയൽക്കാരിയാണ്. ഞാൻ അവളെ മുൻപ് കണ്ടിട്ടില്ല. അവൾ ഊട്ടിയിലാണ് പഠിച്ചത്. പത്താം ക്ലാസ് വരെ. ബോർഡിങ് സ്കൂൾ പ്രോഡക്ട് ആണ്. നാട്ടിൽ രണ്ടുമാസമേ അവൾ ഉണ്ടായുള്ളൂ. പിന്നെ ഠൌണിൽ കോളേജിൽ ചേർന്നു. പ്രീഡിഗ്രിക്ക്. അവൾ നാട്ടിലുണ്ടായിരുന്ന ആ രണ്ടുമാസത്തെ പള്ളിപ്പോക്കാണ് ഞങ്ങളെ അടുപ്പിച്ചത്. ഞാൻ പള്ളി ക്വയറിൽ ഇടയ്ക്ക് കയറി നിൽക്കുമായിരുന്നു. ക്വയറിന് വേണ്ടി കുറച്ചു ഭക്തിഗാനങ്ങൾ എഴുതിയിട്ടുണ്ട്. സ്ഥിരമായ അവളുടെ പള്ളിവരവാണ് തുടക്കം”.
“കൂട്ടുപുരികം അശുഭ:ലക്ഷണമാണോ?” ജോസഫ് ചോദിച്ചു.
“സൌന്ദര്യ ശാസ്ത്രം നോക്കുന്നവർക്ക് അത് അങ്ങനെയാണ്. ലക്ഷണശാസ്ത്രത്തിൽ രാക്ഷസ മന:സ്ഥിതിക്കാർക്ക് തീറെഴുതി കൊടുത്തിട്ടുള്ളതാണ് കൂട്ടുപുരികവും ചുവന്ന കണ്ണുകളും. ക്രൌര്യത്തിന്റെ ലക്ഷണമാണത് ” ഞാൻ പറഞ്ഞു.
“എങ്കിൽ അവളുടെ ഹൈലൈറ്റ് അതായിരുന്നു. കൂട്ടുപുരികം. മുടംപല്ല് പെൺപിള്ളാർക്ക് ഒരു നിഷ്കളങ്കത തോന്നിപ്പിക്കും. അല്ലേ?” അയാൾ ചോദിച്ചു.
“എൽസിക്ക് മുടംപല്ല് ഉണ്ടായിരുന്നു അല്ലേ”? ഞാൻ തിരിച്ചു ചോദിച്ചു.
“ങ്ഹാ. അവൾക്ക് നല്ല നീളമുള്ള ചുരുണ്ട മൂടിയുമുണ്ടായിരുന്നു”
“ഉയരം കുറവായിരുന്നു അല്ലേ?” ഞാൻ ചോദിച്ചു.
“ങ്ഹാ. അതെങ്ങനെ മനസ്സിലായി”
“നീളമുള്ള മുടിയുള്ളവർക്ക് സാധാരണ ഗതിയിൽ ഉയരം കുറവായി കണ്ടുവരാറുണ്ട്” ഞാൻ പറഞ്ഞു.
“ചർച്ചിൽ അച്ഛനുമായി ഞാൻ നല്ല സ്നേഹബന്ധത്തിലായിരുന്നത് കൊണ്ട് മേടയിൽ നിന്നും ഇടയ്ക്ക് ഭക്ഷണം കിട്ടുമായിരുന്നു. ഞായറാഴ്ചകളിൾ ആദ്യ കുർബാന കഴിഞ്ഞാണ് അച്ഛൻ ഭക്ഷണം കഴിക്കുക. അപ്പോൾ ഞങ്ങൾ ക്വയർ സെറ്റും കൂടെക്കൂടും. അപ്പവും മുട്ടക്കറിയുമാണ് മിക്ക ദിവസവും. അച്ഛൻ സ്ട്രിക്റ്റ് വെജിറ്റേറിയൻ ആയിരുന്നു. പക്ഷേ കൊച്ചച്ഛനും കൈക്കാരന്മാരുമൊക്കെ നോണിന്റെ ആൾക്കാരായിരുന്നു. കൂട്ടത്തിൽ ഞങ്ങളും. പലപ്പോഴും മനസ്സ് നിറച്ചു ഭക്ഷണം കഴിച്ചിരുന്നത് മേടയിൽ നിന്നാണ്. കുർബാന കഴിഞ്ഞാലും കുറച്ചുസമയം പള്ളിയിൽ നിന്നിട്ടെ ഏൽസി പോകുമായിരുന്നുള്ളൂ. അപ്പോൾ ഞാനവിടെ ഉണ്ടാകും.
ഠൌണിൽ അവൾ പഠിക്കുന്നത് എനിക്കു സൌകര്യമായിരുന്നു. പണത്തിന്റെ ഷോർട്ടേജ് കാര്യമായി ഉണ്ടായിരുന്നു. അന്ന് ഞാൻ പുര മേഞ്ഞുകൊടുക്കാൻ പോകും. നദിയിൽ വെള്ളപ്പൊക്കത്തിന് വന്ന് മണ്ണിൽ പൂണ്ടുപോകുന്ന തടി മാന്തിയെടുത്ത് ഹോട്ടലുകാർക്ക് വിൽക്കും. പുല്ലുചെത്തി ചന്തയിൽ വിൽക്കും. എല്ലാ വെള്ളിയാഴ്ചയും സിനിമയുടെ അനൌൺസുമെന്റിന് പോകും. കയ്യേല കെട്ടിക്കൊടുക്കാൻ പോകും. കിണർ തേകാൻ പോകും. പാചകത്തിന് പോകും. അങ്ങനെ എത്രയെത്ര പണികൾ ചെയ്തിരിക്കുന്നു.
ഇതിന്റെയിടയ്ക്ക് പാരലൽ കോളേജിൽ പോയി ബി. കോം എടുത്തു. പിന്നെ ടെസ്റ്റ് എഴുത്തായി. ഒന്നും കിട്ടിയില്ല. അവൾക്കന്നേരം കല്യാണ ആലോചനകൾ മുറുകുന്ന സമയം. അവൾ ഡിഗ്രീ സെക്കന്റിയർ ആയി അപ്പോൾ. വീട്ടിൽ ബഹളം വെച്ചു ഡിഗ്രി കഴിയുന്നതുവരെ അവൾ കല്യാണം തള്ളിക്കൊണ്ട് പോയി. ഡിഗ്രി കഴിഞ്ഞപ്പോൾ ഞങ്ങൾ ഒളിച്ചോടി.”
“ബോറടിക്കുന്നില്ലല്ലോ”അയാൾ ചോദിച്ചു.
“ഇല്ല. ഇന്ന് ഞായറാഴ്ചയല്ലേ. വേറെ പണിയൊന്നുമില്ലല്ലോ.”ഞാൻ പറഞ്ഞു.
“ങ്ഹാ, എങ്കില് ബാക്കികൂടിപ്പറയാം” ജോസഫ് പറഞ്ഞു.
“വിവാഹം രജിസ്റ്റർ ചെയ്തു. പിന്നെ ഠൌണിലായി ജീവിതം. എൽസിയെ ഒരു വർക്കിങ് വിമൻസ് ഹോസ്റ്റലിലാക്കി. ഞാൻ ഒരു ലോഡ്ജിലേക്ക് മാറി. ഞാനും അവളും രണ്ടു സ്ഥാപനത്തില് ട്യൂഷനെടുത്ത് തുടങ്ങി. കൃത്യമായി ശംബളം കിട്ടിത്തുടങ്ങിയപ്പോൾ ഞങ്ങൾ ഒരു ചെറിയ വീട്ടിലേക്കു മാറി. പിന്നെ ഞങ്ങൾ ഒരു തീരുമാനമെടുത്തു. അങ്ങനെ അവള് മാത്രം ജോലിക്ക് പോയിത്തുടങ്ങി. ഞാൻ സർക്കാർ ജോലിക്ക് പ്രിപ്പയർ ചെയ്തു തുടങ്ങി. എട്ടുമാസം. കഷ്ടപ്പാടിന്റെ എട്ടുമാസം. അപ്പോൾ പോലീസിൽ സിലക്ഷൻ കിട്ടി. അങ്ങനെ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ആയി.
പക്ഷേ എന്റെ പ്രകൃതത്തിന് പറ്റിയ പണിയായിരുന്നില്ല അത്. അത് എനിക്ക് വളരെ പെട്ടെന്ന് മനസ്സിലായി. അപ്പോഴും ഞാൻ ടെസ്റ്റുകൾ എഴുതുന്നുണ്ടായിരുന്നു. ഒന്നര വർഷം പോലീസിൽ പൂർത്തിയായപ്പോൾ ഫുഡ് കോർപ്പറേഷൻ ഓഫ് ഇൻഡ്യയിൽ ജോലി കിട്ടി. സ്ഥലംമാറ്റം മാത്രമായിരുന്നു ഒരു പ്രശ്നം. പക്ഷേ അത് ഒരു രക്ഷയുമായിരുന്നു.
ഞങ്ങൾ പല സ്റ്റേറ്റിൽ താമസിച്ചു. അതുകൊണ്ട് അവളുടെ വീട്ടുകാരെ പേടിക്കാതെ ജീവിക്കാൻ പറ്റി. അവർ ഞങ്ങളെ എന്നന്നേക്കുമായി എഴുതിത്തള്ളി.
പക്ഷേ എന്നെ അത്ഭുതപ്പെടുത്തിയ കാര്യം വീതം വെപ്പു സമയത്ത് അവൾക്ക് ഒരു വീതം അവർ എഴുതി വെച്ചു എന്നതാണ്. മൂന്നേക്കർ കരപ്പുരയിടം. അതിൽ തെങ്ങാണ്. ഞങ്ങൾ പുരയിടത്തിലേക്ക് പോകാറില്ല. അവളുടെ ഇളയ സഹോദരൻ തേങ്ങ വെട്ടിവിറ്റു കിട്ടുന്ന തുക അവളുടെ അക്കൌണ്ടിലിടും.”
“ചുരുക്കിപ്പറഞ്ഞാൽ ജീവിതം ഇപ്പോൾ സുഭിക്ഷം എന്നർത്ഥം.” ഞാൻ പറഞ്ഞു. അപ്പോഴും എന്റെ മനസ്സിൽ ഒരു വലിയ ചോദ്യം ബാക്കിയായി. പക്ഷേ ഞാനത് ചോദിക്കാൻ താല്പര്യപ്പെട്ടില്ല.
“അങ്ങനെയാവേണ്ടതാണ്. പക്ഷേ…” അയാൾ ഒരു ദീർഘ നിശ്വാസത്തോടെ നിർത്തി. അല്പം കഴിഞ്ഞ് പതിയെ പറഞ്ഞു.
“പ്രശ്നം എന്റെ മകനാണ്. മൂത്ത മകൻ.” അവൻ കാരണമാണ് ഞാൻ ഇവിടെ താമസിക്കുന്നത്.
എന്റെ ചോദ്യത്തിന് ഉത്തരമായി.
“എനിക്കു അത്യാവശ്യം നല്ല പെൻഷനുണ്ട്. അതിൽ നിന്നും എല്ലാ മാസവും പതിനായിരം വെച്ചു ഞാനവന് കൊടുക്കും. അവനെന്നെ കണ്ണെടുത്താൽ കണ്ടുകൂടാ. എം. എസ്സി. ഫിസിക്സ് ആണ്. അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിലായിരുന്നു. പക്ഷേ തല തിരിഞ്ഞു പോയി. അവിവാഹിതനാണ്. ഇപ്പോൾ നാല്പത്തിമൂന്നു വയസ്സ്”
“മീസോഗൈനിസ്റ്റ് ആയിരിക്കും മകൻ. സ്ത്രീകളോട് വിരോധം ഉള്ളയാൾ.” ഞാൻ പറഞ്ഞു.
“അവനോ? നേരെ തിരിച്ചാണ്. അവന് പെൺട്ടികളോട് ഉള്ള മനോഭാവം വേറൊന്നാണ്. ഒരുമാതിരി കാണാൻ കൊള്ളാവുന്നവരൊക്കെ അവന് കാമുകിമാരാണ്. എന്നാല് ഒരുത്തിയിലും അവൻ ഉറച്ചു നിൽക്കത്തില്ല. അതിന്റെ പേരിൽ കുറെ പ്രശ്നനങ്ങൾ ഉണ്ടായിട്ടുമുണ്ട്. അവന്റെ ജോലി പോയത് പോലും ആ സ്വഭാവം കൊണ്ടാണ്.
കുറച്ചുകാലം മുൻപ് ഇവിടെ കോളേജിൽ അവൻ ഗസ്റ്റ് ലെക്ചർ ആയി കയറി. കൂടെയുള്ള അദ്ധ്യാപികയ്ക്ക് പ്രേമലേഖനം കൊടുത്ത് പ്രശ്നമുണ്ടാക്കി.”
“ഒരു പ്രേമലേഖനം അത്ര പ്രശ്നമാണോ” ഞാൻ ചോദിച്ചു.
“പ്രേമലേഖനം അത്ര പ്രശ്നമല്ല. പക്ഷേ അവൻ പ്രേമലേഖനം കൊടുത്ത അദ്ധ്യാപികയ്ക്ക് ഭർത്താവും മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. അവർ ആദ്യം പ്രശ്നമാക്കിയില്ല. പിന്നെ നിരന്തരം മെസേജ്, ഫോൺ വിളി, ഒക്കെയായപ്പോഴാണ് അവർ പോലീസിൽ കംപ്ലയിന്റ് കൊടുത്തത്. പോലീസ് കേസാപ്പോൾ അവന്റെ ജോലി പോയി. പിന്നെ അവൻ എവിടെയും ജോലിക്ക് പോയില്ല. ഗവേഷണം ആണെന്നും പറഞ്ഞ് വീട്ടിൽ ഒരു മുറിയിൽ അടച്ചിരിപ്പാണ്. വരുമാനം ഞാൻ കൊടുക്കുന്ന തുക.
ഒരിക്കൽ അവനെയും കൊണ്ട് ഒരു സൈക്കോളജിസ്റ്റിനെ കാണാൻ പോയി. അവനുമായി സംസാരിച്ചു കഴിഞ്ഞു സൈക്കോളജിസ്റ്റ് എന്നെ വിളിച്ചുപറഞ്ഞത് അവന് നല്ല തല്ലിന്റെ കുറവാണെന്നാണ്. അങ്ങനെ ആ മാർഗ്ഗവും പരാജയപ്പെട്ടു. അതോടെ അവനെന്നോട് ദേഷ്യമായി. ഒരിക്കൽ ഞങ്ങൾ തമ്മിൽ വഴക്കായപ്പോൾ അവൻ കത്തിയെടുത്ത് എന്നെ കുത്താൻ വന്നു. ഏൽസി കരഞ്ഞു പറഞ്ഞപ്പോൾ ഞാൻ എന്റെ വീട് വിട്ടിറങ്ങി.
ഇപ്പോൾ പതിനൊന്നു വർഷമായി ഞാൻ ഇവിടെ കഴിയുന്നു. ഇടയ്ക്ക് ഞാൻ അവിടെപ്പോകും. വീട്ടിൽ കയറില്ല. റോഡിൽ നിന്നു ഭാര്യയെ കാണും. പോരും. ഏൽസി അവന്റെ കൂടെയാണ്. അവളോട് അവന് വലിയ ഉപദ്രവമില്ല. എപ്പോഴും അവൻ ഒരു മുറിയിൽ അടച്ചിരിക്കും. ജന്നലെല്ലാം കറുത്ത പേപ്പർ ഉപയോഗിച്ച് മറച്ചിരിക്കുകയാണ്. ഇരുട്ടിൽ കഴിയാനാണ് അവന് യോഗം. എനിക്ക് ഇവിടെക്കഴിയാനും.” ജോസഫ് പറഞ്ഞുനിർത്തി. പിന്നെ അയാൾ മുറിയിലേക്ക് പോയി.
പിന്നെ ഏതാനം ദിവസം ഞാൻ ജോസഫിനെ കണ്ടില്ല. കാരണം ഞാൻ അതിരാവിലെ തന്നെ ക്ലാസ്സെടുക്കാൻ തൃശ്ശൂരിന് പോകുമായിരുന്നു. വരുമ്പോൾ രാത്രിയാകും.
അന്ന് ഒരു വ്യാഴാഴ്ച ആയിരുന്നു. അന്നു ഞാൻ എങ്ങും പോയില്ല. ചായകുടിക്കാൻ കടയിലെത്തുമ്പോൾ ജോസഫ് ഉണ്ടവിടെ. അന്ന് ഭിക്ഷക്കാരനെ കണ്ടില്ല. ചായകുടി കഴിഞ്ഞു ഞങ്ങൾ ഒന്നിച്ചു എണീറ്റു. ജോസഫ് കടക്കാരന് പൈസ കൊടുക്കുന്നത് കണ്ടില്ല. അതുകൊണ്ടു നടക്കുമ്പോൾ ഞാൻ ചോദിച്ചു.
“കടക്കാരൻ ചായയുടെ പൈസ വാങ്ങില്ലെ?”
“ആര് രഘുവോ?” ജോസഫ് ഒന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“നല്ല പുള്ളി. അവൻ മുൻകൂർ എന്റെ കൈയ്യിൽ നിന്നും പണം വാങ്ങിയിട്ടുണ്ട്. ഇടയ്ക്ക് അവൻ കട മെച്ചപ്പെടുത്താൻ, സാധനം വാങ്ങാൻ എന്നൊക്കെപ്പറഞ്ഞു എന്റെ കൈയ്യിൽ നിന്നും എണ്ണായിരവും പതിനായിരവുമൊക്കെ വാങ്ങും. അത് പിന്നെ തിരിച്ചു തരത്തില്ല. ഞാൻ അത് ഇങ്ങനെ ചായകുടിച്ചും പൂരി തിന്നും ഒക്കെ തീർക്കും”.
“കടക്കാരൻ ശരിയായിതന്നെ പണം ഈടാക്കുകയുള്ളോ” ഞാൻ ചോദിച്ചു. “ഭിക്ഷാക്കാരന്റെ ചായപൈസ വഹിപ്പിക്കുന്ന പാർട്ടിയല്ലേ അതുകൊണ്ടു ചോദിച്ചതാ.”
അയാൾ ചിരിച്ചു. പിന്നെപ്പറഞ്ഞു. “അങ്ങനെ നോക്കിയാൽ നിങ്ങൾക്കിവിടെ ജീവിക്കാൻ പറ്റത്തില്ല. ഒരുപാട് ഫ്രോഡുകളുള്ള സ്ഥലമാണിത്. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. സാമ്പത്തിക സത്യസന്ധത ഇവിടെ നിങ്ങൾ അധികം പ്രതീക്ഷിക്കരുത്. നമ്മളുടെ കൈയ്യില് നിന്നും വാടക പിരിക്കുന്ന ആ മുസ്തഫയുണ്ടല്ലോ അവൻ ഒരു നമ്പർ വൺ ചെറ്റയാണ്. അഞ്ഞൂറുരൂപ നോട്ടെടുത്ത് വീശിക്കാണിച്ചാൽ അവൻ സ്വന്തം പെണ്ണും പിള്ളയെ വരെ വിറ്റു കാശാക്കും. ആ ടൈപ്പാണവൻ”.
അത് ശരിയാണ് ഇലക്ട്രിസിറ്റി ബില്ലിൽ യൂനിറ്റിന് ഇരട്ടിയിൽക്കൂടുതൽ തുക പിരിച്ചെടുക്കുന്നവനാണ് മുസ്തഫ. അതിന്റെ പേരിൽ ഞാൻ ഒരിക്കൽ അയാളുമായി ഒന്ന് ഉടക്കിയതുമാണ്. ഫലം ഉണ്ടായില്ല. പണം മുസ്തഫയ്ക്ക് ഒരു വീക്നസ് ആണ്.
മുസ്തഫ അറുപ്പത്തഞ്ച് വയസ്സുവരുന്ന ഒരു ഞൊണ്ടിക്കാലനായിരുന്നു. കണ്ടാൽ യോഗ്യനാണെന്ന് തോന്നും. എപ്പോഴും ധരിക്കുന്നത് വെള്ളവസ്ത്രം ആണ്. പക്ഷേ കയ്യിലിരിപ്പ് അത്ര വെളുപ്പ് ആയിരുന്നില്ല. അതാണ് ജോസഫ് ഉദ്ദേശിച്ചത്. അത് ശരിയാണെന്ന് എനിക്കും അറിയാം.
സംസാരിച്ചു വന്ന് എന്റെ റൂമിന്റെ മുന്നിൽ ഞങ്ങൾ നിന്നു. പഴയ കഥയുടെ ബാക്കി കിടക്കുന്നു. അതുകൊണ്ടു ഞാൻ ചോദിച്ചു.
“ഒരു മകനേയുള്ളൂ അല്ലേ”
“അല്ല അവന്റെ ഇളയത് ഒരാളുണ്ട്. അവൻ ബാങ്ക് ഉദ്യോഗസ്ഥനാണ്. വിവാഹം കഴിഞ്ഞു ചെങ്ങന്നൂരില് കുടുംബമായി ജീവിക്കുന്നു. ഞാൻ ഇടയ്ക്ക് അങ്ങോട്ടു പോകും. പക്ഷേ സ്ഥിരമായി അവന്റെ കൂടെപ്പോയിത്താമസിച്ചാൽ ഇടയ്ക്ക് എൽസിയെ കാണാൻ പറ്റാതെ വരും. പിന്നെ എനിക്കു പെൻഷൻ ഉണ്ടല്ലോ. അതുകൊണ്ടു ഇവിടെ താമസിക്കുന്നു. സ്വന്തം വീട്ടിൽ അന്യനായിപ്പോയ വ്യക്തിയാണ് ഞാൻ.” ജോസഫ് ദൂരേക്ക് നോക്കി നിന്നു.
അല്പം കഴിഞ്ഞ് അയാൾ തുടർന്നു. “കഴിഞ്ഞ ജന്മത്തിലെ ശത്രുവാണ് ഈ ജന്മം സന്തതിയാവുന്നത് എന്നു പറയുന്നത് ശരിയാണ്. എന്റെ കാര്യത്തിൽ അത് തികച്ചും വാസ്തവമാണ്”
എനിക്കയാളെ അശ്വസിപ്പിക്കണം എന്നു തോന്നി. ഞാൻ പറഞ്ഞു.
“നിങ്ങളുടെ മകൻ നിങ്ങളുടെ ശരീരത്തിന്റെ പിന്തുടർച്ചയാവാം. പക്ഷേ നിങ്ങളുടെ വ്യക്തിത്വത്തിന്റെ ബാക്കിയല്ല. അത് ഒരു വേറിട്ട ജീവനാണ്. അതിനെ അങ്ങനെ തന്നെ കാണണം. ഖലീൽ ജിബ്രാൻ പറഞ്ഞതാണ്.”
“ഖലീൽ ജിബ്രാൻ?”
“ ങ്ഹാ, ഉർദു പ്രണയകവി” ഞാൻ പറഞ്ഞു. അന്ന് ഞങ്ങൾ പിരിഞ്ഞു.
എന്തോ ഖലീൽ ജിബ്രാന്റെ ആ തത്ത്വം ജോസഫിന് വലിയൊരു ആശ്വാസമായതുപോലെ തോന്നി. പിന്നീട് പലപ്പോഴും ഖലീൽ ജിബ്രാന്റെ കവിത വായിച്ചിരിക്കുന്ന ജോസഫിനെ ഞാൻ കണ്ടിരുന്നു.
ഒരിക്കൽ ഒലവക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് ഞാൻ ധൃതിയിൽ നടക്കുമ്പോൾ ഒരു കാഴ്ച കണ്ടു. എനിക്ക് അന്ന് തൃശൂർ പോകണമായിരുന്നു. ഞാൻ നടന്നുവരുമ്പോൾ റോഡിൻറെ ഇടതുവശത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഫ്രണ്ടിലെ വിശാലമായ മുറ്റത്ത് ഇളം വെയിൽ കൊണ്ട് അവൻ ഇരിക്കുന്നു. ഞാൻ എന്നും ചായ വാങ്ങി കൊടുക്കുന്ന പിച്ചക്കാരൻ. അവൻ എന്തോ കടലാസ്സുകൾ ചുളിവ് മാറ്റി അടുക്കി വെക്കുന്ന തിരക്കിലാണ്. അവൻറെ മുന്നിൽ ചുരുട്ടിക്കൂട്ടി കുറെ സാധനങ്ങൾ കിടക്കുന്നുണ്ട്. അടുത്ത് വന്നപ്പോൾ ഞാൻ രണ്ടു കാര്യം ശ്രദ്ധിച്ചു. ഒന്ന് അവൻറെ മുതുകിൽ മുഴ ഉണ്ടായിരുന്നില്ല. അവന്റെ പുറത്ത് ഉണ്ടായിരുന്ന മുഴ ട്യൂമർ ആയിരുന്നില്ല. മറിച്ച് അവൻ തോർത്തിൽ ചുരുട്ടികൂട്ടി കെട്ടിവച്ചിരുന്ന വസ്തുവായിരുന്നു. അത് അഴിച്ച് മുന്നിലിട്ടാണ് അവൻ അടുക്കി വയ്ക്കുന്നത്.
ഞാൻ അടുത്തുചെന്ന് നോക്കിയപ്പോൾ ഞെട്ടിപ്പോയി. അൻപതിന്റെയും ഇരുപത്തിന്റെയും പത്തിന്റെയുമൊക്കെ നോട്ടുകൾ. അത് ചുരുട്ടി കൂട്ടി വെച്ചിരിക്കുന്നു. ആ ചുരുട്ടി കൂട്ടി വെച്ചിരിക്കുന്ന നോട്ടുകൾ അവൻ അടുക്കി വയ്ക്കുകയാണ്. ധാരാളം നോട്ടുകൾ മുന്നിൽ കരിയില പോലെ കിടക്കുന്നു.
ഞാൻ സമീപത്ത് ചെന്നതോ അവനെ ശ്രദ്ധിക്കുന്നതോ ഒന്നും അവൻ കണ്ടില്ല. അതീവ ശ്രദ്ധയോടെ മുന്നിൽ ചുരുട്ടിക്കൂട്ടിയിരിക്കുന്ന നോട്ടുകൾ നിവർത്തി അടുക്കുന്ന തിരക്കിലായിരുന്നു അവൻ. ഞാൻ അവിടുന്ന് നടന്നു പോയി.
പിന്നീടും എന്റെ കൈയ്യിൽ നിന്നും സൌജന്യമായി അവൻ ചായ വാങ്ങിക്കൂടിക്കുമായിരുന്നു.
ഒരു ദിവസം എന്നെ കണ്ടപ്പോൾ ജോസഫ് പറഞ്ഞു.
“എല്ലാ പുരുഷന്മാർക്കും നടക്കാതെ പോകുന്ന ഒരു അന്ത്യാഭിലാഷം ഉണ്ടാകും അല്ലേ?” ജോസഫ് തുടർന്നു. “രാജാവായിട്ടും ദശരഥന്റെ അവസാന ആഗ്രഹം നടന്നില്ലല്ലോ.”
“ഗണ്ഡാന്തം” ഞാൻ പറഞ്ഞു.
“എന്ത് ?”
“അതൊരു ജാതക യോഗമാണ്.”
“എനിക്കുമുണ്ടൊരു അന്ത്യാഭിലാഷം. അത് സാധിക്കുമെന്ന് തോന്നുന്നില്ല. ഞങ്ങളുടെ സഭ അത് അംഗീകരിക്കില്ല”. ഒരു നിമിഷത്തെ ഇടവേളയ്ക്ക് ശേഷം ജോസഫ് പറഞ്ഞു.
“മരിക്കുമ്പോൾ എന്റെ ശരീരം ദഹിപ്പിക്കണം. കുഴിച്ചിടരുത്. ദഹിപ്പിച്ച് ഒരുപിടി ചാരം ഭാരത പ്പുഴയിൽ ഒഴുക്കണം എന്നായിരുന്നു എന്റെ ആഗ്രഹം. നടക്കാത്ത മോഹത്തിന്റെ കൂട്ടത്തിൽ അതും കൂടി.”
“അന്ത്യകർമ്മം ചെയ്യാൻ പറ്റിയ സ്ഥലമേതാണ്.” ജോസഫ് ചോദിച്ചു.
“ഹിന്ദു രീതിയിൽ പറഞ്ഞാൽ, തമിഴ്നാട്ടിൽ രാമേശ്വരം. കേരളത്തിൽ തിരുനെല്ലി. രണ്ടിടത്തും രാമൻ ദശരഥന് വേണ്ടി പിതൃതർപ്പണം നടത്തി എന്നാണ് വിശ്വാസം.” ഞാൻ പറഞ്ഞു.
“ആത്മമുക്തിക്ക് മതമില്ലല്ലോ.” ജോസഫ് പറഞ്ഞു. “തിരുനെല്ലി എവിടെയാണ്?”
“ വയനാട്”
“പോയിട്ടുണ്ടോ”
“ഉവ്വ്. രണ്ടു പ്രാവശ്യം. എന്റെ സുഹൃത്തുക്കൾ അവിടെയുണ്ട്”
അല്പനേരത്തെ മൌനത്തിനു ശേഷം അയാൾ ചോദിച്ചു.
“അവിടെ കർമ്മം ചെയ്യാനുള്ള ചടങ്ങ് എന്താണ്.”
“അത് കൂടുതൽ ഒന്നുമില്ല. പേരും നാളും അറിഞ്ഞാൽ മതി. പിതൃതർപ്പണം ചെയ്യിക്കാൻ കർമ്മികൾ അവിടെയുണ്ട്. അവിടെ എന്നും പിതൃതർപ്പണം ചെയ്യാം. കാർക്കിടക വാവിന് ആയിരങ്ങൾ അവിടെ വന്നു പിതൃതർപ്പണം നടത്തും”.
“ആത്മശാന്തിക്ക് അല്ലേ.” അയാൾ ചോദിച്ചു.
“അതേ. അവിടെ പിതൃതർപ്പണം നടത്തിയാൽപ്പിന്നെ പുനർജന്മം ഇല്ലെന്നാണ് വിശ്വാസം” ഞാൻ പറഞ്ഞു.
”അങ്ങനെയെങ്കിൽ മരണത്തിന് പറ്റിയ നല്ല ദിവസമേതായിരിക്കും.?”
“എന്താ ആത്മഹത്യ ചെയ്യാൻ വല്ല പ്ലാനുമുണ്ടോ?” എനിക്കു തമാശയാണ് തോന്നിയത്.
“ഹെയ്, എന്റെ ഒരു സുഹൃത്ത് ജനനത്തെപ്പറ്റി പ്രതിപാദിക്കുന്ന ചില ഗ്രന്ഥങ്ങൾ ഉണ്ടെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.”
“അഗ്നിപുരാണം” ഞാൻ പറഞ്ഞു.
“അപ്പോൾ മരണത്തിനും ചില ശാസ്ത്രങ്ങൾ ഉണ്ടാകുമല്ലോ”
“സ്വച്ഛന്ദ മൃത്യുവായ ഭീഷ്മർ തിരഞ്ഞെടുത്തത് ഉത്തരായനത്തിന്റെ തുടക്കമാണ്.”
“അത് എന്നാണ്” ജോസഫിന് ആകാംഷയായി.
“അത് മകരസംക്രമ ദിനം. പിന്നെ അങ്ങോട്ട് ഉത്തരായനമാണ്.” ഞാൻ പറഞ്ഞു.
“കലണ്ടറിൽ അത് എന്നുവരും”
“ജനുവരി പതിനാല്” ഞാൻ പറഞ്ഞു.
“ജനുവരി പതിനാല്. ഇനി മുപ്പത്തിയേഴ് ദിവസം” ജോസഫ് പതുക്കെപ്പറഞ്ഞു. “ഇപ്പോൾ ഞങ്ങൾക്ക് വ്രതമാണ്. ഡിസംബറാണല്ലോ. ഇരുപത്തഞ്ചു വരെ. ക്രിസ്തുമസ് ദിനത്തിൽത്തീരും. ഞാൻ എല്ലാ വർഷവും വ്രതം നോക്കും. പക്ഷേ ഇപ്രാവശ്യം ഉത്തരായനം വരെ ഞാൻ നോമ്പ് എടുക്കും.” ജോസഫ് പറഞ്ഞു. പിന്നെ എന്നോടു ചോദിച്ചു.
“നിങ്ങൾ ഒരു സഹായം ചെയ്യുമോ?”
“എന്ത്?”
ജോസഫ് പെട്ടെന്ന് താഴെക്കിടന്ന ഒരു സിഗരറ്റ് കവർ കീറിയെടുത്ത് അതിന്റെ അകത്ത് എന്തോ എഴുതി എന്നെ ഏല്പിച്ചു. ഞാൻ നോക്കി. അയാളുടെ പേരും നാളും.
“മനുഷ്യന്റെ കാര്യമല്ലേ. വയസ്സ് എഴുപത്തിനാലായി. എപ്പോൾ എന്ത് സംഭവിക്കും എന്നു പറയാൻ പറ്റുകയില്ലല്ലോ”.
ഞാൻ ജോസഫിനെ നോക്കി. അയാളുടെ കണ്ണുകളിൽ ഒരു അപേക്ഷ തെളിഞ്ഞു കാണാം.
“എന്റെ കാലം കഴിഞ്ഞു എന്ന് നിങ്ങൾ അറിഞ്ഞാൽ എപ്പോഴെങ്കിലും തിരുനെല്ലി യിൽ പോകുമ്പോൾ എനിക്കായി ഒരു പിതൃതർപ്പണം നടത്തണം. ജോസഫ് ശാമുവൽ അന്തർപുരയ്ക്ക് ഇനി ഒരു ജന്മം വേണ്ട.”
ഞാൻ ജോസഫിനെ സാകൂതം നോക്കി.
എന്റെ മറുപടി കാക്കാതെ അയാൾ നടന്നു പോയി.
പിന്നെ ജോസഫിനെ ഞാൻ കാണുന്നത് രണ്ടാഴ്ച കഴിഞ്ഞാണ്. ഞാൻ ക്ലാസ്സിന്റെ തിരക്കിലായിപ്പോയി. അപ്പോൾ ജോസഫിന്റെ വിരലിൽ വിവാഹമോതിരം ഉണ്ടായിരുന്നില്ല. ആ മോതിരം ആരും ശ്രദ്ധിക്കും. കനം കുറഞ്ഞ വിരലിൽ തടിയൻ ഒരു മോതിരം. അതില് എൽസി എന്നു കൊത്തിയിരുന്നു.
“മോതിരം എന്ത് ചെയ്തു. വിറ്റോ” ഞാൻ ജോസഫിനോട് ചോദിച്ചു.
“അത് വിളക്കാൻ വേണ്ടി എൽസിയെ ഏൽപ്പിച്ചു”. ജോസഫ് പറഞ്ഞു.
അതൊരു വിചിത്രമായ കാര്യമായി എനിക്കു തോന്നി. കാരണം സ്ഥിരമായി ഠൌണിൽ പോകുന്നത് ജോസഫ് ആണ്. എന്നിട്ടും… പക്ഷേ ഞാനതിനെപ്പറ്റി പിന്നീട് ഒന്നും ചോദിച്ചില്ല.
ഏതാനും ദിവസങ്ങൾ കഴിഞ്ഞു ഞാൻ ജോസഫിനെ കണ്ടപ്പോൾ ലോഹ്യം പറയുന്ന കൂട്ടത്തിൽ ഞാൻ നാട്ടിൽ പോകുന്ന കാര്യം പറഞ്ഞു.
“ജനുവരി പതിനാലിന് വീട്ടിൽ ചില ചടങ്ങുകൾ ഉണ്ട് അതിൽ പങ്കെടുക്കണം. ഞാൻ പിന്നെ ഒരു മൂന്നു നാലു ദിവസം കഴിഞ്ഞേ വരു.”
“അപ്പോൾ നിങ്ങൾ പതിനാലിന് ഇവിടെയില്ല അല്ലേ?.” ജോസഫ് ചോദിച്ചു.
“ഇല്ല. പതിനേഴിനോ പതിനെട്ടിനോ എത്തും” ഞാൻ പറഞ്ഞു.
“ഉം” ജോസഫ് ഒന്ന് മൂളി. പിന്നെ നടന്നു പോയി.
ഞാൻ നാട്ടിൽ നിന്നും തിരിച്ചു വരുന്നത് പതിനെട്ടിനായിരുന്നു. അപ്പോൾ ദൂരെന്നെ കണ്ടു ലോഡ്ജിന് മുമ്പിൽ ഒരു കറുത്ത കൊടി.
ഞാൻ ചായക്കടയ്ക്ക് മുൻപിലെത്തിയപ്പോൾ രഘു ചോദിച്ചു. “സർ വരുന്ന വഴിയാ”
“ഉം”
ഞാൻ ബെഞ്ചിലിരുന്നു.
അല്പം കഴിഞ്ഞ് രഘു പതുക്കെപ്പറഞ്ഞു. “സർ പോയപ്പോൾ ഇവിടെയെന്തെല്ലാം ഉണ്ടായി.” ഒരു നിമിഷം കഴിഞ്ഞ് അവൻ പറഞ്ഞു. “ജോസഫ് സർ പോയി സാറേ”
എനിക്കൊന്നും മനസ്സിലായില്ല.
“ജോസഫ് സർ നടക്കാൻ പോകുമായിരുന്നല്ലോ. അന്ന് സർ റയിൽവേ ട്രാക്കിന്റെ സൈഡിൽക്കൂടി നടക്കുമ്പോൾ പിന്നിൽ നിന്നു വന്ന ഗൂഡ്സ് ട്രെയിൻ ഇടിച്ചു തെറിപ്പിച്ചു. വയലിലേക്ക്. ജോസഫ് സർ ഇടയ്ക്ക് റയിൽവേ സ്റ്റേഷൻ കഴിഞ്ഞ് വയലിൽക്കൂടിയുള്ള ട്രാക്കിലൂടെ നടക്കുന്ന ശീലം ഉണ്ടായിരുന്നു. അതിലൂടെ ഒരുകിലോമീറ്റർ നടക്കുമായിരുന്നു. അങ്ങനെ അന്നും…
വൈകിട്ട് ഒരു അഞ്ചരയായിക്കാണും. വയലിൽ കളിച്ചുകൊണ്ടു നിന്ന കുട്ടികൾ കാണുന്നുണ്ടായിരുന്നു സംഭവം. അവർ ഓടിവന്നു നോക്കുമ്പോൾ വയലിലെ ചെളിയിൽ സർ കമിഴ്ന്നു കിടക്കുന്നു. ശ്വാസം ഉണ്ടായിരുന്നില്ല. ഇടിയില് ശരീരത്തിന്റെ പകുതിയും ഉടഞ്ഞുപോയിരുന്നു.” രഘു പറഞ്ഞു.
“എന്നായിരുന്നു.”
“പതിനാലിന്.”
ഞാൻ ഞെട്ടി. “പതിനാലിനോ?.”
“ഉം. പതിനാലിന് വൈകിട്ടായിരുന്നു സംഭവം.” രഘു പറഞ്ഞു.
“പതിനഞ്ചിന് രാവിലെ തന്നെ അടക്കി. ഉടഞ്ഞുപോയ ശരീരമല്ലേ. അധികം വെച്ചോണ്ടിരിക്കാൻ പറ്റില്ലല്ലോ. ദൂരേന്ന് ആരും വരാനുമുണ്ടായിരുന്നില്ല. ഇളയ മകൻ ചെങ്ങന്നൂരിൽ നിന്നും രാത്രി തന്നെ എത്തിയിരുന്നു.” രഘു പറഞ്ഞു.
ഞാൻ നിശ്ശബ്ദം എല്ലാം കേട്ടിരുന്നു. ഇപ്പോൾ എല്ലാം വ്യക്തമാകുന്നു.
അടുത്ത ദിവസം ഞാൻ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് വിളിച്ചു. ഒരാഴ്ചത്തെ ലീവ് ആവശ്യപ്പെട്ടു. ക്ലാസ് അതിനു ശേഷം ഫിക്സ് ചെയ്താൽ മതി എന്നു പറഞ്ഞു. അവർക്ക് കുറെ ചോദ്യങ്ങൾ ഉണ്ടായിരുന്നു. ഞാൻ ഒന്നിനും മറുപടി പറഞ്ഞില്ല.
പിന്നെ ജോസഫ് ശാമുവൽ അന്തർപുരയെ അടക്കിയ പള്ളിയിൽ പോയി. കല്ലറയ്ക്കരുകിൽ അല്പനേരം നിന്നു. പിന്നെ റൂമിൽ വന്ന് കുളിച്ചിട്ട് കിടന്നുറങ്ങി.
വെളുപ്പിനെ നാലുമണിക്ക് എണീറ്റ് തയ്യാറായി. ആ സിഗരറ്റ് കൂട് ഭദ്രമായി പോക്കറ്റിൽ വെച്ചു. പിന്നെ പുറപ്പെട്ടു. തിരുനെല്ലിയിലേക്ക്.
dr.sreekumarbhaskaran@gmail.com
