ജോണ്‍സണ്‍ ചെറിയാന്‍.
യാത്ര ചെയ്യുമ്പോള്‍ വഴിയോരങ്ങളില്‍ ഗാനം ആലപിക്കുന്ന ധാരാളം പേരെ നാം കാണാറുണ്ട്. പലപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ കടന്നു പോകാറാണ് പതിവ്. എന്നാല്‍ നടന്‍ ജയസൂര്യ വ്യത്യസ്തനാകുന്നത് അവിടെയാണ്. ഒരു പെണ്‍കുട്ടി റോഡില്‍ ഗാനം ആലപിക്കുന്ന വിഡിയോ കണ്ട താരം അതാരെന്ന് ചോദിച്ച് ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. നന്നായി ഗാനം ആലപിക്കുന്ന ഈ കുട്ടിയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയസൂര്യ വിഡിയോ പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് നിരവധി പേര്‍ ഈ വിഡിയോ ഷെയര്‍ ചെയ്യുകയും കുട്ടിയുടെ വിവരങ്ങള്‍ ജയസൂര്യക്ക് കൈമാറുകയും ചെയ്തു.
കായംകുളം സ്വദേശിയായ ശിവഗംഗയായിരുന്നു ആ മിടുക്കി. കുട്ടിയെയും അമ്മയെയും വീട്ടിലേക്ക് ക്ഷണിച്ച ജയസൂര്യ ശിവഗംഗക്ക് തന്‍റെ അടുത്ത ചിത്രത്തില്‍ ഗാനം ആലപിക്കാനും അഭിനയിക്കാനുമുള്ള അവസരം നല്‍കുകയും ചെയ്തു. രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ സമി ആന്‍റണി സംവിധാനം ചെയ്യുന്ന ‘ഗബ്രി’ എന്ന ചിത്രത്തിലാണ് ശിവഗംഗ പാടുന്നത്. ശിവഗംഗയെ കണ്ടുപിടിക്കാന്‍ സഹായിച്ച എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കള്‍ക്കും നന്ദി അറിയിച്ച് ജയസൂര്യ ഫേസ്ബുക്കിലൂടെ പ്രതികരണം അറിയിക്കുകയും ചെയ്തു.