ജോൺസൺ ചെറിയാൻ .
മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ എഴമ്പിലായി സൂരജ് (32) വധക്കേസിന്റെ ശിക്ഷാവിധി കണ്ണൂരിലെ സിപിഐഎമ്മിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. രണ്ട് മുതൽ ഒൻപത് വരെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവാണ് ജില്ലാ സെഷൻസ് കോടതി വിധിച്ചത്. 19 വർഷം മുൻപ് നടന്ന കൊലപാതക കേസിലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വിധി.സൂരജ് വധക്കേസിൽ വിചാരണ 2010-ൽ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ, സാക്ഷികൾ ആരും ഹാജരാകാൻ തയ്യാറാകാതിരുന്നതോടെ വിചാരണ ആരംഭിക്കാൻ കഴിയാതെ വന്നു. സൂരജിന്റെ മാതാവ് സതി നടത്തിയ നിയമപോരാട്ടത്തിനൊടുവിലാണ് തലശേരി ജില്ലാ കോടതിയിൽ കേസിന്റെ വിചാരണ പുനരാരംഭിക്കാനായത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ സഹോദരൻ പിഎം മനോരാജും ഈ വധക്കേസിൽ ഉൾപ്പെട്ടതും ജീവപര്യന്തം ശിക്ഷിക്കപ്പെട്ടതും സിപിഐഎമ്മിന് സംസ്ഥാനതലത്തിൽ തന്നെ ക്ഷീണമായിരിക്കുന്നു.