ബോസ് പ്രതാപ്.
തൻറെ വലിയ ജനപ്രീതിയാർജ്ജിച്ച, കുമയോണിലെ നരഭോജികൾ എന്ന പുസ്തകത്തിൻറെ ആമുഖത്തിൽ ലോകപ്രശസ്തനായ കടുവവേട്ടക്കാരൻ ജിം കോർബറ്റ് ഇങ്ങനെ ചേർത്തിരിക്കുന്നു.
“ഒരു പുള്ളിപ്പുലിയിൽ, അതും അതിനായി എഴുതിവച്ച പ്രകൃതി വിഭവങ്ങൾ ഭാഗീകമായോ പൂർണ്ണമായോ നശിച്ച ഒരു പ്രദേശത്ത് വാഴുന്ന ഒന്നിൽ, പകർച്ചവ്യാധിയാൽ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യശവശരീരങ്ങൾ അതിവേഗം ഒരു അസ്വാഭാവിക ഭക്ഷണശീലം ഉണ്ടാക്കിയെടുത്തേക്കാം. പിന്നീട് പകർച്ചവ്യാധി കേട്ടടങ്ങുമ്പോൾ തൻറെ ആയാസരഹിത ഭക്ഷണ വിതരണം ഖണ്‌ഡിക്കപ്പെട്ടു എന്നറിയുന്ന സാഹചര്യം മൃഗത്തിനെ മറ്റ് വഴികൾ തേടുവാൻ നിർബന്ധിതനാക്കിയേക്കാം – മനുഷ്യവേട്ടയുൾപ്പെടെ. തങ്ങൾക്കിടെ അഞ്ഞൂറ്റിയിരുപത്തിയഞ്ചിന് മേൽ മനുഷ്യജീവനുകൾ പകുത്തെടുത്ത കുമയോണിലെ രണ്ട് പുള്ളിപ്പുലികളിൽ ഒന്ന് കോളറക്കാലത്തിന് പിന്നാലെയാണ് രംഗത്ത് വന്നതെങ്കിൽ അടുത്തത് പ്രത്യക്ഷപ്പെട്ടത് 1918 ൽ യുദ്ധപ്പനി എന്ന പേരിൽ കുപ്രസിദ്ധി ആർജ്ജിച്ച ഒരു മാരക പകർച്ച വ്യാധി അടങ്ങിയതിന് പിന്നാലെ ആയിരുന്നു.”
വേനല്‍ക്കാലത്താണ് വന്യമൃഗങ്ങള്‍ ഏറെയും കാടുവിട്ട് നാട്ടിലേക്കിറങ്ങുന്നത്. കാട്ടുചോലകളും അരുവികളും വരളുകയും കാട്ടിനുള്ളില്‍ വെള്ളം ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിൽ കുടിനീർ തേടിയും ആയാസരഹിതമായി ലഭിക്കുന്ന ഭക്ഷണം തേടിയുമൊക്കെയാണ് കടുവ, പുലി, കാട്ടാന, കുരങ്ങ്, പെരുമ്പാമ്പ്, രാജവെമ്പാല തുടങ്ങിയ വന്യജീവികൾ നാട്ടിലിറങ്ങി ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. ഈ ചര്യയുടെ ഭാഗമായോ മറ്റോ ആവണം ഗൂഡ്രിക്കല്‍ വനമേഖലയിൽ പെടുന്ന ആങ്ങമൂഴി – പ്ലാപ്പള്ളി റോഡിലെ പാലത്തടിയാര്‍ മേഖലയിൽ അടുത്തകാലത്ത് പുള്ളിപ്പുലിയിറങ്ങിയതും ദൗർഭാഗ്യവശാൽ പുരയിടത്തിനടുത്തുള്ള വനത്തില്‍ ആടിന് തീറ്റവെട്ടാനായി പോയ ബേബിയെന്ന മധ്യവയസ്ക്കൻ അതിൻറെ ആക്രമണത്തിനിരയാവുന്നതും തുടർന്ന് ഒരു നാടപ്പാടെ തന്നെ കുറച്ചുകാലത്തേക്കെങ്കിലും പുലിപ്പേടിയിലാഴ്ന്നതും.
ഗൂഡ്രിക്കല്‍, പുരാണത്തിലും ചരിത്രത്തിലും
ഗൂഡ്രിക്കൽ വനപ്രദേശത്തെ മാറോട് ചേർത്ത് പിടിച്ചിരിക്കുന്ന സീതത്തോട് പഞ്ചായത്തിനെ ചുറ്റിപറ്റി, പുരാണഗ്രന്ഥമായ രാമായണത്തിലെ സംഭവങ്ങളെ ആസ്പദമാക്കിയുള്ള കുറെ ഐതിഹ്യങ്ങൾ ആണ് ആദ്യം ഇവിടെ സഞ്ചാരികളെ വരവേൽക്കുക. സീത ഭൂമി പിളര്‍ന്നു താഴേക്ക് പോയ ഭാഗത്തിന് സമീപത്തുകൂടി ഒഴുകുന്ന തോട് സീതത്തോട് എന്ന് വിളിക്കപ്പെടുകയും പില്‍ക്കാലത്ത് അതുതന്നെ നാടിൻറെ പേരായിമാറുകയും ചെയ്തുവെന്നതാണ് ഇവയിൽ മുഖ്യമായത്. ഈ ഗ്രാമത്തിലെ പല സ്ഥലനാമങ്ങളുടെ ഉത്ഭവങ്ങള്‍ക്കും പിന്നിൽ രാമായണത്തിൻറെ നെടുവീർപ്പുകൾ അനുഭവപ്പെടും. വാത്മീകിയുടെ ആശ്രമം സ്ഥിതി ചെയ്തിരുന്നുവെന്ന ഐതിഹ്യമുള്ള സ്ഥലം വാത്മീകിക്കുന്ന് എന്ന പേരില്‍ അറിയപ്പെടുന്നു. വാത്മീകികുന്നിൻറെ താഴ്ഭാഗം സീതക്കുഴിയായി തീർന്നത് ഇവിടെയാണ് സീത ഭൂമി പിളര്‍ന്നു താഴേക്ക് പോയതെന്ന വിശ്വാസത്തിലാണ്. ഭൂമി പിളര്‍ന്നു താഴേക്കു പോയ സീതയുടെ മുടിയില്‍ വ്യഥയോടെ കയറിപ്പിടിച്ച ശ്രീരാമന് മുടിയുടെ ഒരുഭാഗം ലഭിക്കുകയും, നിരാശയോടെ അത് വലിച്ചെറിഞ്ഞ സ്ഥലം സീതമുടിയായി മാറുകയും ചെയ്തുവത്രെ. സീതയുടെ മക്കളായ ലവകുശന്മാരെ വിദ്യ അഭ്യസിപ്പിച്ചിരുന്ന സ്ഥലമത്രെ ഗുരുനാഥന്‍മണ്ണായി അറിയപ്പെടുന്നത്.
ചരിത്രം പറയുന്നത് പന്തളം ഭരിച്ചിരുന്ന കോയിക്കല്‍ തമ്പുരാക്കന്മാര്‍ ഭരണസൗകര്യത്തിനായി രാജ്യത്തെ രണ്ടായി വിഭജിച്ചിരുന്നതിൽ പന്തളവും സമീപപ്രദേശങ്ങളുമുള്‍പ്പെടുന്ന ഭാഗം വലിയകോയിക്കല്‍ എന്നും രാജ്യത്തിൻറെ കിഴക്കന്‍പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം കൊച്ചുകോയിക്കല്‍ എന്നും അറിയപ്പെട്ടുവെന്നാണ് . ഇതില്‍ കൊച്ചുകോയിക്കല്‍ സീതത്തോട് പഞ്ചായത്തിലെ പ്രധാനസ്ഥലമാണ്, പന്തളംരാജാവിൻറെ വളര്‍ത്തുപുത്രനായ ശ്രീഅയ്യപ്പന്‍ വിലയം പ്രാപിച്ച ശബരിമല കൊച്ചുകോയിക്കലിൻറെ പ്രാന്തപ്രദേശമാണെന്നത് വിഖ്യാതവും. ശബരിമലയുമായി ബന്ധപ്പെട്ടുകിടക്കുന്ന പൊന്നമ്പലമേട് ഈ പഞ്ചായത്തിലാണ്. എ.ഡി.52-ല്‍ തോമാശ്ളീഹ (ക്രിസ്തുവിന്റെ ശിഷ്യന്‍) ഈ പഞ്ചായത്തിലുള്ള നിലയ്ക്കലില്‍ എത്തുകയും അവിടെ ഒരു കുരിശ് സ്ഥാപിക്കുകയും ചെയ്തിരുന്നതായും ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നുണ്ട്.
ആനകളുടെയും കടുവകളുടെയും ഗൂഡ്രിക്കല്‍, പ്രകൃതി വിഭവങ്ങളുടെയും
ഇന്ന് കേരളത്തിൻറെ വൈൽഡ് ലൈഫ് ടൂറിസം ഭൂപടത്തിലെ പ്രധാന പേരുകളിൽ ഒന്നായ ഗവിയിലെത്താൻ വിനോദ സഞ്ചാരികള്‍ സ്വയം വികസിപ്പിച്ചെടുത്ത പാതയാണ് ആങ്ങമുഴി-ഗവി റൂട്ട്. ആങ്ങമുഴിയിൽ തുടങ്ങി വൈദ്യുതി ബോര്‍ഡിൻറെ മൂന്ന് ചെക്ക്‌പോസ്റ്റുകളുൾപ്പെടെ അഞ്ച് ചെക്ക്‌പോസ്റ്റുകള്‍ കടന്ന് ഗവിയിലെത്താവുന്ന ഈ പാത ശബരിഗിരി പദ്ധതി പ്രദേശത്തെ ചുറ്റിയാണ് കടന്നുപോകുന്നത്. ഗവി സന്ദർശിക്കുവാൻ റാന്നി വൈല്‍ഡ് ലൈഫ് ഡിവിഷനിലെ ഗൂഡ്രിക്കല്‍ റേഞ്ച് മാർഗ്ഗം തിരഞ്ഞെടുക്കുന്നവർ വനം വകുപ്പിൻറെ ചെക്ക്‌പോസ്റ്റിലെ പ്രവേശന ഫീസ് മാത്രം നല്‍കിയാല്‍ മതി എന്ന സൗകര്യവും ഈ വഴി നല്കുന്നുണ്ട്. ചെക്കുപോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കുന്ന സഞ്ചാരികളെ കഴിയുമെങ്കില്‍ തിരിച്ചയക്കുക എന്നതാണ് ഉദ്യോഗസ്ഥരുടെ നയമെങ്കിലും ഗവിയിലേക്ക് പോകാൻ ഈ വഴി തിരഞ്ഞെടുക്കുന്ന വിനോദയാത്രികരുടെ എണ്ണം നാൾക്കുനാൾ ഏറിവരുന്നതായാണ് കാണുന്നത്.
ശബരിഗിരി ജല വൈദ്യുത പദ്ധതി, ഇടുക്കി കഴിഞ്ഞാല്‍ കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ്. ഗവി ഡാമിന് തൊട്ടുതാഴെയായി പമ്പ ഡാം കാണാം. ഇതിന് താഴെയായി കൊച്ചുപമ്പ, ആനത്തോട്, കക്കി ഡാമുകള്‍. ഏറ്റവും താഴെ ആണ് മൂഴിയാര്‍ ഡാം. ഇതിനടുത്തായാണ് ശബരിഗിരി പദ്ധതിയുടെ പവര്‍ സ്റ്റേഷന്‍. ഇവിടെയുള്ള ഡാമുകളില്‍ ഏറ്റവും വലുത് കക്കി ഡാമാണ്. ആനത്തോട് കക്കി ഡാമുകള്‍ ചേര്‍ന്നാണ് കക്കി റിസര്‍വോയര്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ശബരിഗിരി പദ്ധതിയുടെ പരമാവധി പരിധി 335 മെഗാവാട്ട് ആണ്( ഇടുക്കിയുടേത് 780 മെഗാവാട്ട്). ഈ അഞ്ചു ഡാമുകളെയും ബന്ധിപ്പിച്ചു കൊണ്ടാണ് അടൂര്‍-വണ്ടിപ്പെരിയാര്‍ ദേശീയപാത (എന്‍.എച്ച്. 183 എ) കടന്നു പോകുന്നത്. കക്കി ഡാമിന്‍റെ എതിര്‍ദിശയിലേക്ക് നോക്കിയാല്‍ പച്ചപ്പും മൂടല്‍മഞ്ഞും ചേതോഹരമായി വിലയിക്കുന്ന കാഴ്ച കാണാം; ഭാഗ്യമുണ്ടെങ്കിൽ ജലസംഭരണിയുടെ തീരങ്ങളിൽ മേയുന്ന ആനകളെയും.
പമ്പാനദിയിലൂടെയുള്ള വെള്ളം കക്കി – ആനത്തോട്, കൊച്ചുപമ്പ ഡാമുകളില്‍ സംഭരിച്ച് 2611.53 മീറ്റര്‍ നീളത്തില്‍ മൂന്ന് പെന്‍സ്റ്റോക്ക് പൈപ്പുകളിലൂടെയാണ് മൂഴിയാറിലെ പവര്‍ഹൗസില്‍ എത്തിക്കുന്നത്. ശബരിഗിരിയില്‍ നിന്ന് ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം മൂഴിയാറില്‍ സംഭരിച്ച് ആങ്ങമൂഴി കക്കാട് നിലയത്തില്‍ 50 മെഗാവാട്ട് വൈദ്യുതി കൂടി ഉത്പാദിപ്പിക്കുന്നുണ്ട്. മൂഴിയാര്‍ പവര്‍ ഹൗസിൻറെ വിദൂരക്കാഴ്ചയും പെന്‍സ്റ്റോക്ക് പൈപ്പിൻറെ സമീപക്കാഴ്ചയുമെല്ലാം ഗൂഡ്രിക്കല്‍-ഗവി റൂട്ടിലെ യാത്രയെ ആകര്‍ഷണീയമാക്കുന്ന ഘടകങ്ങളാണ്.
ഗൂഡ്രിക്കല്‍ റേഞ്ചില്‍പ്പെട്ട 148 ചതുരശ്ര കിലോമീറ്റര്‍ വനമേഖല പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫോറസ്റ്റിലേക്ക് (പെരിയാര്‍ കടുവാസങ്കേതം) ചേർത്തത് വാർത്തയായിരുന്നു. നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കടുവകളുടെ സുഗമമായ വളര്‍ച്ചയ്ക്കും ആവാസകേന്ദ്രം ശക്തിപ്പെടുത്തുന്നതിൻറെയും ഭാഗമായാണ് ഇത്രയുംസ്ഥലം കൂടി പെരിയാര്‍ കടുവാസങ്കേതത്തിൽ ഉൾക്കൊള്ളിച്ചത്. ഇതോടെ ഗൂഡ്രിക്കല്‍ റേഞ്ചിൻറെ മർമ്മപ്രധാന പ്രദേശങ്ങളായ പൊന്നമ്പലമേട്, വരയാടിന്‍കൊക്ക, ചന്താമരകൊക്ക, കൊച്ചുപമ്പയുടെ ഭാഗങ്ങള്‍, ആനത്തോട് ഡാമിന് സമീപം കിടക്കുന്ന ഭാഗങ്ങള്‍ തുടങ്ങിയവ പെരിയാര്‍ കടുവാസങ്കേതത്തിൻറെ ഭാഗമായിത്തീരുന്നു. ഭാഗീകരണം റേഞ്ചിൻറെ വിസ്തൃതിയെ കാര്യമായി ബാധിച്ചിരിക്കുന്നുവെങ്കിലും പ്രദേശത്തെ വന്യചാരുതയെ ഒട്ടും തന്നെ ബാധിച്ചിട്ടില്ല. അപൂര്‍വ സസ്യ-ജന്തുജാലങ്ങളുടെ കലവറയാണ് ഗൂഡ്രിക്കല്‍ വനമേഖല. അറുനൂറ്റി ഇരുപത് ചതുരശ്ര കി.മീറ്റര്‍ വരുന്ന വിസ്‌തൃതമായ ഈ വനമേഖല തമിഴ്‌നാട് അതിര്‍ത്തിവരെ വ്യാപിച്ചു കിടക്കുന്നു. പ്ലാപ്പള്ളി, പമ്പ, അപ്പര്‍ മൂഴിയാര്‍, ഇളംപമ്പ എന്നിവിടങ്ങൾ മുഖ്യമായും ആന സംരക്ഷണ കേന്ദ്രങ്ങളായാണ് അറിയപ്പെടുന്നത്. ഈ മേഖലകളിലാണ് കുട്ടിയാനകള്‍ ഏറെയുള്ളതും. ഇവയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് പ്രത്യേക സ്‌ക്വാഡിനെത്തന്നെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്. ഗൂഡ്രിക്കല്‍ വനമേഖലയില്‍ കാട്ടാനകളുടെ എണ്ണത്തിൽ വര്‍ദ്ധനവുണ്ടായതായി വനം വകുപ്പിൻറെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ആഹ്ലാദജനകമായ വാർത്തയാണ്. മലനിരകളിലും വ്യാപകമായ രീതിയില്‍ കാട്ടാനക്കൂട്ടത്തെ കാണുന്നുണ്ട്. ഒരു കൂട്ടത്തില്‍ കുറഞ്ഞത് പതിനഞ്ചിനും ഇരുപതിനും മധ്യേ ആനകളാണുള്ളത്. വനമേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യമാണിപ്പോള്‍ എന്നതിനാല്‍ കാട് വിട്ട് വെള്ളം തേടി നാട്ടിലേക്ക് ആനകള്‍ ഇറങ്ങാനുള്ള സാധ്യത ഏറെയാണ്. ഇവിടെയും വനംവകുപ്പ് സ്ക്വാഡുകൾ ജാഗരൂകരാണ്. ആന കണക്കില്‍ കവിഞ്ഞ് പെരുകുന്നതുമൂലം ആനകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നത് പലപ്പോഴും സഞ്ചാരികൾക്കും ദൃശ്യമാകാറുണ്ട്.
വിനോദസഞ്ചാരികളുടെ പിഴ