പി.പി. ചെറിയാന്‍.
കാന്‍സാസ്: ഇന്ത്യന്‍ അമേരിക്കന്‍ സൈക്യാട്രിസ്റ്റിനെ ഈസ്റ്റ് വിചിറ്റായിലുള്ള ക്ലിനിക്കിന്റെ പുറകു വശത്തുള്ള വഴിയില്‍ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. അച്ചുത റെഡ്ഡിയാണ് (57) സെപ്റ്റംബര്‍ 13 ന് മറ്റൊരു ഇന്ത്യാക്കാരനായ ഉമര്‍ റിഷിദിന്റെ കുത്തേറ്റു മരിച്ചത്. ഡോക്ടറുടെ ശരീരത്തില്‍ നിരവധി കുത്തേറ്റിരുന്നതായി പൊലീസ് അറിയിച്ചു.വിചിറ്റ കണ്‍ട്രി ക്ലബിലെ സെക്യൂരിറ്റി ഗാര്‍ഡാണ് പൊലീസിനെ വിളിച്ചു വിവരം അറിയിച്ചത്. പുറത്തു പാര്‍ക്കു ചെയ്തിരിക്കുന്ന കാറില്‍ പ്രതിയെന്നു സംശയിക്കുന്ന ഉമര്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കാണപ്പെട്ട വിവരവും ഗാര്‍ഡ് പൊലീസിനെ അറിയിച്ചു.
പതിനഞ്ചു മിനിറ്റിനകം എത്തിചേര്‍ന്ന പൊലീസ് ഉമറിനെ കസ്റ്റഡിയിലെടുത്തു. ഉമര്‍ മരിച്ച ഡോക്ടറുടെ രോഗിയായിരുന്നുവെന്ന് പറയപ്പെടുന്നു.യോഗയില്‍ വളരെ വിദഗ്ദ്ധനായിരുന്നു ഡോക്ടര്‍. ക്ലിനിക്കിനു പുറകില്‍ വെച്ചു ഡോക്ടറെ മര്‍ദ്ദിക്കുകയും, പിന്നീട് പലവട്ടം കുത്തുകയും ചെയ്തതിനുശേഷം കണ്‍ട്രി ക്ലബിന്റെ മുമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി ഇരുന്ന പ്രതിയെ മറ്റൊരു അനിഷ്ഠ സംഭവങ്ങളും ഇല്ലാതെയാണ് പൊലീസിന് കീഴടങ്ങിയത്.
കന്‍സബ് കൗണ്ടി ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉമറിന് ഒരു മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 15ന് ഇയാളെ കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്താണെന്ന് പൊലീസ് അന്വേഷിക്കുകയാണ്. തെലുങ്കാന ഒസ്മാനിയ മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഡോക്ടര്‍ ബിരുദമെടുത്തത്.