എസ്.ഐ.ഒ.
കോഴിക്കോട് : മുസ്‌ലിംകൾക്കും മുസ്‌ലിം ചിഹ്നങ്ങൾക്കും മുസ്ലിം കർതൃത്വ രാഷ്ട്രീയത്തിനും എതിരെ നടക്കുന്ന വംശീയമായ പൈശാചിക വൽകരണത്തെ ജനകീയമായി ചെറുത്ത് തോൽപ്പിക്കണമെന്നും നീതിയിൽ വിശ്വസിക്കുന്ന മുഴുവൻ ജനങ്ങളും ഇസ്ലാമോഫോബിയക്കെതിരെ അണിനിരക്കണമെന്നും എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻ്റ് മുഹമ്മദ് സഈദ് ടി.കെ അഭിപ്രായപെട്ടു.
ഐക്യരാഷ്ട്ര സഭ മാർച്ച് 15 ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി പ്രഖ്യാപിച്ചതിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വ്യത്യസ്ത സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മത നേതൃത്വങ്ങൾക്ക് എസ്.ഐ.ഒ കേരള കമ്മിറ്റി പുറത്തിറക്കിയ ‘എന്താണ് ഇസ്ലാമോഫോബിയ? കൈപുസ്തകം’ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എം.എൽ.എമാരായ ടി. സിദ്ധീഖ്, കെ.പി.എ മജീദ്, മാത്യു കുഴൽനാടൻ, വ്യാജകേസിൽ ജയിലിലടക്കപ്പെട്ട മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ, പ്രമുഖ സാഹിത്യകാരനും സാഹിത്യ അക്കാദമി പ്രസിഡൻ്റുമായ കെ.സച്ചിദാനന്ദൻ, സാഹിത്യകാരൻ കല്പറ്റ നാരായണൻ, മീഡിയാവൺ ഡൽഹി ചീഫ് ധനസമൂദ്, പ്രമുഖ ആക്ടിവിസ്റ്റ് ഗ്രോ വാസു, തുടങ്ങി നിരവധി പ്രമുഖർക്ക് ഇസ്‌ലാമോഫോബിയ കൈപുസ്തകം കൈമാറുകയും സംവദിക്കുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, സെക്രട്ടറി സഹൽ ബാസ്, വിവിധ ജില്ലാ നേതാക്കൾ എന്നിവർ വിവിധ ഇടങ്ങളിൽ പുസ്തകം കൈമാറുന്നതിന് നേതൃത്വം നൽകി.