സി അഷ്റഫ്.
കോഴിക്കോട്: ജനവാസ കേന്ദ്രങ്ങളിലൂടെ ഗെയില്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീര്‍ എം. ഐ അബ്ദുല്‍ അസീസ് പറഞ്ഞു. ജനാധിപത്യത്തിന് എതിരും രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്ക് വിരുദ്ധവുമായ സമീപനമാണ് സര്‍ക്കാറിന്റെത്. ജനവാസ കേന്ദ്രങ്ങളിലൂടെ പൈപ്പ് ലൈന്‍ നിര്‍മിക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളില്‍ മിക്കതും പാലിക്കാതെയാണ് ഗെയിലും സര്‍ക്കാറും മുന്നോട്ട് പോകുന്നത്. പദ്ധതി സുതാര്യമോ നാട്ടുകാരുടെ താല്‍പര്യങ്ങളൈ മാനിക്കുന്നതോ അല്ലാത്ത സാഹചര്യത്തില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സ്വാഭാവികമാണ്. അവ ജനാധിപത്യത്തിന്റെ ഭാഗവുമാണ്. ഇത്തരം സമരങ്ങളെ ബലപ്രയോഗത്തിലൂടെ ഇല്ലാതാക്കാനാവില്ലെന്ന തിരിച്ചറിവ് ഇടതുപക്ഷ സര്‍ക്കാറിനുണ്ടാവണം. വീടുകളില്‍ വരെ പോലിസ് അതിക്രമിച്ചു കയറിയിരിക്കുന്നു. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുകയും നാട്ടുകാരോട് പ്രതികാരെ ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്ന രീതി സര്‍ക്കാര്‍ അവസാനിപ്പിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ട അബ്ദുല്‍ അസീസ് പ്രക്ഷോഭത്തെ പിന്തുണക്കുന്നതായി അറിയിച്ചു.