പി.പി. ചെറിയാന്‍.
ഒക്കലഹോമ: ഒമ്പത് മാസം പ്രായമുള്ള ഇരട്ട പെണ്‍കുട്ടികളെ ശരിയായ ഭക്ഷണം നല്‍കാതേയും, മാലിന്യങ്ങള്‍ നിറഞ്ഞ വീട്ടിനകത്തു താമസിപ്പിച്ചതിനേയും ഗുരുതരമായ കുറ്റമായി കണ്ടെത്തിയ ജൂറി 24, 25 വയസു പ്രായമുള്ള മാതാപിതാക്കള്‍ക്ക് 130 വര്‍ഷം തടവ് ശിക്ഷ നല്‍കി. നവംബര്‍ 13 തിങ്കളാഴ്ചയായിരുന്നു വിധി.
ഐസ് ലിന്‍ മില്ലര്‍, കെവിന്‍ ഫൗളര്‍ എന്നിവര്‍ക്കെതിരെ കുട്ടികളെ അപായപ്പെടുത്തിയതിന് അഞ്ചു വകുപ്പുകളായാണ് കേസ് ചാര്‍ജ് ചെയ്തിരുന്നത്.
കഴിഞ്ഞ ഡിസംബറില്‍ കുട്ടികളെ അര്‍ജന്റ് കെയറില്‍ കൊണ്ടു വന്നതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഒമ്പതുമാസം പ്രായമുള്ള കുട്ടികള്‍ എട്ട് പൗണ്ട് വീതം മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്.
തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയ ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥര്‍ മാലിന്യം നിറഞ്ഞ സാഹചര്യമാണ്. കണ്ടെത്തിയത്.
അസ്ഥിപഞ്ചരങ്ങളായി മാറിയ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വിദഗ്ദ ചികിത്സ ലഭിച്ചതിനെ തുടര്‍ന്ന് ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടിരുന്നു.
മാതാപിതാക്കള്‍ക്ക് പൂര്‍ണ്ണ സമയവും ജോലിയായതിനാല്‍ കുട്ടികളെ വേണ്ടതുപോലെ ശ്രദ്ധിക്കുവാന്‍ കഴിഞ്ഞില്ലെന്നും കുട്ടികളെ പുലര്‍ത്തുന്നതിന് ഗവണ്‍മെന്റില്‍ നിന്നും യാതൊരു സഹായവും ലഭിച്ചില്ലെന്നതുമാണ് കുട്ടികള്‍ക്ക് ഈ സ്ഥിതിവരാന്‍ കാരണമെന്ന് മാതാപിതാക്കള്‍ അറിയിച്ചു.
ആദ്യ നാലു വകുപ്പുകളില്‍ 30 വര്‍ഷം വീതവും അഞ്ചാം വകുപ്പുപ്രകാരം 10 വര്‍ഷം വീതവുമാണ് തടവ് ശിക്ഷ. കുട്ടികളെ വേണ്ടതുപോലെ ശ്രദ്ധിക്കാത്ത കേസ്സുകളില്‍ ഇത്രയും വര്‍ഷം തടവുശിക്ഷ നല്‍കുന്നത് ആദ്യമാണെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.