ജോണ്‍സണ്‍ ചെറിയാന്‍.
കോട്ടയം: പ്രസ്ക്ളബില്‍ 17 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി ആക്ഷേപം. കഴിഞ്ഞ ശനിയാഴ്ച നടന്ന ക്ളബിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് സംഭവം പുറത്ത് വന്നത്. കഴിഞ്ഞ രണ്ടു ടേമുകളായി എസ്.മനോജും പ്രസിഡന്ററും ഷാലുമാത്യു സെക്രട്ടറിയുമായുള്ള ഭരണസമതിയാണ് ഭരണം നടത്തിയിരുന്നത്. ഈ കാലയളവിലാണ് പുതിയ പ്രസ്ക്ളബിന്റെ നിര്‍മ്മാണം നടന്നത്. ഇതിന്റെ കണക്കിനെ ചൊല്ലിയാണ് തര്‍ക്കം ഉണ്ടായത്. തര്‍ക്കം കയ്യാകളിലേയ്ക്ക് വരെ നീങ്ങി. അവസാനം കണക്ക് പാസാക്കാതെ പിരിയുകയായിരുന്നു.
പ്രസ് ക്ളബിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ ബാധ്യതയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്. പൊതുയോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ഭരണസമിതിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോട്ടയം പ്രസ്ക്ളബ് മുന്‍ ഭാരവാഹിയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ സതീശന്‍ നായര്‍ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി. ചര്‍ച്ചയ്ക്കിടെ വികാരാധിതനായി കുഴഞ്ഞു വീഴുകപോലും ഉണ്ടായി. കേവലം ആരോപണങ്ങളാണെന്ന വാദഗതികള്‍ ഉയര്‍ത്തിയാണ് നാളുകളായി കഴിഞ്ഞു വന്നിരുന്നത്.
ഇതിനെ ഖണ്ഡിക്കും വിധം അംഗങ്ങള്‍ വിവരാകാശപ്രകാരവും അല്ലാതെയും ലഭിച്ച വിവരങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കള്ളകണക്കാണെന്ന് ചര്‍ച്ചയില്‍ ഉന്നയിച്ചത്. ചര്‍ച്ചയില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം വരെ ഉയര്‍ന്നു. തുടര്‍ന്ന് സെക്രട്ടറി ഷാലു മാത്യു നല്‍കിയ മറുപടി പ്രസംഗത്തിലും അംഗങ്ങള്‍ ത്യപ്തരായില്ല. അതിനിടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കുകളും വേഗത്തില്‍ പാസാക്കാനുള്ള ശ്രമം വാക്കേറ്റത്തിലും കയ്യാകളിലും വരെ എത്തി. തുടര്‍ന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ ഇടപെട്ടു.