ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: ആധുനിക ലോകം അഭിമുഖീകരിക്കുന്ന സുപ്രധാനമായൊരു വെല്ലുവിളി പ്രമേഹവും അനുബന്ധ പ്രശ്‌നങ്ങളുമാണെന്നും ശാസ്ത്രീയ രീതിയില്‍ ജീവിത ശൈലിയില്‍ മാറ്റം വരുത്തിയാല്‍ പ്രമേഹം ഒരു പരിധിവരെ പ്രതിരോധിക്കാനാകുമെന്നും നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ പള്‍മണോളജിസ്റ്റ് സൂര്യ ബാലചന്ദ്ര പിള്ള അഭിപ്രായപ്പെട്ടു. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജീവിതശൈലീ രോഗങ്ങളില്‍ ഏറ്റവും അപകടകാരിയാണ് പ്രമേഹം. പലപ്പോഴും ആവശ്യമായ പരിചരണത്തിന്റെ അഭാവത്തില്‍ ഗുരുതരമായ ഒട്ടേറെ പ്രതിസന്ധികള്‍ തന്നെ പ്രമേഹം സൃഷ്ടിക്കുന്നു. നിശബ്ദമായ കൊലയാളിയെപ്പോലെ ശരീരത്തിന്റെ ഓരോ അവയവങ്ങളേയും മെല്ലെ മെല്ലെ നശിപ്പിക്കുന്ന പ്രമേഹത്തിന്റെ ഗൗരവം സമൂഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല എന്നത് ബോധവല്‍ക്കരണ പരിപാടികള്‍ വിപുലീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
സ്ത്രീകളും പ്രമേഹവുമെന്ന ഈ വര്‍ഷത്തെ ലോക പ്രമേഹ ദിന പ്രമേയം വനിതകളിലെ ബോധവല്‍ക്കണത്തിനാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്.
ആരോഗ്യകരമായ ആഹാര ശീലം, ആവശ്യത്തിന് ശാരീരിക വ്യായാമം, മാനസിക സമ്മര്‍ദ്ധങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പരിപാടികള്‍ എന്നിവയാണ് പ്രമേഹം നിയന്ത്രിക്കുന്നതിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച ആന്റി സ്‌മോക്കിംഗ് സൊസൈറ്റി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ റഷീദ് പറഞ്ഞു. അമിതമായി ആഹാരം കഴിക്കുന്നതും തീരെ ശാരീരിക വ്യായാമങ്ങള്‍ ചെയ്യാത്തതും മാനസിക സമ്മര്‍ദ്ധങ്ങള്‍ അനുഭവിക്കുന്നവരുമാണ് പ്രമേഹമുള്ളവരില്‍ അധികവുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സജീവമായ ജീവിത വ്യാപാരത്തിലൂടെ പ്രമേഹത്തെ പ്രതിരോധിക്കുകയെന്നതാണ് പ്രമേഹദിനത്തിന്റെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.
ആന്റി സ്‌മോക്കിംഗ്് സൊസൈറ്റി ഗ്‌ളോബല്‍ ചെയര്‍മാന്‍ ഡോ. മുഹമ്മദുണ്ണി ഒളകര അധ്യക്ഷത വഹിച്ചു. എം.പി ട്രേഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.പി. ഷാഫി ഹാജി, പി.കെ സ്റ്റാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി.കെ. മുസ്തഫ സംസാരിച്ചു. മീഡിയ പ്‌ളസ് സി.ഇ.ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ഗുഡ്‌വില്‍ കാര്‍ഗോ മാനേജര്‍ നിഖില്‍ നാസര്‍, ഓസ്‌കാര്‍ കാര്‍ ആക്‌സസറീസ് മാനേജര്‍ മന്‍സൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നേരത്തെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഷുഗര്‍, പ്രഷര്‍ പരിശോധനയും നടന്നു.
ഫ്രെഡറിക് ബാന്റിംഗ്, ചാര്‍ല്‌സ് ബെസ്റ്റ് എന്നിവരാണ് 1922ല്‍ പ്രമേഹരോഗ ചികിത്സയ്ക്കുള്ള ഇന്‍സുലിന്‍ കണ്ടുപിടിയ്ക്കുവാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമായ നവംബര്‍ 14 ആണ് ലോകമെമ്പാടും പ്രമേഹദിനമായി 1991 മുതല്‍ ആചരിക്കുന്നത്.ലോകാരോഗ്യ സംഘടന, ഇന്റര്‍നാഷണല്‍ ഡയബറ്റിസ് ഫെഡറേഷന്‍ എന്നിവര്‍ ചേര്‍ന്നാണ് ലോക പ്രമേഹദിനാചാരണത്തിനുള്ള നേതൃത്വം നല്‍കുന്നത്. പ്രമേഹമുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനകള്‍, പ്രമേഹം പ്രതിരോധിക്കുന്നത് സംബന്ധിച്ച ബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന സംരംഭങ്ങളിലൂടെ സ്ഥിതിഗതികള്‍ മെച്ചപ്പെടുത്തുകയെന്നതാണ് ഈ ദിനാചരണം ലക്ഷ്യം വെക്കുന്നത്. ഇന്റര്‍നാഷണല്‍ ഡയബറ്റിക് ഫെഡറേഷനില്‍ അംഗങ്ങളായ 160 ലേറെ രാജ്യങ്ങളിലുള്ള ഇരുനൂറിലധികം സന്നദ്ധ സംഘങ്ങളും ആരോഗ്യ ബോധവല്‍ക്കരണ സംരംഭങ്ങളുമൊക്കെ പങ്കാളികളാവുന്ന ലോക പ്രമേഹദിനാചരണം പൊതുജനബോധവല്‍ക്കരണ മേഖലയിലെ പുതിയ നാഴികകല്ലാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ഫോട്ടോ. ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്‌ളസ് സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്ററില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയില്‍ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലെ പള്‍മണോളജിസ്റ്റ് സൂര്യ ബാലചന്ദ്ര പിള്ള സംസാരിക്കുന്നു.