റിയാദ്: സുരക്ഷാ പ്രശ്നം മറച്ച് നഷ്ട പരിഹാരത്തെക്കുറിച്ച് മാത്രം സംസാരിക്കുന്ന സര്‍ക്കാര്‍ ജനങ്ങളുടെ ജീവന് വിലയിടാന്‍ ശ്രമിക്കുകയാണെന്ന് പ്രവാസി സാംസ്കാരിക വേദി റിയാദില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ക്ക് കൈക്കൂലി നല്‍കി പ്രശ്നത്തില്‍ നിന്ന് ഒളിച്ചോടാനും സമരത്തെ വിലക്കെടുക്കാനുമാണ് സര്‍ക്കാര്‍ ശ്രമം.
പോലീസിനെ കയറൂരി വിട്ട് ജനകീയ സമരങ്ങളെ അടിച്ചൊതുക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഹൈക്കോടതി നിശ്ചയിച്ച അഭിഭാഷക കമ്മീഷന്റെ കണ്ടെത്തലുകള്‍ ജനത്തിന്റെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കമ്മീഷന്‍ തന്നെ നിര്‍ദേശിച്ച ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിച്ച് ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കും വിധം പദ്ധതി റീ അലൈന്‍മെന്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമരം ചെയ്യുന്ന ജനങ്ങള്‍ എല്ലാം തീവ്രവാദികളാണെന്ന സര്‍ക്കാര്‍ വാദം പരിഹാസ്യമാണ്. പ്രതിപക്ഷത്തായിരിക്കുമ്പോള്‍ തങ്ങള്‍ തന്നെ നേതൃത്വം നല്‍കിയ സമരമായിരുന്നു ഇതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും മറന്നു പോകരുത്. ജനകീയ സമരങ്ങളോട് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണ്. ഭരണകൂട നിലപാടുകളെ എതിര്‍ക്കുന്നവര്‍ കേന്ദ്രത്തിന് ദേശവിരുദ്ധരാണെങ്കില്‍ സംസ്ഥാനത്തിന് അത് തീവ്രവാദികളാണെന്നതാണ് വ്യത്യാസം.
ജനങ്ങള്‍ നടത്തുന്ന ജീവല്‍ സമരത്തിന് സംഗമം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. പദ്ധതി പ്രദേശത്ത് നിന്നുള്ള ഇരകള്‍ തങ്ങള്‍ക്കും നാട്ടുകാര്‍ക്കും ഉണ്ടാകുന്ന പ്രയാസങ്ങളും പോലീസ് നടത്തിയ അതിക്രമത്തിന്റെ ഭീകരതയും സദസ്സുമായി പങ്കുവെച്ചു. ഗെയില്‍ വിക്ടിംസ് ഫോറം ജനറല്‍ കണ്‍വീനര്‍ റസാഖ് പാലേരി ടെലഫോണിലൂടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി രിയാദ് ഘടകം പ്രസിഡന്റ് സാജു ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. റജീന റഷീദ് വിഷയം അവതരിപ്പിച്ചു. ആര്‍. മുരളീധരന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ലത്തീഫ് ഓമശേരി, ഉമ്മര്‍ കക്കാട്, റഹ്മത്ത് തിരുത്തിയാട്, ഖലീല്‍ പാലോട് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. അഷ്റഫ് കൊടിഞ്ഞി സ്വാഗതവും സലിം മൂസ നന്ദിയും പറഞ്ഞു.