Tuesday, November 5, 2024
HomeAmericaസാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര അവിസ്മരണീയമായി.

സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര അവിസ്മരണീയമായി.

ഷാജി രാമപുരം .

ഫ്ലോറിഡാ: മൂത്താംമ്പക്കൽ സാധു കൊച്ചുകുഞ്ഞ് ഉപദേശി മെമ്മോറിയൽ വാർഷിക പ്രഭാഷണ പരമ്പര സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ സൗത്ത് ഫ്ലോറിഡാ മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടത് അവിസ്മരണീയമായി.

മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് സമ്മേളനം ഉത്ഘാടനം ചെയ്തു. ക്രിസ്തുവിൽ വെളിപ്പെട്ട അനുകമ്പയുടെ ആൾരൂപമായിരുന്ന സാധു കൊച്ചുകുഞ്ഞ് ഉപദേശിയെ പോലെ എല്ലാ ക്രിസ്തിയ സഭാഗംങ്ങളും ഈ ലോകത്തിൽ അനുകമ്പയുടെ ആൾരൂപമായി മാറേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബിഷപ് ഡോ.മാർ പൗലോസ് ഉദ്ബോധിപ്പിച്ചു.

 മാർത്തോമ്മാ സഭയിലെ സീനിയർ വൈദീകനായ റവ.ഡോ. മോനി മാത്യു, ക്രിസ്ത്യൻ അനുകമ്പ എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓർത്തുകൊൾവിൻ; അവരുടെ വിശ്വാസം അനുകരിപ്പിൻ (എബ്രായർ 13:7) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കി ആരംഭിച്ച പ്രഭാഷണത്തിൽ സാധു കൊച്ചുകുഞ്ഞ് ഉപദേശിക്ക് ഇന്നത്തെ തലമുറയുടെ ഹൃദയങ്ങളിലുള്ള സ്ഥാനവും സ്വീകാര്യതയും എടുത്ത് പറഞ്ഞു.  മൂന്ന് പതിറ്റാണ്ട് സഞ്ചരിക്കുന്ന സുവിശേഷമായി  മാറിയ ഉപദേശിക്ക് സുവിശേഷം  തന്റെ ജീവിതവും,  ജീവിതം തന്നെ സുവിശേഷവും ആയിരുന്നു എന്ന് ഓർമിപ്പിച്ചു. ദൈവിക സ്വഭാവം പോലെ വളരെ സ്വാഭാവികമായി നമ്മിൽ നിന്നും ഉത്ഭവിച്ച് ഒഴുകേണ്ട ഏറ്റവും സൗഖ്യദായകമായ ഗുണമത്രെ അനുകമ്പയെന്നത് (compassion).  ഇതായിരുന്നു ഉപദേശിയുടെ മുഖമുദ്രയും, സ്വജീവിതം കൊണ്ട്  പഠിപ്പിച്ചതും എന്ന് റവ.ഡോ.മോനി മാത്യു തന്റെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.

പ്രഭാഷണ പരമ്പരയുടെ ജനറൽ കൺവീനർ പ്രൊഫ.ഫിലിപ്പ് കോശി ആമുഖ പ്രഭാഷണം നടത്തി. ഇടവക വികാരി റവ.ഡോ.ജേക്കബ് ജോർജ് സ്വാഗതവും, സീനിയർ ഫെലോഷിപ്പ് സെക്രട്ടറി ഉമ്മൻ സാമൂവേൽ നന്ദിയും രേഖപ്പെടുത്തി. വൈസ്.പ്രസിഡന്റ് ജോൺ ഡേവിഡ് മിഷൻ പ്രവർത്തനങ്ങളെ കുറിച്ച് പ്രസ്താവന നടത്തി. കുര്യൻ കോശി (താമ്പ), ജോൺ മത്തായി (കോറൽ സ്പ്രിംഗ്സ് ) എന്നിവർ പാഠഭാഗങ്ങൾ വായിച്ചു.

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകൻ അനീഷ്‌ ബഞ്ചമിൻ മൂത്താംമ്പാക്കൽ വീഡിയോയിലൂടെ സമ്മേളനത്തിൽ പ്രത്യേക സന്ദേശം നൽകി. സീനിയർ ക്വയർ മാസ്റ്റർ ഡോ.ജോൺ ഡാനിയേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ആലപിച്ച ഗാനങ്ങൾ സമ്മേളനത്തിന് കൊഴുപ്പേകി. സാധു കൊച്ചുകുഞ്ഞ് ഉപദേശിയുമായി അടുത്ത് ഇടപെട്ടിട്ടുള്ള മുതിർന്ന അംഗങ്ങൾ ആയ സാറാമ്മ വർഗീസ്, അമ്മിണി റെയ്ച്ചൽ തോമസ്, അബ്രഹാം ഡേവിഡ് എന്നിവരുടെ അനുഭവങ്ങൾ സദസ്സിന് കൗതകം  പകർന്നു.

റവ.സുകു ഫിലിപ്പ് മാത്യു പ്രാരംഭ പ്രാർത്ഥനയും, ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ്  ആശിർവാദ പ്രാർത്ഥനയും  നടത്തി. ജെയ്സൺ ഫിലിപ്പ്   മാസ്റ്റർ സെറിമണിയായി സമ്മേളനത്തെ നിയന്ത്രിച്ചു. ഫ്ലോറിഡായുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് അനേകർ സമ്മേളനത്തിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments