ജോണ്‍സണ്‍ ചെറിയാന്‍.
ദോഹ: കറകളഞ്ഞ വിശ്വാസവും സമ്പൂര്‍ണമായ സമര്‍പ്പണവുമാണ് ജീവിത വിജയത്തിന്റെ നിദാനമെന്നും ബലിപെരുന്നാള്‍ ഉദ്‌ഘോഷിക്കുന്ന സുപ്രധാനമായ സന്ദേശം ആത്മാര്‍പ്പണത്തിന്റെ വിജയാഘോഷമാണെന്നും ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ നെറ്റ് വര്‍ക് ( ഐ.ബി. പി. എന്‍ ) പ്രസിഡണ്ട് കെ. എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു.
ബനാന റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ബലി പെരുന്നാളിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏക മാനവികതയുടേയും മനുഷ്യ സമത്വത്തിന്റെയും ഉജ്വല സന്ദേശമാണ് ഹജ്ജ് നല്‍കുന്നതെന്നും സമകാലിക ലോകത്ത് മാനവസമൂഹത്തിന്റെ ആത്മീയവും സാമൂഹികവുമായ വളര്‍ച്ചാവികാസത്തിന് ഈ സന്ദേശം ആക്കം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ദേശ ഭാഷാ വ്യത്യാസമില്ലാതെ മാനവരാശിയെ ഒന്നായി കാണുന്ന മഹത്തായ കര്‍മമാണ് ഹജ്ജ്. ബലിപെരുന്നാളും അതുമായി ബന്ധപ്പെട്ട ചരിത്രസ്മൃതികളും മാനവചരിത്രത്തിലെ അവിസ്മരണീയ സംഭവങ്ങളുടെ ഉദ്‌ബോധനമാണ്. സാമൂഹ്യ സൗഹാര്‍ദ്ധവും സഹകരണവും സര്‍വോപരി മാനവ ഐക്യവുമാണ് ഹജ്ജും പെരുന്നാളും അടയാളപ്പെടുത്തുന്നത്. ആത്മാര്‍ഥമായ സ്‌നേഹത്തിന്റേയും സഹകരണത്തിന്റേയും വക്താക്കളും പ്രയോക്താക്കളുമായി നല്ല മനുഷ്യരാവുക എന്നതാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു. വിറ്റാമിന്‍ പാലസ് റീജ്യണല്‍ ഡയക്ടര്‍ അബൂബക്കര്‍ സിദ്ധീഖ് പെരുന്നാള്‍ നിലാവിന്റെ ആദ്യപ്രതി ഏറ്റു വാങ്ങി.
ഈദാഘോഷത്തിന്റെ സുപ്രധാനമായ ഭാഗം സന്ദേശം കൈമാറുകയും സ്‌നേഹബന്ധങ്ങള്‍ ശക്തമാക്കുകയുമാണെന്നും ഈയര്‍ഥത്തില്‍ ഏറെ പ്രസക്തമായ സംരംഭമാണ് ഈ പ്രസിദ്ധീകരണമെന്നും കോപ്പി സ്വീകരിച്ച് സംസാരിച്ച അബൂബക്കര്‍ സിദ്ദീഖ് പറഞ്ഞു. ഈദാഘോഷം ആത്മീയമായും സാമൂഹികമായും ഒട്ടേറെ മാനങ്ങളുള്ളതാണ്. .സൗഹാര്‍ദ്ധത്തിന്റെ വടാമലരുകള്‍ വിരിയിക്കുവാനും കൂടുതല്‍ ഊഷ്മളമായ സാമൂഹ്യ ബന്ധങ്ങള്‍ സൃഷ്ടിക്കുവാനും ഇത്തരം സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. പ്രവാസി കൂട്ടായ്മകളും കുടുംബസംഗമങ്ങളും ആഘോഷങ്ങളെ അര്‍ഥവത്താക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ സി. ഇ. ഒ. ഷാനവാസ്, ബനാന റസ്‌റ്റോറന്റ് ഡയറക്ടര്‍ മുസ്തഫ, സി. എച്ച്, ഖത്തര്‍ സ്റ്റാര്‍ ട്രേഡിംഗ് ജനറല്‍ മാനേജര്‍ ടി. എം. കബീര്‍, കെ.വി. അബ്ദുല്ലക്കുട്ടി സംസാരിച്ചു.
ടീം സഅ്ഫറാന്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് അഷ്‌റഫ്, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് ആരിഫ്, അല്‍ റഹീബ് ബിസിനസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ മായന്‍ കണ്ടോത്ത് എന്നിവര്‍ ചടങ്ങില്‍ വിശിഷ്ട അതിഥികളായിരുന്നു.
മീഡിയ പ്‌ളസ് സി. ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു.
ഫോട്ടോ. ബലി പെരുന്നാളിനോടനുബന്ധിച്ച് മീഡിയ പ്‌ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് വിറ്റാമിന്‍ പാലസ് റീജ്യണല്‍ ഡയക്ടര്‍ അബൂബക്കര്‍ സിദ്ധീഖിന് ആദ്യ പ്രതി നല്‍കി ഐ.ബി. പി. എന്‍. പ്രസിഡണ്ട് കെ. എം. വര്‍ഗീസ് നിര്‍വ്വഹിക്കുന്നു