സ്റ്റീഫന്‍ ചെട്ടിക്കന്‍.
ഉഴവൂര്‍: ഡോ.കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എം.പി. ഫണ്ടില്‍ നിന്നോ, കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗപെടുത്തിയോ ആംബുലന്‍സ് അനുവദിക്കണമെന്നാവശ്യപെട്ട് സി.പി.ഐ. ഉഴവൂര്‍ ലോക്കല്‍ കമ്മറ്റി ജോസ് കെ. മാണി എം.പി.ക്ക് നിവേദനം നല്‍കി. ഉഴവൂരിന്റെ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളില്‍ ഇടപെടുന്ന സോഷ്യല്‍ മീഡിയാ കൂട്ടായ്മയായ ഉഴവൂര്‍ വികസന ചര്‍ച്ചാ വേദി പ്രവര്‍ത്തകരും നിവേദക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
ലോക്കല്‍ സെക്രട്ടറി വിനോദ് പുളിക്കനിരപേല്‍, സ്റ്റീഫന്‍ ചെട്ടിക്കന്‍, സന്തോഷ് പഴയപുരയില്‍, അബി അലക്‌സ്, ജോസുകുട്ടി നിരപേല്‍ എന്നിവരാണ് ഈ വിഷയം എം.പി.യുടെ ശ്രദ്ധയില്‍ പെടുത്തുന്നതിന് നിവേദനം നല്‍കിയത്. 2017 സെപ്തംബര്‍ 25ന് സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ പുതിയ കെട്ടിടത്തിലേയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം മാറ്റിയിരുന്നു. ഒ.പി., ഐ.പി. പ്രവര്‍ത്തനങ്ങളാണ് ആദ്യ ഘട്ടമായി ആരംഭിച്ചിരിക്കുന്നത്. 6 നിലകളുള്ള പുതിയ കെട്ടിടത്തില്‍ സ്‌പെഷ്യാലിറ്റി ഡിപ്പാര്‍ട്ടുമെന്റുകളുടെ മറ്റ് ഉപകരണങ്ങള്‍ അനുവദിക്കുക, ആശുപത്രിയിലേയ്ക്കാവശ്യമായ തസ്തികകള്‍ നിര്‍ണ്ണയിച്ചിരിക്കുന്നതിനനുസരിച്ചുള്ള തസ്തികകള്‍ അനുവദിക്കുക, ജീവനക്കരെ നിയമിക്കുക.
തുടങ്ങിയ കാര്യങ്ങള്‍ ഇനിയും നടക്കേണ്ടിയിരിക്കുന്നു. ഡോ. കെ.ആര്‍. നാരായണനെന്ന ഭാരതത്തിന്റെ മുന്‍ രാഷ്ട്രപതിയുടെ ഓര്‍മ്മയ്ക്കായി അദേഹത്തിന്റെ ജന്മ നാട്ടില്‍ നിര്‍മ്മിക്കപെട്ടിരിക്കുന്ന ഏക സ്മാരകം എന്ന നിലയില്‍ ഇതിന്റെ തുടര്‍ വികസന കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ കൂടി ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് നിവേദക സംഘം എം.പി.യോട് അഭ്യര്‍ത്ഥിച്ചു.