ജോണ്‍സണ്‍ ചെറിയാന്‍.
പാറ്റ്ന: തൊണ്ണൂറ്റിയെട്ടുകാരന്‍ രാജ് കുമാര്‍ വൈശ്യ നളന്ദ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇക്കണോമിക്സില്‍ മാസ്റ്റര്‍ ബിരുദം സ്വന്തമാക്കി. സെക്കന്റ് ക്ലാസ് മാര്‍ക്കോടെയാണ് ജയം. 1938ല്‍ ബിരുദം സ്വന്തമാക്കിയ വൈശ്യ തന്റെ നേട്ടത്തില്‍ അതീവ സന്തോഷം പ്രകടിപ്പിച്ചു.
ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് സഫലമായതെന്ന് അദ്ദേഹം പറഞ്ഞു. ഞാനിപ്പോള്‍ ബിരുദാനന്തര ബിരുദധാരിയാണ്. രണ്ട് വര്‍ഷം മുന്‍പാണ് മാസ്റ്റര്‍ ബിരുദമെടുക്കാന്‍ ഞാന്‍ തീരുമാനിച്ചത്. പ്രായമായെന്ന് കരുതി സ്വപ്നങ്ങള്‍ ഉപേക്ഷിക്കുന്നവര്‍ക്ക് ഒരു മാതൃകയാകാനായിരുന്നു എനിക്കാഗ്രഹം.- വൈശ്യ പറഞ്ഞു.
സ്വന്തം കഴിവില്‍ വിശ്വാസമുള്ളവര്‍ക്കായി അവസരങ്ങള്‍ കാത്തിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പേരക്കുട്ടികളേക്കാള്‍ പ്രായം കുറവുള്ളവര്‍ക്കൊപ്പമായിരുന്നു വൈശ്യ പരീക്ഷയെഴുതിയത്. ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കുന്ന ഏറ്റവും പ്രായമേറിയ ആളെന്ന നിലയില്‍ വൈശ്യ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടിയിരുന്നു.