ജോൺസൺ ചെറിയാൻ.
അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകളില്‍ വിതുമ്പി വൈക്കം കുടവച്ചൂര്‍ സ്വദേശി ശശികുമാര്‍. ഭിന്നശേഷിക്കാരനായ ശശികുമാറിന് സഞ്ചരിക്കാന്‍ സ്വന്തമായ വാഹനം അനുവദിച്ച് നല്‍കിയത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയാണ്. നിറകണ്ണുകളോടെ മുട്ടുകാലില്‍ നടന്ന്, തന്റെ മുച്ചക്ര വാഹനത്തില്‍ വൈക്കത്ത് നിന്നും പുതുപ്പള്ളിയിലെ ഉമ്മന്‍ചാണ്ടിയുടെ വീട്ടിലെത്തിയപ്പോള്‍ ഈ മനുഷ്യന് ദുഃഖം താങ്ങാനായില്ല. പിന്നെ നടന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ച.
ഉമ്മന്‍ചാണ്ടി സാറിന് പകരം ദൈവത്തിന് എന്നെ വിളിച്ചൂടായിരുന്നോ എന്ന് ആ മനുഷ്യന്‍ കരഞ്ഞുപറഞ്ഞപ്പോള്‍ ചുറ്റും നിന്നവര്‍ക്ക് പോലും ദുഃഖം താങ്ങാനായില്ല. ‘ദൈവത്തിന് പോലും വേണ്ടാത്ത ആളാണ് താന്‍.. എനിക്കാരുമില്ല. രണ്ട് മാസമായിട്ട് ഒറ്റയ്ക്കാണ് ജീവിതം. 2014ലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യാത്ര ചെയ്യാന്‍ വാഹനം കിട്ടിയത്. ഇടയ്ക്കിടെ ഉമ്മന്‍ചാണ്ടിയെ കാണാന്‍ പോകുമായിരുന്നു. എപ്പോള്‍ കണ്ടാലും കയറി ഇരിക്ക് മക്കളെ എന്നുപറയും. അങ്ങനെ വിളിച്ച് കയറ്റി ഇരുത്താന്‍ പോലും എനിക്കാരുമില്ലാതായി’. ശശികുമാര്‍ നിറഞ്ഞുകലങ്ങിയ കണ്ണുകളോടെ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ബംഗളൂരുവിലെ ചിന്മയ മിഷന്‍ ആശുപത്രിയില്‍ വച്ച് ഉമ്മന്‍ചാണ്ടി അന്തരിച്ചത്. മകന്‍ ചാണ്ടി ഉമ്മനാണ് മരണവിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം ഉച്ചയോടെ തിരുവനന്തപുരത്തെത്തിക്കും. ബംഗളൂരുവില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് ഭൗതികശരീരം കേരളത്തിലെത്തിക്കുക. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം ഉമ്മന്‍ചാണ്ടിയുടെ വസതിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം നാല് മണിയോടെ ഭൗതികശരീരം ദര്‍ബാര്‍ ഹാളിലെത്തിച്ച് പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം സെക്രട്ടറിയേറ്റിന് സമീപമുള്ള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലും പൊതുദര്‍ശനമുണ്ടാകും. വൈകിട്ട് ആറ് മണിയോടെ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ടാകും.