ജോണ്‍സണ്‍ ചെറിയാന്‍.
അഹമ്മദാബാദ് : ഞാനൊരു പാവപ്പെട്ടവനായതു കൊണ്ടാണ് കോണ്‍ഗ്രസ് എന്നെ ഇഷ്ടപ്പെടാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദരിദ്രരെയും ദരിദ്ര കുടുംബത്തില്‍ നിന്ന് വരുന്നവരെയും കളിയാക്കരുതെന്നാണ് കോണ്‍ഗ്രസിനോട് താന്‍ അഭ്യര്‍ഥിക്കുന്നതെന്നും മോഡി പറഞ്ഞു.
അതെ, ദരിദ്ര കുടംബത്തില്‍ നിന്നുള്ള ഒരാള്‍ പ്രധാനമന്ത്രിയായി. ഈ യാഥാര്‍ഥ്യത്തോടുള്ള പുച്ഛം കോണ്‍ഗ്രസിന് മറച്ച് വെക്കാന്‍ കഴിയുന്നില്ല. താന്‍ ചായ വിറ്റിട്ടുണ്ട്, എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ല. ഒരു പാര്‍ട്ടിക്ക് ഇത്രയും തരം താഴാന്‍ കഴിയുമോ എന്നും മോഡി ചോദിക്കുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭുജില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലാണ് മോഡിയുടെ പരാമര്‍ശം.
ഗുജറാത്ത് ഒരു കാലത്തും കോണ്‍ഗ്രസിനെ സ്വീകരിച്ചിട്ടില്ല. ഗുജറാത്ത് എന്റെ ആത്മാവാണെന്നും ഭാരതം പരമാത്മാവാണെന്നും മോഡി പറയുകയുണ്ടായി. താന്‍ ഗുജറാത്തിന്റെ മകനാണെന്നും ആരെങ്കിലും മകനെ അപമാനിച്ചാല്‍ നിങ്ങള്‍ അവര്‍ക്ക് മാപ്പുനല്‍കുമോയെന്നും മോഡി ചോദിച്ചു. സംസ്ഥാനത്ത് നടക്കുന്നത് വികസനവും കുടുംബവാഴ്ചയും തമ്മിലുള്ള പോരാട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിനെ ചൂഷണം ചെയ്യാന്‍ കോണ്‍ഗ്രസിന് ഇതുവരെയായിട്ടും അവസരം ലഭിച്ചിട്ടില്ല. 30 വര്‍ഷങ്ങള്‍ക്ക് മുമ്ബ് നര്‍മ്മദ നദിയിലെ ജലം ഗുജറാത്തിലെത്തി. എന്നാല്‍ ഈ പദ്ധതി ഏറ്റെടുത്തത് കോണ്‍ഗ്രസായിരുന്നെങ്കില്‍ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ മാറി താമസിക്കേണ്ടി വരുമായിരുന്നെന്നും മോഡി വ്യക്തമാക്കി.
തനിക്കെതിരെ ചെളിവാരിയെറിഞ്ഞതിന് നന്ദിപറയുന്നു, എന്തുകൊണ്ടെന്നാല്‍ താമര വളരുന്നത് ചെളിയിലാണെന്നും അതിനാല്‍ തനിക്കെതിരെ കൂടുതല്‍ ചെളിവാരിയെറിഞ്ഞാലും താന്‍ അത് കണക്കിലെടുക്കില്ലെന്നും മോഡി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ എന്തൊക്കെ നേട്ടമാണോ തനിക്കുണ്ടായത് അതിനൊക്കെ കാരണം ഗുജറാത്താണ്. ചില ആളുകള്‍ ഇവിടെ നിരാശ പ്രചരിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നു. അവര്‍ അത് നിര്‍ത്തണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. കോണ്‍ഗ്രസിന് നീതിയോ, നിയതിയോ നേതാവോ ഇല്ലെന്നും മോഡി ആരോപിച്ചു. ഏതെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ കാമരാജ്, ആചാര്യ കൃപലാനി, സുഭാഷ് ബാബു, ഗുജറാത്ത് നേതാവായിരുന്ന യു.എന്‍ ധേബാര്‍ എന്നിവരെക്കുറിച്ച് സംസാരിക്കാറില്ല. അവര്‍ എപ്പോഴും ഒരു കുടുംബത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്.