ജോണ്‍സണ്‍ ചെറിയാന്‍.
ദില്ലി: അമേരിക്കയില്‍ കൊല്ലപ്പെട്ട ഷെറിന്‍ മാത്യുവിന്റെ ദത്തെടുക്കല്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധിക്കാണ് സുഷമ നിര്‍ദ്ദേശം നല്‍കിയത്. അമേരിക്കയിലെ ടെക്സാസിലാണ് മൂന്നുവയസ്സുകാരി ഷെറിന്‍ മാത്യുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം വീടിനടുത്തെ കലുങ്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അമേരിക്കന്‍ മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്ളി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി.
എന്നാല്‍ പിന്നീടാണ് നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയുമായിരുന്നുവെന്ന് വെസ്ളി മൊഴി നല്‍കിയത്. ചട്ടങ്ങള്‍ പാലിച്ച് തന്നെയാണോ ദത്തെടുക്കല്‍ എന്ന് പരിശോധിക്കാനാണ് വിദേശകാര്യമന്ത്രി ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് സുഷമ വാര്‍ത്ത പുറത്തുവിട്ടത്. കുട്ടികളെ ദത്തെടുക്കാന്‍ സഹായിക്കുന്ന നോഡല്‍ ഏജന്‍സിയായ ചൈല്‍ഡ് അഡോപ്ഷന്‍ റിസോഴ്സ് അതോറിറ്റിയും(സിഎആര്‍എ) കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് യുഎസിലെ ഏജന്‍സിയെ സമീപിച്ചിട്ടുണ്ട്.
ഷെറിനെ ദത്തെടുത്തത് മുതല്‍ നാല് റിപ്പോര്‍ട്ടുകളാണ് ചൈല്‍ഡ് അതോറിറ്റിക്ക് ലഭിച്ചത്. പുതിയ സാഹചര്യവുമായി കുട്ടി പൊരുത്തപ്പെട്ടതായി കാണിച്ചുകൊണ്ടുള്ളതാണ് ആദ്യത്തേത്. ഭക്ഷണം കഴിക്കാന്‍ കുട്ടിക്ക് പ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു പിന്നീട് വന്നത്. കുട്ടിയുടെ ഭക്ഷണകാര്യത്തില്‍ വ്യത്യസ്ത മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നാണ് അവസാനമായി ലഭിച്ച റിപ്പോര്‍ട്ട്.