ജോണ്‍സണ്‍ ചെറിയാന്‍.
പിണറായി: ഒന്നിനു പിറകെ മറ്റൊന്ന് എന്ന രീതിയില്‍ നാലുമാസത്തിനിടയില്‍ ഒരു വീട്ടില്‍ നടന്നതു മൂന്നു ദുരൂഹമരണങ്ങള്‍. നാലുപേരും മരിച്ചതു ഛര്‍ദിയെ തുടര്‍ന്ന്. തുടര്‍ മരണങ്ങളുടെ പൊരുളറിയാതെ ആശങ്കയില്‍ കഴിയുകയാണ് ഇവിടുത്തെ നാട്ടുകാര്‍.
ആറു വര്‍ഷം മുന്‍പു മരിച്ച ഒരു വയസ്സുകാരി അടക്കം നാലുപേരും മരിച്ചതു ഛര്‍ദിയെ തുടര്‍ന്നാണെങ്കിലും ആരുടെയും മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഏറ്റവുമൊടുവില്‍, വീട്ടില്‍ അവശേഷിച്ച യുവതിയെ ഛര്‍ദിയെ തുടര്‍ന്ന് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
പിണറായി പടന്നക്കര കൂഞ്ഞേരി കുഞ്ഞിക്കണ്ണന്റെ വണ്ണത്താംവീട്ടില്‍ 2012ല്‍ ആണു നാട്ടുകാരില്‍ ഒട്ടേറെ ചോദ്യങ്ങളുയര്‍ത്തിയ മരണപരമ്ബരയുടെ തുടക്കം. കുഞ്ഞിക്കണ്ണന്റെ മകള്‍ സൗമ്യയുടെ മകളായ കീര്‍ത്തന(ഒന്ന്) ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. സംശയമൊന്നുമില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല.
സൗമ്യയുടെ മൂത്തമകളും നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ഐശ്വര്യ ഇക്കൊല്ലം ജനുവരി 21ന് ഇതേ സാഹചര്യങ്ങളില്‍ തന്നെ മരിച്ചു. പരാതിയില്ലാത്തതിനാല്‍ ഐശ്വര്യയെയും പോസ്റ്റ്‌മോര്‍ട്ടത്തിനു വിധേയമാക്കിയില്ല. ഭര്‍ത്താവുമായി അകന്നു കഴിയുകയാണു സൗമ്യ.
മൂന്നാമതായി കുഞ്ഞിക്കണ്ണന്റെ ഭാര്യ വടവതി കമല(68) കഴിഞ്ഞ മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന്‍ (76) ഏപ്രില്‍ 13നും ഛര്‍ദിയെ തുടര്‍ന്നു മരിച്ചു. എന്നാല്‍, തുടര്‍ച്ചയായ മരണങ്ങളില്‍ നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതോടെ, ഇരുവരുടെയും ദുരൂഹമരണങ്ങളില്‍ കേസെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
ഇതിനിടെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഛര്‍ദിയെ തുടര്‍ന്ന് സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദഹനക്കേടാണു ഛര്‍ദിക്കു കാരണമെന്നാണു പ്രാഥമിക നിഗമനമെന്നും അപകടനില തരണം ചെയ്തതായും സൗമ്യയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. സൗമ്യയുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ അസി. ഫൊറന്‍സിക് സര്‍ജന്‍ ഡോ. സുജിത് ശ്രീനിവാസിന്റെ നേതൃത്വത്തില്‍ നാലംഗ സംഘവും കഴിഞ്ഞദിവസം സൗമ്യയെ വിശദമായി പരിശോധിച്ചു. പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പും കോഴിക്കോട്ടു നിന്നുള്ള സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്‍ഡ് മാനേജ്‌മെന്റും അറിയിച്ചു.
നാലു മരണങ്ങളെപ്പറ്റിയും ഗൗരവത്തോടെ അന്വേഷിക്കുമെന്നു തലശ്ശേരി സിഐ കെ.ഇ.പ്രേമചന്ദ്രന്‍ പറഞ്ഞു. കുഞ്ഞിക്കണ്ണന്റെയും കമലയുടെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ മരണകാരണം വ്യക്തമാക്കിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനയ്ക്കു ശേഷമേ മരണകാരണം വ്യക്തമാകൂ.