ജോണ്‍സണ്‍ ചെറിയാന്‍.
സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ എല്ലാ തെറ്റും ഏറ്റെടുക്കുന്നതായി ഓസിസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്. ജീവിതം മുഴുവന്‍ പശ്ചാത്തപിക്കും. കാലം മാപ്പുനല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയ സ്മിത്ത് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. ഓസ്‌ട്രേലിയന്‍ ഉപനായകന്‍ ഡേവിഡ് വാര്‍ണര്‍ നേരത്തെ മാപ്പ് ചോദിച്ചിരുന്നു.
ജോഹന്നാസ്ബര്‍ഗ് വിമാനത്താവളത്തിലെത്തിയ സ്മിത്തിനെ ചതിയന്‍ എന്നു വിളിച്ചാണ് ആരാധകര്‍ സ്വീകരിച്ചത്. ആരാധകരുടെ ഉച്ചത്തിലുളള വിളി കേട്ട് വികാരാധീനനായ സ്മിത്ത് ഒന്നും മിണ്ടാതെ നടന്നുപോയി. താരം വരുന്നതറിഞ്ഞ് നിരവധി പേര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. കനത്ത സുരക്ഷയാണ് വിമാനത്താവളത്തില്‍ സ്മിത്തിന് ഒരുക്കിയിരുന്നത്. സ്മിത്തിനെ കണ്ടയുടന്‍ അവരെല്ലാം ചതിയന്‍ ചതിയന്‍ എന്ന് ഉച്ചത്തില്‍ വിളിക്കുകയായിരുന്നു.
പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മത്തിനും ഉപനായകന്‍ ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.