ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷന് സമീപം മാതാപിതാക്കള്‍ ചേര്‍ന്ന് കെട്ടിയിട്ട എട്ട് വയസുകാരിയെ ഡല്‍ഹി വനിതാ കമ്മിഷന്‍ അധികൃതരെത്തി മോചിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം.
മെട്രോ സ്റ്റേഷന് സമീപമുള്ള ചേരി പ്രദേശത്ത് താമസിക്കുന്ന 11 അംഗ ദരിദ്ര കുടുംബത്തിലെ കുട്ടിയെയാണ് മാതാപിതാക്കള്‍ ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ടത്. മുഴുക്കുടിയനായ പിതാവിനും ഗര്‍ഭിണിയായ മാതാവിനുമൊപ്പമാണ് കുട്ടികള്‍ കഴിഞ്ഞു വന്നിരുന്നത്. എന്നാല്‍ പെണ്‍കുട്ടി ലഹരിക്ക് അടിമയാണെന്നും അതിനാലാണ് കെട്ടിയിട്ടതെന്നുമാണ് പിതാവ് കമ്മിഷനോട് പറഞ്ഞത്. അതേസമയം, തളര്‍ന്ന് അവശയായ നിലയിലാണ് തങ്ങള്‍ കുട്ടിയെ രക്ഷിച്ചതെന്ന് വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാല്‍ പറഞ്ഞു. മെട്രോ സ്റ്റേഷന് സമീപം ഭിക്ഷാടനത്തില്‍ ഏര്‍പ്പെട്ട ഒരു കുട്ടിയുടെ പുനരധിവാസവുമായി ഇവിടെയെത്തിയപ്പോഴാണ് ഈ കുട്ടിയുടെ സഹോദരിയെ മരത്തില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയതെന്നും ഇത് തങ്ങളെ ഞെട്ടിച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.