ജോണ്‍സണ്‍ ചെറിയാന്‍.
കൊല്‍ക്കത്ത: 2000 ത്തിന്റെ വ്യാജനോട്ടുകളുമായി കൊല്‍ക്കത്തയില്‍ മൂന്നു പേര്‍ പിടിയിലായി. കൊല്‍ക്കത്ത പോലീസിന്റെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ആണ് 9.64 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ഇവരെ പിടികൂടിയത്.
മധ്യകൊല്‍ക്കത്തയിലെ കലാകര്‍ സ്ട്രീറ്റില്‍ നിന്നാണ് മൂവര്‍ സംഘത്തെ പിടിച്ചത്. മുവരും മലാദ സ്വദേശികളാണെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി കമ്മീഷണര്‍ മുരളീധര്‍ ശര്‍മ്മ പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി ഗ്രാമമാണ് മലാദ.
ആലം ഷേഖ്, ഗോലാപ് ഷേഖ്, സിറൗല്‍ ഷേഖ് എന്നിവരാണ് അറസ്റ്റിലായവര്‍. ഇവരില്‍ നിന്ന് കണ്ടെടുത്ത വ്യാജ നോട്ടുകള്‍ യഥാര്‍ത്ഥ നോട്ടുകളോട് കിടപിടിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. ബംഗ്ലാദേശ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വ്യാജ നോട്ടുകള്‍ കടത്തുന്നുവെന്ന് ബിഎസ്‌എഫിന് വിവരം ലഭിച്ചിരുന്നു. ഇത് കണ്ടെത്തുന്നതിന് ബിഎസ്‌എഫ് അതിര്‍ത്തിയില്‍ പ്രത്യേക ഓപ്പറേഷന്‍ നടത്തി വരുന്നുണ്ട്.