മിഷാബ് വേങ്ങര.
പൊന്നാനി : സമൂഹത്തിന്റെയും വ്യക്തിയുടെയും മതപരിവർത്തനം വികസനോന്മുഖ സമൂഹത്തിന്റെ അനിവാര്യതയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്‌ദുൽ അസീസ്. ‘മതപരിവർത്തനത്തെ ഭയക്കുന്നതാര് ? തലക്കെട്ടിൽ എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിദ്യാർത്ഥി റാലിയുടെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതൽ മികച്ച ജീവിതാവസ്ഥകളെ കുറിച്ച അന്വേഷണമാണ് ലോകത്ത് വൈജ്ഞാനിക വിസ്ഫോടനങ്ങൾക്കും പുരോഗതിക്കും കാരണമായത്. വ്യക്തിജീവിതത്തിന് സമാധാനം നൽകുന്ന ആദർശങ്ങളിലേക്കും വിശ്വാസങ്ങളിലേക്കുമുള്ള തടസ്സമില്ലാത്ത മാറ്റമാണ് ബഹുസ്വര സമൂഹത്തെ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷങ്ങളുടെ വിഷയത്തിൽ സർക്കാർ ഇരട്ട നീതി നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണ് മുന്നാക്ക വിഭാഗത്തിന് സംവരണം ഏർപ്പെടുത്തുന്നതിനുള്ള ശ്രമമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയതയുടെയും മതേതരത്വത്തിന്റെയും എതിർപക്ഷത്ത് മതപരിവർത്തനം എന്ന സംജ്ഞ കൊണ്ടുവരപ്പെട്ട രാഷ്ട്രീയമാണ് പ്രശ്നവൽക്കരിക്കേണ്ടതെന്ന് സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയ എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് നഹാസ് മാള പറഞ്ഞു. ജനങ്ങൾ ജനങ്ങളുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന ഡമോക്രസിക്ക് പകരം നേതാക്കൾ തങ്ങളുടെ ജനതയെ തെരഞ്ഞെടുക്കുന്ന ഡമോഗോഗികളായി തീർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.