ജോണ്‍സണ്‍ ചെറിയാന്‍.
മുംബൈ: മുംബൈയില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് ആറ് പേര്‍ മരിച്ചു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്ന് രക്ഷപ്പെടുത്തിയ 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ പക്മോഡിയയിലെ ജെജെ നഗറിന് സമീപത്താണ് കെട്ടിടം തകര്‍ന്നുവീണത്. മുംബൈയിലെ തിരക്കേറിയ ദക്ഷിണ മുംബൈയിലെ ബേണ്ടി ബസാറിലാണ് സംഭവം.
30 ഓളം പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. രാവിലെ 8.30ഓടെയായിരുന്നു കെട്ടിടം തകര്‍ന്നുവീണത്. പരിക്കേറ്റ ഏഴ് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിവരികയാണ്. ആറോളം ഫയര്‍ എന്‍ജിനുകളും പോലീസും രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുണ്ട്.
ചൊവ്വാഴ്ച മെട്രോപൊളിറ്റന്‍ നഗരത്തില്‍ വര്‍ഷ നഗറിലെ വിക്രോളിയിലും കെട്ടിടം തകര്‍ന്നുവീണിരുന്നു. അപകടത്തില്‍ ഒരാള്‍ കൊലപ്പെടുകയും ചെയ്തിരുന്നു. ഒരേ ദിവസം വ്യത്യസ്ഥ സംഭവങ്ങളില്‍ രണ്ട് പേരാണ് മരിച്ചത്. മുംബൈയില്‍ രണ്ട് ദിവസങ്ങളായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് അപകടമുണ്ടാകുന്നത്. 12 വര്‍ഷത്തിനിടെ മുംബൈയില്‍ റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്.