ജോണ്‍സണ്‍ ചെറിയാന്‍.
ന്യൂഡല്‍ഹി: യമനില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി അവിടെനിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലില്‍ നാളെ ഇന്ത്യയിലെത്തും. ഒമാനില്‍ നിന്നും വത്തിക്കാനിലേക്ക് പോയ വൈദീകന്‍ രാവിലെ 7.30ന് എയര്‍ ഇന്ത്യാ വിമാനത്തിലാണ് എത്തുക.
രാജ്യതലസ്ഥാനത്ത് എത്തുന്ന ടോം ഉഴുന്നാലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. എന്നാല്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല. തുടര്‍ന്ന് വൈകിട്ട് നടക്കുന്ന പ്രത്യേക കുര്‍ബാനയിലും പങ്കെടുക്കും.
ഡല്‍ഹിയില്‍ ബിഷപ് ഹൗസിലെത്തുന്ന വൈദീകന്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാളെത്തന്നെ മാധ്യമങ്ങളെയും ഉഴുന്നാലില്‍ കാണുന്നുണ്ട്. 29ന് ബെംഗളൂരുവിലെ സെലേഷ്യന്‍ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തും. അവിടെ നടക്കുന്ന പ്രത്യേക പ്രാര്‍ത്ഥനയിലും അദ്ദേഹം പങ്കെടുക്കും. ഒക്ടോബര്‍ ഒന്നിന് കേരളത്തില്‍ തിരിച്ചെത്തും.