Friday, May 17, 2024
HomeNew Yorkസമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പേരെ പയനിയർ ക്ലബ്ബ് ആദരിക്കുന്നു.

സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പേരെ പയനിയർ ക്ലബ്ബ് ആദരിക്കുന്നു.

ജോയിച്ചന്‍ പുതുക്കുളം.

ന്യു യോർക്ക്: പയനിയർ ക്ലബ് ഓഫ് നോർത്ത് അമേരിക്ക സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച എട്ട് പേരെ  ആദരിക്കുന്നു.

ന്യൂയോർക്കിലെ ക്യൂൻസിൽ (കേരള കിച്ചൻ, 267-07 ഹിൽസൈഡ് അവന്യു , ഫ്ലോറൽ പാർക്ക്) നവംബർ 30 വ്യാഴാഴ്ച രാവിലെ 11:00 ന്  നടത്തുന്ന  വാർഷിക സമ്മേളനത്തിൽ   അവാർഡ് നൽകി ഇവരെ ആദരിക്കും.

തങ്ങളുടെ സമർപ്പിത സേവനങ്ങളിലൂടെ സമൂഹത്തിന് വഴികാട്ടിയ  അവരെ ആദരിക്കുന്ന ചടങ്ങിൽ എഴുത്തുകാരനും കവിയും പ്രസാധകനുമായ പ്രൊഫസർ പ്രഭു ഗുപ്താര (യു.കെ.) മുഖ്യ പ്രാസംഗികൻ  ആയിരിക്കും.

കോൺസുലേറ്റിൽ  ഇന്ത്യൻ കമ്മ്യൂണിറ്റി അഫയേഴ്‌സ് കോൺസൽ എ.കെ. വിജയകൃഷ്ണൻ  പുരസ്‌കാര ജേതാക്കളെ ആദരിക്കും. കേരള ശൈലിയിലുള്ള ഉച്ചഭക്ഷണവും നൽകും.

60-കളിലും 70-കളിലും അതിനുശേഷവും യുഎസിലേക്ക് കുടിയേറിയ മലയാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന, രജിസ്റ്റർ ചെയ്ത ലാഭേച്ഛയില്ലാത്ത സാഹോദര്യ കൂട്ടായ്‌മയാണ്‌  പയനിയർ ക്ലബ്ബ്. അംഗങ്ങൾ പലപ്പോഴും ഒത്തുചേരുകയും വിവിധ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാകുകയും  ഓണം ഉൾപ്പെടെയുള്ള  ഉത്സവങ്ങൾ  ആഘോഷിക്കുകയും ചെയ്യുന്നു.

പ്രൊഫ ജോസഫ് ചെറുവേലി, ജോർജ് സി. അറക്കൽ, വെറോണിക്ക എ താനിക്കാട്ട്, തോമസ് മണിമല, ത്രേസ്യാമ്മ കുര്യൻ, വി.എം. ചാക്കോ, മേരി ജോസ് അക്കരക്കളം, ഡോ. ജോർജ്ജ് അറയ്ക്കൽ എന്നിവരാണ്   അവാർഡ് ജേതാക്കൾ.

മേരി ജോസ് അക്കരക്കളം

 

പാലായിലെ ചേർപുങ്കലിൽ ജനിച്ച മേരി ജോസ് അക്കരക്കളം മെറ്റ്‌ലൈഫിൽ ഉദ്യോഗസ്ഥയായിരുന്നു.   അവിടെ  ‘ബെസ്റ്റ് എംപ്ലോയി ഓഫ് ദ ഇയർ’ അവാർഡ് കരസ്ഥമാക്കി. ഫ്ലഷിംഗിലെ കോളേജ് പോയിന്റിലെ ഒരു  വയോധികർക്കുള്ള നഴ്സിംഗ് ഹോമിൽ അവർ  വോളന്റിയറായി പ്രവർത്തിച്ചു. ചേർപുങ്കൽ മെഡിസിറ്റി ഹോസ്പിറ്റലിനായി ചാപ്പലും ഭവനരഹിതർക്കു  ഭവനവും നിർമ്മിക്കാൻ  പൂർവ്വിക സ്വത്തുക്കൾ വിറ്റുകിട്ടിയ തുക ഉപയോഗിച്ചു. ഇതടക്കം വിവിധ ചാരിറ്റി പ്രവർത്തനങ്ങളിൽ പങ്കാളിയായി.
ഡോ. ജോർജ്ജ് അറയ്ക്കൽ

ഡോ. ജോർജ്ജ് അറയ്ക്കൽ മെഡിക്കൽ  ബിരുദവുമായി  യു.എസിൽ എത്തി. എം.ഡി നേടിയ ശേഷം ഇൻഷുറൻസ് കമ്പനികളുടെ മെഡിക്കൽ കൺസൾട്ടന്റായി. സ്വന്തമായി മെഡിക്കൽ സപ്ലൈസ് ഔട്ട്‌ലെറ്റ് സ്ഥാപിച്ച്    സംരംഭകനുമായി. വിവിധ സാമൂഹിക, ജീവകാരുണ്യ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പയനിയർ ക്ലബ്ബിന്റെ സജീവ അംഗവുമാണ്.

പ്രൊഫ ജോസഫ് ചെറുവേലി
കുട്ടനാട്ടിലെ കൈനകിരിയിൽ നിന്ന് 1960-ൽ അമേരിക്കയിലേക്ക് കുടിയേറിയ പ്രൊഫ.  ജോസഫ് ചെറുവേലി ന്യൂയോർക്കിലെ സെന്റ് ജോൺസ് യൂണിവേഴ്സിറ്റിയിൽ നിന്ന് സ്വർണ്ണ മെഡൽ നേടിയ ഇംഗ്ലീഷ് പ്രൊഫസറാണ്. കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്ക്, പയനിയർ ക്ലബ് ഓഫ് നോർത്ത് അമേരിക്ക എന്നിവയുൾപ്പെടെ വിവിധ ഇന്ത്യൻ സംഘടനകളുടെ സ്ഥാപക അംഗമാണ്. തന്റെ ജീവചരിത്രം ‘പാസേജ് ടു അമേരിക്ക’ ഉൾപ്പെടെ അദ്ദേഹം വിപുലമായി രചനകൾ നടത്തിയിട്ടുണ്ട് .

വി.എം. ചാക്കോ

തൊടുപുഴ സ്വദേശിയായ വി.എം. ചാക്കോ, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും മറ്റുള്ളവരെ സഹായിക്കാനും മലയാളികൾക്ക് അമേരിക്കയിലെ മുഖ്യധാരാ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനുള്ള വഴികൾ കണ്ടെത്താനും വേണ്ടി നീക്കിവച്ച അറിയപ്പെടുന്ന ഒരു കമ്മ്യൂണിറ്റി ആക്ടിവിസ്റ്റാണ്. 20 വർഷത്തോളം അദ്ദേഹം NYC കമ്മ്യൂണിറ്റി ബോർഡിൽ അംഗമായി സേവനമനുഷ്ഠിച്ചു. പയനിയർ ക്ലബ്ബിന്റെ സ്ഥാപക അംഗവും ന്യൂയോർക്കിലെ ബെൽറോസിൽ ‘ ക്വീൻസ് ഇന്ത്യ ഡേ പരേഡ്’ ആരംഭിച്ചവരിൽ ഒരാളുമാണ്. അദ്ദേഹത്തിന്റെ സമീപകാല ജീവകാരുണ്യ പ്രവർത്തനങ്ങളിൽ തൊടുപുഴയിലെ പാവപ്പെട്ടവർക്ക് വീടുകൾ നിർമ്മിക്കുക, അനാഥാലയങ്ങൾക്ക് ചാരിറ്റി, നിർധനർക്ക് വിദ്യാഭ്യാസ സഹായം എന്നിവ ഉൾപ്പെടുന്നു.

ജോർജ് സി. അറക്കൽ

പ്രൊഫഷണൽ എഞ്ചിനീയറായ   ജോർജ് സി. അറക്കൽ മെട്രോപൊളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിലും പോർട്ട്  അതോറിറ്റിയിലും വിവിധ തലങ്ങളിൽ പ്രവർത്തിച്ചു. ഭവനരഹിതരെ സഹായിക്കാനും   വിവാഹങ്ങൾ നടത്തുന്നതിനു  സഹായമെത്തിക്കുന്നതിനും  അദ്ദേഹം എക്കാലവും പരിശ്രമിച്ചു.

വെറോണിക്ക എ താനിക്കാട്ട്

ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിൽ  നിന്നാണ്   വെറോണിക്ക എ താനിക്കാട്ട് യു.എസിൽ എത്തിയത്. വൈക്കോഫ് ഹോസ്പിറ്റലിലും ന്യൂയോർക്കിലെ വെറ്ററൻസ് ഹോസ്പിറ്റലിലും ജോലി ചെയ്യുമ്പോൾ  ‘ബെസ്റ് പെർഫോമിംഗ് നഴ്‌സ്’ ഉൾപ്പെടെ നിരവധി നഴ്‌സിംഗ് അവാർഡുകൾ അവർക്ക് ലഭിച്ചു. വിദ്യാഭ്യാസത്തിൽ, പ്രത്യേകിച്ച് നഴ്‌സിംഗ് മേഖലയിൽ  ലക്ഷ്യങ്ങൾ കൈവരിക്കാൻ പലരെയും സഹായിച്ചു.  ദാരിദ്ര്യം അനുഭവിക്കുന്നവർക്ക് തുണയാകാൻ മുന്നിട്ടിറങ്ങിയ അവർ    മറ്റുള്ളവരെപ്പറ്റി എപ്പോഴും  കരുതലുള്ള  വ്യക്തിയായാണ്  അറിയപ്പെടുന്നത്.

തോമസ് മണിമല

കോട്ടയം മാഞ്ഞൂർ സ്വദേശിയാണ് തോമസ് മണിമല. 30 വർഷം യോർക്ക് ടൗൺ ഹൈറ്റ്സിൽ സയൻസ് പഠിപ്പിച്ച അദ്ദേഹം ഡിപ്പാർട്ട്മെന്റ് തലവനായി വിരമിച്ചു. പുതുതായി കുടിയേറിയ കുടുംബങ്ങളെ സഹായിക്കുന്നതിന് അദ്ദേഹം സദാ സന്നദ്ധനായിരുന്നു. നിരവധി സാമൂഹിക, ചാരിറ്റബിൾ സംഘടനകളിലും  സജീവമായിരുന്നു.

ത്രേസ്യാമ്മ കുര്യൻ

ത്രേസ്യാമ്മ കുര്യൻ ചങ്ങനാശ്ശേരി കിടങ്ങറ സ്വദേശിയാണ്. ന്യൂയോർക്കിലെ ലോംഗ് ഐലൻഡ് ജ്യൂവിഷ് ഹോസ്പിറ്റലിലും സെന്റ് ബർണബാസിലും  ഉൾപ്പെടെ നിരവധി ആശുപത്രികളിൽ നഴ്‌സായി തന്റെ പ്രൊഫഷണൽ ജീവിതത്തിൽ മികവ് പുലർത്തി.  ‘ബെസ്റ്റ് ഓപ്പറേറ്റിംഗ് റൂം നഴ്‌സ്’ അവാർഡ് നേടിയിട്ടുണ്ട്.  തന്റെ പ്രവർത്തനങ്ങളിലൂടെ മറ്റുള്ളവരിൽ   ഗണ്യമായ സ്വാധീനം ചെലുത്തുകയും ചെയ്തു. കേരളത്തിലെ നിരാലംബർക്കും ഭവനരഹിതർക്കും അനാഥാലയങ്ങൾക്കുമായി അവൾ തന്റെ പൂർവ്വിക സ്വത്ത് ദാനം ചെയ്തു.

കൂടുതൽ വിവരങ്ങൾക്ക്: ജോണി സക്കറിയ (പ്രസിഡന്റ്) 646-508-4535, വറുഗീസ് എബ്രഹാം (രാജു) (ജനറൽ സെക്രട്ടറി) 516-456-9740

1. Mrs. Mary Jose Ackarakalam
              2. Dr. George Arackal
              3. Prof. Joseph Cheruvelil
              4. Mr. V.M. Chacko
              5. Mr. George C. Arackal
              6. Mrs. Veronica A. Thanikkatt
              7. Mr. Thomas Manimala
              8. Mrs. Thresiamma Kurian.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments