വിനീത നായര്‍.
ന്യൂജേഴ്‌സി: വൈക്കം വിജയലക്ഷ്മിയുടെയും സംഘത്തിന്റെയും “പൂമരം സ്റ്റേജ് ഷോ 2017” ന്യൂജേഴ്‌സിയിൽ ഒക്ടോബർ 15നു നിറഞ്ഞ സദസിൽ അവതരിപ്പിക്കുമെന്നു എം ബി എൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു.
വൂഡ്ബ്രിഡ്ജ് മിഡിൽ സ്കൂളിൽ (525 ബാരൻ അവന്യു) വൈകിട്ട് നാലുമണിക്ക് നടക്കുന്ന പരിപാടി വ്യത്യസ്‌തകൾ നിറഞ്ഞതാകും.
അമേരിക്കൻ മലയാളികളെ സംഗീതത്തിന്റെയും, നൃത്തത്തിന്റയും, ചിരിയുടെയും നിമിഷങ്ങളിലേക്കു കൊണ്ടുപോയ നിരവധി ഷോകൾക്ക് ശേഷമാണു ന്യൂജേഴ്‌സിയിൽ പൂമരം ടീം എത്തിയിരിക്കുന്നത്. ഹ്യൂസ്റ്റണിൽ തുടങ്ങി അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ അരങ്ങേറിയ പൂമരം ഷോയ്ക്ക് മികച്ച പ്രതികരണമാണ് ഇതിനകം ലഭിച്ചിരിക്കുന്നത്. പൂമരം ഷോ ന്യൂജേഴ്സിയിലെ മലയാളികൾക്കായി അവതരിപ്പിക്കുന്നത് എം ബി എൻ ഫൗണ്ടേഷൻ ആണ്. ന്യൂജേഴ്സിയിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായ മാധവൻ ബി നായർ ‘പ്രോമോട്ടിങ് സ്‌കിൽസ്,സപ്പോർട്ടിങ് ഹെൽത്” എന്ന ആശയവുമായി ആരംഭിച്ച പ്രസ്ഥാനമാണ് എം ബി എൻ ഫൗണ്ടേഷൻ.
വൈക്കം വിജയലക്ഷ്മിയുടെ നേതൃത്വത്തിൽ അമേരിക്കയിൽ എത്തുന്ന ആദ്യ ഷോ കൂടിയാണ് പൂമരം. പുല്ലാംകുഴലിൽ നാദവിസ്മയം തീർക്കുന്ന ചേർത്തല രാജേഷും, ബിനോയിയും അടങ്ങുന്ന സംഗീത സംഘം ഒരുക്കുന്ന ഫ്യുഷൻ ന്യൂജേഴ്‌സി മലയാളികൾക്ക് നവ്യാനുഭവം നൽകും. ഇവർ മൂവരും ഗായത്രി വീണയും, പുല്ലാങ്കുഴലും , കീബോർഡും, വയലിനും കോർത്തിണക്കി ഒരുക്കുന്ന സംഗീത പ്രപഞ്ചം കാണാൻ പോകുന്ന പൂമരകാഴ്ച തന്നെയാകും. അനുശ്രീ, റേയ്ജൻ രാജൻ, രൂപശ്രീ, സജ്‌ന നജാം, ശരണ്യ, ശ്രുതി തമ്പി, ഷാജു തുടങ്ങിയവർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങൾ, അബിയും, അനൂപ് ചന്ദ്രനും, ആക്ഷൻ ഹീറോ ബിജുവിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ അരിസ്റ്റോ സുരേഷും ഒരുക്കുന്ന കോമഡി സ്കിറ്റുകൾ പുതുമ നിറഞ്ഞതാകും. മിന്നലേ ജീനു, വിനീത്, അഭിഷ് എന്ന പുതു തലമുറയിലെ ഫ്യൂഷൻ ബാൻഡും ഒപ്പമുണ്ട്. കണ്ടു മടുത്തവയിൽ നിന്ന് വ്യത്യസ്തമായി പുതുമയുള്ള പരിപാടികളുമായാണ് പൂമരം കലാകാരന്മാർ ന്യൂജേഴ്‌സിയിൽ എത്തുന്നത്. കൺകുളിർക്കെ പൂമരം കാണുവാൻ ന്യൂജേഴ്സിയിലെ എല്ലാ മലയാളികളയേയും കുടുംബസമേതം ക്ഷണിക്കുന്നതായി എം ബി എൻ ഫൗണ്ടേഷൻ ചെയർമാൻ മാധവൻ ബി നായർ അറിയിച്ചു.