ന്യൂജഴ്‌സി : വെര്‍ജീനിയ ജോര്‍ജ് മേസണ്‍ യൂണിവേഴ്‌സിറ്റി ക്രിമിനല്‍ ലോവിദ്യാര്‍ത്ഥിനി മധു വള്ളി (20) 2017 മിസ് ഇന്ത്യ വേള്‍ഡ് വൈഡ് കിരീടം കരസ്ഥമാക്കി.ന്യൂജഴ്‌സിയില്‍ ഒക്ടോബര്‍ 9 ന് നടന്ന സൗന്ദര്യ മത്സരത്തില്‍ സ്‌റ്റെഫിനി മാധവന്‍ (ഫ്രാന്‍സ്) രണ്ടാം സ്ഥാനത്തിന് അര്‍ഹയായി. മൂന്നാം സ്ഥാനം ഗയാനയില്‍ നിന്നുള്ള സംഗീത ബഹദൂരിനും ലഭിച്ചു.
18 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരികളാണ് മത്സരത്തില്‍ മാറ്റുരച്ചത്. ബോളിവുഡും ഹോളിവുഡും തമ്മില്‍ സംയോജിപ്പിക്കുന്ന വലിയൊരു പാലമായി മാറണമെന്നാണ് ആഗ്രഹമെന്ന് മധു വള്ളി പറഞ്ഞു. എട്ടു വയസ്സ് മുതല്‍ സംഗീതം എന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞതായും വള്ളി വെളിപ്പെടുത്തി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജര്‍ തങ്ങളുടെ സംസ്കാരവും പാരമ്പര്യവും പങ്കിടുന്ന ഒരു വേദിയാണിതെന്നും കിരീട ധാരണത്തിനുശേഷം മധു വള്ളി അഭിപ്രായപ്പെട്ടു.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യ ഫെസ്റ്റിവല്‍ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 35 രാജ്യങ്ങള്‍ അംഗത്വമെടുത്ത ലോകത്തിന്റെ ഏറ്റവും ഉയര്‍ന്ന സംഘടനയാണെന്നുള്ള അഭിമാനം ഞങ്ങള്‍ക്കുണ്ട്– സംഘാടകര്‍ അവകാശപ്പെട്ടു.