ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പിന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ തുടക്കമായി. ഉദ്‌ഘാടന ചടങ്ങിൽ തെലുഗാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി റാം മോഹൻ റാവു, രാമോജി ഫിലിം സിറ്റി ചെയർമാൻ രാമോജി റാവു, തെലുഗാന പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി നവീൻ മിത്തൽ ഐഎഎസ്, തെലുഗാന ഐ ടി സെക്രട്ടറി ജയേഷ് രഞ്ജൻ, ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത സിനിമാതാരം ജയപ്രദ, മുതിർന്ന സംവിധായകന്‍ കെ വിശ്വനാഥ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.
100 രാജ്യങ്ങളിൽ നിന്നുള്ള 5000 ൽ അധികം പ്രതിനിധികളും 300 ൽ പരം പ്രദർശകരും പ്രമുഖ നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്. നാല് ദിവസം നീണ്ട് നിൽക്കുന്ന ഇൻഡിവുഡ് ഫിലിം കാർണിവലിൽ സിനിമ നിര്‍മ്മാണം, വിതരണം, പരസ്യം, തീയേറ്ററുകള്‍, തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സമഗ്ര മേഖലകളിലെ പ്രദർശനങ്ങൾക്കും വിപണനത്തിനുമായി പ്രദർശന മേളകളും നടക്കും. ഓൾ ലൈറ്റ്‌സ് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി 130 സിനിമകളും കാർണിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഡിസംബർ നാലിന് കാർണിവൽ സമാപിക്കും.
ഇന്ത്യൻ ശതകോടീശ്വര ക്ലബ് ആരംഭിച്ചു
രാമോജി ഫിലിം സിറ്റിയിലെ ഇൻഡിവുഡ് ഫിലിം കാർണിവലിൽ ഇന്ത്യൻ ശതകോടീശ്വരൻമാരുടെ ക്ലബിന് തുടക്കമായി. അൻപതിലധികം ഇന്ത്യൻ ശതകോടീശ്വരൻമാരും 100-ൽ അധികം രാജ്യങ്ങളിലെ വ്യവസായ പ്രമുഖരും പങ്കെടുത്തു. ഹോളിവുഡ് മാതൃകയിൽ വൻ ബഡ്ജറ്റിൽ പുത്തൻ സാങ്കേതിക മികവോടെ ബ്രഹ്‌മാണ്ഡ ചിത്രങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുകയാണ് ശതകോടീശ്വര ക്ലബ്ബിന്റെ ലക്ഷ്യമെന്ന് ചെയർമാൻ സോഹൻ റോയ് പറഞ്ഞു. ഇന്ത്യക്കാരായ വിവിധ മേഖലയിലെ ശതകോടീശ്വരന്മാരെ സിനിമ വ്യവസായത്തിലേക്ക് എത്തിക്കുന്നത് രാജ്യത്തെ സിനിമ വ്യവസായത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. തെലുഗാന സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് ഈ ബ്രിഹത് സിനിമ പദ്ധതിക്ക് തുടക്കമായിരിക്കുന്നത്.
അന്താരാഷ്ട്ര സിനിമ വരുന്നു
യശ്ശരീരനായ ഐവി ശശിയുടെ സ്വപ്‌നപദ്ധതിയായ ബേർണിങ് വെൽസിന്റെ പുതിയ വിവരങ്ങളും കാർണിവലിൽ അവതരിപ്പിച്ചു. ലോകത്താദ്യമായി 8 കെ ഫോർമാറ്റിൽ ഒരുങ്ങുന്ന ചിത്രം കുവൈറ്റ് യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ്. കഥ കൊണ്ടും സാങ്കേതിക തികവ് കൊണ്ടും അന്താരാഷ്ട്ര വിപണന രീതികൾ കൊണ്ടും ഹോളിവുഡിനെക്കാള്‍ മികച്ച രീതിയില്‍ ഇന്ത്യയ്ക്ക് സിനിമ നിര്‍മ്മിക്കാന്‍ സാധിക്കും എന്ന് തെളിയിക്കുക കൂടിയാണ് 175 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.
ഫോട്ടോ ക്യാപ്ഷൻ
1) തെലുഗാന പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി നവീൻ മിത്തൽ ഐഎഎസ് ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് രാമോജി ഫിലിം സിറ്റിയിൽ ഉദ്‌ഘാടനം ചെയ്യുന്നു. തെലുഗാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി റാം മോഹൻ റാവു, സിനിമ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ് എന്നിവർ സമീപം.
2) പ്രശസ്‌ത സിനിമാതാരം ജയപ്രദ ഇൻഡിവുഡ് ഫിലിം കാർണിവലിൻറെ മൂന്നാം പതിപ്പ് രാമോജി ഫിലിം സിറ്റിയിൽ ഉദ്‌ഘാടനം ചെയ്യുന്നു. ഈനാടു ഗ്രൂപ്പ് ചെയർമാൻ രാമോജി റാവു, ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ സോഹൻ റോയ്, തെലുഗാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ പി റാം മോഹൻ റാവു, സിനിമ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, തെലുഗാന പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി നവീൻ മിത്തൽ ഐഎഎസ് എന്നിവർ സമീപം.