Sunday, November 24, 2024
HomeAmericaഇന്റര്‍ഫെയ്ത്ത് കമ്മ്യൂണിറ്റി അനുസ്മരണ സമ്മേളനം നടത്തി.

ഇന്റര്‍ഫെയ്ത്ത് കമ്മ്യൂണിറ്റി അനുസ്മരണ സമ്മേളനം നടത്തി.

ഇന്റര്‍ഫെയ്ത്ത് കമ്മ്യൂണിറ്റി അനുസ്മരണ സമ്മേളനം നടത്തി.

പി.പി. ചെറിയാന്‍.
റിച്ചാര്‍ഡ്സണ്‍(ഡാളസ്): ഒക്ടോബര്‍ 7ന് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിക്കുന്നതിനിടെ വളര്‍ത്തച്ഛന്റെ മുമ്പില്‍ പ്രാഥമിക ചികിത്സപോലും ലഭിക്കാതെ പിടഞ്ഞു മരിക്കാന്‍ വിധിക്കപ്പെടുകയും, പതിനാലു ദിവസത്തിനുശേഷം മൃതദേഹം ഒക്ടബോര്‍ 22ന് വീടിന് സമീപം റെയില്‍വേ ക്രോസ്സിങ്ങിലുള്ള കലുങ്കിനടിയില്‍നിന്നും കണ്ടെടുക്കുകയും, തുടര്‍ന്നു പരസ്യമായ സംസ്ക്കാര ശുശ്രൂഷപോലും നിഷേധിച്ചു ഏതോ അജ്ഞാത ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുകയും ചെയ്യുന്ന ലോകത്തിന്റെ തന്നെ കൊച്ചു മാലാഖയായി മാറിയ ഷെറിന്‍ മാത്യുവിന് ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിന് ഡാളസ് ഇന്റര്‍ഫെയ്ത്ത് കമ്മ്യൂണിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.
ഡിസംബര്‍ 2 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് ഷെറിന്‍ മാത്യുവിന്റെ വീടിനു സമീപമുള്ള റിച്ചാര്‍ഡ്സണ്‍ കമ്മ്യൂണിചര്‍ച്ചില്‍ പാസ്റ്റര്‍ ഡോ.ടെറന്‍സ് ഓട്രോയുടെ പ്രാര്‍തഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. ചര്‍ച്ച് ക്വയറിന്റെ ചിലഗാനങ്ങള്‍ക്കുശേഷം എല്ലാവരും എഴുന്നേറ്റുനിന്ന് 2 മിനിട്ട് മൗനാചരണം നടത്തി. ഒക്ടോബര്‍ 7 മുതല്‍ ഒക്ടോബര്‍ 22 വരെ ഷെറിന്‍ മാത്യുവിനെ കണ്ടെത്തുന്നതിനും, സുരക്ഷിതമായ തിരിച്ചുവരവിനും വേണ്ടി കണ്ണുനീരോടെ പ്രാര്‍ത്ഥിച്ചവര്‍ ഒരു ഇടവേളക്കുശേഷം വീണ്ടും ഒത്തുചേരുന്നതിനുണ്ടായ സാഹചര്യം ഡോ.ഓട്രെ വിശദീകരിച്ചു.
ഇന്ത്യയിലെ ഒരു കുഗ്രാമത്തില്‍ പിറന്ന് വീണു ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തം മാതാവിനാല്‍ വൃക്ഷനിബിഡമായ പൊന്തക്കാട്ടില്‍ ഉപേക്ഷിക്കപ്പെട്ടുവെങ്കിലും നല്ലവരായ ആരുടെയോ കാരുണ്യത്തില്‍ ആവശ്യമായ ചികിത്സകള്‍ നല്‍കി ബാലഭവനില്‍ അഭയം കണ്ടെത്തിയ സരസ്വതി എന്ന പെണ്‍കുഞ്ഞ് വളര്‍ത്തു മാതാപിതാക്കളുടെ സംരക്ഷണയില്‍ അമേരിക്കയിലെ റിച്ചാര്‍ഡ്സന്‍ സിറ്റിയിലെ ഭവനത്തില്‍ ചില മാസങ്ങള്‍ ഷെറിന്‍ മാത്യു എന്ന പേര്‍ സ്വീകരിച്ചു ജീവിക്കുവാന്‍ അവസരം ലഭിച്ചുവെങ്കിലും, വിടരാന്‍ വിതുമ്പിയ മുകുളത്തെ അരിഞ്ഞെടുത്ത് കലുങ്കിനടിയില്‍ തള്ളിയ ചരിത്രം സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരിച്ചത് കൂടി നിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. സമ്മേളനത്തിന്റെ സംഘാടകരായ റവ.തോമസ് അമ്പലവേലില്‍, ഉമൈര്‍ സിദ്ദിക്കി, കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നൈന പോര്‍ട്ടല്‍, ജെസ്സി തോമസ്, വില്യം ജോര്‍ജ് എന്നിവര്‍ ഷെറിനെ കുറിച്ചുള്ള സ്മരണകള്‍ പങ്കുവെച്ചു. തുടര്‍ന്ന് ഷെറിന്‍ മാത്യുവിനെ കുറിച്ചുള്ള ചെറിയൊരു ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. ഷെറിനെ ഒരു നോക്കു പോലും കാണുവാന്‍ ഭാഗ്യം ലഭിച്ചിട്ടില്ലാത്ത നൂറില്‍പരം പേര്‍ ചര്‍ച്ചില്‍ കൂടിവന്നത് ഈ കൊച്ചു മാലാഖ അവരുടെ മനസ്സില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നു വ്യക്തമാക്കുന്നതായിരുന്നു.
അനുസ്മരണ സമ്മേളനം നേരിട്ടു റിപ്പോര്‍ട്ട് ചെയ്യുന്നതിന് അമേരിക്കന്‍ പ്രധാന ദൃശ്യമാധ്യമങ്ങള്‍ക്കു പുറമെ പവര്‍ വിഷന്‍, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതിനിധി എന്നിവരും എത്തിച്ചേര്‍ന്നിരുന്നു. മലയാളി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു അങ്കുലീ പരിമിതമായവര്‍ മാത്രമാണ് പങ്കെടുത്തത്. വിശുദ്ധ ഗ്രന്ഥത്തില്‍ നിന്നും ഐശയ്യ 40, സങ്കീര്‍ത്തനങ്ങള്‍ 145 എന്ന ഭാഗങ്ങള്‍ വായിച്ചു. റവ.ഡോ.തോമസ് അമ്പലവേലിയുടെ പ്രാര്‍ത്ഥനക്കും, ഡോ.ഓട്രിയുടെ ആശീര്‍വാദത്തിനുശേഷം എല്ലാവരും ചേര്‍ന്ന് അമേയ്സിങ്ങ് ഗ്രേയ്സ എന്ന ഗാനം ആലപിച്ചതോടെ ഷെറിന്‍ മാത്യുവിന്റെ അനുസ്മരണ സമ്മേളനം സമാപിച്ചു.32
RELATED ARTICLES

Most Popular

Recent Comments