ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണസംഘം ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഡോക്ടര്‍മാര്‍ ഉത്തരവാദിത്വം നിര്‍വഹിച്ചിരുന്നെങ്കില്‍ മുരുകന് മരണം സംഭവിക്കില്ലായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഡോക്ടര്‍മാര്‍ക്കെതിരെ നരഹത്യ കേസ് നിലനില്‍ക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവര്‍ക്കെതിരെ ഏതെല്ലാം വകുപ്പുകള്‍ ചുമത്തണമെന്ന് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നും പോലീസ് കോടതിയെ അറിയിച്ചു.
അതിഗുരുതരാവസ്ഥയില്‍ മുരുകനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ ന്യൂറോ വിഭാഗത്തില്‍ പ്രധാന ഡോക്ടറുണ്ടായിട്ടും പി.ജി ഡോക്ടറെയാണ് പരിശോധനക്കയച്ചത്. വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് പ്രാഥമിക പരിശോധനയില്‍ ബോധ്യപ്പെട്ടെങ്കിലും രണ്ടര മണിക്കൂര്‍ കാത്തുകിടന്നിട്ടും ചികിത്സ സൗകര്യമൊരുക്കിയില്ല തുടങ്ങിയവയാണ് മെഡിക്കല്‍ കോളേജിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍.
കേസിലെ ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് കോടതി തേടിയെങ്കിലും പോലീസ് സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഈ മാസം 24 ലേക്ക് മാറ്റിയതായും ഹൈക്കോടതി അറിയിച്ചു.