ജോണ്‍സണ്‍ ചെറിയാന്‍.
പുനലൂര്‍:മരച്ചീനി പറിക്കാന്‍ തുടങ്ങുന്നതിനിടെ വൈദ്യുതാഘാതമേറ്റു തെറിച്ചുവീണ മുത്തശ്ശിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ നാലുവയസുകാരന് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണു സംഭവം.
ഇരുവരും നിലത്തുവീണ് പിടയുന്നതുകണ്ട് രക്ഷിക്കാന്‍ ശ്രമിച്ച സമീപവാസിക്കും വൈദ്യുതാഘാതമേറ്റു. പുനലൂര്‍ പ്ലാത്തറ ആയിരവല്ലി ക്ഷേത്രത്തിനു സമീപം പ്ലാവിള പുത്തന്‍വീട്ടില്‍ ഷിജു വര്‍ഗീസിന്റെയും ജിന്‍സിയുടെയും മകന്‍ അലനാണു മരിച്ചത്. ഷിജുവിന്റെ മാതാവ് പൊന്നമ്മയ്ക്കാണു വൈദ്യുതാഘാതമേറ്റത്.
മുത്തശ്ശിയോടൊപ്പം പുരയിടത്തില്‍ മരച്ചീനി പിഴാന്‍ പോയതായിരുന്നു അലന്‍. മരച്ചീനി പിഴാന്‍ തുടങ്ങുമ്ബോള്‍ നിലത്തുവീണുകിടന്നിരുന്ന വൈദ്യുത കമ്ബിയില്‍ നിന്നും വൈദ്യുതാഘാതമേറ്റു പൊന്നമ്മ തെറിച്ചുവീണു. ഇവരെ പിടിച്ച് ഉയര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അലന്‍ വൈദ്യുതാഘാതമേറ്റു തല്‍ക്ഷണം മരിക്കുകയായിരുന്നുവെന്നു പുനലൂര്‍ പോലീസ് പറഞ്ഞു. കൃഷിസ്ഥലത്തു ജോലിചെയ്തിരുന്ന സമീപവാസി ഓടിയെത്തി പൊന്നമ്മയെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഇദ്ദേഹത്തിനും നേരിയ തോതില്‍ വൈദ്യുതാഘാതമേറ്റു.
നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അലന്‍ മരിച്ചിരുന്നു. പരിക്കേറ്റ പൊന്നമ്മയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ഞമണ്‍കാല മുത്തുക്കുഴി അങ്കണവാടി വിദ്യാര്‍ത്ഥിയാണ് അലന്‍. രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി അബിയ അലന്റെ സഹോദരിയാണ്.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്കു മഞ്ഞമണ്‍കാല സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചാപ്പലിലെ ശുശ്രൂഷയ്ക്കു ശേഷം ചെമ്മന്തൂര്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടന്നു.