ജോണ്‍സണ്‍ ചെറിയാന്‍.
ഇന്‍ഡോര്‍: ഇന്ന് മാതാപിതാക്കള്‍ക്ക് ഒരു പേടിസ്വപ്നമായി മാറിയിരിക്കയാണ് ലോകത്താകമാനമുള്ള കൗമാരക്കാരുടെ ഹരമായി മാറിയ ബ്ലൂവെയില്‍ ഗെയിം. ബ്ലൂവെയില്‍ ഗെയിമിന്റെ പിടിയില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ പോലും ആര്‍ക്കും കഴിയില്ല. മരണം അവരെ ഏത് നേരവും പിടികൂടും. അത്തരത്തില്‍ ബ്ലൂവെയില്‍ ഗെയിമിന്റെ അവസാന സ്റ്റേജ് പൂര്‍ത്തീകരിക്കാന്‍ കെട്ടിടത്തില്‍നിന്നു ചാടാനൊരുങ്ങിയ വിദ്യാര്‍ഥിയെ അധ്യാപകന്റെയും സഹപാഠികളുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടു രക്ഷപ്പെടുത്തിയ ഒരു സംഭവമാണ് കഴിഞ്ഞദിവസം മധ്യപ്രദേശില്‍ ഉണ്ടായിരിക്കുന്നത്.
മധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള ചമേലി ദേവി പബ്ലിക് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണു ഗെയിമിന്റെ 50-ാം ലെവല്‍ പൂര്‍ത്തികരിക്കാന്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടാനൊരുങ്ങിയത്. വ്യാഴാഴ്ചയാണ് സംഭവം. വിദ്യാര്‍ഥി മൂന്നാം നിലയിലെ ജനലിലൂടെ പുറത്തിറങ്ങുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു കായികാധ്യാപകന്‍ ഫാറൂഖ് ജാഗ്രത പുലര്‍ത്തിയത്. രണ്ടു സഹപാഠികളും വിദ്യാര്‍ഥിയെ തടയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.
മൂന്നാം നിലയിലെ ഇരുമ്ബഴികളില്‍ അപകടകരമായി തൂങ്ങി നില്‍കുന്ന കുട്ടിയെ സുഹൃത്തുക്കള്‍ കാണുകയും ഉടന്‍ പിടിച്ചു നിര്‍ത്തി മറ്റുള്ളവരെ വിളിച്ചുകൂട്ടുകയുമായിരുന്നു. കുട്ടിയെ രക്ഷിച്ച് പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴാണ് താന്‍ ബ്ലൂവെയില്‍ ഗെയിം കളിച്ചതാണെന്ന വെളിപ്പെടുത്തല്‍ നല്‍കിയത്.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളേയും പോലീസിനേയും വിളിച്ചുവരുത്തുകയായിരുന്നു. എന്നാല്‍ പിതാവിന്റെ ഫോണില്‍ നിന്നും ഗെയിം കളിച്ചിട്ടും മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടാത്തത് സംശയത്തോടെയാണ് കാണുന്നത്. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കിയതായി സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ഗെയിം പൂര്‍ത്തിയാക്കിയാല്‍ രണ്ടു കോടി രൂപ പ്രതിഫലം നല്‍കുമെന്നായിരുന്നു കുട്ടിക്കു ലഭിച്ച വാഗ്ദാനം. അതേസമയം കുട്ടി ബ്ലൂ വെയില്‍ ഗെയിം ആണ് കളിച്ചതെന്നുള്ള വിദ്യാര്‍ഥിയുടെയും സഹപാഠികളുടെയും വാദം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല.
ഓരോ ലെവല്‍ കഴിയുമ്ബോഴും കയ്യില്‍ മുറിവേല്‍പ്പിക്കണമെന്നതാണു ഗെയിമിന്റെ നിയമങ്ങളിലൊന്ന്. അങ്ങനെയെങ്കില്‍ 50 ലെവല്‍ ആകുമ്ബോള്‍ തിമിംഗലത്തിന്റെ രൂപത്തില്‍ 50 മുറിവുകള്‍ കുട്ടിയുടെ ശരീരത്തിലുണ്ടാകണം. ഇതു കാണാത്തതിനാലാണു പോലീസ് സംശയിക്കുന്നത്.
ലോകത്തെ നടുക്കിയ മരണക്കളിയായ ബ്ലൂവെയിലിന്റെ അടിമയായി മുംബൈയില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്ബേ ആണ് ഏഴാം ക്ലാസുകാരന്റെ ആത്മഹത്യാ ശ്രമം. ഈ മരണക്കളിയുമായി ബന്ധപ്പെട്ട് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസ് ആണിത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങിലായി നൂറോളം കൗമാരക്കാരാണ് ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട് ഇതുവരെ ആത്മഹത്യ ചെയ്തിരിക്കുന്നത്.