ഷാജി രാമപുരം.
ഡാളസ്: കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ അഖില ലോക പ്രാർത്ഥനാ ദിനം മാർച്ച് 11 ശനിയാഴ്ച രാവിലെ 9 മണി മുതൽ 12.30 വരെ മെസ്ക്വിറ്റ് സെന്റ്. പോൾസ് മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.
ഡാളസിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളിലെ ഇടവകളിൽ നിന്ന് അനേക സ്ത്രീകളും വൈദീകരും സമ്മേളനത്തിൽ പങ്കെടുത്തത് കോവിഡ് മഹാമാരിക്ക് ശേഷം മാസ്ക് തുടങ്ങിയ നിയന്ത്രണങ്ങൾ ഇല്ലാത്ത ഒരു ഒത്തുകൂടലിന്റെ നിമിഷങ്ങളായി. അതോടൊപ്പം പട്ടുസാരിയും നീല ബ്ലൗസും അണിഞ്ഞ് തങ്ങളുടെ പ്രായത്തെപ്പോലും വകവെയ്ക്കാതെ മുന്നൂറിൽ പരം സ്ത്രീകൾ സമ്മേളനത്തിൽ പങ്കെടുത്തത് വേറിട്ട അനുഭവമായി.
സിസ്റ്റർ മരിയ തെങ്ങുംതോട്ടത്തിൽ (സെന്റ്. തോമസ് സീറോ മലബാർ കാതലിക്ക് ചർച്ച്, ഗാർലന്റ് ) മുഖ്യ സന്ദേശം നൽകി. ഞാൻ നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് കേട്ടിരിക്കുന്നു (എഫെസ്യ 1:15 – 19) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കി ആയിരുന്നു മുഖ്യ ചിന്താവിഷയം. ജോൺ തോമസ് നേതൃത്വം നൽകുന്ന കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഗായകസംഘം ഗാന ശുശ്രുഷക്ക് നേതൃത്വം നൽകി.
ലോകത്തിലെ 170ൽ പരം രാജ്യങ്ങളിൽ ക്രിസ്തിയ വിശ്വാസികളായ വനിതകളുടെ നേതൃത്വത്തിൽ ഓരോ വർഷവും ഒരു പ്രത്യേക രാജ്യം തെരഞ്ഞെടുത്ത് ആ രാജ്യത്തിലെ കഷ്ടത അനുഭവിക്കുന്ന ജനവിഭാഗത്തിനായി പ്രാർത്ഥിക്കുവാനായി മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച പ്രാർത്ഥനാദിനമായി ആചരിച്ചുവരുന്നതാണ് വേൾഡ് ഡേ പ്രയർ.
തായ്‌വാനിലെ കഷ്ടത അനുഭവിക്കുന്ന ജനാവിഭാഗത്തിനായിട്ടാണ് പ്രത്യേകം പ്രാർത്ഥനാ ദിനമായി ഈ വർഷം വേർതിരിച്ചിരിക്കുന്നത്. പ്ലേനോ സെന്റ്. പോൾസ്. മലങ്കര ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാ സമാജം ആണ് ഡാളസിലെ വേൾഡ് ഡേ പ്രയറിന് ഈ വർഷം നേതൃത്വം നൽകിയത്.
ശ്രീമതി സാറാമ്മ രാജു (സാലി കൊച്ചമ്മ) ആയിരുന്നു പ്രോഗ്രാം ജനറൽ കൺവീനർ. ശ്രീമതി മേരി മാത്യു എം. സി യായി പ്രവർത്തിച്ചു. റവ. ഷൈജു സി. ജോയ് (പ്രസിഡന്റ് ), വെരി. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പ (വൈസ്. പ്രസിഡന്റ് ), ഷാജി എസ്. രാമപുരം (ജനറൽ സെക്രട്ടറി ) എന്നിവർ ഡാളസിലെ കേരള എക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.