ദോഹ. പ്രകൃതിയെ കുളിരണിയിക്കുവാനും ഇക്കോ സിസ്റ്റം സുരക്ഷിതമായി നിലനിര്‍ത്തുവാനും ധാരാളമായി മരങ്ങള്‍ നടുകയും കൂടുതല്‍ വനങ്ങള്‍ നശിക്കാതെ നോക്കുകയും വേണമെന്ന് മൈന്റ് ട്യൂണ്‍ ഇക്കോ വേവ്‌സ് ഗ്‌ളോബല്‍ ചെയര്‍ാനും മീഡിയ പ്‌ളസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര അഭിപ്രായപ്പെട്ടു.
ഉപഭോഗ സംസ്‌കാരത്തിന്റെ പിറകെ നടന്നു മറ്റുള്ളരേയും തന്നെയും കബളിപ്പിച്ച് ഫൂളാക്കുന്നതിന് പകരം ഇനിയുളള ഏപ്രിലുകള്‍ കൂളാക്കുവാനുള്ള പ്രകൃതി സ്‌നേഹികളുടേയും പരിസ്ഥിതി പ്രവര്‍ത്തകരുടേയും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ആഹ്വാന പ്രകാരം ദോഹയില്‍ മീഡിയ പ്‌ളസ് സംഘടിപ്പിച്ച ഏപ്രില്‍ കൂള്‍ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആഗോള താപനവും കാലാവസ്ഥ വ്യതിയാനും ലോകത്ത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയും മനുഷ്യരുടെയും ജീവജാലങ്ങളുടേയും സമാധാനപരമായ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന സമകാലിക ലോകത്ത് പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറെയാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ലഭിക്കുന്ന പല സന്ദേശങ്ങളും ആവേശപൂര്‍വം കൈമാറുന്ന സമൂഹം ആവാസ വ്യവസ്ഥിതിയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളെ ഗൗരവമായി കാണണം. വെല്ലുവിളികളെ അവസരങ്ങളായും വീഴ്ചകളെ വിദ്യയായും രചനാത്മകമായ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നാണ് ഏപ്രില്‍ കൂള്‍ ദിനം നല്‍കുന്ന സന്ദേശം.
കേരളത്തില്‍ സാധാരണ വര്‍ഷക്കാലത്തെത്തുന്ന പരിസ്ഥിതി ദിനത്തില്‍ നാം മരം നട്ട സ്ഥലത്ത് തന്നെ തൊട്ടടുത്ത വര്‍ഷവും മരം നടേണ്ട ഒരു സാഹചര്യമാണ് പലപ്പോഴും കാണാറുള്ളത്. പരിദേവനകളും വിലാപങ്ങളുമൊക്കെ നിര്‍ത്തി ഈ ഭൂമി ഏത് നിലയില്‍ ആയി കാണാനാണ് നാം ആഗ്രഹിക്കുന്നത് ആ രൂപത്തില്‍ മനസ്സില്‍ ചിത്രീകരിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുക എന്നതാണ് ഇക്കോസൈക്കോളജി. ഈ രംഗത്ത് ഏപ്രില്‍ കൂള്‍ നല്‍കുന്ന സന്ദേശം മികച്ചതാണ്.
നമുക്ക് ചുറ്റും മരങ്ങള്‍ നിറഞ്ഞ് നില്‍ക്കുന്നതായി സങ്കല്‍പിച്ച് ഏവിടെയും പച്ചപ്പും തണലും നനവും ഇളം കാറ്റുമുള്ളതായി ഉള്ളതായി സ്വപ്‌നം കാണുകയും ചെയ്യുന്നതോടൊപ്പം ഭൂമിയെ ഭാവി തലമുറക്കായി സംരക്ഷിക്കുയെന്നത് നമ്മുടെ ബാധ്യതയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നൂറ്റാണ്ടുകളായി നാം നഷ്ടമായി ഭൂമിയുടെ തേജസ്സും ഓജസ്സും വീണ്ടെടുക്കുവാനുള്ള അവസരങ്ങള്‍ നാം പ്രയോജനപ്പെടുത്തണം.
ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി നമുക്കിടയില്‍ അവനവനെയും മറ്റുള്ളവനേയും പരിഹസിച്ച് കൊണ്ട് ആചരിക്കുന്ന വിഡ്ഢി ദിനത്തിന് പകരം വേനല്‍ കനക്കുന്ന ഏപ്രിലില്‍ പുതിയ ഒരു സംസ്‌കാരം കൊണ്ട് വരികയാണ് ഏപ്രില്‍ കൂളെന്നും ഈ വേനലില്‍ ഒരു മരം നട്ട് അതിനെ പരിചരിക്കുകയും വരും വേനലുകളില്‍ അത് തണല്‍ വിരിക്കണം എന്ന ആശയവുമായാണ് വിഡ്ഢി ദിനത്തെ ക്രിയാത്മകമായി ആചരിക്കേണ്ടതെന്നും ചടങ്ങില്‍ സംസാരിച്ച മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് പറഞ്ഞു.
മനുഷ്യ നന്മ ഉദ്ദേശിച്ച് രൂപ കല്‍പന ചെയ്ത ഈ കാമ്പയിന്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഏപ്രില്‍ കൂളിനോടനുബന്ധിച്ച് ഏതാനും തൈകള്‍ നടുകയും അവയെ സംരക്ഷിക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്താണ് പരിപാടി അവസാനിച്ചത്. ഫൗസിയ അക്ബര്‍, ഷറഫുദ്ധീന്‍ തങ്കയത്തില്‍, അഫ്‌സല്‍ കിളയില്‍, സിയാഹുറഹ്മാന്‍ , സൈദലവി അണ്ടേക്കാട്, കാജാഹുസൈന്‍, മുഹമ്മദ് റാഫി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ഫോട്ടോ 1 : എപ്രില്‍ കൂള്‍ കാമ്പയിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് സംഘടിപ്പിച്ച പരിപാടിയില്‍ പ്രൊജക്ട് മാനേജര്‍ ഫൗസിയ അക്ബര്‍ ചെടി നടുന്നു.
ഫോട്ടോ 2 : സെയില്‍സ് മാനേജര്‍ ഷറഫുദ്ധീന്‍ തങ്കയത്തില്‍ ചെടി നടുന്നു.