ജോണ്‍സണ്‍ ചെറിയാന്‍.
എറണാകുളം: തനിക്കെതിരെ പി.സി.ജോര്‍ജ് എം.എല്‍.എ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കൊച്ചിയില്‍ ആക്രമണത്തിനിരയായ നടി രംഗത്തെത്തി. എം.എല്‍എയുടെ പ്രസ്താവനകളില്‍ ദുഃഖവും അമര്‍ഷവും ഉണ്ടെന്ന് നടി വനിതാ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ വീട്ടിലെത്തിയപ്പോഴാണ് നടി ഇത്തരത്തില്‍ മൊഴി നല്‍കിയത്.
തനിക്കെതിരെ തുടര്‍ച്ചയായുള്ള പ്രസ്താവനകള്‍ വേദനിപ്പിക്കുന്നതാണ്. മറ്റൊരു സ്ത്രീക്കും ഇത്തരത്തിലൊരു ദുരനുഭവം ഉണ്ടാകരുത്. ഒരു ജനപ്രതിനിധിയില്‍ നിന്ന് ഇങ്ങനെയുള്ള പ്രസ്താവന പ്രതീക്ഷിച്ചിരുന്നില്ലെന്നും നടി മൊഴി നല്‍കി.സംഭവവുമായി ബന്ധപ്പെട്ട കേസുകളുമായി മുന്നോട്ട് പോകുന്ന ചലചിത്ര രംഗത്തെ വനിതാ കൂട്ടായ്മയോടൊപ്പം താനും ഉണ്ട്. വനിതാ കമ്മീഷനും സര്‍ക്കാരും വനിതാ കൂട്ടായ്മയും എടുക്കുന്ന എല്ലാ തീരുമാനങ്ങളിലും ഉറച്ച് നില്‍ക്കുമെന്നും നടി കമ്മീഷന്‍ അദ്ധ്യക്ഷയ്ക്ക് ഉറപ്പ് നല്‍കി.
നടിക്കെതിരെയും കമ്മീഷനെതിരെയും പി.സി.ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. എം.എല്‍.എയെ ചോദ്യം ചെയ്യുന്നതിന് സ്പീക്കറില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ട്. വനിതാ കമീഷന്‍ ഡയറക്ടറായിരിക്കും പി.സി ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തുക.
പി.സി. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ നടിക്ക് അപമാനകരവും സ്ത്രീത്വത്തെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്. സ്ത്രീകള്‍ക്കെതിരായ ഏതുതരം അതിക്രമങ്ങളെക്കുറിച്ചും കമ്മീഷന് അറിവുലഭിച്ചാല്‍ സ്വമേധയാ കേസെടുക്കുന്നതിന് വനിതാ കമ്മീഷന്‍ ആക്‌ട് അധികാരം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അപകീര്‍ത്തി പരാമര്‍ശങ്ങളുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.