ജയശങ്കര്‍ പിള്ള.
കാലം മാറി കഥയും മാറി.കട്ടൻചായയും,പരിപ്പുവടയും,ദിനേശ് ബീഡിയും,വാടക സൈക്കിളും ഒക്കെ പണ്ടായിരുന്നു.ഇന്നിപ്പോൾ മിനിമം ഷിവാസും,ഗ്രിൽഡ് ചിക്കനും,ട്രിപ്പിൾ ഫൈവും,ഇന്നോവ കാറും ,ഒക്കെ ഉണ്ടെങ്കിലേ തൊഴിലാളികളുടെയും കർഷകരുടെയും കണ്ണീരൊപ്പുവാൻ കഴിയുകയുള്ളൂ.പണ്ട് കേരളത്തിൽ നിന്നും ഡൽഹി കാണാൻ പോയ സഖാക്കൾ റയിൽവെ സ്റ്റേഷനിലെ ചുവപ്പു കൊടി കണ്ടു ഈങ്കുലാബ് വിളിച്ചിട്ടുണ്ടെന്നും,പച്ചക്കൊടി കണ്ടു ഗോ ബാക്ക് വിളിച്ചെന്നും ഒക്കെ രാഷ്ട്രീയ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്.
ഇപ്പോൾ പ്രശ്നം ഇതൊന്നുമല്ല.കേരളം ഭരിക്കുന്ന സർക്കാർ ഞങ്ങൾ നിങ്ങളോടൊപ്പം ആണെന്ന് ജനങ്ങളോട് പറയുവാനും,പ്രവർത്തിയിൽ കുത്തക മുതലാളിമാർക്കൊപ്പം മാത്രമാണെന്ന് തെളിയിക്കുകകൂടി ചെയ്തു വരുന്നു.സ്വർണ്ണ കള്ളക്കടത്തു പ്രതികളുടെ മുന്തിയ ആഡംബര കാറിൽ പര്യടനം നടത്തുന്ന പാർട്ടി സെക്രട്ടറി ഉള്ള നാടാണ് കേരളം.ആർക്കാണ് ജാഗ്രത വേണ്ടത്? ജാഗ്രതയും അച്ചടക്കവും,നല്ലനടപ്പും സാധാരണ ജനങ്ങൾക്കല്ല ,മറിച്ച് .കേരളം മുഴുവൻ വിലയ്ക്ക് വാങ്ങാൻ കഴിവുള്ള കാരാട്ടിനെ പോലുള്ള സ്വർണ്ണ കടത്തുകാർ ,മൂന്നാറും,ആലപ്പുഴയും,മലബാർ മേഖലയും കൈയേറിയ മന്ത്രിയും,എം എൽ എ യും,പാർട്ടി നേതാക്കളും ,ബന്ധുക്കളും ഉള്ള ഇടതു പക്ഷ പാർട്ടികൾക്ക് മാത്രം ആണ് ജാഗ്രത വേണ്ടത് .
എന്ത് വിലകൊടുത്തും ഇതുപോലുള്ളവരെ സംരക്ഷിക്കുന്ന പിണറായിയ്ക്കു ഇവിടെയും ഉത്തരങ്ങൾക്കു പഞ്ഞം ഇല്ല. പാർട്ടിക്ക് ആ മേഖലയിൽ തുറന്ന ചുവപ്പു കാർ ഇല്ലാത്തതിനാൽ വാടകയ്ക്ക് എടുത്തതാണത്രേ ഈ മുപ്പതു ലക്ഷത്തിനു മേൽ വിലയുള്ള ചെറിയ കാർ.ഇക്കാലത്തു ഇതൊരു ആഡംബര വില അല്ല എന്ന് സാരം.സാധാരണ മുമ്പ് എല്ലാം ഉപയോഗിച്ചിരുന്ന തുറന്ന,ചുവപ്പു കടലാസു തോരണം വലിച്ചു കെട്ടിയ ജീപ്പുകൾ പാർട്ടിക്ക് അന്യം നിന്നിരുന്നു. കോവളം കൊട്ടാരം വരെ തീർ എഴുതുന്നതിൽ സ്വന്തം മകന്റെ പേരുൾപ്പെടുത്താൻ പെട്ട പാട് കൊടിയേരിയ്ക്കു മാത്രം അറിയാം.അതിലേക്കായി പൊലിഞ്ഞതു ആർ എസ് എസ് ന്റെ സാധാരണ പ്രവർത്തകന്റെ ജീവൻ ആണ്.
കാരാട്ടിന്റെ കാർ ആണ് സഖാവ് കയറണം എന്ന് പറഞ്ഞപ്പോൾ സാധാരണക്കാരന്റെ വിയർപ്പു തൊട്ടു നാക്കിയവൻ ഓർത്തത് സാക്ഷാൽ പ്രകാശ് കാരാട്ട് സഖാവ് അങ്ങ് ഡൽഹിയിൽ നിന്നും അയച്ച കാർ ആണെന്നാണ്.കോടിയേരിയുടെ ഒരു ഒന്നൊന്നര “ഇന്നച്ചൻ” സ്റ്റൈൽ മറുപടി(മറപിടി) . ഏതായാലും ഈ ‘നിഷ്കളങ്കത’ അപാര തൊലിക്കട്ടി ആയിപ്പോയി.സ്വർണ്ണം കടത്തു,ഭൂമാഫിയ ഹവാല, അഴിമതി,പീഡനം ഇവ ഒന്നും “കേട്ടിട്ട്” പോലുമില്ലാത്ത ലീഗുകാരും സംഘികളും വരെ സ്വര്‍ണക്കടത്തുകാരന്‍റെ മിനി കൂപ്പറില്‍ കോടിയേരിയുടെ ജാഗ്രതാ പാടവവും എഴുന്നള്ളത്തും കണ്ടു സടകുടഞ്ഞു എഴുന്നേറ്റു..
കര്‍ഷസംഘം സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആഡംബര കാറില്‍ വന്നിറങ്ങിയ, കൃഷിയുമായി പുലബന്ധം ബന്ധമൊന്നുമില്ലാത്ത ഇപി ജയരാജനിലേയ്ക്കുള്ള പാർട്ടിക്കും,കോടിയേരിക്കും ഒക്കെ ഉള്ള ദൂരം കേവലം പരിപ്പുവടയില്‍ നിന്നും കട്ടന്‍ ചായയില്‍ നിന്നുമുള്ള സ്വാഭാവിക പരിണാമം അല്ല.വളരെ വേഗം പായുന്ന ലോകത്തിൽ മനുഷ്യന് അനിവാര്യമായ കൂടുതല്‍ സൗകര്യങ്ങളിലേയ്ക്കും പുരോഗതിയിലേയ്ക്കുള്ള വളര്‍ച്ചയുടെ ഭാഗമായി കാണാന്‍ കഴിയുന്നതുമല്ല. വീണുകിട്ടുന്ന അവസരങ്ങളിൽ കള്ളനും,കൊള്ളക്കാരനും,കൊള്ളിവയ്പ്പുകാരനും ,തത്വ സംഹിതകളെ,പാർട്ടിയുടെ ചിട്ടകളെ,കീഴ്വഴക്കങ്ങളെ മറികടന്നും പണയവച്ചും സമ്പാദിച്ചു കൂട്ടുന്ന അവിഹിതങ്ങളുടെ നീളുന്ന പട്ടിക മാത്രം ആണ്.
തളന്ന പാർട്ടി വിശ്വാസികളെ,മുഖം നഷ്ടപ്പെട്ട പാർട്ടിയെ ഇന്നും ഊന്നുവടിയിൽ നിറുത്തിയിരിക്കുന്ന അച്യുതാന്ദനെയും,കമ്യൂണിസ്ററ് പ്രസ്ഥാനത്തിന് ആദ്യമായി ജനാധിപത്യത്തിൽ ഇരിപ്പിടം ഉണ്ടാക്കിയ ഇ എം എസ് നെയും ഒഴിച്ചാൽ മറ്റു നേതാക്കൾക്കും,ഭരണത്തലവന്മാർക്കും,സിപിഎം എന്ന പാര്‍ട്ടി – ഫിനാന്‍സ് മൂലധനത്തോടും ചങ്ങാത്ത മുതലാളിത്തത്തോടും കാണിക്കുന്ന ആര്‍ത്തിയിലേയ്ക്കും അതിന്‍റെ നേതാക്കളുടെ മാഫിയ ബന്ധങ്ങളിലേക്കും വ്യക്തിഗത സാമ്പത്തിക, അധികാര താല്‍പര്യങ്ങളിലേയ്ക്കുമാണ് അത് വിരല്‍ ചൂണ്ടുന്നത്.
പാർട്ടിക്ക് ഫണ്ട് വർധിപ്പിക്കാൻ , പാർട്ടി പ്രസിദ്ധീകരണങ്ങൾ,സമ്മേളനങ്ങൾ, തെരഞ്ഞെടുപ്പുകൾ കൊഴുപ്പിക്കാൻ പ്രത്യശാസ്ത്രങ്ങളെ മറന്നു ഇന്ത്യയിലെ ലോട്ടറി കുംഭകോണത്തലവൻ, സാന്റിയാഗോ,റിയൽഎസ്റ്റേറ്റ്,ടൂറിസം മാഫിയകൾ,വിദേശ കുത്തകകൾ,സ്വര്ണക്കള്ളക്കടത്തു കാരൻ ഫൈസൽ കാരാട്ട്,സ്വർണ്ണ കരണ്ടിയുമായി പിറന്ന വിവാദ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ,രാജൻ പിള്ള,കമന്നു വീണാലും കാപ്പണം നക്കി എടുക്കുന്ന തോമസ് ചാണ്ടി,ഇടുക്കി ജില്ലയിലെ ഭൂമാഫിയ രാജേന്ദ്രൻ,ലംബോദരൻ,അൻവർ എം എൽ എ ,ചാക്ക് രാധാകൃഷ്ണന്റെ സൂര്യ ഗ്രൂപ്പ് ഇവരുടെ പരസ്യം വഴി,ഇവരുമായുള്ള ഇടപാടുകൾ വഴി പാർട്ടിയിലേക്ക് ഒഴുകുന്ന പണം ,പാർട്ടി അണിയിൽ പെട്ടവരുടെ പോക്കറ്റിലേക്ക് ഒഴുകുന്ന കറൻസികൾ,മുദ്രകടലാസുകൾ.ഇവിടെ ചർച്ച ചെയ്യപ്പെടാതെയും,അറിയാതെയും പോകുന്ന രഹസ്യങ്ങൾ ആണിവ.പണ്ടും പാർട്ടി മീറ്റിങ്ങുകളിൽ നാവടച്ചു കേട്ടിരുന്നവർ ,ഇന്നും നാവടച്ചു നക്കി തിന്നുന്നു എന്ന് വേണം പറയാൻ.
ഇതൊന്നും ജാഗ്രതയില്ലാത്തതിന്റെയോ,ജാഗ്രത കുറവിന്റെയോ പ്രശ്‌നമല്ല, പ്രത്യയ ശാസ്ത്ര ജീര്‍ണതയുടെ, മനോഭാവങ്ങളുടെ, മൂലധനത്തോടും അധികാരത്തോടുമുള്ള ആര്‍ത്തിയുടെ പ്രകടമായ മാറ്റം ആണ്.. ഇത്തരം മനോഭാവങ്ങളുടെ ഭാഗമായുള്ള ജീവിതവും,ക്രിയകളും ആണ് ആഡംബര കാറുകളിൽ സാധാരണ ജനങ്ങളെ ജാഗ്രതപ്പെടുത്താനായി രംഗത്തെത്തുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ഒരു ആഡംബര കാറില്‍ കയറുന്നത് ഇത്ര വലിയ തെറ്റാണോ? അല്ല. മറ്റെല്ലാ മനുഷ്യരേയും പോലെ ഇത്തരം കാറുകളില്‍ കയറാനുള്ള അവകാശം അദ്ദേഹത്തിനുണ്ട്. പക്ഷെ എങ്ങനെയാണ് ഇത്തരം കാറുകള്‍ പാര്‍ട്ടിക്ക് കിട്ടുന്നത്. പാര്‍ട്ടി പരിപാടികളിലേക്ക്, അത് സംഘടിപ്പിക്കുന്ന രാഷ്ട്രീയ ജാഥകളിലേക്ക് എങ്ങനെയാണ് ഇത്തരം കാറുകള്‍ എത്തുന്നത്? ആരാണ് ഇത്തരം കാറുകള്‍ പാര്‍ട്ടിക്ക് തരുന്നത്? എന്നോക്കെയുള്ള ചോദ്യങ്ങൾ ആണ് ജനങ്ങൾക്ക് നിങ്ങളോടു ചോദിക്കാനുള്ളത് . അതിനുള്ള ഉത്തരം ആണ് സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ കാരാട്ട് ഫൈസലാണ് അത് നൽകിയത് എന്ന് മനസിലാവുക. കോടിയേരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പാര്‍ട്ടി ആവശ്യപ്പെട്ടതുകൊണ്ടാണ് കാര്‍ കൊടുത്തതെന്നും കാരാട്ട് ഫൈസല്‍ പറയുന്നു. പാര്‍ട്ടി എങ്ങനെയാണ് ഇത്തരമൊരു കാര്‍ ആവശ്യപ്പെടുക എന്നതും ഫൈസലിനെ പോലൊരു ആളോട് ചോദിച്ചാൽ പറയുന്നത് പലപ്പോഴായി ഞാൻ ഒരു പാർട്ടി അനുഭാവി ആണെന്നാണ്.
അൻവറിനെ പോലെ 218 ഏക്കർ ഭൂമി സ്വന്തമായുള്ള പാവപ്പെട്ടവനു സംരക്ഷണവും ,തോമസ് ചാണ്ടിയെയും,രാജേന്ദ്രനെയും,എം എം മാണിയെയും പോലുള്ള ഭൂമി കൈയ്യേറ്റക്കാരും ഉള്ള പാർട്ടിയിൽ,മുന്നണിയിൽ ആര് ആരെയാണ് ജാഗ്രത പ്പെടുത്തേണ്ടത്.ജാഗ്രതപ്പെടുത്തേണ്ടതും,സ്വയം വിലയിരുത്തേണ്ടതും,തിരുത്ത പ്പെടേണ്ടതും,നിങ്ങൾ പാർട്ടിക്കാർ മാത്രം ആണ് എന്നാൽ സംരക്ഷിക്കപ്പെടേണ്ടത് സാധാരണ ജനങ്ങളും.