ജോൺസൺ ചെറിയാൻ.
പെരിയാർ: കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പൻ കാട്ടാന കുമളി ടൗണിന് ആറ് കിലോമീറ്റർ അകലെ വരെ എത്തി. ഇതിനുശേഷം ആനയെ തുറന്നു വിട്ട മേദകാനം ഭാഗത്തേക്ക് തന്നെ മടങ്ങി. ഇതിനിടെ പൂപ്പാറയിൽ കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ വച്ച് കാർ ഇടിച്ചത് ചക്കക്കൊമ്പനെയാണെന്ന് സ്ഥിരീകരിച്ചു.ജിപിഎസ് കോളറിൽ നിന്ന് ലഭിച്ച സിഗ്‌നലുകളിൽ നിന്നാണ് അരിക്കൊമ്പൻ ആകാശദൂരപ്രകാരം കുമളി ടൗണിന് 6 കിലോമീറ്റർ അകലെ വരെ എത്തിയെന്ന് വ്യക്തമായത്. കാടിനുള്ളിൽ ആന കിലോമീറ്ററുകളോളം സഞ്ചരിക്കുന്നതിന്റെ ഭാഗമായി മാത്രം കുമളി ടൗണിന് സമീപം വന്നതിനെ കണ്ടാൽ മതി എന്നാണ് വനം വകുപ്പിന്റെ വിശദീകരണം. ഒരു സംഘം വനപാലകർ കാടിനുള്ളിൽ അരികൊമ്പനെ നിരീക്ഷിക്കുന്നുണ്ട്. തേക്കടിയിലെ നിരീക്ഷണ കേന്ദ്രത്തിൽ ജിപിഎസ് സിഗ്‌നലുകൾ പരിശോധിക്കുന്നതും തുടരുകയാണ്. അവസാനം സിഗ്‌നൽ ലഭിക്കുമ്പോൾ മേതകാനം ഭാഗത്താണ് അരികൊമ്പൻ ഉള്ളത്.