ഷാജി രാമപുരം.
ന്യൂയോർക്ക് : മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തിൽ കഴിഞ്ഞ ഏകദേശം ഏട്ട് വർഷത്തോളം ദൈവീക ശുശ്രൂഷ നിര്‍വഹിച്ച ശേഷം സഭയുടെ ക്രമീകരണപ്രകാരം തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിന്റെ അമരക്കാരനായി ജനുവരി മുതൽ ചുമതലയേൽക്കുന്നതിനായി മടങ്ങിപ്പോകുന്ന ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസിന് ഭദ്രാസനമായി സമുചിതമായ യാത്രയയപ്പ് നല്‍കുന്നു.
2023 ഡിസംബര്‍ 31 ഞായറാഴ്ച (ഇന്ന്) ഫിലാഡല്‍ഫിയാലുള്ള അസ്സന്‍ഷന്‍ മാര്‍ത്തോമ്മ പള്ളിയില്‍ ആരാധനയ്ക്ക് ശേഷം നടത്തപ്പെടുന്ന ചടങ്ങിലാണ് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തിലുള്ള യാത്രയയപ്പ് സമ്മേളനം ക്രമീകരിച്ചിരിക്കുന്നതെന്ന് ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം, ട്രഷറാർ ജോർജ് ബാബു എന്നിവർ അറിയിച്ചു.
ഉത്തമവും ഉദാത്തവുമായ ജീവിത ശൈലിയിലൂടെ കർമ്മ മേഖല ചൈതന്യമാക്കി ദൈവരാജ്യ പ്രവർത്തനത്തിൽ സജീവ നേതൃത്വം നൽകുന്ന അജപാലകൻ. ജീവിതത്തെ വെളിച്ചത്തിന്റെ പര്യായമാക്കി ജനങ്ങളിൽ ആത്മീയ ആവേശം വളർത്തിയെടുക്കാൻ പരിശ്രമിക്കുന്ന ഒരു ചിന്തകനും ഒപ്പം വിദ്യാർത്ഥിയും ആയ ഇടയ ശ്രേഷ്ഠൻ തുടങ്ങിയ അനേക വിശേഷണങ്ങൾക്ക് ഉടമ.
ബിഷപ് ഡോ. മാർ ഫിലക്സിനോസ് അമേരിക്കയിൽ തുടക്കം കുറിച്ച ലൈറ്റ് ടു ലൈഫ് എന്ന പദ്ധതി ഭാരതത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട അനേകം കുട്ടികള്‍ക്ക് ഇന്ന് ഒരു അത്താണിയായി മാറി. ഗാന്ധിജിയുടെ ഗ്രാമസ്വരാജ് സങ്കല്‍പ്പം ഭാരതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സാമൂഹിക ചിന്തകനും ഒരു ആദ്ധ്യാത്മിക നായകനുമാണ് മാര്‍ ഫിലക്‌സിനോസ്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ അദ്ദേഹം സമാരംഭിച്ച ഗ്രാമജ്യോതി സ്‌കൂളുകളിലൂടെ എത്രയോ തലമുറകള്‍ രാഷ്ട്ര പുനർ നിര്‍മ്മാണ പ്രക്രിയയില്‍ ഇന്നും പങ്കാളികളായി കൊണ്ടിരിക്കുന്നു.
അറ്റ്ലാന്റയിൽ ഏകദേശം 42 ഏക്കറോളം വരുന്ന സ്ഥലത്ത് ആറ് മില്യൻ ഡോളർ ചിലവഴിച്ച് വാങ്ങിയ കർമ്മേൽ മാർത്തോമ്മ സെന്റർ എന്ന് നാമകരണം ചെയ്യപ്പെട്ട ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനം നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിനു മാത്രമല്ല, മാർത്തോമ്മ സഭയ്ക്ക് തന്നെ ഇന്ന് ഒരു അഭിമാനമാണ്. ബിഷപ്പിന്റെ പ്രവർത്തന മികവിന്റെ ഒരു പൊൻ തൂവൽ കൂടിയാണ് ഈ സെന്റർ.
കൊളംബിയ തീയോളജിക്കൽ സെമിനാരിയുമായി സഹകരിച്ച് അറ്റ്ലാന്റയിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ ഭാവി തലമുറക്ക് ദൈവശാസ്ത്ര ദർശനം പകരുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മാർത്തോമ്മാ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ മിഷൻ ആൻഡ് കൾച്ചറൽ സെന്റർ ഭാവിലെ ഒരു വൈദീക സെമിനാരിയായി മാറും എന്ന് പ്രതീക്ഷിക്കാം.
മാർ ഫിലക്സിനോസിന്റെ നേതൃത്വത്തിൽ 2018 – ൽ തുടക്കം കുറിച്ച പുതിയ ഒരു മിഷൻ പ്രവർത്തനം ആണ് അമേരിക്കയിലെ യൂട്ടാ, അരിസോണ, ന്യൂമെക്സിക്കോ എന്നീ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ച് കിടക്കുന്ന നാവഹോലാൻഡിൽ അധിവസിക്കുന്ന നവഹോ ഇന്ത്യൻസ് എന്ന ആദിവാസി ഗോത്ര വിഭാഗക്കാരുടെ ഇടയിൽ ആരംഭിച്ചതായ പ്രവർത്തനം. ഇവരുടെ ഇടയിലുള്ള പ്രവർത്തനം മൂലം അമേരിക്കയിൽ ജനിച്ചു വളരുന്ന പുതിയ തലമുറക്ക് ക്രിസ്തിയ മൂല്യങ്ങളെയും, പുതിയ ദർശനങ്ങളെയും ഉൾക്കൊള്ളുവാൻ ഈ പ്രവർത്തനം മൂലം സാധിക്കുന്നു.
മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമ്മാ ഇടവകയില്‍ ആറ്റുപുറത്ത് കുടുംബത്തില്‍ പരേതരായ ശ്രീ. എ.എം. ഐസക്കിന്റെയും ശ്രീമതി മറിയാമ്മയുടെയും മകനായി 1951 ഡിസംബര്‍ 5 ന് ജനിച്ച മാർ ഫിലക്സിനോസ് മാവേലിക്കര വി.എച്ച്. ഹൈസ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും, മാവേലിക്കര ബിഷപ്പ് മൂര്‍ കോളജില്‍നിന്ന് ബി.എ. ബിരുദവും, ബനറാസ് ഹിന്ദു സര്‍വ്വകലാശാലയില്‍നിന്ന് എം.എയും, കല്‍ക്കട്ട ബിഷപ്പ് കോളജില്‍ നിന്ന് ബി.ഡി.ബിരുദവും പൂര്‍ത്തിയാക്കി.
1976 മെയ് 29 ന് ശെമ്മാശ്ശ് പട്ടത്വവും, 1976 ജൂണ്‍ 9 ന് കശീശ്ശ പട്ടത്വവും സ്വികരിച്ച് മാര്‍ത്തോമ്മാ സഭയില്‍ വൈദീക ശുശ്രൂഷയിലേക്ക് പ്രവേശിച്ചു. അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്ന് എം.റ്റി.എച്ച്. ബിരുദവും, ഉത്തരപ്രദേശിലെ വാരനാസിയിലുള്ള ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടി. വൈഷ്ണവ തത്വചിന്തയിലും, ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തിലും കൃപയുടെ സ്ഥാനം അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയത് എന്നത് ശ്രദ്ധേയമാണ്.
1993 ഓഗസ്റ്റ് 31ന് മാവേലിക്കര തഴക്കര പള്ളിയില്‍ വച്ച് നടന്ന ശുശ്രുഷയിൽ റമ്പാൻ പദവിലേക്ക് പ്രവേശിച്ചു. തുടർന്ന് 1993 ഒക്ടോബര്‍ 2 ന് തിരുവല്ലായില്‍ വെച്ച് നടന്ന എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രുഷയിലൂടെ ഐസക് മാര്‍ ഫിലക്‌സിനോസ് എന്ന നാമധേയത്തില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. സാമൂഹിക പ്രതിബദ്ധതയോടെ ഈ കാലത്തിനിടയില്‍ നടത്തിയ നിശബ്ദ സേവനങ്ങള്‍ ഏതെങ്കിലും ബഹുമതിയോ, അംഗീകാരമോ പിടിച്ചുപറ്റുവാനുള്ള ഒന്നായിരുന്നില്ല. മൗലീകമായ ഒരു ജീവിത ദര്‍ശനത്തിലൂടെ ക്രൈസ്തവ സാക്ഷ്യം നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ബിഷപ്പ് ഡോ. ഐസക് മാര്‍ ഫിലക്‌സനോസിന്റെ ജീവിതം തന്നെ ഒരു വിസ്മയം ആണ്.
മുംബൈയിലെ ചുവന്ന തെരുവുകളില്‍ നിന്നും ജീവിതത്തിന്റെ മഹാ പ്രകാശത്തിലേക്ക് കൈപിടിച്ച് ഉയർത്തുവാൻ ഡോ.മാര്‍ ഫിലക്‌സിനോസിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച നവജീവന്‍ സെന്റർ അനേകം കുട്ടികള്‍ക്ക് ഇന്നും പുതുജീവന്‍ പകര്‍ന്നു നല്‍കുന്നു. തമിഴ് നാട്ടില്‍ എയ്ഡ്‌സ് ബാധിത സമൂഹത്തിനുവേണ്ടി ആരംഭിച്ചതായ ‘അന്‍പിന്‍ കരം’ പദ്ധതിയിലൂടെ അനേകം കുടുംബങ്ങള്‍ക്ക് ജീവിതത്തിന്റെ നന്മയിലേക്കും, വെളിച്ചത്തിലേക്കും കടന്നുവരുവാന്‍ കഴിഞ്ഞു.
മൂന്നാർ മാർത്തോമ്മ റിട്രീറ്റ് സെന്റർ, വെല്ലൂർ ശാന്തിസദനം ഗൈഡൻസ് ഹോം, മുംബൈ വാശിയിൽ ആരംഭിച്ച ഭദ്രാസന ആസ്ഥാനം, യുകെ – യൂറോപ്പ് സോൺ എന്നിവ തന്റെ പ്രവർത്തന മികവുകളിൽ ചിലതു മാത്രം. തിരുമേനിയുടെ വേദശാസ്ത്ര ബോധ്യത്തിന്റെ ഒരു ദൃഷ്ടാന്തമാണ് ഡൽഹിയിലെ ഫരീദാബാദിലുള്ള ധര്‍മ്മജ്യോതി വിദ്യാപീഠം സെമിനാരി.
അഖില ലോക സഭാ കൗണ്‍സില്‍ സെന്‍ട്രല്‍ കമ്മറ്റി അംഗം, സെനറ്റ് ഓഫ് സെറാംപൂര്‍ യൂണിവേഴ്‌സിറ്റി കോളജിന്റ് പ്രസിഡന്റ്, വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ഗവേണിംഗ് കൗണ്‍സില്‍ അംഗം, നാഷണ്ല്‍ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് യുഎസ്എ ഗവേണിംഗ് ബോര്‍ഡ് അംഗം, കനേഡിയന്‍ കണ്‍സില്‍ ഓഫ് ചര്‍ച്ചസ് ഗവേണിംഗം ബോര്‍ഡ് അംഗം, തുടങ്ങി അനേക ചുമതലകളിൽ വിശ്വസ്തയോടെ പ്രവർത്തിച്ചു.
ഏറ്റെടുക്കുന്ന മേഖലകള്‍ എല്ലാം തന്നെ തന്റേതായ പ്രവര്‍ത്തന ശൈലികൊണ്ട് സഭയെ മുന്‍നിരയിലേക്ക് കൊണ്ടുവരുവാന്‍ വളരെയധികം കഠിനാദ്ധ്വാനം ചെയ്യുന്ന വ്യക്തിത്വം. സപ്തതിയുടെ നിറവിലും യൗവനത്തിന്റെ ചുറുചുറുക്കോടുകൂടി ശാരീരിക ക്ഷീണങ്ങള്‍ വകവയ്ക്കാതെ ഊര്‍ജ്ജസ്വലനായി പ്രവര്‍ത്തിക്കുവാന്‍ സാധിക്കുന്നു.
ഏതൊരു കാര്യം ഏറ്റെടുത്താലും ഒരു പ്രവാചക നിയോഗം പോലെ അതില്‍ ഉറച്ചു നില്‍ക്കുവാനും അതിന്റെ പരിസമാപ്തിയിലേക്ക് കൊണ്ടുവരുവാനുമുള്ള ബിഷപ് ഡോ. ഐസക്ക് മാർ ഫിലക്സിനോസിന്റെ ദര്‍ശനം പ്രത്യേകം പ്രശംസ പിടിച്ചു പറ്റുന്നതാണ്.