ജോണ്‍സണ്‍ ചെറിയാന്‍.
ചെങ്ങന്നൂര്‍:പുത്തന്‍ ഡ്യൂക്ക് ബൈക്കുകളില്‍ കറങ്ങാനിറങ്ങിയ നാലംഗ സംഘത്തിലെ മൂന്നു യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ കാറുമായി കൂട്ടിയിടിച്ചാണ് അപകടം. അപകടത്തില്‍ പരിക്കേറ്റ സുഹൃത്തിനെ ഉപേക്ഷിച്ച് മറ്റേയാള്‍ ബൈക്കുമായി കടന്നുകളഞ്ഞു.
ഏറ്റുമാനൂര്‍ തവളക്കുഴി സ്വദേശി അനില്‍ കെ.സ്റ്റീഫന്‍ (20), ഇടുക്കി ഉടുമ്ബന്നൂര്‍ ചീനക്കുഴി കല്ലൂര്‍ വീട്ടില്‍ നിധിന്‍ മോഹന്‍ (19) , ഏറ്റുമാനൂര്‍ സ്വദേശി വിപിന്‍ സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിപിന്‍ പിന്നീടാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശി വിലന്‍ മാത്യു തോമസിനു (22) തലയ്ക്കും ശരീരത്തിനും പരിക്കേറ്റുവെങ്കിലും അപകടം നടന്ന ഉടന്‍ ഇയാള്‍ സ്ഥലം വിടുകയായിരുന്നുവെന്നാണ് സൂചന.
ശനിയാഴ്ച പുലര്‍ച്ചെയോടെ എം.സി റോഡില്‍ ചെങ്ങന്നൂരിനും പന്തളത്തിനും മധ്യേ കാരയ്ക്കാട് വെട്ടിപീടിക ജംഗ്ഷനിലായിരുന്നു അപകടം. ചെങ്ങന്നൂരില്‍ നിന്ന് പന്തളം ഭാഗത്തേക്ക് രണ്ടു ബൈക്കുകളിലായാണ് നാലംഗ സംഘം സഞ്ചരിച്ചിരുന്നത്. അമിത വേഗത്തില്‍ പോയ ബൈക്കുകള്‍ ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഈ വാഹനത്തില്‍ തട്ടി നിയന്ത്രണം നഷ്ടമായ ബൈക്കുകള്‍ എതിര്‍ ദിശയില്‍ നിന്നു വന്ന കാറിന്റെ മുന്നില്‍ അകപ്പെട്ടു. രണ്ടു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.
ചെങ്ങന്നൂര്‍ പോലീസ് എത്തിയാണ് പരിക്കേറ്റയാളെയും മൃതദേഹവും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റിയത്. പുതിയ ഡ്യൂക്ക് ബൈക്കുമായി ഇവര്‍ കറങ്ങാന്‍ പോയതാണെന്നാണ് അറിയാന്‍ കഴിയുന്നത്. അപകടത്തെ തുടര്‍ന്ന് സ്ഥലം വിട്ട വിലന്‍ മാത്യു തോമസിനെ വീട്ടുകാര്‍ ചെങ്ങന്നൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിക്കും.