ജലീൽ മോങ്ങം.
മലപ്പുറം: കൗമാര കാലഘട്ടത്തെ നന്മയുടെ പാതയിലൂടെ വഴി നടത്തുക എന്ന ഉദ്ദേശ്യത്തോടെ രൂപീകൃതമായ സംഘമാണ് ടീൻ ഇന്ത്യ. ശാരീരികവും മാനസികവുമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഈ പ്രത്യേക വളർച്ചാഘട്ടത്തിൽ നന്മയുടെയും വിവേകത്തിന്റെയും വിത്തുകൾ പാകി നമ്മുടെ കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നിർമാണാത്മക പ്രവർത്തനങ്ങൾ ചെയ്യുന്ന ഒരു സംഘമായി വളർത്തുക എന്നതാണ് ടീൻ ഇന്ത്യ കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.
ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു സംഘത്തെ കേരളത്തിനു സമർപ്പിക്കുന്നതോടൊപ്പം കെട്ടിലും മട്ടിലും അഴകും ഗാംഭീര്യവുമുള്ള ഒരു സമ്മേളനമാണ് ടീൻ ഇന്ത്യ നടത്തുന്ന ഈ പ്രഥമ സംസ്ഥാന സമ്മേളനം. ബ്ലാക്ക് & വൈറ്റ്, സ്‌ക്വയർ, ഹൊറൈസൺ, സ്ഫിയർ, അറീന, ഫെയ്‌സ് ടു ഫെയ്‌സ് എന്നീ ആറു പ്ലാനറ്റുകളിലായി മൂല്യങ്ങളുടെ പാഠശാല, സിനിമാ പാഠശാല, സാംസ്‌കാരിക പാഠശാല, കായികം & ആരോഗ്യം, ഉപരിപഠനം, മുഖാമുഖം തുടങ്ങി കൗമാര ഊർജത്തെ ഫലപ്രദമായി വിനിയോഗിക്കാൻ അംഗങ്ങളെ പ്രാപ്തരാക്കുന്ന ഒന്നര ദിവസം നീണ്ടുനിൽക്കുന്ന പ്രതിനിധിസമ്മേളനം ഏപ്രിൽ 15ന് രാവിലെ മലപ്പുറം വിദ്യാനഗർ പബ്ലിക് സ്‌കൂളിൽ സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യും. പ്രമുഖ മീഡിയാ പ്രവർത്തകൻ ഒ. അബ്ദുറഹ്മാൻ, ജമാഅത്തെ ഇസ്‌ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡണ്ട് എ. റഹ്മത്തുന്നീസ, ജിഐഒ സംസ്ഥാന പ്രസിഡണ്ട് അഫീദ അഹ്മദ് തുടങ്ങിയവർ പങ്കെടുക്കും.
ഘോഷയാത്രയോടു കൂടി സമാപിക്കുന്ന പ്രതിനിധിസമ്മേളനത്തിനു ശേഷം മലപ്പുറം കോട്ടക്കുന്നിൽ പൊതുസമ്മേളനം സ്റ്റുഡന്റ്‌സ് സർക്കിൾ അഖിലേന്ത്യാ രക്ഷാധികാരി എസ്.എസ്. ഹുസൈനി ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര മജിഷ്യൻ ഗോപിനാഥ് മുതുകാട്, ജില്ലാ കലക്ടർ അമിത് മീണ ഐഎഎസ്, സംസ്ഥാന മുഖ്യ രക്ഷാധികാരി എം.ഐ. അബ്ദുൽ അസീസ്, എസ്‌ഐഒ അഖിലേന്ത്യാ പ്രസിഡണ്ട് നഹാസ് മാള എന്നിവർ പങ്കെടുക്കും. കലയും സാഹസികതയും ഇഴചേർന്ന കലാസന്ധ്യയോടു കൂടി സമ്മേളനം സമാപിക്കും.
പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ:
1. വി.എ. ജവാദ് എറണാകുളം (ടീൻ ഇന്ത്യ സംസ്ഥാന ക്യാപ്റ്റൻ)
2. അഫ്‌നാൻ ടി.കെ. പാലക്കാട് (ടീൻ ഇന്ത്യ സംസ്ഥാന വൈസ് ക്യാപ്റ്റൻ)
3. നദ ഫാത്തിമ മലപ്പുറം (ടീൻ ഇന്ത്യ സംസ്ഥാന വൈസ് ക്യാപ്റ്റൻ)
4. വഹീദാ ജാസ്മിൻ (മീഡിയാ കൺവീനർ, 9744 699 718)
5. ജലീൽ മോങ്ങം (ജനറൽ കൺവീനർ, കേരള കൗമാര സമ്മേളനം)