സാലിം ജീറോഡ്.
മുക്കം: നിയമങ്ങളെ കാറ്റില്‍ പറത്തുന്ന നിര്‍ദ്ദിഷ്ട കൊച്ചി-മംഗളൂരു ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിക്കെതിരെ മലപ്പുറം കോഴിക്കോട് ജില്ലാ അതിര്‍ത്തിയായ എരഞ്ഞിമാവില്‍ ഗെയിലിന്റെ ജനവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് കുടില്‍ കെട്ടി അനിശ്ചിതകാല പ്രക്ഷോഭസമരം ആരംഭിച്ചു.
ഗെയില്‍ വിക്ടിംസ് ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് എരഞ്ഞിമാവ് ഗെയില്‍ പദ്ധതിപ്രദേശത്ത് അനിശ്ചിതകാല ജനകീയ സമരം ആരംഭിച്ചത്. ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാതെ ജനവാസ മേഖലയലൂടെ കടന്നുപോകുന്ന പദ്ധതി അനുവദിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്‌ന വിശ്വനാഥ് സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ഗെയില്‍ വിക്ടിംസ് ഫോറം ജില്ലാ കണ്‍വീനര്‍ കെ.സി അന്‍വര്‍, അലവിക്കുട്ടി കാവനൂര്‍, ജി.അക്ബര്‍, വാസുദേവന്‍ നമ്പൂതിരി, ജാഫര്‍ പന്നിക്കോട്, നജീബ് കീഴ്പറമ്പ് എന്നിവര്‍ സംസാരിച്ചു. നുറുകണക്കിനാളുകള്‍ അണിനിരന്ന് എരഞ്ഞിമാവില്‍ നിന്നാരംഭിച്ച പ്രകടനം പന്നിക്കോട് സമാപിച്ചു.
പ്രകടനത്തിന്ന് അബ്ദുല്‍ ജബാര്‍ സഖാഫി, മുഹമ്മദ് ടി.പി, കരീം പന്നിക്കോട്, ശിഹാബ് മാട്ടുമുറി, റഫീഖ് കുറ്റിയോട്ട്, ജൈസന്‍ പന്നിക്കോട് , സാലിം ജീറോഡ്, ബാവ പവര്‍വേള്‍ഡ്, ശാമില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കഴിഞ്ഞ ദിവസം ഗെയില്‍ അധികൃതര്‍ സര്‍വെ നടപടികളുമായി എരഞ്ഞിമാവ് ഭാഗത്ത് എത്തിയപ്പോള്‍ ഭൂമി നഷ്ടപ്പെടുന്ന ഒരാള്‍ പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണിരുന്നു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് തങ്ങളുടെ ഭൂമി കൈയ്യേറി പ്രവര്‍ത്തി ആരംഭിച്ചതെന്ന് സമരക്കാര്‍ പറയുന്നു. ഹിറ്റാച്ചിയുപയോഗിച്ച് ഇരുപത് മീറ്ററിലധികം വീതിയില്‍ മുഴുവന്‍ മരങ്ങള്‍ മുറിച്ചുമാറ്റിയും മണ്ണുമാന്തി നിരപ്പാക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചത്. നെഞ്ച് പിളര്‍ക്കും കാഴ്ചയാണിത്. പ്രതിഷേധത്തെ തുടര്‍ന്ന് താല്‍കാലികമായി പണി നിര്‍ത്തിവെച്ചിട്ടുണ്ട്.