ജോണ്‍സണ്‍ ചെറിയാന്‍.
നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി തന്റെ വിവാഹത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് നടി കാവ്യമാധവന്റെ സഹോദരന്‍ മിഥുന്‍ മാധവന്‍. കഴിഞ്ഞ ദിവസങ്ങളിലായി പത്രങ്ങളിലും ചാനലുകളിലും ഓണ്‍ലൈനുകളിലും വന്ന വാര്‍ത്തയെ തുടര്‍ന്നാണ് ഫെയ്സ്ബുക്കിലൂടെ മിഥുന്‍ മാധവന്‍ പ്രതികരിച്ചത്.
പള്‍സര്‍ സുനിയുമായി തനിക്കും തന്റെ കുടുംബത്തിലുളള ആര്‍ക്കും യാതൊരു ബന്ധവുമില്ല. കൂടാതെ വീട്ടില്‍ നടന്ന ചടങ്ങുകളിലൊന്നും സുനിയെ ക്ഷണിച്ചിട്ടില്ല. തന്റെ വിവാഹചടങ്ങില്‍ പള്‍സര്‍ സുനി പങ്കെടുത്തതായി അന്വേഷണ സംഘം അറിയിച്ചെന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്നും വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോസും ഇതുവരെ അന്വേഷണ സംഘം ആവശ്യപ്പെടുകയോ കൈപ്പറ്റുകയോ ചെയ്തിട്ടില്ലെന്നും മിഥുന്‍ പറയുന്നു.
കാവ്യ മാധവന്റെയും തന്റെയും വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയ്ക്ക് പള്‍സര്‍ സുനിയുമായോ, ഈ കേസുമായിട്ടോ യാതൊരു ബന്ധവുമില്ല. ജീവിതത്തിലെ കഠിനമായ ദിവസങ്ങളിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നതെന്നും ഇത്തവണ തങ്ങള്‍ ഓണം ആഘോഷിച്ചില്ലെന്നും മിഥുന്‍ വ്യക്തമാക്കുന്നു.