ജോയിച്ചന്‍ പുതുക്കുളം.
ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ ശ്രീ. കവിയൂര്‍ ശിവപ്രസാദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമ ‘സ്ഥാനം’ ത്തിന്റെ സംഗീത സംവിധായകന്‍ അമേരിക്കയില്‍ എത്തി.
ഷിക്കാഗോ, ഡിട്രോയിറ്റ്, ഫിലാഡല്‍ഫിയ, ന്യുയോര്‍ക്ക്, കാലിഫോര്‍ണിയ, ഡാളസ്, ഹൂസ്റ്റണ്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ പരിപാടികളില്‍ ഡോ. സാം കടമ്മനിട്ട പങ്കെടുക്കും.
സിനിമാ പ്രവേശം ആഘോഷമാക്കിയ സംഗീത സംവിധായകന്‍
ആരാണ് ഇങ്ങനെയൊരു തുടക്കം ആഗ്രഹിക്കാത്തത്.
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ നേടിയ മുതിര്‍ന്ന സംവിധായന്‍ കവിയൂര്‍ ശിവപ്രസാദ് സാറിന്റെ സിനിമ. മലയാളത്തിന് മറക്കാന്‍ കഴിയാത്ത അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച, മുന്‍ ചീഫ് സെക്രട്ടറിയും മലയാളം സര്‍വകലാശാല വൈസ് ചാന്‍സിലറുമായ കെ. ജയകുമാര്‍ സാറിന്റെ രചന. ഇതിനെല്ലാം പുറമെ സാക്ഷാല്‍ ഗന്ധര്‍വ ഗായകന്‍ പദ്മശ്രീ ഡോ. കെ. ജെ. യേശുദാസിന്റെ ആലാപനം.
ഈ മഹാരഥന്മാരുടെ ഒപ്പം തന്റെ സിനിമാ സ്വപ്നങ്ങള്‍ക്ക് തിരി തെളിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സംഗീത സംവിധായകന്‍ ഡോ. സാം കടമ്മനിട്ട.
സലീല്‍ ചൗധരി, എം. ബി. ശ്രീനിവാസന്‍, ലൂയിസ് ബാങ്ക്, എല്‍. സുബ്രഹ്മണ്യം, കെ. രാഘവന്‍ മാഷ്, രവീന്ദ്രന്‍ മാഷ് തുടങ്ങിയ മുതിര്‍ന്ന സംഗീത സംവിധായകരെ മാത്രം ഉപയോഗിച്ചിട്ടുള്ള ശിവപ്രസാദ് എന്ന സംവിധായകന്‍ പുതുമുഖമായ ഡോ. സാം കടമ്മനിട്ടയെ പരിഗണിച്ചതിലൂടെ ഒരു പ്രതിഭയുടെ പിറവിക്കു കൂടി ചുക്കാന്‍ പിടിച്ചിരിക്കുകയാണ്.
സ്ഥാനം സിനിമയില്‍ മൂന്നു ഗാനങ്ങളാണ് ഉള്ളത്. ഒരിടവേളക്ക് ശേഷം ദാസേട്ടന്‍ സുജാത കൂട്ടുകെട്ടിന്റെ പ്രണയാര്‍ദ്രമായ ഒരു യുഗ്മഗാനം മലയാളികള്‍ക്ക് ഈ സിനിമയിലൂടെ ലഭിക്കും. പദ്മശ്രീ. മധു അവതരിപ്പിക്കുന്ന കഥാപാത്രത്തിനായി മറ്റൊരു ഗാനവും ദാസേട്ടന്‍ പാടിയിട്ടുണ്ട്. സിതാര, അന്നാ ബേബി എന്നിവരാണ് മറ്റു ഗായകര്‍. തന്റെ ആദ്യ സിനിമയിലൂടെ തന്നെ ഡോ. സാം കടമ്മനിട്ട പരിചയപ്പെടുത്തുന്ന ഗായികയാണ് അന്നാ ബേബി.
ഓണപ്പാട്ടുകള്‍, പ്രണയ ഗാനങ്ങള്‍, ലളിത ഗാനങ്ങള്‍, ഹിന്ദു ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ തുടങ്ങി നിരവധി ആല്‍ബങ്ങള്‍ക്കു രചനയും സംഗീതവും നിര്‍വ്വഹിച്ചിട്ടുള്ള ഡോ. സാം കടമ്മനിട്ട തൃപ്പൂണിത്തുറ ആര്‍. എല്‍. വി. കോളേജില്‍ സംഗീതം അഭ്യസിച്ചിട്ടുണ്ട്.
െ്രെകസ്തവ സഭയിലെ അനാരോഗ്യകരമായ പ്രവണതകളെ തുറന്നു കാട്ടുന്ന സിനിമയാണ് സ്ഥാനം. ചേരിതിരിഞ്ഞുള്ള പോര്‍വിളികള്‍ക്കു പക്ഷം പിടിക്കാതെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുകയാണ് പദ്മശ്രീ. മധു അവതരിപ്പിക്കുന്ന അലക്‌സാണ്ടര്‍ സര്‍ എന്ന കഥാപാത്രം. മഹാപണ്ഡിതനായ അലക്‌സാണ്ടര്‍ സാറിന്റെ സ്ഥിരം സന്ദര്‍ശകനാണ് വിനു മോഹന്‍ അവതരിപ്പിക്കുന്ന പ്രദീപ് എന്ന നായക കഥാപാത്രം. ഹയര്‍ സെക്കണ്ടറി കലോത്സവത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട മാളവിക ആണ് ചിത്രത്തിലെ നായിക. അലക്‌സാണ്ടര്‍ സാറിന്റെ ചെറുമകള്‍ വിമല എന്ന കഥാപാത്രമാണ് മാളവിക അവതരിപ്പിക്കുന്നത്.
ജോയ് മാത്യു, സുനില്‍ സുഗത, കെ.പി.എ.സി.ലളിത, രാകേന്ദു, ശൈലജ, വിഷ്ണു, തിരുവല്ല സാബ, പദ്മനാഭന്‍ തമ്പി, ഹരിലാല്‍ തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട് . ഛായാഗ്രഹണം ശരത്, എഡിറ്റിങ് സിദ്ധാര്‍ത്ഥ ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനില്‍ കെ.പെണ്ണുക്കര, കലാസംവിധാനം കെ.ഗിരീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയേഷ്, ചമയംപട്ടണം റഷീദ്, ശബ്ദലേഖനം ഹരികുമാര്‍, മുഖ്യ സംവിധാന സഹായികള്‍ സുനില്‍ സ്കറിയ മാത്യു, വിനോദ് വിശ്വം, സംവിധാന സഹായികള്‍ പ്രവീണ്‍ ബി സാമുവേല്‍, അജിത് കുമാര്‍, പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ അര്‍ജുന്‍ ആയിലത്ത്, നിശ്ചല ഛായാഗ്രഹണം ദീപ അലക്‌സ്,ഷിജു ജി ബാലന്‍, വാര്‍ത്താ വിതരണം എ.എസ് ദിനേശ് , ടൈറ്റില്‍ ഡിസൈന്‍ ബിജൂസ്.